
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെടുപ്പ് പൂർത്തിയായി യുഡിഎഫ് വിജയം പ്രതീക്ഷിക്കുമ്പോൾ കൂടുതല്‍ കരുത്തനായി എഐസിസി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. സ്ഥാനാർത്ഥി നിർണ്ണയം മുതൽ പ്രചാരണത്തിന്‍റെ അജണ്ട നിശ്ചയിക്കുന്നതിൽ വരെ യുഡിഎഫിന്‍റെ അവസാന വാക്ക് കെ സി ആയിരുന്നു. ഗ്രൂപ്പ് രാഷ്ട്രീയത്തിന് അതീതമായി, ജയസാധ്യതയും കഴിവും വനിതാ പ്രാതിനിധ്യവും ഉറപ്പാക്കിക്കൊണ്ട് മികച്ച സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കുന്നതിൽ കെ സി നിർണ്ണായക പങ്കുവഹിച്ചുവെന്നാണ് പാര്‍ട്ടയിലെ അഭിപ്രായം. സ്ഥാനാർത്ഥി നിർണ്ണയ വേളയിൽ ഉയർന്നുവന്ന ആഭ്യന്തര പ്രശ്നങ്ങളും വിമത ഭീഷണികളും ചർച്ചകളിലൂടെ പരിഹരിക്കാനും അവരെ പാർട്ടിക്ക് അനുകൂലമായി നിലനിർത്താനും അദ്ദേഹത്തിന് സാധിച്ചു.
തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് സോഷ്യൽ എൻജിനീയറിംഗിലൂടെ സാമുദായിക സന്തുലിതാവസ്ഥ ഉറപ്പാക്കിയ അദ്ദേഹം, കോൺഗ്രസുമായി അകന്നുനിന്ന വിവിധ സമുദായ സംഘടനകളെ തിരികെ എത്തിക്കുന്നതിൽ വിജയിച്ചു. കെപിസിസി പ്രസിഡന്‍റും പ്രതിപക്ഷ നേതാവും ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ മത്സരരംഗത്ത് സജീവമായതോടെ, സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ഏകോപനത്തിന്‍റെ കടിഞ്ഞാൺ കെ സി വേണുഗോപാൽ നേരിട്ട് ഏറ്റെടുത്തു. ജില്ലാതലത്തിലുള്ള അവലോകന യോഗങ്ങളും വാർ റൂം പ്രവർത്തനങ്ങളും അദ്ദേഹം നേരിട്ട് വിലയിരുത്തുകയും ദേശീയ നേതാക്കളെയും നിരീക്ഷക സംഘങ്ങളെയും വിന്യസിച്ച് പ്രചാരണത്തിന് ദേശീയ മാനം നൽകുകയും ചെയ്തു.
പിണറായി സർക്കാരിനെ പ്രതിരോധത്തിലാക്കിയ ആരോപണങ്ങളും ജനദ്രോഹ നടപടികളും കൃത്യമായി ജനമധ്യത്തിൽ എത്തിക്കുന്നതി കെ സി മുന്നിൽ നിന്നു. പ്രത്യേകിച്ച്, ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് നിരന്തരം ചോദ്യങ്ങൾ ഉന്നയിച്ചു. ഈ വിഷയത്തിൽ പ്രധാനമന്ത്രിയും അമിത് ഷായും സ്വീകരിച്ച മൃദുസമീപനം തുറന്നുകാട്ടിയതോടെ ദേശീയ നേതാക്കൾക്കും മൗനം വെടിയേണ്ടി വന്നു. തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിൽ കേരള രാഷ്ട്രീയത്തെ പിടിച്ചുലച്ച സിപിഎം-ബിജെപി-എസ്ഡിപിഐ രഹസ്യ ധാരണയെക്കുറിച്ചുള്ള കെസിയുടെ വെളിപ്പെടുത്തലുകളും ഏറെ ചര്‍ച്ചയായി.
മുഖ്യമന്ത്രി ബിജെപി നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചകളും, പിണറായിക്കും കുടുംബത്തിനുമെതിരായ കേന്ദ്ര ഏജൻസികളുടെ അന്വേഷണങ്ങൾ അട്ടിമറിക്കപ്പെട്ടതും അദ്ദേഹം സജീവ ചർച്ചയാക്കി. ഇന്ദിരാ ഗ്യാരണ്ടി പദ്ധതിയുടെ പ്രചാരകനായി മാറിയ അദ്ദേഹം, പാലക്കാട്ടെ ബസ് യാത്രയിലൂടെയും കുറ്റ്യാടിയിലെ പ്രഭാത സവാരിയിലൂടെയും ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിച്ചെന്നു. വിലക്കയറ്റം, പിൻവാതിൽ നിയമനങ്ങൾ, ക്രിസ്ത്യൻ സമൂഹത്തെ ബാധിക്കുന്ന എഫ്.സി.ആർ.എ ഭേദഗതി തുടങ്ങിയ വിഷയങ്ങളിൽ അദ്ദേഹം സ്വീകരിച്ച ശക്തമായ നിലപാട് ന്യൂനപക്ഷ വോട്ടുകളുടെ ധ്രുവീകരണത്തിനും വഴിയൊരുക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam