
കൊല്ലം: സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന എ ഐ ക്യാമറ വഴിയുള്ള ട്രാഫിക്ക് പരിഷ്കാരത്തിനെതിരെ വിമർശനവുമായി ഇടതുപക്ഷ എം എൽ എയായ കെ ബി ഗണേഷ് കുമാർ രംഗത്ത്. നിയമം നടപ്പിലാക്കുന്നവർക്ക് കാറ് വാങ്ങാൻ പൈസ കാണുമെന്നും എന്നാൽ എല്ലാവർക്കും കാറ് വാങ്ങാൻ പാങ്ങില്ലെന്നും അദ്ദേഹം ചൂണ്ടികാട്ടി. ഭാര്യക്കും ഭർത്താവിനുമൊപ്പം കുഞ്ഞിനെ ബൈക്കിൽ കൊണ്ടു പോകുന്നതിന് ഫൈൻ അടിക്കുന്നത് ദ്രോഹമാണെന്നും ഗണേഷ് കുമാർ അഭിപ്രായപ്പെട്ടു. നിയമം നടപ്പിലാക്കുന്നവർക്ക് കാറ് വാങ്ങാൻ പൈസ കാണും. എന്നാൽ സാധാരണക്കാർക്ക് അതില്ലെന്നത് നിയമം നടപ്പാക്കുന്നവർ അതോർക്കണമെന്നും പത്തനാപുരം എം എൽ എ ആവശ്യപ്പെട്ടു. പ്രായോഗികമല്ലാത്ത പരിഷ്‌കാരങ്ങൾ നടപ്പിലാക്കുന്നത് വലിയ അപകടങ്ങൾ ഉണ്ടാക്കുമെന്നും കെ ബി ഗണേഷ്‌കുമാർ എം എൽ എ തുറന്നടിച്ചു.
'അഴിമതി പുറത്തായപ്പോൾ ഉരുണ്ടുകളിക്കുന്നു'; കെൽട്രോൺ എംഡിയുടെ വാദങ്ങൾ തള്ളി ചെന്നിത്തല
അതേസമയം എ ഐ ക്യാമറ വിവാദത്തിൽ കെൽട്രോൺ എം ഡിയുടെ വാദങ്ങൾ തള്ളി കോൺഗ്രസ് നേതാവും മുൻ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല ഇന്ന് രംഗത്തെത്തിയിരുന്നു. കെൽട്രോൺ സർക്കാർ ഉത്തരവ് ലംഘിച്ചെന്ന് അദ്ദേഹം ആരോപിച്ചു. കെൽട്രോൺ നേരിട്ട് ടെണ്ടർ വിളിക്കണമെന്നായിരുന്നു തീരുമാനം. അത് ലംഘിച്ചാണ് സ്വകാര്യ കമ്പനിക്ക് കരാർ നൽകിയതെന്ന് രമേസ് ചെന്നിത്തല ചൂണ്ടികാട്ടി. 151 കോടി ക്വോട്ട് ചെയ്ത കമ്പനിക്ക് അഞ്ച് വർഷത്തെ പരിപാലന ചെലവ് കൂടി അധികം നൽകി. 81 കോടിയുടെ അധിക ലാഭമുണ്ടാക്കാൻ കൂട്ടുനിന്നെന്നും അദ്ദേഹം ആരോപിച്ചു. പദ്ധതി തുക 151 കോടിയിൽ നിന്ന് 232 കോടി ആക്കിയത് ആരെ സഹായിക്കാനാണെന്ന് കെൽട്രോൺ വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. അഴിമതി പുറത്തായപ്പോൾ കെൽട്രോൺ ഉരുണ്ടുകളിക്കുകയാണെന്നും ചെന്നിത്തല വിമർശിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam