മദ്യനിർമ്മാണ ശാലയ്ക്ക് സിപിഐ കൂട്ടുനിൽക്കുമെന്ന് കരുതിയില്ലെന്ന് കെസി വേണുഗോപാൽ; സർക്കാരിനെതിരെ വിമർശനം

Published : Jan 30, 2025, 11:40 AM ISTUpdated : Jan 30, 2025, 12:21 PM IST
മദ്യനിർമ്മാണ ശാലയ്ക്ക് സിപിഐ കൂട്ടുനിൽക്കുമെന്ന് കരുതിയില്ലെന്ന് കെസി വേണുഗോപാൽ; സർക്കാരിനെതിരെ വിമർശനം

Synopsis

പാലക്കാട് ബ്രൂവറി വിവാദത്തിൽ സംസ്ഥാന സർക്കാരിനെയും സിപിഐയെയും വിമർശിച്ച് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ

തിരുവനന്തപുരം: മദ്യഷാപ്പുകൾ പൂട്ടി സ്കൂളുകൾ തുറക്കും എന്നാണ് എൽഡിഎഫ് അധികാരത്തിലെത്തും മുൻപ് പറഞ്ഞത്. എന്നാൽ ഷാപ്പുകളുടെ എണ്ണം സർവകാല റെക്കോർഡിലാണ് എത്തിയിരിക്കുന്നത്. മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഇടയിലാണ് ഇന്ന് കേരളം. ഇതിൽ തടയിടാൻ സർക്കാർ ഒന്നും ചെയ്യുന്നില്ല. സിപിഐ മദ്യ നിർമ്മാണശാലയ്ക്ക് കൂട്ടു നിൽക്കുമെന്ന് കരുതിയില്ല. സിപിഐയെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കുമെന്ന മന്ത്രിയുടെ പ്രതികരണത്തിൻ്റെ അർത്ഥം ലഭിച്ച ഡീലിന്റെ ഷെയർ നൽകും എന്നാണോയെന്നും കെസി വേണുഗോപാൽ ചോദിച്ചു.

കേരളത്തിൽ തദ്ദേശ തെരഞ്ഞെടുപ്പാണ് കോൺഗ്രസിനും യുഡിഎഫിനും ഏറ്റവും പ്രധാനമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് പാർട്ടിയെയും മുന്നണിയേയും ശക്തിപ്പെടുത്താനുള്ള നടപടികൾ നടക്കുകയാണ്. കോൺഗ്രസ് പാർട്ടിയിൽ ഹൈക്കമാൻ്റ് എന്തെങ്കിലും തീരുമാനമെടുക്കുന്നെങ്കിൽ അതിനെല്ലാം വ്യവസ്ഥാപിതമായ മാർഗമുണ്ട്. അത് അനുസരിച്ച് കാര്യങ്ങൾ നടക്കും. അല്ലാതെ പൊതുചർച്ച നടത്തിയല്ല തീരുമാനമെടുക്കുക. 2025 പാർട്ടിയിൽ പുനഃസംഘടനയുടെ വർഷമാണ്. അതിൽ തീരുമാനം ബൽഗാവിൽ വച്ച് എടുത്തിട്ടുണ്ട്. അതനുസരിച്ച് കാര്യങ്ങൾ നടക്കും. കൂടിയലോചനകൾ ശക്തമാകും. സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കൾ തമ്മിലുള്ള ഏകോപനം ശക്തിപ്പെടുത്തി മുന്നോട്ടുപോകുമെന്നും വേണുഗോപാൽ വ്യക്തമാക്കി.

മയക്കുമരുന്ന് മാഫിയക്ക് വളക്കൂറുള്ള മണ്ണാക്കി കേരളത്തെ പിണറായി വിജയൻ മാറ്റി. റേഷൻ കടയിൽ അരി കിട്ടിയില്ലെങ്കിലും എല്ലായിടത്തും മദ്യം കിട്ടുമെന്ന സ്ഥിതിയാണ് കേരളത്തിൽ. സംസ്ഥാനത്തെ രക്ഷിക്കാൻ പിണറായി വിജയനെ താഴെയിറക്കണം. അതിനുള്ള രാഷ്ട്രീയ മുദ്രാവാക്യം കോൺഗ്രസ് ഏറ്റെടുക്കണം. തദ്ദേശ തെരഞ്ഞെടുപ്പിൽ ഒറ്റക്കെട്ടായി ഇറങ്ങിയേ മതിയാകൂ. പുനഃസംഘടന കടലാസിൽ ഉണ്ടായാൽ പോരെന്ന് പാലോട് രവിയോട് കെസി വേണുഗോപാൽ പറഞ്ഞു. ജനങ്ങൾക്കിടയിൽ ഉണ്ടെന്ന് ഉറപ്പാക്കണം. ഗൃഹസന്ദർശനത്തിന് താൽപര്യമുള്ളവർ മതി നേതൃനിരയിൽ. നാടും വീടും ഇല്ലാതെ നടക്കുന്നവർ നേതാക്കളാകണ്ട. വാർഡിലെ ജനങ്ങൾക്ക് താൽപര്യമുള്ള ആളെ മത്സരിപ്പിക്കണം. അവർ ജയിക്കുമെന്ന് പ്രാദേശിക നേതൃത്വം ഉറപ്പാക്കണം. ജനപ്രതിനിധിയെ ജയിപ്പിക്കുന്ന വാർഡ് പ്രസിഡന്റുമാർക്ക് കൂടുതൽ പ്രാധാന്യം നൽകണം. കുത്തിത്തിരിപ്പ് നടത്തി പാർട്ടി സ്ഥാനാർത്ഥിയെ തോൽപ്പിക്കുന്നവരെ വച്ച് പൊറുപ്പിക്കാനും പാടില്ലെന്നും കെ സുധാകരനോട് കെസി വേണുഗോപാൽ പറഞ്ഞു.

കോൺഗ്രസിൽ അഭിപ്രായ വ്യത്യാസം ഉണ്ടെന്ന് വരുത്തുന്നത് പിണറായി വിജയന്റെ പിആർ ഏജൻസികളാണ്. ആ കട്ടില് കണ്ട് പനിക്കേണ്ടെന്ന് പിണറായിയോട് പറയാൻ കഴിയണം. ഇരുമ്പു മറയുള്ള പാർട്ടിയല്ല കോൺഗ്രസ്. അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകും. പാർട്ടി കമ്മിറ്റിയിൽ അഭിപ്രായ വ്യത്യാസം ഉയരും. പക്ഷെ അത് അവിടെ തീരണം. പ്രാദേശികമായ അഭിപ്രായ വ്യത്യാസങ്ങൾ കാരണം മാറിപ്പോയവരെ തിരിച്ച് കൊണ്ട് വരണം. അവരെ വിശ്വാസത്തിലെടുക്കണം. വ്യക്തിപരമായ അഭിപ്രായങ്ങൾക്ക് അല്ല പാർട്ടിയുടെ കരുത്തിനാകണം പ്രധാനം. മണ്ഡലം പ്രസിഡന്റുമാർക്കുള്ളത് വലിയ ഉത്തരവാദിത്തം. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല സ്വർണക്കൊള്ള: മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാറിന് ജാമ്യമില്ല
രണ്ടും ഒന്ന് തന്നെ! പീഡകരിൽ ഇടത് വലത് വ്യത്യാസമില്ല, തീവ്രതാ മാപിനി ആവശ്യവുമില്ല: സൗമ്യ സരിൻ