
തിരുവനന്തപുരം: സംസ്ഥാന സർക്കാരിനും പ്രതിപക്ഷ നേതാവിനുമെതിരെ വിമർശനവുമായി ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. ബാർ സമയം കൂട്ടിയതും ശബരിമല സ്വർണക്കൊള്ളയുമാണ് സർക്കാരിനെതിരായ വിമർശനത്തിന് കാരണം. അതേസമയം കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ട പശ്ചാത്തലത്തിൽ രാജ്യത്ത് മുസ്ലിങ്ങൾ സുരക്ഷിതരല്ലെന്ന് വാദിക്കുന്ന പ്രതിപക്ഷ നേതാവ് മതവിഭാഗങ്ങളെ തമ്മിലടിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും അവർ കുറ്റപ്പെടുത്തി. കേരള സ്റ്റോറി വിവാദത്തിൽ അഭിപ്രായം പറയാതെ ഒഴിഞ്ഞുമാറിയ അവർ, നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ പ്രചാരണത്തിന് നേതൃത്വം കൊടുക്കാനാണ് ആഗ്രഹമെന്നും പറഞ്ഞു.
'ചോദിക്കുന്ന എല്ലാവർക്കും പെട്ടിക്കട പോലെയാണ് സംസ്ഥാന സർക്കാർ ബാർ അനുവദിക്കുന്നത്. ബാർ സമയം നീട്ടിയത് ബാർ മുതലാളിമാരിൽ നിന്ന് പണം പിരിച്ചെടുക്കാനാണ്. എം.ബി.രാജേഷ് പറയുന്നത് ടൂറിസത്തിന് വേണ്ടിയാണ് ബാർ സമയം നീട്ടിയത് എന്നാണ്. പക്ഷെ 18 കോടി ടൂറിസ്റ്റുകൾ വരുന്ന ഗുജറാത്തിൽ സമ്പൂർണ മദ്യ നിരോധനമാണ്. കള്ള് കുടിക്കാനാണോ കേരളത്തിലേക്ക് ടൂറിസ്റ്റുകൾ വരുന്നത്? നാട് കാണാൻ വരുന്നവരെ എക്സൈസ് മന്ത്രി അപമാനിക്കുകയാണ്. ശബരിമല സ്വർണക്കൊള്ള കേസിൽ എസ്ഐടി അന്വേഷണം ഫ്രീസറിലാണ്. കോടതി അത് നിരീക്ഷിക്കുമെന്നാണ് കരുതുന്നത്. വീണ്ടും കോടതിയോട് അപേക്ഷിക്കുന്നത് പൗരയെന്ന നിലയിലാണ്. ബിജെപിയുടെ ആഭ്യന്തര മന്ത്രി ഉണ്ടാകുന്നത് വരെ മാത്രമേ കള്ളന്മാർ പുറത്ത് വിഹരിക്കൂ. ദേവസ്വം പ്രസിഡന്റ് ജയകുമാർ അതീവ ബുദ്ധിയുള്ള ആളാണ്. തീവെട്ടിക്കൊള്ളക്കാരുടെ കൂടെയാണ് ഇപ്പോൾ ഉറക്കം. അത് വയസ്സ് കാലത്ത് ദോഷം ചെയ്യും. കേരളത്തിലെ ദേവസ്വം ബോർഡുകൾ പിരിച്ചുവിടണം.
'ഇന്ത്യയിൽ മുസ്ലിങ്ങൾ സുരക്ഷിതരെന്ന് കാന്തപുരം പറയുന്നു. എന്നിട്ടും പ്രതിപക്ഷ നേതാവ് അത് അംഗീകരിക്കുന്നില്ല. ജമാഅത്തെ ഇസ്ലാമിയെ മടിയിൽ ഇരുത്തിയാണ് പ്രതിപക്ഷ നേതാവിത് പറയുന്നത്. ഉമ്മൻ ചാണ്ടിയുടെ നിലപാടിനെ തള്ളിക്കളയുകയോ വി.ഡി.സതീശൻ? മതവിഭാഗങ്ങൾ തമ്മിലടിക്കണമെന്ന വ്യാമോഹമാണ് പ്രതിപക്ഷ നേതാവിന്. കേരള സ്റ്റോറി 2 സിനിമ മുഴുവൻ കാണാതെ അഭിപ്രായം പറയാനാവില്ല. സിനിമയ്ക്ക് കേരള സ്റ്റോറീസ് എന്ന് പേരിട്ടാൽ എന്തിനാണ് തർക്കം. രഹസ്യ കേന്ദ്രങ്ങളിൽ അടച്ച ഒട്ടേറെ പെൺകുട്ടികൾ പുറത്തുവന്നിട്ടുണ്ട്. സംസ്ഥാന അധ്യക്ഷൻ പറയുന്ന നിലപാട് പാർട്ടിയുടെ നിലപാടാണ്. സിനിമയെ കുറിച്ച് ആധികാരികമായി പിന്നീട് സംസാരിക്കാം.'
'പ്രചരണത്തിന് നേതൃത്വം നൽകാൻ അവസരം നൽകണമെന്നാണ് പാർട്ടിയോട് അഭ്യർത്ഥിക്കാനുള്ളത്. പാർട്ടി പറഞ്ഞാൽ മത്സരിക്കും. ഒരുപാട് മണ്ഡലങ്ങളിൽ തന്നെ വിളിക്കുന്നു എന്ന് അറിയുന്നതിൽ സന്തോഷം. തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള എല്ലാ സ്ഥലങ്ങളും തനിക്ക് ഇഷ്ടമാണ്. പ്രചാരണത്തിന് നേതൃത്വം നൽകാനാണ് താത്പര്യമെന്ന് പാർട്ടിയോട് പറഞ്ഞിട്ടുണ്ട്. പ്രവർത്തകർ സ്നേഹിക്കുന്നത് പ്രസ്ഥാനത്തിന് ത്യാഗം ചെയ്ത നേതാക്കളെയാണ്. ഒരു വ്യക്തിയോടുമല്ല പ്രവർത്തകരുടെ പ്രതിബദ്ധത. വോട്ട് കൂടുതൽ കിട്ടുന്നവരെ സ്വഭാവികമായും ക്ഷണിക്കും', എന്നും ശോഭ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam