ആദ്യഘട്ടത്തിൽ കോൺ​ഗ്രസിനെയും യുഡിഎഫിനെയും വലച്ച വിമതശല്യം, എല്ലാം കോംപ്രമൈസാക്കി കെ.സിയുടെ ഇടപെടൽ

Published : Mar 29, 2026, 08:24 AM IST
KC Venugopal

Synopsis

നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനും യുഡിഎഫിനും തലവേദനയായ വിമതശല്യം എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിന്റെ ഇടപെടലോടെ പരിഹരിച്ചു. പുനലൂർ, പത്തനംതിട്ട, കുട്ടനാട് എന്നിവിടങ്ങളിലെ പ്രമുഖർ ഉൾപ്പെടെ പത്തിലേറെ വിമതർ ചർച്ചകളെ തുടർന്ന് പിന്മാറി. 

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ തലവേദന സൃഷ്ടിച്ച വിമതശല്യം എഐസിസിയുടെ ഇടപെടലിലൂടെ ഒഴിഞ്ഞ ആശ്വാസത്തിൽ കോൺ​ഗ്രസ്. ആദ്യഘട്ടത്തില്‍ വിമതര്‍ യുഡിഎഫിന്റെ വിജയ സാധ്യതക്ക് വെല്ലുവിളിയായിരുന്നു. എന്നാൽ, എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി വിമതരുമായി നടത്തിയ ചര്‍ച്ചകൾ ഫലം കണ്ടതോടെ പല വിമതരും പിന്മാറി. പത്തിലേറെ പേരാണ് വിമത നീക്കം ഉപേക്ഷിച്ചത്. അര്‍ഹമായ പരിഗണന നല്‍കുമെന്ന ഉറപ്പിലാണ് പലരും പിന്മാറിയത്. ഏറെ ചർച്ച ചെയ്യപ്പെട്ട പുനലൂരിലെ സഞ്ജയ് ഖാന്റേതുൾപ്പെടെയുള്ള സ്ഥാനാർഥിത്വമാണ് പിൻവലിക്കപ്പെട്ടത്. നേതൃത്വം ഇടപ്പെട്ടിട്ടും വിമതര്‍ പിന്‍മാറിയില്ലെങ്കില്‍ കോണ്‍ഗ്രസ് മത്സരിക്കുന്ന മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുമെന്ന ഭീഷണി ലീഗ് ജില്ലാ നേതൃത്വം ഉയര്‍ത്തിയിരുന്നു. 

മുന്നണി ബന്ധത്തെ തന്നെ ബാധിച്ചേക്കാവുന്ന വിഷയമാണ് പരിഹരിച്ചത്. പത്തനംതിട്ടയിൽ വിമതശബ്ദമുയർത്തിയ റിങ്കു ചെറിയാന്‍, വിജയ് ഇന്ദുചൂഡന്‍, അനീഷ് വരിക്കണ്ണാമല, ജയ വര്‍മ്മ എന്നിവരുമായി കെസി വേണുഗോപാല്‍ ചര്‍ച്ച നടത്തി പ്രശ്നം പരിഹരിച്ചു. ഏറ്റുമാനൂരില്‍ ജോസഫ് വാഴക്കനും എറണാകുളത്ത് ദീപ്തിമേരി വര്‍ഗീസും പെരുമ്പാവൂരില്‍ എല്‍ദോസ് കുന്നപ്പള്ളിയും സീറ്റ് ലഭിക്കാത്തതിൽ നീരസം പ്രകടിപ്പിച്ചിരുന്നു. എന്നാൽ ഇവരെയും അനുനയിപ്പിച്ചു. കുട്ടനാട് മണ്ഡലത്തില്‍ പാര്‍ട്ടി വിമതനായി നിന്ന സജി ജോസഫ് പത്രിക പിന്‍വലിച്ചതും കെ സി വേണുഗോപാല്‍ ഇടപെട്ടതിനെ തുടര്‍ന്നാണ്. വിമതരുമായി തുടര്‍ ചര്‍ച്ചകള്‍ നടത്തി ആവശ്യമായ നടപടി സ്വീകരിക്കാന്‍ കേരളത്തിന്റെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷിയെ കെ സി വേണുഗോപാല്‍ ചുമതലപ്പെടുത്തുകയും ചെയ്തു. 

കെഎസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിനും സീറ്റ് കീട്ടാത്തതില്‍ കടുത്ത അമര്‍ഷം ഉണ്ടായിരുന്നു. തളിപ്പറമ്പില്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ അധ്യക്ഷന്‍ വിജില്‍ മോഹനും പയ്യന്നൂരില്‍ ജില്ലാ വൈസ് പ്രസിഡന്റ് ഫര്‍സീന്‍ മജീദും വിമത നീക്കം ഉപേക്ഷിച്ചു. അതേസമയം തളിപ്പറമ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന കെപിസിസി അംഗം കൊയ്യം ജനാര്‍ദ്ദന്‍ പിന്‍മാറാന്‍ കൂട്ടാക്കാത്തത് തിരിച്ചടിയായി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കെ സുധാകരൻ അടിയുറച്ച കോൺഗ്രസുകാരൻ, കൂറും വിശ്വാസ്യതയും ആർക്കും ചോദ്യം ചെയ്യാനാവില്ലെന്ന് കെ സി വേണുഗോപാൽ എംപി
വയനാട്ടിൽ വീട്ടുമുറ്റത്ത് വെച്ച് വയോധികയെ കാട്ടാന എടുത്തെറിഞ്ഞു, ഗുരുതര പരിക്കേറ്റ് ചികിത്സയിൽ