
ബെംഗളൂരു: നവ കേരള സദസ്സിനിടെ പഴയങ്ങാടിയിൽ നടന്ന സംഘർഷത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത നിലപാടുമായി എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. മാതൃകാ രക്ഷാപ്രവർത്തനം എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ഞെട്ടിപ്പിക്കുന്നുവെന്ന് അദ്ദേഹം ബെംഗളൂരുവിൽ പ്രതികരിച്ചു. ഒരു പയ്യനെ വളഞ്ഞിട്ട് ഡിവൈഎഫ്ഐക്കാർ ആൾക്കൂട്ട ആക്രമണം നടത്തുകയല്ലേ ചെയ്തതെന്നും അദ്ദേഹം ചോദിച്ചു.
പൊലീസ് സംരക്ഷണയിൽ ആൾക്കൂട്ട ആക്രമണം നടത്തുകയായിരുന്നു ഡിവൈഎഫ്ഐ. വനിതാ നേതാവിനെ പോലും വെറുതെ വിട്ടോ? ഇതിനെതിരെ നടപടിയെടുത്തില്ല എന്ന് മാത്രമല്ല, ന്യായീകരിക്കുകയും ചെയ്യുകയാണ് മുഖ്യമന്ത്രി. ഡിവൈഎഫ്ഐയേക്കാൾ തരം താണു മുഖ്യമന്ത്രി പിണറായി വിജയനെന്നും കെസി വേണുഗോപാൽ വിമർശിച്ചു. 'മാതൃകാരക്ഷാപ്രവർത്തനം' എന്ന പ്രസ്താവന കേരളത്തിന് തന്നെ അപമാനകരമാണ്.
അക്രമം നോക്കി നിന്ന പൊലീസ് ഉദ്യോഗസ്ഥർ ഇതിന് സമാധാനം പറയേണ്ടി വരുമെന്ന് കെസി വേണുഗോപാൽ പറഞ്ഞു. എല്ലാ കാലത്തും പിണറായി വിജയൻ വന്ന് സംരക്ഷിച്ചോളുമെന്ന് പൊലീസുകാർ ധരിക്കേണ്ട. ഹൃദയം പൊട്ടിയ വേദനയുണ്ട് ദൂരെയിരിക്കുന്ന ഞങ്ങൾക്ക് പോലും. പിണറായി വിജയൻ സർക്കാരിനെ ഇത്തരം സംഭവങ്ങൾ ഭസ്മീകരിക്കും. അത് അയാൾ മനസ്സിലാക്കാൻ പോകുന്നേയുള്ളൂ. കാറ്റ് വിതച്ച് കൊടുങ്കാറ്റ് കൊയ്യുകയാണ് പിണറായി വിജയനെന്നും കെസി വേണുഗോപാൽ വിമർശിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam