ചരിത്രം, കിടിലൻ നീക്കം; 80,000 അധ്യാപകര്‍ നേടാനൊരുങ്ങുന്നത് എ.ഐ പ്രായോഗിക പരിശീലനം

By Web TeamFirst Published Apr 23, 2024, 5:48 AM IST
Highlights

എ.ഐ ടൂളുകള്‍ ഉപയോഗിക്കുമ്പോള്‍ സ്വകാര്യത ഉറപ്പാക്കാന്‍ അധ്യാപകര്‍ക്ക് കൈറ്റ് നല്‍കിയ ജി-സ്യൂട്ട് അക്കൗണ്ടുകള്‍ ഉപയോഗിക്കും.

തിരുവനന്തപുരം: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സാധ്യതകള്‍ പൊതുവിദ്യാഭ്യാസ മേഖലയില്‍ ഫലപ്രദമായി പ്രയോജനപ്പെടുത്താന്‍ സെക്കന്‍ഡറി തലം മുതലുള്ള അധ്യാപകര്‍ക്ക് കൈറ്റിന്റെ നേതൃത്വത്തില്‍ മൂന്നു ദിവസത്തെ പ്രായോഗിക പരിശീലനം മെയ് രണ്ടിന് ആരംഭിക്കുമെന്ന് വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. 

സംസ്ഥാനത്തെ എട്ടു മുതല്‍ പന്ത്രണ്ടു വരെ ക്ലാസുകളില്‍ പഠിപ്പിക്കുന്ന 80,000 അധ്യാപകര്‍ക്ക് ആഗസ്റ്റ് മാസത്തോടെ എ.ഐ. പരിശീലനം പൂര്‍ത്തിയാക്കാന്‍ ഫെബ്രുവരിയില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടിയുടെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് പരിശീലനം.

25 പേരടങ്ങുന്ന വിവിധ ബാച്ചുകളിലായാണ് പരിശീലനം. എ.ഐ ടൂളുകള്‍ ഉപയോഗിക്കുമ്പോള്‍ സ്വകാര്യത ഉറപ്പാക്കാന്‍ അധ്യാപകര്‍ക്ക് കൈറ്റ് നല്‍കിയ ജി-സ്യൂട്ട് അക്കൗണ്ടുകള്‍ ഉപയോഗിക്കും. അതു പോലെ സ്ഥിരമായി കുറച്ച് എ.ഐ ടൂളുകള്‍ മാത്രം ഉപയോഗിക്കുന്നതിന് പകരം കൈറ്റിന്റെ വിദഗ്ധ സമിതി പരിശോധിച്ച് നിര്‍ദേശിക്കുന്ന എ.ഐ. ടൂളുകളായിരിക്കും അതത് സമയങ്ങള്‍ പരിശീലനത്തിന് ഉപയോഗിക്കുന്നത്. 

ഓരോ കുട്ടിക്കും അനുയോജ്യമായ വിധത്തില്‍ പഠന പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനും റിസോഴ്സുകള്‍ ഭിന്നശേഷി സൗഹൃദമായി പരുവപ്പെടുത്താനും പരിശീലനം വഴി അധ്യാപകര്‍ക്ക് സാധിക്കും. 180 മാസ്റ്റര്‍ ട്രെയിനര്‍മാര്‍ക്ക് ഒരു മാസത്തെ പരിശീലനം കൈറ്റ് പൂര്‍ത്തിയാക്കി. ഹയര്‍ സെക്കന്ററി-ഹൈസ്‌ക്കൂള്‍ ഐ.ടി. കോ-ഓര്‍ഡിനേറ്റര്‍മാര്‍ക്കും, ലിറ്റില്‍ കൈറ്റ്സ് മാസ്റ്റര്‍മാര്‍ക്കും ആണ് ആദ്യ ബാച്ചുകളില്‍ പരിശീലനം. കൈറ്റ് വെബ്സൈറ്റിലെ ട്രെയിനിംഗ് മാനേജ്മെന്റ് സിസ്റ്റം വഴി പരിശീലനം നേടേണ്ട അധ്യാപകര്‍ക്ക് രജിസ്റ്റര്‍ ചെയ്യാമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. 

'പൊളിയാണ് കേരളാ പൊലീസ്', സിനിമകളില്‍ കാണുന്നത് ഒന്നുമല്ലെന്ന് ജോഷി 

 

tags
click me!