
കൊച്ചി: പിണറായിക്ക് മറുപടി നൽകാൻ വിളിച്ചു കൂട്ടിയ വാർത്താ സമ്മേളനത്തിൽ കെ സുധാകരൻ മുന്നിൽ വെച്ചത് കണ്ണൂരിലെ പ്രാദേശിക കോൺഗ്രസ് നേതാവ് കണ്ടോത്ത് ഗോപിയെ. ദിനേശ് ബീഡി സൊസൈറ്റിയിലെ നിയമന തർക്കത്തിൽ പിണറായി വിജയൻ തന്റെ കഴുത്തിന് നേരെ വാളെടുത്ത് വെട്ടിയെന്നും അത് കൈകൊണ്ട് തടഞ്ഞപ്പോൾ കൈ മുറിഞ്ഞെന്നും കണ്ടോത്ത് ഗോപി ആരോപിച്ചു.
ധർമ്മടം നിയോജക മണ്ഡലത്തിലെ കോൺഗ്രസ് പ്രസിഡന്റായ കണ്ടോത്ത് ഗോപി കണ്ണൂർ ഡിസിസി സെക്രട്ടറിയുമാണ്.
കണ്ടോത്ത് ഗോപി പറഞ്ഞത്
'അടിയന്തിരാവസ്ഥ കാലത്ത് പിണറായി ദിനേശ് ബീഡി സൊസൈറ്റിയിൽ 26 ലേബർ തൊഴിലാളികളെ നിയമിച്ചു. 12 എഐടിയുസി, 12 ഐഎൻടിയുസി, രണ്ട് എച്ച്എംഎസിന്റെയും തൊഴിലാളികളെ അവിടെ അന്ന് നിയമിച്ചു. സൊസൈറ്റിയുടെ പ്രസിഡന്റ് പാണ്ട്യാല ഗോപാലൻ മാസ്റ്റർ അടിയന്തിരാവസ്ഥ തടവുകാരനായിരുന്നപ്പോഴാണ് നിയമനം. പിന്നീട് പികെവി സർക്കാർ അധികാരത്തിൽ വന്നപ്പോൾ ഈ 26 തൊഴിലാളികളെ പിരിച്ചുവിട്ടു. ഇവരെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് അന്ന് നാഷണൽ ബീഡി ആന്റ് സിഗാർ വർക്കേർസ് ഫെഡറേഷന്റെ സംസ്ഥാന സെക്രട്ടറിയായിരുന്ന എന്റെയും പ്രസിഡന്റായിരുന്ന എൻ രാമകൃഷ്ണന്റെയും നേതൃത്വത്തിൽ കാൽനട പ്രചാരണം നിശ്ചയിച്ചിരുന്നു. രാവിലെ 10 മണിക്കായിരുന്നു ആ ജാഥയുടെ ഉൽഘാടനം.
ഓലയമ്പലം ബസാറിൽ നിന്ന് ബെണ്ട്ട്ടായി റോഡ് സ്റ്റാർട്ട് ചെയ്യുന്നതിന്റെ ഇടത്ത് വശത്ത് ഞാനും കഴിഞ്ഞ ദിവസം മരിച്ച സുരേന്ദ്ര ബാബു എന്ന ബാബു മാസ്റ്ററും നിൽക്കുകയായിരുന്നു. അപ്പോഴാണ് 30 ഓളം പേര് പിണറായി വിജയന്റെ നേതൃത്വത്തിൽ ആയുധങ്ങളുമായി വന്നത്. പിണറായി വിജയന്റെ കൈയ്യിൽ കൊടുവാൾ ഉണ്ടായിരുന്നു. നീയാണോടാ ജാഥ ലീഡർ എന്ന് ചോദിച്ച് പിണറായി വാളെടുത്ത് എന്റെ കഴുത്തിന് നേരെ വെട്ടാനോങ്ങി. ആ വെട്ട് കൈകൊണ്ട് തടുത്തപ്പോഴുണ്ടായ മുറിവാണിത്. അന്ന് എഐടിയുസിയുടെ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയായിരുന്ന പിപി മുകുന്ദനായിരുന്നു ജാഥയുടെ ഉദ്ഘാടകൻ. അദ്ദേഹം അവിടെ നിന്ന് എന്നെ ആശുപത്രിയിലെത്തിച്ചു. ആശുപത്രിയിൽ വെച്ച് മുറിവ് തുന്നിക്കെട്ടി പിന്നീട് സമരത്തിൽ പങ്കെടുക്കുകയായിരുന്നു. ആ സംഭവത്തിന്റെ കേസ് പിണറായി വിജയൻ കേസ് സ്വാധീനം ചെലുത്തി മായ്ച്ചുകളഞ്ഞു. പൊലീസ് മൊഴിയെടുത്തെങ്കിലും കേസിൽ എഫ്ഐആർ ഇട്ടിട്ടില്ല' എന്നും ഗോപി പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam