4.5 ലക്ഷം പരമ ദരിദ്രരുടെ എണ്ണം 64000 ആയത് എന്ത് ചെപ്പടിവിദ്യയിലൂടെ? അതിദരിദ്രര്‍ ഇല്ലെന്ന അവകാശവാദം കള്ളക്കണക്കിലെ കൊട്ടാരം പണിയൽ: പ്രതിപക്ഷ നേതാവ്

Published : Oct 31, 2025, 04:03 PM IST
VD Satheesan

Synopsis

അതിദരിദ്രര്‍ ഇല്ലാത്ത സംസ്ഥാനമെന്ന സര്‍ക്കാര്‍ അവകാശവാദം കള്ളക്കണക്കിലെ തട്ടിപ്പാണെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. എൽഡിഎഫ് പ്രകടനപത്രികയിൽ പറഞ്ഞ 4.5 ലക്ഷം പരമദരിദ്രരുടെ എണ്ണം 64,000 ആയി കുറഞ്ഞത് എന്ത് ചെപ്പടിവിദ്യയിലൂടെയാണെന്ന് അദ്ദേഹം ചോദിച്ചു

തിരുവനന്തപുരം: അതിദരിദ്രര്‍ ഇല്ലാത്ത സംസ്ഥാനമെന്ന അവകാശവാദം കള്ളക്കണക്ക് കൊണ്ടുള്ള കൊട്ടാരം പണിയലും തട്ടിപ്പുമെന്ന് പ്രതിപക്ഷ നേതാവ് വി ഡ‍ി സതീശൻ. എല്‍ ഡി എഫ് പ്രകടനപത്രികയില്‍ പറഞ്ഞിരിക്കുന്ന 4.5 ലക്ഷം പരമ ദരിദ്രരുടെ എണ്ണം 64000 ആയത് എന്ത് ചെപ്പടിവിദ്യയിലൂടെ? സര്‍ക്കാര്‍ ഒഴിവാക്കിയ ഒരു ലക്ഷത്തില്‍ അധികം ആദിവാസി കുടുംബങ്ങളെല്ലാം സുരക്ഷിതരാണോ? അതിദരിദ്രരില്ലാത്ത സംസ്ഥാനമെന്നു പ്രഖ്യാപിച്ചാല്‍ 6 ലക്ഷത്തോളം എ.എ.വൈ കാര്‍ഡ് ഉടമകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന സഹായം ഇല്ലാതാകില്ലേയെന്നും സതീശൻ ചോദിച്ചു. തോറ്റ് തുന്നംപാടുമെന്ന് വ്യക്തമായപ്പോള്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത് പി ആര്‍ സംവിധാനങ്ങളുടെ മറവില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ്. ഈതട്ടിപ്പ് പ്രഖ്യാപനത്തില്‍ നിന്നും സര്‍ക്കാര്‍ പിന്മാറണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

പ്രതിപക്ഷ നേതാവിന്‍റെ വാക്കുകൾ

അതിദരിദ്രര്‍ ഇല്ലാത്ത സംസ്ഥാനമായി കേരളം മാറുകയെന്നത് അഭിമാനകരമാണ്. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ ചെയ്യുന്നത് കള്ളക്കണക്ക് കൊണ്ട് കൊട്ടാരം പണിയലാണ്. ഇരുട്ട് കൊണ്ട് ഓട്ടയടയ്ക്കുന്ന ചെപ്പടി വിദ്യയാണ് സര്‍ക്കാര്‍ കാട്ടുന്നത്. അതിദരിദ്രര്‍ ഇല്ലാത്ത സംസ്ഥാനമെന്ന സര്‍ക്കാരിന്റെ അവകാശവാദം തട്ടിപ്പാണ്. ഭക്ഷണം, പാര്‍പ്പിടം, ആരോഗ്യം, വരുമാനം എന്നിവ ഇല്ലാത്തവരെയാണ് അതിദരിദ്രരായി കണക്കാക്കുന്നത്. ഇങ്ങനെയുള്ള ലക്ഷക്കണക്കിന് പേര്‍ കേരളത്തിലുണ്ട്. ഇവരില്‍ ചിലരെ മാത്രം ഉള്‍പ്പെടുത്തി പുതിയ ലിസ്റ്റുണ്ടാക്കി അവര്‍ക്ക് ചില ആനുകൂല്യങ്ങള്‍ നല്‍കിയിരിക്കുകയാണ്. കേരളത്തില്‍ പരമ ദരിദ്രരായ 4.5 ലക്ഷം പേരുണ്ടെന്നാണ് എല്‍.ഡി.എഫ് പ്രകടനപത്രികയിലെ 215 മത്തെ ഐറ്റമായി പറഞ്ഞിരിക്കുന്നത്. ആശ്രയ പദ്ധതിയിലുള്ള 1.5 ലക്ഷം കുടുംബങ്ങളെ കൂടി ഉള്‍പ്പെടുത്തി 4.5 ലക്ഷം ഗുണഭോക്താക്കളായി തിരഞ്ഞെടുക്കുമെന്നും പ്രകടനപത്രികയിലുണ്ട്. അപ്പോള്‍ എല്‍.ഡി.എഫ് പ്രകടനപത്രികയില്‍ തന്നെ പരമ ദരിദ്രരായ 4.5 ലക്ഷം കുടുംബങ്ങള്‍ കേരളത്തിലുണ്ടെന്ന് സമ്മതിച്ചിട്ടുണ്ട്. ഈ 4.5 ലക്ഷം പേരില്‍ നിന്നും അതിദരിദ്രരുടെ എണ്ണം എങ്ങനെയാണ് 64000 ആയി മാറിയത്? ഇത് എന്ത് ചെപ്പടിവിദ്യയിലൂടെയാണെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

എന്തായിരുന്നു മെത്തഡോളജി?

കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള മാനദണ്ഡ പ്രകാരം ദരിദ്രരില്‍ അതിദരിദ്രരായ 5,91,194 പേര്‍ക്ക് എ.എ.വൈ കാര്‍ഡ് നല്‍കിയിട്ടുണ്ടെന്ന് മന്ത്രി ജി.ആര്‍ അനില്‍ നിയമസഭയില്‍ മറുപടി നല്‍കിയിട്ടുണ്ട്. ഇവരെല്ലാം അതിദാരിദ്രത്തില്‍ നിന്നും മാറിയോ? അങ്ങനെ മാറിയിട്ടുണ്ടെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന റേഷന്‍ വിഹിതം നിര്‍ത്തുമെന്നാണ് സാമ്പത്തിക വിദഗ്ധരും സാമൂഹിക പ്രവര്‍ത്തകരും സര്‍ക്കാരിന് നല്‍കിയ കത്തില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. 64000 പേരുടെ പട്ടിക എന്ത് മാനദണ്ഡം ഉപയോഗിച്ചാണ് ഉണ്ടാക്കിയിരിക്കുന്നതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. ഒന്നര ലക്ഷം അഗതികളാണ് ആശ്രയ പദ്ധതിയില്‍ ഉണ്ടായിരുന്നത്. അവരില്‍ പലരും സര്‍ക്കാരിന്റെ ഇപ്പോഴത്തെ പട്ടികയിലില്ല. ആ പട്ടികയും വെട്ടിച്ചുരുക്കി. ഇത്തരമൊരു പട്ടിക തയാറാക്കിയതില്‍ ആസൂത്രണ ബോര്‍ഡിനും സ്റ്റാറ്റിസ്റ്റിക്കല്‍ വകുപ്പിനും എന്തെങ്കിലും പങ്കുണ്ടോ? അവരുമായി കൂടിയാലോചിച്ചാണോ പട്ടിക തയാറാക്കിയത്? എന്തായിരുന്നു മെത്തഡോളജിയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

64000 പേര്‍ക്ക് സഹായം നല്‍കുന്നതില്‍ ഒരു തെറ്റുമില്ല. ഇവരില്‍ എല്ലാവര്‍ക്കും വീട് നല്‍കിയോ? ലൈഫ് അപേക്ഷ നല്‍കിയിട്ടുള്ള 591368 പേരില്‍ പലര്‍ക്കും ഇനിയും വീട് നല്‍കിയിട്ടില്ല. പത്തു വര്‍ഷം കൊണ്ട് ലൈഫ് മിഷനില്‍ ഈ സര്‍ക്കാര്‍ പണിതത് 462307 വീടുകള്‍ മാത്രമാണ്. എന്നിട്ടാണ് തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഈ പാവങ്ങളെ ഉപയോഗിച്ച് അതിദരിദ്രര്‍ ഇല്ലാത്ത സംസ്ഥാനമെന്ന രാഷ്ട്രീയ പ്രചരണം നടത്തുന്നത്. പാവങ്ങള്‍ക്ക് നീതി നല്‍കാതെയും അവരോട് നീതിപൂര്‍വകമായി പെരുമാറാതെയുമാണ് സര്‍ക്കാര്‍ രാഷ്ട്രീയ പ്രചരണവുമായി മുന്നോട്ട് പോകുന്നത്. 2011 ലെ സെന്‍സസ് പ്രകാരം 1.16 ലക്ഷം ആദിവാസി കുടുംബങ്ങളിലായി 4.85 ലക്ഷം ആദിവാസികള്‍ കേരളത്തിലുണ്ട്. എന്നാല്‍ സര്‍ക്കാര്‍ ഇപ്പോള്‍ ഉണ്ടാക്കിയ അതിദരിദ്രരുടെ പട്ടികയില്‍ 6400 പേര്‍ മാത്രമെ ഉള്‍പ്പെട്ടിട്ടുള്ളൂ. ബാക്കിയുള്ളവരെല്ലാം വിദ്യാഭ്യാസത്തിലും പാര്‍പ്പിടത്തിലും ഭക്ഷണത്തിലും ആരോഗ്യത്തിലും സുരക്ഷിതരാണോ? ഒരു മാനദണ്ഡവും ഇല്ലാതെ സര്‍ക്കാര്‍ തന്നെ ഒരു പട്ടിക ഉണ്ടാക്കിയിരിക്കുകയാണ്. അധികാരത്തില്‍ വന്നാല്‍ സാമൂഹിക സുരക്ഷാ പെന്‍ഷന്‍ 2500 രൂപയാക്കുമെന്ന് 2021-ല്‍ പറഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാര്‍ നാലര കൊല്ലവും ഒരു രൂപ പോലും കൂട്ടിയില്ല. എന്നിട്ടാണ് തിരഞ്ഞെടുപ്പിന്റെ തലേ ആഴ്ചയില്‍ പെന്‍ഷന്‍ 2000 രൂപയാക്കിയെന്ന് കൊട്ടിഘോഷിക്കുന്നത്. മലയാളികളുടെ സാമാന്യ ബുദ്ധിയെയാണ് സര്‍ക്കാര്‍ ചോദ്യം ചെയ്യുന്നത്. കേരളത്തിലെ ജനങ്ങളെ നിങ്ങള്‍ക്ക് ഇങ്ങനെ കബളിപ്പാക്കാനാകുമോ? അതുപോലെ സത്യം മറച്ചുവച്ചുള്ള കള്ളക്കണക്കാണ് അതിദരിദ്രരില്ലാത്ത സംസ്ഥാനമെന്ന പ്രഖ്യാപനത്തിന് പിന്നിലും. കേരളത്തില്‍ അതിദരിദ്രരും പരമ ദരിദ്രരും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പ്രഖ്യാപനത്തില്‍ നിന്നും പിന്മാറാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു.

അതിദരിദ്രരെ മറ്റി നിര്‍ത്തി ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. സാധാരണയായി ഇത്തരം പട്ടികകള്‍ തയാറാക്കുന്നത് കണക്കുകളുടെ അടിസ്ഥാനത്തിലാണ്. ദരിദ്രരില്‍ ദരിദ്രരായ 5,91,194 പേരെ എ.എ.വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സൗജന്യമായി അരിയും ഗോതമ്പും നല്‍കുന്നുണ്ട്. അവര്‍ക്കൊക്കെ സ്വന്തമായി വീടുണ്ടോ? അവരുടെ ചികിത്സാ ചെലവുകള്‍ സര്‍ക്കാര്‍ വഹിക്കുമോ? ഒറ്റപ്പെട്ട് താമസിക്കുന്ന അഗതികള്‍ പോലും ഈ പട്ടികയിലില്ല. അട്ടപ്പാടി ഉള്‍പ്പെടെയുള്ള ആദിവാസി ഊരുകള്‍ ഇവര്‍ കണ്ടിട്ടില്ലേ? അതിദരിദ്രരില്ലാത്ത സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിച്ചാല്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന സഹായം ഇല്ലാതാകില്ലേ എന്നാണ് ആസൂത്രണ ബോര്‍ഡില്‍ ഉള്‍പ്പെടെ പ്രവര്‍ത്തിച്ചിട്ടുള്ള ഇടതു സഹായാത്രികരായ സാമൂഹിക പ്രവര്‍ത്തകര്‍ സര്‍ക്കാരിനോട് ചോദിച്ചിരിക്കുന്നത്. കേരളത്തില്‍ അതിദരിദ്രര്‍ ഇല്ലെന്ന് പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പില്‍ ക്യാപ്‌സ്യൂള്‍ ഇറക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇപ്പോഴാണ് ആശ വര്‍ക്കര്‍മാരെയും അങ്കണവാടി പ്രവര്‍ത്തകരെയും ക്ഷേമനിധി ഗുണഭോക്താക്കളെയും പാവങ്ങളെയുമൊക്കെ കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നത്. നാലരക്കൊല്ലവും സമരം ചെയ്ത ആശ പ്രവര്‍ത്തകരോട് ഉള്‍പ്പെടെ പുച്ഛമായിരുന്നല്ലോ. നാലര കൊല്ലം മിണ്ടാതിരുന്നവര്‍ ഇപ്പോള്‍ കൊഞ്ഞനം കുത്തി കാണിക്കുകയാണ്. തോറ്റ് തുന്നംപാടുമെന്ന് വ്യക്തമായപ്പോഴാണ് പാവങ്ങളെ സഹായിക്കാന്‍ തോന്നിയത്. പി ആര്‍ സംവിധാനങ്ങളുടെ മറവില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. യാഥാര്‍ത്ഥ്യം മനസിലാക്കി അതിദരിദ്രര്‍ ഇല്ലാത്ത സംസ്ഥാനമെന്ന് പ്രഖ്യാപിക്കുന്ന ചടങ്ങില്‍ നിന്നും സിനിമാ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ വിട്ടു നില്‍ക്കുകയാണ് വേണ്ടത്. അവരെയൊക്കെ ജനങ്ങള്‍ ബഹുമാനിക്കുന്നവരാണ്. സര്‍ക്കാരിന്റെ കാപട്യം തിരിച്ചറിയണം. അവര്‍ പരിപാടിയില്‍ പങ്കെടുത്താലും ഇല്ലെങ്കിലും അവരെ കുറിച്ച് യു.ഡി.എഫ് മോശമായി പറയില്ല. സര്‍ക്കാരിന്റെ തട്ടിപ്പിന് അവര്‍ നിന്നു കൊടുക്കരുത് എന്നതാണ് ഞങ്ങളുടെ അഭിപ്രായമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മികച്ച പാരഡി ഗാനത്തിന് കുഞ്ചൻ നമ്പ്യാര്‍ പുരസ്കാരവുമായി സംസ്കാര സാഹിതി; 'ആവിഷ്കാര സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റങ്ങള്‍ക്കെതിരായ പ്രതിരോധം'
നാളത്തെ ഹയർ സെക്കന്‍ററി ഹിന്ദി പരീക്ഷ മാറ്റിവച്ചു; അവധി കഴിഞ്ഞ് ജനുവരി 5 ന് നടത്തും