
കോട്ടയം: കോട്ടയം അയർക്കുന്നത്ത് പെൺമക്കളുമായി യുവ അഭിഭാഷക ആത്മഹത്യ ചെയ്ത കേസില്‍ ഭർത്താവിനെയും ഭർതൃപിതാവിനെയും 14 ദിവസം റിമാൻ്റ് ചെയ്തു. ജിസ്മോളുടെ ഭര്‍ത്താവും നീറിക്കാട് സ്വദേശി ജിമ്മിയും അച്ഛൻ ജോസഫുമാണ് റിമാൻഡിലായത്. ഇന്നലെയാണ് രണ്ട് പേരെയും ഏറ്റുമാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഫോണുകളുടെ ശാസ്ത്രീയ പരിശോധനയിൽ ഇരുവർക്കുമെതിരെയുള്ള നിർണായക തെളിവുകൾ കിട്ടിയതോടെയായിരുന്നു നടപടി. ഗാർഹിക പീഡനവും ആത്മഹത്യാപ്രേരണ കുറ്റവും ചുമത്തിയായിരുന്നു അറസ്റ്റ്.
ഹൈക്കോടതി അഭിഭാഷകയായ ജിസ്മോളെ ശാരീരികവും മാനസികവുമായി ഭർതൃ വീട്ടുകാർ പീഡിപ്പിച്ചിരുന്നെന്നായിരുന്നു കുടുംബം പൊലീസിന് നൽകിയ പരാതി. നിറത്തിന്റെയും സ്ത്രീധനത്തിൻ്റെയും പേരിൽ നിരന്തരം അപമാനിക്കപ്പെട്ടു. ആത്മഹത്യക്ക് തൊട്ടുമുമ്പ്, ഏപ്രിൽ 14ന് രാത്രിയുണ്ടായ തർക്കങ്ങളും മാനസിക സമ്മർദ്ദത്തിലായിരുന്ന ജിസ്മോളുടെ ആത്മഹത്യക്ക് പ്രേരണയായെന്നും പൊലീസ് കണ്ടെത്തി. ജിസ്മോളുടെയും ജിമ്മിയുടെയും ജോസഫിന്റെയും ഫോണുകളുടെ ശാസ്ത്രീയ പരിശോധന ഫലം കൂടി പുറത്തുവന്നതോടെ തെളിവുകൾ ശക്തമായി. മാനസിക പീഡനം വെളിവാക്കുന്ന ശബ്ദ സന്ദേശങ്ങൾ പൊലീസിന് കിട്ടിയെന്നാണ് വിവരം. തുടർന്നാണ് ഏറ്റുമാനൂർ പൊലീസ് ഇരുവരെയും ചോദ്യം ചെയ്യാൻ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയത്. നാല് മണിക്കൂറിലേറെ സമയമെടുത്ത വിശദമായ ചോദ്യം ചെയ്യലിന് ശേഷമായിരുന്നു അറസ്റ്റ്.
കൂട്ട ആത്മഹത്യക്ക് തൊട്ടുപുറകെതന്നെ ജിസ്മോളുടെ കുടുംബം കോട്ടയം എസ് പിക്ക് ഉൾപ്പെടെ പരാതി നൽകിയിരുന്നു. കേസില്‍ നടപടി വൈകുന്നെന്നാരോപിച്ച് നാട്ടുകാരും പ്രതിഷേധ സമരം നടത്തിയിരുന്നു. തൊട്ടുപുറകെ, മുഖ്യമന്ത്രിക്കും ജിസ്മോളുടെ കുടുംബം പരാതി നൽകിയിരുന്നു. തുടർന്നാണ് പൊലീസ് നടപടി. പ്രതികളെ വ്യാഴാഴ്ച മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും. ഈ മാസം 15 നായിരുന്നു ഹൈക്കോടതി അഭിഭാഷകയായ ജിസ്‌മോൾ അഞ്ച് വയസുകാരി നേഹക്കും രണ്ട് വയസുകാരി നോറക്കുമൊപ്പം പുഴയിൽ ചാടി ആത്മഹത്യ ചെയ്തത്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുള്ളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam