
കോട്ടയം: കേരളത്തിലെ കോൺഗ്രസിൽ ഗ്രൂപ്പുകൾ അപ്രസക്തമായിട്ടില്ലെന്ന് മുതിർന്ന നേതാവ് കെസി ജോസഫ്. സുധാകരനും ഗ്രൂപ്പുണ്ട്. പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുത്തതിൽ ചില പ്രശ്നങ്ങൾ ഉണ്ടായി. ഇക്കാര്യം ഹൈക്കമാന്റിനെ അറിയിച്ചിട്ടുണ്ട്. കേരളത്തിലെ നേതാക്കൾക്ക് വലിയ പ്രയാസമുണ്ടായെന്നും കെസി ജോസഫ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
പ്രതിപക്ഷ നേതാവ് തെരഞ്ഞെടുപ്പിലെ അതൃപ്തി ഒരു നേതാവ് പരസ്യമാക്കുന്നത് ഇതാദ്യമാണ്. കേരളത്തിലെ എ ഗ്രൂപ്പിന്റെ അനിഷേധ്യനായ നേതാവ് ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തരിൽ മുൻപന്തിയിലുള്ളയാളാണ് കെസി ജോസഫ്. എ ഗ്രൂപ്പിന്റെ ശക്തരായ വക്താക്കളിൽ ഒരാൾ കൂടിയാണ് ഇദ്ദേഹം.
പ്രതിപക്ഷ നേതാവ് വിഡി സതീശനൊഴികെ എല്ലാവരും എന്തെങ്കിലും ഒരു കൂട്ടായ്മയുടെ ഭാഗമാണ്. അതൊരു തെറ്റായി കാണേണ്ട കാര്യമല്ല. വ്യത്യസ്തമായ ആശയങ്ങളുള്ള പാർട്ടിയായത് കൊണ്ട് അവർ തമ്മിൽ സംവാദങ്ങളും ചർച്ചകളും കൂടിച്ചേരലുകളും ഉണ്ടാകും. അത് സ്വാഭാവികമാണ്.
പ്രതിപക്ഷ നേതാവ് തെരഞ്ഞെടുപ്പിലുണ്ടായ ചില പ്രശ്നങ്ങൾ ഹൈക്കമാന്റിനെ ഞങ്ങൾ അറിയിച്ചിട്ടുണ്ട്. അശോക് ചവാൻ കമ്മിറ്റി ബന്ധപ്പെട്ടു. അവരോട് സംസാരിച്ചു. താരീഖ് അൻവറുമായും സംസാരിച്ചു. ആശയവിനിമയം നടന്നിട്ടുണ്ട്. പ്രതിപക്ഷ നേതാവ് തെരഞ്ഞെടുപ്പിൽ ഉണ്ടായ ചില ബുദ്ധിമുട്ടുകൾ ഇവരെയെല്ലാം അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam