
വയനാട്: എംഎല്‍എ രാഹുൽ മാങ്കൂട്ടത്തിലിനെ പാർട്ടി സസ്പെൻഡ് ചെയ്തതാണെന്ന് കെ സി വേണുഗോപാൽ എംപി. പ്രചരണം നടത്തുന്നത് സംബന്ധിച്ച് നോക്കേണ്ടത് പാർട്ടി പ്രാദേശിക നേതാക്കന്മാരാണ്. ഏറ്റവും ശക്തമായ നടപടിയാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പാർട്ടി എടുത്തത്. രാഹുലിനെതിരെ ആരോപണം വന്നപ്പോൾ തന്നെ പാര്‍ട്ടി നടപടി സ്വീകരിച്ചു. എന്നാൽ സ്വർണ്ണപ്പാളി കേസിൽ എന്താണ് സിപിഎമ്മിന്റെ നിലപാടെന്നും കെ സി വേണുഗോപാൽ ചോദിച്ചു.
ശബരിമല സ്വർണ്ണപ്പാളി കേസില്‍ സിപിഎമ്മിനെതിരെ കടുത്ത വിമര്‍ശനമാണ് കെ സി വേണുഗോപാൽ ഉന്നയിക്കുന്നത്. രാഷ്ട്രീയ സംരക്ഷണമില്ലാതെ കൊള്ള നടക്കില്ലെന്ന് കെ സി വേണുഗോപാൽ പറഞ്ഞു. ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ് തെരഞ്ഞെടുപ്പിൽ വലിയ ചർച്ചയാവും. ദൈവതുല്യരായ ആളുകൾ ആരെന്ന് പുറത്ത് വരണം. സിപിഎം ഇതിന് മറുപടി പറയണമെന്നും കെ സി വേണുഗോപാൽ ആവശ്യപ്പെട്ടു. മുണ്ടക്കൈ-ചൂരൽമല ദുരന്ത ഭൂമിയില്‍ കോൺഗ്രസിൻ്റെ വീടുകളുടെ നിർമ്മാണം ഉടൻ തുടങ്ങുമെന്നും കെ സി കൂട്ടിച്ചേര്‍ത്തു. ടൗൺഷിപ്പ് കേരളത്തിലെ എല്ലാവരുടെയും പണമാണ്. സിപിഎമ്മൻ്റേത് മാത്രമല്ലെന്നും കെ സി വേണുഗോപാൽ മാധ്യമങ്ങളോട് പ്രതികരിച്ചു.
രാഹുലിനെതിരെ നടപടിയെടുത്തതാണെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പ്രതികരണം. ഒരേ കാര്യത്തിന് രണ്ട് തവണ നടപടിയെടുക്കാൻ പറ്റുമോയെന്നും നടപടി ഇപ്പോഴും നിലനിൽക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, ശബരിമല വിഷയത്തിൽ പത്മകുമാറിനെതിരെ എന്തുകൊണ്ട് പാർട്ടി നടപടിയെടുക്കുന്നില്ലെന്ന് വി ഡി സതീശന്‍ ചോദിച്ചു.