
ദില്ലി: സമുദായ സംഘടനകളോട് കോൺഗ്രസിന് ബഹുമാനമെന്ന് കെ സി വേണുഗോപാല്‍ എംപി. എൻഎസ്എസിന് എതിരായ വിമർശനങ്ങളിൽ കോൺഗ്രസ് പങ്കാളികളല്ല. പരസ്യമായി കോൺഗ്രസ് ഒന്നും പറയേണ്ടതില്ല. സമുദായ സംഘടനകൾക്ക് അവരുടേതായ നിലപാട് സ്വീകരിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. സമുദായിക സംഘടനകളെ ഒപ്പം ബിജെപി നിർത്താൻ ശ്രമിച്ചത്തിന്‍റെ ഫലം ഛത്തീസ്‌ഗഡിൽ കണ്ടു. ഒപ്പും നിർത്തുകയും അതേസമയം തന്നെ ആക്രമിക്കുകയും ചെയ്യും. സമുദായങ്ങളെ ചേർത്ത് പിടിക്കുന്നത് പി ആർ വർക്ക് ആണെന്നും കെ സി വേണുഗോപാൽ പറഞ്ഞു.
കരൂർ ദുരന്തം വേദനാജനകമാണെന്നും കെ സി പറഞ്ഞു. മരിച്ചവരുടെ കുടുംബത്തിനൊപ്പമാണ് കോൺഗ്രസ് പാർട്ടി അപകടത്തിന്‍റെ കാരണങ്ങൾ സംസ്ഥാന സർക്കാർ അന്വേഷിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, ആഗോള അയ്യപ്പ സംഗമത്തിലെ യുഡിഎഫ് നിലപാട് ആലോചിച്ച് എടുത്തതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. തെരഞ്ഞെടുപ്പ് അടുത്തപ്പോൾ കോൺക്ലേവ് നടത്തുന്നതുപോലെ സര്‍ക്കാര്‍ അയ്യപ്പ സംഗമം നടത്തിയതിനെയാണ് എതിർത്തത്.
യുവതി പ്രവേശന വിഷയത്തിൽ സുപ്രീംകോടതിയിൽ കൊടുത്ത അഫഡവിറ്റ് സര്‍ക്കാര്‍ തിരുത്തുമോയെന്ന് അദ്ദേഹം ചോദിച്ചു. ശബരിമലയ്ക്ക് വേണ്ടി ഏറ്റവും അധികം നടപടികൾ സ്വീകരിച്ചത് കോൺഗ്രസ് സർക്കാരുകളാണ്. ശബരിമല വിഷയത്തിൽ സർക്കാർ എടുത്ത നിലപാടിനൊപ്പം നിൽക്കുന്നു എന്നാണ് എൻഎസ്എസ് പറഞ്ഞത്. അത് അങ്ങനെ ആയിക്കോട്ടെ, സമദൂരത്തിൽ മാറ്റമില്ലെന്ന് പറഞ്ഞു. പിന്നെ എന്താണ് നിലപാട് മാറ്റം? ശബരിമല വിഷയത്തിൽ സർക്കാരിനൊപ്പം നിന്നു, അതുകൊണ്ട് എൻഎസ്എസിന്‍റെ നിലപാട് ഇടത് പക്ഷത്തിനൊപ്പം എന്ന് പറയുന്നതിൽ അർത്ഥമില്ല. സി പി എമ്മിനൊപ്പം അല്ല എന്‍എസ്എസ്. ആ വെള്ളം സിപിഎം അങ്ങ് വാങ്ങി വച്ചാൽ മതിയെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.