പാർലമെന്റ് നടപടികൾ നിർത്തിവെച്ച് വിഷയം ചർച്ച ചെയ്യണം. വിഷയത്തിന്മേൽ പാർലമെന്റിന് അകത്തും പുറത്തും ഇന്ത്യാ സഖ്യം പ്രതിഷേധിക്കുമെന്നും വേണുഗോപാൽ വ്യക്തമാക്കി.
ദില്ലി : രാജ്യം വലിയ തോതിൽ എൽപിജി പ്രതിസന്ധി നേരിടുന്നുവെന്നും വിഷയത്തിൽ കേന്ദ്രം മൗനം പാലിക്കുകയാണെന്നും കെ സി വേണുഗോപാൽ എംപി. പാർലമെന്റ് നടപടികൾ നിർത്തിവെച്ച് വിഷയം ചർച്ച ചെയ്യണം. വിഷയത്തിന്മേൽ പാർലമെന്റിന് അകത്തും പുറത്തും ഇന്ത്യാ സഖ്യം പ്രതിഷേധിക്കുമെന്നും വേണുഗോപാൽ വ്യക്തമാക്കി.
രാജ്യത്ത് ഹോട്ടലുകൾ അടച്ചുതുടങ്ങി
വാണിജ്യ പാചകവാതക സിലിണ്ടറുകൾ കിട്ടാതായതോടെ രാജ്യത്ത് ഹോട്ടലുകൾ കൂട്ടത്തോടെ അടച്ചുതുടങ്ങി. കേരളത്തിൽ ഇന്നലെ ഇരുപത് ശതമാനം ഹോട്ടലുകൾ അടച്ചെന്നാണ് കണക്ക്. ഇന്നും കൂടുതൽ ഹോട്ടലുകൾ അടച്ചു. പാചക വാതക പ്രതിസന്ധിയെ തുടർന്ന് കേരളത്തിലെ സ്കൂളുകളിൽ വിറകടുപ്പ് ഉപയോഗിക്കാൻ അനുമതി നൽകിയിട്ടുണ്ട്. വിറകിന് ചെലവാകുന്ന അധികതുക സ്കൂളുകൾക്ക് നൽകുമെന്ന് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി. വീട്ടാവശ്യത്തിനുള്ള സിലിണ്ടർ മുടങ്ങില്ലെന്ന് ആവർത്തിക്കുന്ന കേന്ദ്ര സർക്കാർ വാണിജ്യ എൽപിജിയുടെ കാര്യത്തിൽ ഒരുറപ്പും നൽകുന്നില്ല.
ബെംഗളൂരു, ചെന്നൈ അടക്കം നഗരങ്ങളിൽ പ്രതിസന്ധി അതിരൂക്ഷമായിരിക്കുകയാണ്. ഐ.ഒ.സി., ബി.പി.സി.എൽ, എച്ച്.പി.സി.എൽ കമ്പനികൾ എല്ലാം വാണിജ്യ സിലിണ്ടർ വിതരണം നിർത്തി വെച്ചു. വാണിജ്യ സിലിൻഡറുകളുടെ വിതരണം ആശുപത്രികൾ അടക്കമുള്ള അവശ്യ മേഖലയിൽ മാത്രമേ ഇപ്പോൾ നടക്കുന്നുളളൂ.
തമിഴ്‌നാട്ടിലും പാചകവാതക സിലിൻഡറുകൾക്ക് കടുത്ത ക്ഷാമമാണ് നേരിടുന്നത്. പാചകവാതക എജൻസികളിൽ ചിലത് പൂട്ടി. വാണിജ്യാവശ്യങ്ങൾക്കുള്ള സിലിൻഡറുകൾക്കാണ് പെട്ടെന്ന് ക്ഷാമം നേരിട്ടത്. ഇതോടെ ചായക്കടകൾ, ഹോട്ടലുകൾ, ലോഡ്ജുകൾ, കല്യാണ മണ്ഡപങ്ങളുടെ പ്രവർത്തനം എന്നിവ പ്രതിസന്ധിയിലായിരിക്കുകയാണ്. വിലവർധന ഹോട്ടൽ മേഖലയെ സാരമായി ബാധിച്ചതോടെ കോയമ്പത്തൂരിലെ പ്രശസ്തമായ 'അന്നപൂർണ' ഹോട്ടൽ ശൃംഖലയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. വരും ദിവസങ്ങളിൽ ഹോട്ടലിലെ മെനു വെട്ടിചുരുക്കിയതായും പ്രവർത്തന സമയത്തിൽ മാറ്റം വരുത്തേണ്ടി വരുമെന്നും ഉടമ ശ്രീനിവാസൻ അറിയിച്ചു.


