
തിരുവനന്തപുരം: അഴിമതിയും കെടുകാര്യസ്ഥതയും കൈമുതലാക്കിയ പിണറായി സർക്കാർ വരുത്തി വെച്ചതാണ് കേരളത്തിലെ വൈദ്യുതി നിയന്ത്രണമെന്ന ഇരുട്ടടിയെന്ന് എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എം പി. കുറഞ്ഞവിലയ്ക്ക് ദീര്‍ഘകാലത്തേക്ക് വൈദ്യുതി വാങ്ങാനുള്ള ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്തെ കരാര്‍ പിണറായി സർക്കാർ റദ്ദാക്കിയതിന് പിന്നിലുള്ള ഗൂഢാലോചന ഉൾപ്പെടെ വൈദ്യുതി വകുപ്പിലെ കൊടിയ അഴിമതിക്കെതിരെ യു ഡി എഫ് അധികാരത്തിലെത്തിയാൽ ഉടനെ കടുത്ത നടപടിയെടുക്കുമെന്നും കെ സി വേണുഗോപാൽ പറഞ്ഞു. യു ഡി എഫ് സർക്കാരിന്റെ കാലത്തെ കരാര്‍ റദ്ദാക്കി, ബോർഡിന് നഷ്ടം വരുത്തിക്കൊണ്ടുള്ള വൈദ്യുതി പർച്ചേസ് നടത്തുകയാണ് പിണറായി സർക്കാർ ചെയ്തത്. അഴിമതിപ്പണം മാത്രം ലക്ഷ്യമിട്ടുകൊണ്ടുള്ള നീക്കമാണ് ഇതിന് പിന്നിലെന്ന് പകൽ പോലെ വ്യക്തം. 465 മെഗാവാട്ട് വൈദ്യുതി യൂണിറ്റിന് ശരാശരി നാലുരൂപ 29 പൈസയ്ക്ക് വാങ്ങാനുള്ള കരാർ എന്ത് കാരണം പറഞ്ഞാണ് പിണറായി സര്‍ക്കാര്‍ റദ്ദാക്കിയതെന്നും കെ സി വേണുഗോപാൽ ചോദിച്ചു. വൈദ്യുതി ബില്ലിനെപ്പോലും രാഷ്ട്രീയവത്കരിച്ച് തെരഞ്ഞെടുപ്പിനെ നേരിട്ടവരാണ് കൊടുംചൂടുകാലത്ത് കിടന്നുറങ്ങാൻ പോലും കഴിയാത്ത കേരള ജനതയെ വെല്ലുവിളിക്കുന്നത്.വോട്ടെടുപ്പ് കഴിഞ്ഞതിനാലും അധികാരത്തിൽ വരില്ലെന്ന തികഞ്ഞ ബോധ്യമുള്ളതിനാലും അരമണിക്കൂറല്ല, ഒരുമണിക്കൂർ പോലും വൈദ്യുതി നിയന്ത്രിക്കാൻ പിണറായി തയ്യാറായാലും അത്ഭുതമില്ലെന്നും കെ സി വേണുഗോപാൽ പരിഹസിച്ചു.
സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിംഗ് ഔദ്യോഗികമായി പ്രഖ്യാപിച്ചതിന് പിന്നാലെ വിശദീകരണവുമായി വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി. വൈദ്യുതി നിയന്ത്രണമാണ് ഏർപ്പെടുത്തിയതെന്നും ലോഡ് ഷെഡിങ് അല്ലെന്നുമാണ് മന്ത്രിയുടെ പക്ഷം. ഓവർലോഡ് വരുന്നത് നിയന്ത്രിക്കുക മാത്രമാണ് ലക്ഷ്യം. സംസ്ഥാനത്തുണ്ടായത് പ്രതീക്ഷിക്കാത്ത പ്രതിസന്ധിയാണ്. പശ്ചിമേഷ്യയിലെ യുദ്ധവും വൈദ്യുതി ഉപഭോഗം കൂട്ടിയെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഗ്യാസിന് പകരം പാചകം വൈദ്യുത ഉപകരണങ്ങളിൽ ആക്കിയത് പ്രതിസന്ധിയുടെ ആക്കം കൂട്ടിയെന്നും കൃഷ്ണൻകുട്ടി വിവരിച്ചു. ഇപ്പോൾ ഏർപ്പെടുത്തിയിരിക്കുന്ന വൈദ്യുതി നിയന്ത്രണം ലോഡ് കൂടുതലുള്ള സ്ഥലങ്ങളിൽ മാത്രമായിരിക്കും. വൈദ്യുതി വാങ്ങാൻ കിട്ടാനില്ല. ഇന്ന് 200 മെഗാവാട്ട് കിട്ടാൻ സാധ്യത ഉണ്ടെന്ന് പറയുന്നു. ഇന്ത്യ മുഴുവനും വൈദ്യുതി പ്രതിസന്ധിയാണ്. കേരളത്തിന് വേറെ വഴിയില്ലയ നിയന്ത്രിക്കാതെ നിവൃത്തിയില്ലാത്ത അവസ്ഥായിലാണെന്നും മന്ത്രി വ്യക്തമാക്കി. ഇക്കാര്യത്തിൽ പ്രതിഷേധിക്കേണ്ടത് പ്രകൃതിയോടാണ്. പ്രകൃതി ഇങ്ങനെ ചെയ്യുമെന്ന് ആരും പ്രതീക്ഷിച്ചില്ല. മഴ പെയ്താൽ ഉടൻ നിയന്ത്രണം അവസാനിക്കുമെന്നും കൃഷ്ണൻകുട്ടി വിവരിച്ചു. ഇന്ന് പലയിടത്തും മഴപെയ്തതിൽ മാറ്റം ഉണ്ടായി. മഴ നന്നായി പെയ്താൽ നിയന്ത്രണം ഒഴിവാക്കാമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam