'കപ്പയും ചമന്തിയും ചെറുപ്പം മുതലേ ഇഷ്ടം, ട്രോളുന്നവർ ട്രോളട്ടെ', കേരളത്തിലെ വിലക്കയറ്റം ചർച്ചയായെന്നും കെസി വേണുഗോപാൽ

Published : Feb 19, 2026, 03:17 PM IST
KC Venugopal

Synopsis

വിലക്കയറ്റം ചർച്ചയാക്കാനായി പങ്കുവെച്ച അടുക്കള വീഡിയോക്കെതിരായ പരിഹാസങ്ങൾക്ക് മറുപടിയുമായി കെസി വേണുഗോപാൽ. വീഡിയോയുടെ ലക്ഷ്യം കേരളത്തിലെ വിലക്കയറ്റം ചർച്ചയാക്കുക എന്നതായിരുന്നുവെന്നും അത് നടന്നുവെന്നും അദ്ദേഹം പറഞ്ഞു

ദില്ലി: വിലക്കയറ്റം ചർച്ചയാക്കാനായി പങ്കുവച്ച അടുക്കള വീഡിയോക്കെതിരായ സോഷ്യൽ മീഡിയയിലെ പരിഹാസങ്ങൾക്ക് മറുപടിയുമായി എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എം പി. തന്നെ ട്രോളുന്നവർ ട്രോളട്ടെ എന്ന് പറഞ്ഞ കെ സി, വീഡിയോ പങ്കുവച്ചതിലൂടെ കേരളത്തിലെ വിലക്കയറ്റം ചർച്ചയായെന്നും അഭിപ്രായപ്പെട്ടു. വിലക്കയറ്റം ചർച്ചയാക്കുക എന്നതായിരുന്നു ഉദ്ദേശം. അത് നടന്നു. കപ്പയും ചമന്തിയും ചെറുപ്പം മുതലേ ഇഷ്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യാഥാർത്ഥ്യങ്ങൾ പുറത്ത് കൊണ്ടുവന്നതിലുള്ള പ്രകോപനമാണ് തനിക്കെതിരായ പരിഹാസമെന്നും കെ സി വേണുഗോപാൽ വിവരിച്ചു. പി ആറിൽ എന്തെല്ലാം മാർഗങ്ങൾ ഉപയോഗിക്കാമോ അതെല്ലാം ചെയ്യും. സീരിയൽ പോലും കാണാൻ വയ്യാത്ത സാഹചര്യമാണ് ഇപ്പോൾ വീടുകളിലുള്ളതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അയ്യപ്പന്‍റെ പേരിലുള്ള കൊള്ള നാട് മറക്കില്ലെന്നും കെ സി വേണുഗോപാൽ പറഞ്ഞു. ശബരിമലയിലെ സ്വർണ്ണക്കൊള്ള വിഷയം അങ്ങനെ വിടാൻ കഴിയില്ലെന്ന് എം വി ഗോവിന്ദന് മറുപടിയും നൽകി. കെ ടി ഡി സി ചെയർമാൻ സ്ഥാനം രാജിവച്ച സി പി എം നേതാവ് പി കെ ശശിയുടെ തുടർ നീക്കം അറിയില്ലെന്നും കെ സി വ്യക്തമാക്കി. ശശി കോൺഗ്രസിലെത്തുമോ എന്ന ചോദ്യത്തോടായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. പാർട്ടിക്ക് മുൻപിൽ നിലവിൽ അങ്ങനെ ഒരു ആലോചനയുമില്ല. ഇല്ലാത്ത കാര്യത്തെ കുറിച്ച് സംസാരിക്കാനില്ലെന്നും കെ സി വേണുഗോപാൽ കൂട്ടിച്ചേർത്തു.

വിലക്കയറ്റത്തിനെതിരെ അടുക്കള വീഡിയോ

കേരളത്തിലെ സാധാരണ കുടുംബങ്ങളുടെ അടുക്കള ബജറ്റ് തകർത്ത വിലക്കയറ്റത്തിനെതിരെ രൂക്ഷ വിമർശനവുമായാണ് കെ സി വേണുഗോപാൽ കഴിഞ്ഞ ദിവസം വീഡിയോ പങ്കുവച്ചത്. ആലപ്പുഴ സ്വദേശി റീഫ മേരിയുടെ വീട്ടിലെത്തിയ വീഡിയോ ആണ് കെ സി പങ്കുവച്ചത്. വിലക്കയറ്റത്തിൽ പൊറുതിമുട്ടുന്ന വീട്ടമ്മമാരുടെ ദുരിതം കേട്ട വേണുഗോപാൽ, കേരളത്തിൽ വീട്ടമ്മമാർ ഇപ്പോൾ എല്ലാ ദിവസവും അനുഭവിക്കുന്ന യാഥാർത്ഥ്യത്തിന്റെ നിലവിളിയാണെന്ന് വ്യക്തമാക്കിയാണ് വീഡിയോ പങ്കുവച്ചത്. കഴിഞ്ഞ ഒരു പതിറ്റാണ്ടായി നമ്മുടെ ദൈനംദിന ജീവിതം അങ്ങേയറ്റം താളംതെറ്റിക്കിടക്കുകയാണ്. വിലക്കയറ്റത്തില്‍ വേറെ ഒരു സംസ്ഥാനത്തിനും ഒന്നാം സ്ഥാനം കൊടുക്കില്ലെന്ന വാശിയോടെ ഭരിക്കുന്ന ഭരണകൂടമാണ് അതിനാദ്യത്തെയും അവസാനത്തെയും കാരണം. ഓരോ മധ്യവർഗ, ദരിദ്ര കുടുംബങ്ങളുടെ അടുക്കളകളിൽ നിന്ന് ആ വിലക്കയറ്റത്തിന്റെ നേർച്ചിത്രം മുഖ്യധാരയിലേക്കെത്തിക്കുന്നതിന്റെ ഭാഗമായാണ് ഇന്നലെ ആലപ്പുഴയിലെ, മത്സ്യത്തൊളിലാളി കുടുംബാംഗമായ റീഫ മേരിയുടെ വീട്ടിലെത്തിയത്. ഒരു ചെറിയ പനി വന്നാല്‍ പോലും ചികിത്സയ്ക്കായി പണം കടം വാങ്ങിക്കേണ്ടുന്ന അവസ്ഥയാണെന്ന് റീഫയെപ്പോലുള്ള വീട്ടമ്മമാർ പറയുന്നതെന്നും കെ സി വേണുഗോപാൽ ഫേസ്ബുക്കിൽ കുറിച്ചിരുന്നു.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'കെഎസ്ആർടിസിയിൽ എല്ലാ പോസ്റ്റിലും സ്ഥാനക്കയറ്റം വരുന്നു'; അർഹരെ തേടി പ്രമോഷൻ നൽകുമെന്ന് ​ഗതാ​ഗതമന്ത്രി
സംസ്ഥാന സർക്കാരിനും പ്രതിപക്ഷ നേതാവിനുമെതിരെ ശോഭ സുരേന്ദ്രൻ; 'ബാർ സമയം നീട്ടിയത് പണം പിരിക്കാൻ'