
തിരുവനന്തപുരം: സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയെ കുറിച്ചുള്ള അടിയന്തര പ്രമേയം ചർച്ച ചെയ്ത് നിയമസഭ. സ്ഥിതി വഷളാക്കിയത് സര്‍ക്കാരിന്‍റെ ധൂർത്തും കെടുകാര്യസ്ഥതയുമാണെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. പ്രതിപക്ഷത്തില്‍ നിന്ന് റോജി എം ജോൺ എംഎല്‍എയാണ് അടിയന്തര പ്രമേയം അവതരിപ്പിച്ചത്. കേന്ദ്രത്തിൽ പറയാനുള്ളത് അവിടെ പറയു എന്ന സ്ഥിരം ക്യാപ്സ്യൂൾ ഇറക്കരുത്, പ്രശ്ന പരിഹാരത്തിന് സംസ്ഥാന സർക്കാരിന് എന്ത് ചെയ്യാനുണ്ടെന്നായിരുന്നു റോജി എം ജോണിന്റെ ചോദ്യം.
ജിഎസ്ടി നടപ്പാക്കിയപ്പോൾ ഉപഭോക്തൃ സംസ്ഥാനത്തിന് വൻ നേട്ടമുണ്ടാകുമെന്ന് വിലയിരുത്തി സാമ്പത്തിക പരിഷ്കരണങ്ങള്‍ വരുത്തിയത് വൻ വീഴ്ചയാണെന്നും പ്രതിപക്ഷം ആരോപിച്ചു. ജിഎസ്ടി വെട്ടിപ്പ് തടയാൻ പോലും സംവിധാനം ഉണ്ടാക്കിയിട്ടില്ല. നഷ്ടപരിഹാരം നിർത്തുന്നു എന്ന് ബോധ്യപ്പെട്ടപ്പോൾ മാത്രമാണ് ജിഎസ്ടി വകുപ്പ് പുനഃസംഘടിപ്പിച്ചത് പോലും. 5000 കോടിയുടെ നഷ്ടം ഐജിഎസ്ടി ഇനത്തിൽ ഉണ്ടാകുമെന്നാണ് കണ്ടെത്തൽ. ധനകാര്യ കമ്മീഷൻ അനുവദിച്ച ഗ്രാൻഡ് കിട്ടിയിട്ടുണ്ട്. 14-ാം ധനകാര്യ കമ്മീഷൻ അനുവദിച്ചതിനേക്കാൾ 15-ാം ധനകാര്യ കമ്മീഷൻ ഗ്രാൻഡ് കൂടുതൽ നൽകി. ഏഴ് വർഷത്തിനിടെ 25000 കോടി നഷ്ടമാണ് ഉണ്ടായതെന്നും റോജി എം ജോൺ എംഎല്‍എ സഭയില്‍ പറഞ്ഞു.
സംസ്ഥാനം പിരിച്ചെടുക്കാനുള്ള നികുതി പോലും പിരിക്കുന്നില്ല. സാധാരണക്കാരന്റെ മേൽ അധിക ഭാരം അടിച്ചെല്‍പ്പിക്കുന്നു എന്നല്ലാതെ ഒരു കാര്യവും ഇല്ലെന്നും റോജി എം ജോൺ എംഎല്‍എ കുറ്റപ്പെടുത്തി. കിഫ്ബി കടമെടുപ്പ് പരിധിയിൽ വരുമെന്ന് പ്രതിപക്ഷം ആവർത്തിച്ച് ഓർമ്മിപ്പിച്ചിരുന്നു. കടമെടുക്കാൻ മാത്രമുള്ള സർക്കാരായി എല്‍ഡിഎഫ് സര്‍ക്കാര്‍ മാറിയെന്നും പദ്ധതികളെല്ലാം താളം തെറ്റിയെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam