
തിരുവനന്തപുരം: ലോക തൊഴിലാളി ദിനത്തില്‍ കെ എസ് ആർ ടി സി ജീവനക്കാര്‍ക്ക് അവധി ദിവസമായിട്ടും ഒന്നാം തിയതി തന്നെ ശമ്പളം കൊടുക്കാനായതിന്‍റെ സന്തോഷം പങ്കുവച്ച് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. ഒന്നാം തീയതി ശമ്പളം നല്‍കുമെന്ന വാക്ക് പാലിക്കാന്‍ അവധി ദിനത്തിന്‍റെ തലേദിവസം തന്നെ ശമ്പളത്തുക ബാങ്കിലേക്ക് നിക്ഷേപിക്കാന്‍ പ്രത്യേക നിര്‍ദ്ദേശം നൽകിയിരുന്നുവെന്നും ഈ നിർദ്ദേശ പ്രകാരമാണ് മെയ് ദിനത്തില്‍ കെ എസ് ആർ ടി സി ജീവനക്കാർക്ക് ശമ്പളം നൽകാനായതെന്നും മന്ത്രി വിവരിച്ചു.
ഇരുപത്തി രണ്ടായിരത്തില്‍പ്പരം ജീവനക്കാരുടെ കൈകളിലേക്ക് എഴുപത്തിയഞ്ചു കോടി ആറു ലക്ഷം രൂപയാണ് എത്തിച്ചേർന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. പ്രവര്‍ത്തന പുരോഗതിയിലും തൊഴിലാളി ക്ഷേമ നടപടികളിലും അഭിമാനകരമായ ഒരു ചരിത്രമെഴുതുകയാണ് ഈ മെയ് ദിനത്തില്‍ കെ എസ് ആർ ടി സിയെന്നും ഗണേഷ് കുമാർ പ്രസ്താവനയിലൂടെ അഭിപ്രായപ്പെട്ടു.
അതിനിടെ കെ എസ് ആർ ടി സിയിൽ നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത കേരളത്തിൽ വഴിയിൽ ബ്രേക്ക് ഡൗണ്‍ ആയി നിന്നു പോകുന്ന കെ എസ് ആർ ടി സി ബസുകളിലെ പ്രശ്നങ്ങൾ ഉടനടി മാറ്റാൻ കെ എസ് ആർ ടി സി റാപ്പിഡ് ഫയർ ടീം രംഗത്തുണ്ടാകുമെന്നതാണ്. മെയ് 3 ന് വൈകിട്ട് 3 മണിയ്ക്ക് കൊട്ടാരക്കര ബസ് സ്റ്റേഷനിൽ കെ എസ് ആർ ടി സി റാപ്പിഡ് റിപ്പയർ സർവ്വീസുകളുടെ ഉദ്ഘാടനം ഔദ്യോഗികമായി നിർവഹിക്കും. കെ എസ് ആർ ടി സി ബസ് ബ്രേക്ഡൗണ്‍ ആകുന്ന സാഹചര്യങ്ങളില്‍ എത്രയും വേഗത്തില്‍ അവ അറ്റന്‍ഡ് ചെയ്ത് യാത്രക്കാരുടെ ബുദ്ധിമുട്ടുകള്‍ പരമാവധി ലഘൂകരിക്കുന്നതാണ് കെ എസ് ആർ ടി സി റാപ്പിഡ് റിപ്പയര്‍ ടീമിന്റെ ( ആർ ആർ ടി) പ്രവത്തന രീതി. പ്രാരംഭ ഘട്ടമെന്ന നിലയിൽ ഇതിന്‍റെ പ്രവര്‍ത്തനത്തിന് ആവശ്യമായ 10 റാപ്പിഡ് റിപ്പയർ മിനി വാനുകളാണ് നിരത്തിലിറങ്ങുന്നത്. ഇതിനൊപ്പം കെ എസ് ആര്‍ ടി സിയുടെ കേന്ദ്രീകൃത ഇന്‍വെന്‍ററി സംവിധാനം കാര്യക്ഷമമാക്കുന്നതിന്‍റെ ഭാഗമായി രൂപം നല്‍കിയിട്ടുള്ള ഇ - സുതാര്യം സോഫ്റ്റ്‌വെയറിന്‍റെയും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി കെ എസ് ആർ ടി സി സംസ്ഥാനത്തെ എല്ലാ ബസ് സ്റ്റേഷനുകളിലും ബ്ലൈന്‍ഡ് സ്പോട്ടുകളിലുമായി സ്ഥാപിക്കുന്ന സമഗ്ര സി സി ടി വി നിരീക്ഷണ സംവിധാനങ്ങളുടെയും (കെ എസ് ആർ ടി സി സുരക്ഷ 360) ഉദ്ഘാടനവും മെയ് 3 ന് നടക്കും.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam