
കോട്ടയം : പൊതുചടങ്ങില്‍ നിലവിളക്ക് കൊളുത്താന്‍ വിസമ്മതിച്ച സിഡിഎസ് ചെയർപേഴ്സണെ ഉപദേശിച്ച് കെ ബി ഗണേഷ് കുമാർ എംഎൽഎ. പൊതുപരിപാടിയിൽ നിലവിളക്ക് കൊളുത്തരുതെന്ന് പറയുന്നത് തെറ്റാണെന്നും അങ്ങനെ പറയുന്നവർക്ക് എന്തെങ്കിലും താത്പര്യം കാണുമെന്നും ഗണേഷ് കുമാർ പറഞ്ഞു. വെട്ടിക്കവല ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് വാര്‍ഷികാഘോഷ വേദിയിൽ വെച്ചാണ് സംഭവമുണ്ടായത്. വിളക്ക് കൊളുത്താൻ വിളിച്ചപ്പോൾ മതപരമായ കാര്യം പറഞ്ഞ് സിഡിഎസ് ഒഴിഞ്ഞതോടെയായിരുന്നു ഗണേഷ് കുമാറിന്റെ ഉപദേശം.
'സിഡിഎസ് ചെയ്തത് തെറ്റാണ്. ആരാണോ നിങ്ങളോട് വിളക്ക് കത്തിക്കരുതെന്ന് പറഞ്ഞ് തന്നത് ആ ആൾക്കെന്തോ കള്ളത്തരമുണ്ടെന്നേ ഞാൻ പറയൂ. പള്ളികളിലെ വൈദികർ മുതൽ ബിഷപ്പുമാർ വരെയുള്ളവർ വിളക്ക് കൊളുത്താറുണ്ട്. പലരും എന്നോടൊപ്പം വിളക്ക് കത്തിച്ചിട്ടുണ്ട്.
മലബാറിൽ കഴിഞ്ഞ ദിവസം ഒരു സംഭവമുണ്ടായി. മലബാറിലെ ഒരു അമ്പലത്തിൽ പുനരുദ്ധാന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നത് പാണക്കാട് തങ്ങളാണ്. അമ്പലത്തിലെ പരിപാടി കഴിഞ്ഞ് സ്റ്റേജിലിരിക്കുന്ന തങ്ങൾക്ക് അമ്പലത്തിൽ നിന്നുള്ള ഒരു ഉണ്ണിയപ്പം കൊടുത്തു. കിട്ടിയ ഉണ്ണിയപ്പം സ്വാദോടെ കഴിച്ചയാളാണ് പാണക്കാട് തങ്ങൾ. ഹിന്ദുവിന്റെ ഉണ്ണിയപ്പമാണെന്ന് ആ മഹാനായ വ്യക്തി കരുതിയിട്ടില്ല. വെളിച്ചം വേണ്ട എന്ന് യേശു ക്രിസ്തുവും എവിടെയും പറഞ്ഞിട്ടില്ല. യേശു ക്രിസ്തു ജൂദനായിരുന്നു. നിലവിളക്ക് ഹിന്ദുവിന്റേതാണ് എന്നത് മണ്ടൻ ധാരണയാണ്.
വിവാഹപ്പൊരുത്തമറിയാനായി ജാതകം നോക്കുന്നതിനെയും ഗണേഷ് കുമാർ വിമർശിച്ചു. 'താൻ നേരത്തെ ഒരു വിവാഹം കഴിച്ചതാണ്. അന്ന് ജാതകത്തിൽ പറഞ്ഞിരുന്നത് നല്ല പൊരുത്തമുണ്ടെന്നായിരുന്നു. എന്നാൽ ആ വിവാഹബന്ധം വേർപെട്ടു. ജാതകം ഒന്നും നോക്കാതെ രണ്ടാമതൊരു വിവാഹം കഴിച്ചു. ഇപ്പോൾ ഒരു പ്രശ്നവുമില്ലാതെ മുന്നോട്ടു പോകുന്നുവെന്നായിരുന്നു ഗണേഷിന്റെ വാക്കുകൾ.
പൊതുപരിപാടിയിൽ നിലവിളക്ക് കൊളുത്തരുതെന്ന് പറയുന്നത് തെറ്റെന്ന് ഗണേഷ് കുമാർ എംഎൽഎ