മൂന്ന് മുന്നണികൾക്കും വനിതാ സ്ഥാനാര്‍ഥി; കോങ്ങാട് സ്‌ത്രീ സൗഹൃദ മത്സരം

Published : Mar 29, 2026, 12:37 PM IST
Kongad Assembly constituency

Synopsis

ഈ നിയമസഭാ തിരഞ്ഞെടുപ്പിൽ മൂന്ന് മുന്നണികളും വനിതാ സ്ഥാനാർഥികളെ മത്സരിപ്പിക്കുന്ന ഏക മണ്ഡലമായ കോങ്ങാട് ശ്രദ്ധേയമാവുന്നു. സിറ്റിംഗ് എംഎൽഎ കെ. ശാന്തകുമാരി എൽഡിഎഫിനായും, കെ.എ. തുളസി യുഡിഎഫിനായും, രേണു സുരേഷ് എൻഡിഎക്കായും മത്സരിക്കുന്നു. 2011-ൽ രൂപീകരിച്ചത് മുതൽ ഇടതുമുന്നണി വിജയിക്കുന്ന കോങ്ങാട്, ഇത്തവണയും കോട്ട കാക്കുമോ എന്ന് ഉറ്റുനോക്കുകയാണ് കേരളം.

കോങ്ങാട്: ഈ നിയമസഭ തിരഞ്ഞെടുപ്പിൽ മൂന്ന് മുന്നണികള്‍ക്കായും വനിതകള്‍ മത്സരിക്കുന്ന ഏക മണ്ഡലമാണ് പാലക്കാട് ജില്ലയിലെ കോങ്ങാട്. സിറ്റിംഗ് എംഎൽഎ കെ. ശാന്തകുമാരിയാണ് (സിപിഎം) എല്‍ഡിഎഫ് സ്ഥാനാര്‍ഥി. കെപിസിസി ജനറൽ സെക്രട്ടറി കെ.എ. തുളസിയാണ് യുഡിഎഫിനായി തെരഞ്ഞെടുപ്പ് ഗോദയിലുള്ളത്. ബിജെപി സംസ്ഥാന സെക്രട്ടറി രേണു സുരേഷ് എൻഡിഎക്കായി മത്സരിക്കുന്നു. 2011-ൽ മണ്ഡലം രൂപീകരിച്ചത് മുതൽ എല്ലാ തെരഞ്ഞെടുപ്പിലും ഒരു വനിതാ സ്ഥാനാർഥിയെങ്കിലും മത്സരിച്ചിട്ടുണ്ട് എന്നതും കോങ്ങാടിനെ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ വ്യത്യസ്‌തമാക്കുന്നു.

കോങ്ങാട് ഉറച്ച എല്‍ഡിഎഫ് കോട്ട

2011-ല്‍ മണ്ഡലം രൂപീകരിച്ചത് മുതലുള്ള മൂന്ന് തെരഞ്ഞെടുപ്പിലും ഇടതുമുന്നണി വിജയിച്ചയിടമാണ് കോങ്ങാട്. 2021-ൽ മുഖ്യ എതിരാളിയായ യുഡിഎഫിലെ യു.സി. രാമനെ (മുസ്ലീം ലീഗ്) 27,219 വോട്ടുകൾക്കാണ് സിപിഎമ്മിലെ കെ. ശാന്തകുമാരി പരാജയപ്പെടുത്തിയത്. കെ. ശാന്തകുമാരി 67,881 വോട്ടുകളും യു.സി. രാമന്‍ 40,662 വോട്ടുകളും നേടിയപ്പോള്‍ ബിജെപി സ്ഥാനാര്‍ഥി എം. സുരേഷ് ബാബുവിന് സ്വന്തമാക്കാനായത് 27,661 വോട്ടുകളാണ്. അതിന് മുമ്പ് 2016-ലും 2011-ലും സിപിഎമ്മിലെ കെ.വി. വിജയദാസ് ആയിരുന്നു കോങ്ങാടിന്‍റെ എംഎല്‍എ. 2016-ല്‍ 13,271 വോട്ടുകളുടെ ഭൂരിപക്ഷത്തിലും 2011-ലെ ആദ്യ തെരഞ്ഞെടുപ്പില്‍ 3,565 വോട്ടുകളുടെ ഭൂരിപക്ഷത്തിലുമായിരുന്നു വിജയദാസിന്‍റെ വിജയം. കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പുകളിലും കോങ്ങാട് നിയോജക മണ്ഡലത്തില്‍ ഇടതുപക്ഷം കൃത്യമായി ഭൂരിപക്ഷം വര്‍ധിപ്പിച്ചതായാണ് മുന്‍കാല ചരിത്രം എന്ന് വ്യക്തം.

തദ്ദേശ ചിത്രം

പാലക്കാട് താലൂക്കിലെ കേരളശ്ശേരി, കോങ്ങാട്, മങ്കര, മണ്ണൂര്‍, പറളി ഗ്രാമ പഞ്ചായത്തുകളും മണ്ണാര്‍ക്കാട് താലൂക്കിലെ കാഞ്ഞിരപ്പുഴ, കരിമ്പ, കാരാകുര്‍ശ്ശി, തച്ചമ്പാറ ഗ്രാമ പഞ്ചായത്തുകളും ചേരുന്നതാണ് കോങ്ങാട് നിയമസഭ മണ്ഡലം. ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് തന്നെയാണ് മണ്ഡലത്തില്‍ മേല്‍ക്കൈ. അഞ്ച് പഞ്ചായത്തുകളില്‍ എല്‍ഡിഎഫും മൂന്ന് പഞ്ചായത്തുകളില്‍ യുഡിഎഫും ഭരിക്കുന്നു. കോങ്ങാട് നിയോജക മണ്ഡലത്തില്‍ എല്‍ഡിഎഫും യുഡിഎഫും തമ്മിലാണ് പ്രധാന മത്സരമെങ്കിലും ബിജെപി വോട്ട് വര്‍ധിപ്പിക്കുന്നത് നിര്‍ണായകമാണ്.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മാപ്പ് എഴുതി നൽകി; കോൺഗ്രസ് നേതൃത്തതിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ച ലാലി ജെയിംസിനെ പാർട്ടിയിൽ തിരിച്ചെടുത്തു
പറശ്ശിനിക്കടവിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരുകയായിരുന്ന കെഎസ്ആര്‍ടിസി സ്ലീപ്പര്‍ ബസിന് തീപിടിച്ചു