
തിരുവനന്തപുരം: രാജ്യത്തെ ആദ്യത്തെ ഡിജിറ്റൽ സയൻസ് പാർക്കിന്റെ പ്രവർത്തനോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു. ഇന്ത്യയിൽ ആദ്യമായി ടെക്നോപാർക്ക് സ്ഥാപിച്ചും, ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ യൂണിവേഴ്സിറ്റി സ്ഥാപിച്ചും രാജ്യത്തിനു മാതൃകയായ കേരളത്തിന്‍റെ പുതിയ ചുവടുവയ്പ്പാണ് സയൻസ് പാര്‍ക്കെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിനായി ടെക്നോപാര്‍ക്ക് ഫേസ് ഫോറില്‍ 13.93 ഏക്കര്‍ സ്ഥലമാണ് സര്‍ക്കാര്‍ അനുവദിച്ചത്.
കിഫ്ബിയില്‍ നിന്നും 200 കോടി രൂപയും അനുവദിച്ചിരുന്നു. ഏകദേശം 1,515 കോടി രൂപയാണ് ഈ പാര്‍ക്കുമായി ബന്ധപ്പെട്ട് പ്രതീക്ഷിക്കുന്ന ആകെ നിക്ഷേപം. ഇതിന്റെ തറലക്കല്ലിടല്‍ നടന്നത് ഇക്കഴിഞ്ഞ ഏപ്രില്‍ 25 നാണ്. കേവലം മൂന്ന് മാസത്തിനുള്ളില്‍ തന്നെ ഡിജിറ്റല്‍ സയന്‍സ് പാര്‍ക്കിന് വേണ്ട പ്രാഥമിക സൗകര്യങ്ങള്‍ ഒരുക്കാനും അതിന്റെ പ്രവര്‍ത്തനം ആരംഭിക്കാനും കഴിയുന്നു എന്നതിൽ സന്തോഷമുണ്ടെന്നും പിണറായി വിജയൻ പറഞ്ഞു.
അടുത്ത ഒന്നര - രണ്ട് വര്‍ഷത്തിനുള്ളില്‍ 2,50,000 ചതുരശ്രയടി വിസ്തീര്‍ണ്ണമുള്ള രണ്ട് കെട്ടിടങ്ങള്‍ ഇവിടെ പൂര്‍ത്തിയാവും. അതോടെ പാര്‍ക്ക് പൂര്‍ണ തോതില്‍ പ്രവര്‍ത്തനസജ്ജമാവുകയും ചെയ്യും. 33 വര്‍ഷം മുന്‍പാണ് ഇ കെ നായനാർ മുഖ്യമന്ത്രിയായിരുന്ന സമയത്ത് രാജ്യത്തെ ആദ്യത്തെ ടെക്നോപാര്‍ക്ക് കേരളത്തിൽ സ്ഥാപിച്ചത്. രണ്ട് വര്‍ഷം മുന്‍പ് രാജ്യത്തെ ആദ്യത്തെ ഡിജിറ്റല്‍ യൂണിവേഴ്സിറ്റിക്ക് തുടക്കം കുറിച്ചും ഐ ടി മേഖലയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ കേരളം രാജ്യത്തിനാകെ മാതൃകയായിരുന്നു.
ഈ യൂണിവേഴ്‌സിറ്റിയോട് ചേർന്നാണ് ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക് യാഥാർത്ഥ്യമാവുന്നത്. ലോകമെമ്പാടും വിജ്ഞാനാധിഷ്ഠിത വ്യവസായങ്ങളുടെ വികസനത്തില്‍ വലിയ കുതിച്ചുചാട്ടം ഉണ്ടായിക്കൊണ്ടിരിക്കുന്നു. കേരളത്തിലെ എൽഡിഎഫ് സര്‍ക്കാരാകട്ടെ ശാസ്ത്രത്തെയും സാങ്കേതികവിദ്യയെയും കേരളത്തിന്റെ സമഗ്രമായ വളർച്ചയ്ക്കായി പ്രയോജനപ്പെടുത്തുന്നതിന് പ്രതിജ്ഞാബദ്ധമാണ്.
ഇലക്ട്രോണിക് ഉല്‍പ്പന്ന ഡിസൈനിലും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലും ഏര്‍പ്പെട്ടിരിക്കുന്ന വ്യവസായങ്ങളെയും സ്റ്റാര്‍ട്ടപ്പുകളെയും പിന്തുണയ്ക്കുന്നതിനുള്ള സൗകര്യങ്ങളോടെ രണ്ടു മികവിന്റെ കേന്ദ്രങ്ങള്‍ സ്ഥാപിച്ചുകൊണ്ടാണ് ഇന്ന് ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക് അതിന്റെ ഫസ്റ്റ് ഫേസ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. പാര്‍ക്ക് പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തനസജ്ജമാവുന്നതോടെ ഡിജിറ്റല്‍ ശാസ്ത്ര സാങ്കേതികവിദ്യയിലെ മറ്റു മേഖലകളെ കൂടി അതിന്റെ പ്രവര്‍ത്തനത്തില്‍ ഉള്‍പ്പെടുത്തി വിപുലീകരിക്കുന്നതാണ്.
ഇലക്ട്രോണിക് ചിപ്പ് ഡിസൈനിലെ ലോകപ്രശസ്ത കമ്പനിയായ എ ആര്‍ എം, ഇലക്ട്രോണിക് ഡിസൈനിനായുള്ള കേന്ദ്രം സ്ഥാപിക്കുന്നതില്‍ ഡിജിറ്റല്‍ സയന്‍സ് പാര്‍ക്കുമായി സഹകരിക്കുന്നുണ്ട്. സമാനമായ രീതിയില്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് രംഗത്ത് മുന്‍പന്തിയില്‍ നില്‍ക്കുന്ന ചില ആഗോള കമ്പനികളും വരും ദിവസങ്ങളില്‍ പാര്‍ക്കുമായി സഹകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉന്നത വിദ്യാഭ്യാസ രംഗത്തുണ്ടായ കുതിപ്പും അടിസ്ഥാന സൗകര്യ രംഗത്തുണ്ടായ സമൂല മാറ്റങ്ങളും കേരളത്തിന്റെ വളർച്ചയ്ക്ക് കരുത്തേകും. കേരളത്തെ ഒരു വിജ്ഞാന സമ്പദ്ഘടനയായും നൂതനത്വ സമൂഹവുമായി മാറ്റുന്നതിനുള്ള പ്രധാനപ്പെട്ട ഒരു ചുവടുവയ്പ്പാണ് ഈ ഡിജിറ്റൽ സയൻസ് പാർക്ക് എന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam