
കൊച്ചി: സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിംഗ് ഔദ്യോഗികമായി പ്രഖ്യാപിച്ചതിന് പിന്നാലെ വിശദീകരണവുമായി വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി. വൈദ്യുതി നിയന്ത്രണമാണ് ഏർപ്പെടുത്തിയതെന്നും ലോഡ് ഷെഡിങ് അല്ലെന്നുമാണ് മന്ത്രിയുടെ പക്ഷം. ഓവർലോഡ് വരുന്നത് നിയന്ത്രിക്കുക മാത്രമാണ് ലക്ഷ്യം. സംസ്ഥാനത്തുണ്ടായത് പ്രതീക്ഷിക്കാത്ത പ്രതിസന്ധിയാണ്. പശ്ചിമേഷ്യയിലെ യുദ്ധവും വൈദ്യുതി ഉപഭോഗം കൂട്ടിയെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഗ്യാസിന് പകരം പാചകം വൈദ്യുത ഉപകരണങ്ങളിൽ ആക്കിയത് പ്രതിസന്ധിയുടെ ആക്കം കൂട്ടിയെന്നും കൃഷ്ണൻകുട്ടി വിവരിച്ചു. ഇപ്പോൾ ഏർപ്പെടുത്തിയിരിക്കുന്ന വൈദ്യുതി നിയന്ത്രണം ലോഡ് കൂടുതലുള്ള സ്ഥലങ്ങളിൽ മാത്രമായിരിക്കും. വൈദ്യുതി വാങ്ങാൻ കിട്ടാനില്ല. ഇന്ന് 200 മെഗാവാട്ട് കിട്ടാൻ സാധ്യത ഉണ്ടെന്ന് പറയുന്നു. ഇന്ത്യ മുഴുവനും വൈദ്യുതി പ്രതിസന്ധിയാണ്. കേരളത്തിന് വേറെ വഴിയില്ലയ നിയന്ത്രിക്കാതെ നിവൃത്തിയില്ലാത്ത അവസ്ഥായിലാണെന്നും മന്ത്രി വ്യക്തമാക്കി. ഇക്കാര്യത്തിൽ പ്രതിഷേധിക്കേണ്ടത് പ്രകൃതിയോടാണ്. പ്രകൃതി ഇങ്ങനെ ചെയ്യുമെന്ന് ആരും പ്രതീക്ഷിച്ചില്ല. മഴ പെയ്താൽ ഉടൻ നിയന്ത്രണം അവസാനിക്കുമെന്നും കൃഷ്ണൻകുട്ടി വിവരിച്ചു. ഇന്ന് പലയിടത്തും മഴപെയ്തതിൽ മാറ്റം ഉണ്ടായി. മഴ നന്നായി പെയ്താൽ നിയന്ത്രണം ഒഴിവാക്കാമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സംസ്ഥാനത്തെ വൈദ്യുത പ്രതിസന്ധി ചൂണ്ടിക്കാട്ടിയ മന്ത്രി, ജല വൈദ്യുത പദ്ധതികൾക്കെതിരെ ഉയർന്ന പ്രതിഷേധങ്ങളെയും വിമർശിച്ചു. ഇവിടെ പൂയംകുട്ടി ജലവൈദ്യുത പദ്ധതി എതിർത്തില്ലേ? അതിരപ്പള്ളി പദ്ധതിയും തടഞ്ഞില്ലേ? ഈ പദ്ധതികൾ ഒക്കെ ഉണ്ടായിരുന്നേൽ പ്രതിസന്ധി ഉണ്ടാകുമായിരുന്നോ എന്നും മന്ത്രി ചോദിച്ചു. രണ്ട് കാക്കക്ക് പറക്കാനും മൃഗങ്ങൾക്ക് നടക്കാനും വേണ്ടി ഒഴിവാക്കിയ പദ്ധതിയല്ലേ? ഇവിടെ പ്രതിഷേധക്കാർ പുതിയ ജല വൈദ്യുതി പദ്ധതി വരാൻ സമ്മതിക്കില്ലല്ലോ എന്നും കൃഷ്ണൻകുട്ടി ചോദിച്ചു.
പിണറായി സർക്കാരിന്‍റെ പത്ത് വർഷം നീണ്ട അവകാശവാദങ്ങളുടെ എല്ലാം ഫ്യൂസ് ഊരിയാണ് കെ എസ് ഇ ബി ലോഡ് ഷെഡ്ഡിംഗ് ഔദ്യോഗിമായത്. പ്രകൃതി ചതിച്ചെന്ന് പറഞ്ഞുകൊണ്ടാണ് വൈദ്യുതി മന്ത്രി കെ കൃഷ്ണൻ കുട്ടി സംസ്ഥാനത്ത് ഇന്ന് മുതൽ അര മണിക്കൂർ വരെ ലോഡ് ഷെഡ്ഡിംഗ് പ്രഖ്യാപിച്ചത്. വൈകിട്ട് ആറ് മണി മുതൽ 12 മണി വരെയുള്ള പീക്ക് അവറുകളിലായിരിക്കും വൈദ്യുതി നിയന്ത്രണമെന്നും മന്ത്രി വ്യക്തമാക്കി. വൈദ്യതി വിതരണ പ്രസരണ ശൃംഘലയുടെ ആഘാതം ഒഴിവാക്കാൻ നിയന്ത്രണം കൂടിയേ തീരു എന്നാണ് വിശദീകരണം. ഊര്‍ജ്ജ സെക്രട്ടറി പങ്കെടുത്ത കെ എസ് ഇ ബി ഉന്നതതല യോഗത്തിലായിരുന്നു തീരുമാനം. കഴിഞ്ഞ ദിവസങ്ങളിൽ മുന്‍ കൂട്ടി അറിയിക്കാതെയും അറിയിച്ചും നടത്തിയിരുന്ന നിയന്ത്രണമാണ് ഇപ്പോള്‍ കെ എസ് ഇ ബി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. വേനൽക്കാലം മുന്നിൽക്കണ്ടുള്ള മുന്നൊരുക്കം കെ എസ് ഇ ബി നടത്തിയില്ലെന്ന് റഗുലേററ്ററി കമ്മീഷൻ പോലും വിമര്‍ശിക്കുമ്പോള്‍ പ്രകൃതിയുടെ ചതിയെന്ന് വാദിക്കുകയാണ് മന്ത്രി. വൈദ്യുതി ഉപയോഗത്തിൽ കടുത്ത നിയന്ത്രണത്തിനും നിര്‍ദ്ദേശമുണ്ട്. 6 മുതൽ 12 വരെയുള്ള സമയത്ത് വാഹന ചാർജ്ജിംഗ് പാടില്ല. എ സി യഥേഷ്ടം ഉപയോഗിക്കരുത്. 24 മുതൽ 24 ഡിഗി വരെയാക്കി താപനില ക്രമീകരിക്കണം. ഈ സമയത്ത് ഇന്‍റക്ഷൻ കുക്കറുകൾ പ്രവർത്തിപ്പിക്കരുതെന്നും നിർദ്ദേശമുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam