
പത്തനംതിട്ട: നൗഷാദ് തിരോധാന കേസിൽ പൊലീസിൻ്റെ തെളിവെടുപ്പ് വീഡിയോ പുറത്ത്. കൊലക്കേസിൽ കുടുക്കാൻ മർദ്ദിച്ചു എന്ന അഫ്സാനയുടെ ആരോപണം കളവാണെന്നാണ് പൊലീസ് പറയുന്നത്. ഇത് തെളിയിക്കുന്ന ദൃശ്യങ്ങൾ വകുപ്പ് തല അന്വേഷണത്തിന് കൂടൽ പൊലീസ് സമർപ്പിച്ചു. ജയിലിൽ നിന്ന് പുറത്തിറങ്ങിയശേഷം മുഖത്തടക്കം അഫ്സാന കാണിച്ച പാടുകൾ വ്യാജം എന്നാണ് പൊലീസ് വാദം. അതേസമയം ഡിവൈഎസ് പി ഉൾപ്പെടെ ഉദ്യോഗസ്ഥർക്കെതിരെ മുഖ്യമന്ത്രിയും ഡിജിപിക്കും ഉടൻ പരാതി നൽകുമെന്ന് അഫ്സാന അറിയിച്ചു. ദക്ഷിണ മേഖല ഡിഐജിയുടെ നിർദ്ദേശപ്രകാരം പത്തനംതിട്ട അഡീഷണൽ എസ് പി തുടങ്ങിയ വകുപ്പ് തല അന്വേഷണ റിപ്പോർട്ട് ഉടൻ കൈമാറും.
ഭർത്താവിനെ കൊന്ന് കുഴിച്ചുമൂടിയെന്ന് തന്നെക്കൊണ്ട് പൊലീസ് തല്ലി പറയിപ്പിച്ചു എന്നായിരുന്നു നൗഷാദിന്റെ ഭാര്യ അഫ്സാനയുടെ ആരോപണം. പൊലീസ് തന്നെ കൊലക്കേസിൽ കുടുക്കാൻ ശ്രമിച്ചുവെന്നും പൊതു സമൂഹത്തിന് മുന്നിൽ കുറ്റക്കാരിയായി ചിത്രീകരിച്ചുവെന്നും അഫ്സാന ആരോപിച്ചിരുന്നു. കൂടൽ പൊലീസിനും ഡിവൈഎസ്പി ഉൾപ്പെടെ ഉദ്യോഗസ്ഥർക്കെതിരെ ഗുരുതര ആരോപണങ്ങളാണ് അഫ്സാന ഉന്നയിച്ചത്. ജയിൽ മോചിതയായ ശേഷമാണ് പൊലീസിനെതിരെ ആരോപണവുമായി അഫ്സാന രംഗത്തെത്തിയത്. നൗഷാദ് തിരോധാന കേസിൽ പൊലീസിനെ തെറ്റിദ്ധരിപ്പിച്ചെന്ന കുറ്റത്തിന് റിമാൻഡിൽ ആയിരുന്നു അഫ്സാന.
അതിനിടെ, അഫ്സാനയുടെ ജീവിതം പൊലീസ് തകർത്തു എന്ന ആരോപണവുമായി കോൺഗ്രസും രംഗത്തെത്തിയിരുന്നു. എന്നാൽ അഫ്സാന ഉന്നയിച്ച് ആരോപണങ്ങൾ പൊലീസ് പൂർണമായി തള്ളുകയാണ്. തിരോധാന കേസിൽ ചോദ്യം ചെയ്യാൻ വിളിപ്പിച്ചപോൾ അഫ്സാനയാണ് പരസ്പരവിരുദ്ധമായ മൊഴി നൽകിയത്. മർദ്ദിച്ചുവെന്ന ആരോപണം പച്ചക്കള്ളമാണെന്ന് ഉദ്യോഗസ്ഥർ ആവർത്തിക്കുന്നു.
വീഡിയോ കാണാം...
പൊലീസ് മർദ്ദിച്ചെന്ന് ആരോപിച്ച് അഫ്സാന കാണിച്ച തെളിവുകൾ വ്യാജം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam