
കോഴിക്കോട്: ഷാഫി പറമ്പിൽ എംപിക്കെതിരായ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി പ്രതിഷേധിച്ച് കോണ്‍ഗ്രസ്. പലയിടത്തും പ്രതിഷേധപ്രകടനം സംഘർഷത്തിൽ കലാശിച്ചു. ശബരിമല സ്വർണ്ണപ്പാളി വിഷയം ഉൾപ്പെടെ വഴിതിരിച്ചു വിടാനാണ് കരുതിക്കൂട്ടി എംപിയെ ആക്രമിച്ചതെന്നും ഇതിനെതിരെ ശക്തമായ പ്രതിഷേധം തുടരുമെന്നും എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പറഞ്ഞു. ഉദ്യോഗസ്ഥരുടെ പേരെടുത്ത് പറഞ്ഞായിരുന്നു കെ സി വേണുഗോപാലിന്റെ താക്കീത്. പേരാമ്പ്രയിലെ പ്രതിഷേധ സദസ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെപിസിസി ഇറക്കിയ മെഡിക്കൽ റിപ്പോർട്ടിലല്ല, ആശുപത്രി ഇറക്കിയ റിപ്പോർട്ടിൽ ഷാഫിയുടെ മൂക്കിന്റെ എല്ല് പൊട്ടിയിട്ടുണ്ട് എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ സംരക്ഷണത്തോടെയാണ് ദൈവത്തിന്റെ സ്വത്ത് കട്ടതെന്ന് കെ സി വേണുഗോപാൽ ആരോപിച്ചു. ഹൈക്കോടതി ഇടപെട്ടില്ലായിരുന്നെങ്കിൽ ശബരിമല മുഴുവൻ ചെമ്പ് ആക്കിയേനെ. ഇത് സിപിഎമ്മുകാരുടെ വീട്ടിൽ പോലും ചർച്ചയാണ്. ഇതിൽ അപമാനിതരായ സിപിഎമ്മുകാരുടെ ലക്ക് കേട്ടു വിഷയം വഴി മാറ്റാനാന്നാണ് ശ്രമിച്ചത്. ഷാഫിയെ വക വരുത്താൻ നോക്കിയാൽ യുഡിഎഫ് അങ്ങനെ വിട്ടു കൊടുക്കില്ല. സുനിൽ എന്ന ഡിവൈഎസ്പിയെ നോട്ട് ചെയ്ത് വെച്ചിട്ടുണ്ട്. 50 പേര് ആയുധവുമായി നിക്കുന്നുണ്ടെന്നാണ് ഡിവൈഎസ്പി ഡിസിസി പ്രസിഡന്റിനോട് പറഞ്ഞത്. ജാഥക്ക് സംരക്ഷണം ഒരുക്കേണ്ട പൊലീസ് സിപിഎമ്മുകാരായ 50 പേർക്ക് വേണ്ടിയാണ് ഇന്നലെ അക്രമം നടത്തിയതെന്നും കെ സി വേണുഗോപാൽ ആരോപിച്ചു.
പാർലമെന്റ് അംഗത്തിന്റെ ദേഹത്ത് കൈ വെക്കാൻ പൊലീസിന് കഴിയുന്ന സാഹചര്യം ഉണ്ടാകാൻ പാടില്ലാത്തതാണ്. എസ്പി പറഞ്ഞത് എംപിയെ ആക്രമിച്ചില്ല എന്നാണ്. ജീവിതാവസാനം വരെ പിണറായി മുഖ്യമന്ത്രി ആകുമെന്ന് കരുതണ്ട. ആറ് മാസം കഴിഞ്ഞാൽ എസ് പി ബൈജുവിനെ ഒരിക്കൽ കൂടി കാണുമെന്നായിരുന്നു കെ സി വേണുഗോപാലിന്റെ താക്കീത്. അഴിമതിക്കാരായ ഉദ്യോഗസ്ഥർ മുകളിൽ ഉള്ളവരെ സുഖിപ്പിക്കാൻ വേണ്ടി കോൺഗ്രസുകാരുടെ മേൽ കുതിര കേറിയാൽ അപ്പോൾ കാണാം. കേരളമാണ് ഇതെന്ന് ഓർക്കണമെന്നും കെ സി വേണുഗോപാൽ മുന്നറിയിപ്പ് നല്‍കി. ഇത് സിപിഎമ്മിന്റെ അവസാന ഭരണമാണ്. മര്യാദയ്ക്ക് കക്കിയുടെ വിശുദ്ധി കാണിച്ച് പണിയെടുക്കണമെന്നും കെ സി കൂട്ടിച്ചേര്‍ത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam