അതിക്രമം കടുത്ത മാനസിക ആഘാതമുണ്ടാക്കിയെന്ന് സംവിധായകൻ പിടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമക്കേസിലെ പരാതിക്കാരി.മുഖ്യമന്ത്രിയെ രേഖാമൂലം എല്ലാം അറിയിച്ചിരുന്നുവെന്നും ഡോ. ആശ ആച്ചി ജോസഫ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

തിരുവനന്തപുരം: ലൈംഗിക അതിക്രമം നടത്തിയ സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ പരാതി നൽകിയപ്പോൾ നേരിടേണ്ടി വന്നത് നീതി നിഷേധമെന്ന് ചലച്ചിത്ര പ്രവർത്തക ഡോക്ടർ ആശ ആച്ചി ജോസഫ്. സംഭവം മുഖ്യമന്ത്രിയെ അറിയിച്ച് 14 ദിവസം കഴിഞ്ഞിട്ടും എഫ്ഐആര്‍ പോലും ഇട്ടില്ല. ഒരു സ്ത്രീയെ മനസിലാക്കാൻ സിസ്റ്റത്തിന് കഴിയുന്നില്ല. കേസിന്‍റെ അവസ്ഥ എന്താകുമെന്ന് ആശങ്കയുണ്ട്. അധികാരമുള്ള പുരുഷന്മാർക്ക് എന്തും ചെയ്യാൻ കഴിയുന്ന സാഹചര്യം ആണ്. ഇത് തടയാനുള്ള രാഷ്ട്രീയ ഇച്ഛാശക്തി ഇവിടെ ഇല്ല. ആരോപണ വിധേയനെ ഔദ്യോഗിക പദവികളിൽ നിന്ന് നീക്കണമെന്ന വ്യവസ്ഥ പോലും പാലിക്കപ്പെട്ടില്ലെന്നും ഡോ. ആശ ആച്ചി ജോസഫ് തുറന്നടിച്ചു. ഏഷ്യാനെറ്റ് ന്യൂസ് അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എഡിറ്റർ വിനു വി ജോണുമായുള്ള ദീർഘ സംഭാഷണത്തിൽ ആണ് ആശ ആച്ചി ജോസഫിന്‍റെ തുറന്നുപറച്ചിൽ.

സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയോഗിക്കണം

അതിക്രമം കടുത്ത മാനസിക ആഘാതമുണ്ടാക്കി. വിശദമായ പരാതി നൽകിയിട്ടും മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് മറുപടി ലഭിച്ചിരുന്നില്ല. മുഖ്യമന്ത്രിക്ക് പരാതി നൽകി 14 ദിവസം കഴിഞ്ഞിഞ്ഞിട്ടും എഫ്ഐആർ ഇട്ടില്ല. പൊലീസിനെ ബന്ധപ്പെട്ടപ്പോള്‍ എഫ്ഐആര്‍ രജിസ്ട്രര്‍ ചെയ്തിട്ടില്ലെന്നാണ് അറിഞ്ഞത്. മുഖ്യമന്ത്രിക്ക് കത്തയച്ചശേഷം രണ്ട് വനിത പൊലീസുകാര്‍ വീട്ടിലെത്തി അതിക്രമത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ച് മടങ്ങിയപ്പോള്‍ നടപടിയുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ, പിന്നീട് ഏഷ്യാനെറ്റ് ന്യൂസിൽ വാര്‍ത്ത വന്നശേഷമാണ് എഫ്ഐആര്‍ ഇട്ടത്. ഇതോടെ താൻ വിശ്വസിച്ചിരുന്ന സിസ്റ്റത്തിൽ സംശയം തോന്നി തുടങ്ങി. സെലക്ഷൻ കമ്മിറ്റി ജൂറി എന്ന നിലയിൽ എല്ലാവരും ഒരുപോലെയാണ് പ്രവര്‍ത്തിക്കുന്നത്. അത്തരത്തിലൊരു കാര്യം നടന്നുകൊണ്ടിരിക്കെ അതിൽ ഒരാള്‍ ഇത്തരത്തിൽ പെരുമാറുന്ന സംഭവം ഉണ്ടായപ്പോള്‍ തന്‍റെ അഭിമാനം തന്നെ ചോദ്യചെയ്യപ്പെടുകയായിരുന്നുവെന്നും ആശ ആച്ചി പറഞ്ഞു. കേസിന്‍റെ കാര്യത്തിൽ ആശങ്കയുണ്ടെന്നും സ്പെഷ്യൽ പ്രോസിക്യൂട്ടറെ വേണമെന്നും ആശ ആച്ചി ജോസഫ് പറഞ്ഞു.

അവള്‍ക്കൊപ്പം എന്ന് പറഞ്ഞ് അവസാനിപ്പിക്കാതെ സ്ത്രീകള്‍ പ്രതികരിക്കണം

പരാതി നൽകിയശേഷം എന്താണ് സംഭവിക്കുന്നതെന്ന് ആരും തന്നോട് പറഞ്ഞില്ല. ഒരു സ്ത്രീയെ മനസിലാക്കാൻ സിസ്റ്റത്തിന് കഴിയുന്നില്ല. ആരോഗ്യപ്രശ്നങ്ങളുടെ പേരിൽ പ്രതിക്ക് മുൻകൂര്‍ ജാമ്യം അനുവദിക്കുകയാണ്. ഈ സിസ്റ്റം ആര്‍ക്കൊപ്പമാണെന്ന് മനസിലാകുന്നില്ല. പ്രോസിക്യൂട്ടറോട് സംസാരിക്കാൻ നിരവധി തവണ ശ്രമിച്ചിരുന്നു. മുൻകൂര്‍ ജാമ്യാപക്ഷ പരിഗണിക്കുന്നതിന് മുമ്പും ശ്രമിച്ചു. എന്നാൽ, വിശദമായി സംസാരിക്കാൻ കഴിഞ്ഞില്ല. വിധി വന്നശേഷം പ്രോസിക്യൂട്ടറോട് സംസാരിക്കാൻ കഴിഞ്ഞിട്ടില്ല. ഇനി കേസിന്‍റെ അവസ്ഥ എന്താകുമെന്ന് ആശങ്കയുണ്ടെന്നും ആശ ആച്ചി ജോസഫ് പറഞ്ഞു. അവള്‍ക്കൊപ്പം എന്ന് പറയുന്ന ടാഗ് പറഞ്ഞ് അവസാനിപ്പിക്കുകയല്ല വേണ്ടത്. സ്ത്രീകള്‍ക്കുവേണ്ടി സ്ത്രീകള്‍ പാര്‍ട്ടി മറന്ന് പ്രതികരിക്കേണ്ടതുണ്ട്.

പിടി കുഞ്ഞുമുഹമ്മദ് സ്വാധീനിക്കാൻ നോക്കി

നവംബര്‍ 23ന് മുഖ്യമന്ത്രിക്കാണ് പരാതി നല്‍കിയത്. രണ്ടാഴ്ചയിലേറെ കഴിഞ്ഞ് ഡിസംബര്‍ എട്ടിന് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിട്ടും എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തിരുന്നില്ല. ഇതിനിടെ അക്കാദമി ഭാരവാഹികള്‍ ഫോണിലൂടെ ദു:ഖം രേഖപ്പെടുത്തി. വാഗ്ദാനങ്ങള്‍ പലതും നല്‍കി. മിണ്ടാതിരിക്കുക എന്നത് തന്‍റെ അന്തസിനുമേല്‍ നടക്കുന്ന രണ്ടാമത്തെ അതിക്രമമെന്ന് തോന്നിയെന്നും ആശ ആച്ചി ജോസഫ് പറഞ്ഞു.പിടി കുഞ്ഞുമുഹമ്മദ് സ്വാധീനിക്കാൻ നോക്കി പല വഴിക്ക് പിടി കുഞ്ഞുമുഹമ്മദ് സ്വാധീനിക്കാൻ നോക്കി. ക്ഷമ ചോദിച്ചാൻ തയ്യാറാണെന്ന് അറിയിച്ചു.നിയമങ്ങള്‍ മനസിലാക്കി ഉത്തരവാദിത്വത്തോടെ നടപടിയെടുക്കാൻ സര്‍ക്കാരുകള്‍ക്ക് ബാധ്യതയുണ്ട്. മുഖം നോക്കാതെ നടപടിയെടുക്കാൻ സര്‍ക്കാരുകള്‍ തയ്യാറാകണം. പ്രത്യേകിച്ച് സ്ത്രീകള്ഡക്കും അരികുവത്കരിക്കപ്പെട്ടവരോടമുള്ല അതിക്രമങ്ങളിൽ സര്‍ക്കാരുകള്‍ ഉത്തവരാദിത്വം കാണിക്കണമെന്നും ആശ ആച്ചി ജോസഫ് പറഞ്ഞു.

സംവിധായകനും മുൻ ഇടത് എംഎൽഎയുമായ പിടി കുഞ്ഞുമുഹമ്മദിനെതിരെയുള്ള ലൈംഗികാതിക്രമ കേസിൽ കഴിഞ്ഞ ദിവസം ചലച്ചിത്ര പ്രവര്‍ത്തകയായ ആശ ആച്ചി ജോസഫ് തുറന്നെഴുത്തുമായി രംഗത്തെത്തിയിരുന്നു. ഇതിനുപിന്നാലെയാണിപ്പോള്‍ ഏഷ്യാനെറ്റ് ന്യൂസിലൂടെയുള്ള വെളിപ്പെടുത്തൽ. വിചാരണ കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം നല്‍കിയതിനാല്‍ പിടി കുഞ്ഞുമുഹമ്മദിനെ പൊലീസ് നിലവില്‍ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചിരിക്കുകയാണ്. കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും വിചാരണ നടപടികളിലേക്ക് ഇതുവരെ കടന്നിട്ടില്ല. ഒരുഭാഗത്ത് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസ് കത്തി നില്‍ക്കെ സര്‍ക്കാര്‍ പിടി കുഞ്ഞുമുഹമ്മദിനെ സംരക്ഷിക്കാന്‍ ശ്രമിച്ചത് വന്‍ വിവാദമായിരുന്നു.

YouTube video player