
തിരുവനന്തപുരം : സോളാർ കേസുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ നിയമസഭയിൽ മറുപടി നൽകി കെ. ബി ഗണേഷ് കുമാർ എംഎൽഎ. ഇത് വരെ നേരിട്ടോ അല്ലാതെയോ പരാതിക്കാരിയുമായി ബന്ധപ്പെട്ടിട്ടില്ലെന്നും ഉമ്മൻചാണ്ടിക്കെതിരെ താൻ സിബിഐക്ക് മൊഴി നൽകിയിട്ടില്ലെന്നും ഗണേഷ് കുമാർ നിയമസഭയിൽ അടിയന്തരപ്രമേയ ചർച്ചക്കിടെ പറഞ്ഞു.
ആരേയും ഒന്നും ബോധിപ്പിക്കേണ്ട കാര്യം എനിക്കില്ല. ഉമ്മൻചാണ്ടിക്കെതിരെ താൻ സിബിഐക്ക് മൊഴി നൽകിയിട്ടില്ല. ഏത് സിബിഐക്കും ഇക്കാര്യം പരിശോധിക്കാം. കപടസദാചാരം അഭിനയിച്ച് നിൽക്കേണ്ട ആവശ്യവും എനിക്കില്ല. 2013 ൽ രാജിവെച്ച് പുറത്ത് പോയത് വ്യക്തി പരമായ കാര്യങ്ങൾ കൊണ്ടാണ്. ചില അഴിമതിയാരോപണങ്ങൾ യുഡിഎഫിനെതിരെ ഞാൻ നിയമസഭയിൽ അവതരിപ്പിച്ചു, അതിന്റെ പേരിൽ യുഡിഎഫുമായി ഇടഞ്ഞു. പിന്നീട് യുഡിഎഫിൽ നിന്നും പുറത്ത് പോയി. വളരെ കാലം ശേഷം എൽഡിഎഫിന്റെ ഭാഗമായി.
സോളാർ കേസിന്റെ സമയത്ത് പല കോൺഗ്രസ് നേതാക്കളും സഹായം ചോദിച്ച് വന്നിരുന്നു. എന്നെ രക്ഷിക്കണം എന്ന് പറഞ്ഞ വിളിച്ച കോൺഗ്രസുകാർ സഭയിലുണ്ട്. അവരുടെ പേര് പറയുന്നില്ല. ഒസിക്കെതിരെ താൻ സിബിഐ ക്ക് മൊഴി നൽകിയിട്ടില്ല. പരാതിക്കാരിയുടെ കത്ത് ഞാൻ കണ്ടിട്ടില്ല. അച്ഛൻ ബാലകൃഷ്ണപിള്ള കണ്ടിരുന്നു. കത്തിൽ ഒ.സിയുടെ പേരില്ലെന്നാണ് മരിക്കും മുൻപ് അച്ഛൻ പറഞ്ഞത്. ഇക്കാര്യം രേഖപെടുത്താൻ സിബിഐയോട് ആവശ്യപ്പെട്ടു. മരിച്ചുപോയ പിതാവിന്റെ വാക്കുകൾ രേഖപ്പെടുത്തണമെന്നാണ് അവരോട് പറഞ്ഞത്. ഉമ്മൻ ചാണ്ടിയേയും ഹൈബി ഈഡനെയും കുറിച്ചുമാണ് സിബിഐ ഉദ്യോഗസ്ഥർ എന്നോട് ചോദിച്ചിരുന്നു. എനിക്ക് ഇവരുമായി ബന്ധപ്പെട്ട് സോളാർ കേസിൽ ഒന്നും അറിയില്ലെന്നാണ് മറുപടി നൽകിയത്.
5 വ്യാജ കത്തുകളുടെ പേരിൽ ഉമ്മൻചാണ്ടിയെ വേട്ടയാടിയവർ മാപ്പ് പറയണം; സോളാറിൽ സഭയിൽ അടിയന്തര പ്രമേയം
തനിക്ക് മന്ത്രി കസേര പ്രശ്നം അല്ല. രാഷ്ട്രീയം മതിയാക്കേണ്ടി വന്നാലും എൽഡിഎഫിനെ വഞ്ചിക്കില്ല. എൽഡിഎഫിനെ വഞ്ചിച്ച് യുഡിഎഫിലേക്ക് വരുമെന്ന് ആരും കരുതണ്ട. സത്യം മാത്രമേ ചെയ്തിട്ടുള്ളൂ. ഉമ്മൻചാണ്ടിയുടെ കുടുംബം നന്ദിയോടെ ഓർക്കേണ്ടത് പിണറായിയെ ആണ്. കാരണം ഒസിക്ക് ക്ലീൻ ചിറ്റ് കിട്ടാൻ കാരണം തന്നെ സിബിഐയാണ്. ശരണ്യ മനോജ് ഇപ്പോൾ കോൺഗ്രസുകാരനാണ്. മനോജ് ഇപ്പോ തനിക്ക് എതിരാണ്. ഞങ്ങളെ രക്ഷിക്കണമെന്ന് പറഞ്ഞവരെയും അച്ഛനെന്നോടു പറഞ്ഞ കാര്യങ്ങളും ഞാൻ വെളിപ്പെടുത്തുന്നില്ല, വേണ്ടി വന്നാൽ അപ്പോ വെളിപ്പെടുത്താമെന്നും ഗണേഷ് കുമാർ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam