ബ്രണ്ണൻ കോളേജ് ചർച്ച അനവസരത്തിലേത്, രാഷ്ട്രീയ പകയിലേക്ക് മുഖ്യമന്ത്രി പോകുന്നത് അപലപനീയം: കെ സി വേണു​ഗോപാൽ

By Web TeamFirst Published Jun 19, 2021, 1:32 PM IST
Highlights

കൊവിഡ് വാർത്താ സമ്മേളനത്തിൽ ഇങ്ങനെയാണോ പ്രതികരിക്കേണ്ടത്. മുഖ്യമന്ത്രി വെല്ലുവിളിച്ചത് കൊണ്ടാണ് കെപിസിസി അധ്യക്ഷൻ കെ സുധാകരന് പ്രതികരിക്കേണ്ടി വന്നത് എന്നും കെ സി വേണു​ഗോപാൽ അഭിപ്രായപ്പെട്ടു.

ദില്ലി: രാഷ്ട്രീയ പകയിലേക്കും വൈരാഗ്യത്തിലേയ്ക്കും മുഖ്യമന്ത്രി പിണറായി വിജയൻ പോകുന്നത് അപലപനീയമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണു​ഗോപാൽ. ബ്രണ്ണൻ കോളേജിലെ പൂർവ്വകാല സംഭവങ്ങളെക്കുറിച്ചുള്ള ചർച്ച അനവസരത്തിൽ നടന്ന അനാവശ്യമായ ചർച്ചയാണ് എന്നും കെ സി വേണു​ഗോപാൽ പ്രതികരിച്ചു.

കേരളത്തിൽ കൊവിഡ് പ്രതിസന്ധി നിലനിൽക്കുമ്പോൾ ഇത്തരം പരാമർശം അപലപനീയമാണ്. കൊവിഡ് വാർത്താ സമ്മേളനത്തിൽ ഇങ്ങനെയാണോ പ്രതികരിക്കേണ്ടത്. മുഖ്യമന്ത്രി വെല്ലുവിളിച്ചത് കൊണ്ടാണ് കെപിസിസി അധ്യക്ഷൻ കെ സുധാകരന് പ്രതികരിക്കേണ്ടി വന്നത് എന്നും കെ സി വേണു​ഗോപാൽ അഭിപ്രായപ്പെട്ടു.

മക്കളെ തട്ടിക്കൊണ്ടു പോകാൻ കെ സുധാകരൻ ശ്രമിച്ചുവെന്ന് അദ്ദേഹത്തിൻറെ അടുപ്പക്കാരനായ കോൺഗ്രസ് നേതാവ് പറഞ്ഞുവെന്ന് പിണറായി വിജയൻ ഇന്നലെ ആരോപിച്ചിരുന്നു. ഇതിനുൾപ്പടെയാണ് ഇന്ന് കെ സുധാകരൻ വാർത്താ സമ്മേളനം വിളിച്ച് മറുപടി നൽകിയത്. പിണറായി വിജയനെ ബ്രണ്ണൻ കോളേജ് പഠന കാലത്ത് മർദ്ദിച്ചെന്ന കാര്യം അഭിമുഖത്തിൽ ഉൾപ്പെടുത്തില്ലെന്ന ഉറപ്പിന് മുകളിൽ വ്യക്തിപരമായി പറഞ്ഞതാണെന്ന് കെ സുധാകരൻ പറഞ്ഞു.

ലേഖകൻ ചെയ്ത ചതിയാണിതെന്നും അദ്ദേഹം പറഞ്ഞു. പിആർ ഏജൻസിയുടെ കൂട്ടിൽ നിന്ന് പുറത്തുവന്ന യഥാർത്ഥ പിണറായി വിജയനെയാണ് ഇന്നലെ കണ്ടത്. അദ്ദേഹത്തിന്റെ ഭാഷ പൊളിറ്റിക്കൽ ക്രിമിനലിന്റേതാണെന്നും സുധാകരൻ പറഞ്ഞു. മക്കളെ തട്ടിക്കൊണ്ടുപോകാൻ പദ്ധതിയിട്ടെന്നതടക്കമുള്ള ആരോപണങ്ങൾ സുധാകരൻ നിഷേധിച്ചു. മുഖ്യമന്ത്രി ഉന്നയിച്ച ആരോപങ്ങളോട് അതേപോലെ മറുപടി പറയാൻ കഴിയില്ല. അഭിമുഖത്തിൽ വന്നതെല്ലാം താൻ പറഞ്ഞ കാര്യമല്ലെന്നും സുധാകരൻ പ്രതികരിച്ചു.

Read Also: അഭിമുഖത്തിൽ ലേഖകൻ ചതിച്ചു, കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ പദ്ധതിയിട്ടില്ല: പിണറായിക്കെതിരെ ആഞ്ഞടിച്ച് സുധാകരൻ


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ്  അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona 

click me!