
2016 വരെ യുഡിഎഫിന്റെ ഉറച്ച കോട്ടയായിരുന്ന കോട്ടയം. അന്ന് ജില്ലയിലെ ഒൻപത് മണ്ഡലങ്ങളിൽ ആറും യുഡിഎഫിനൊപ്പമായിരുന്നു. 2021-ൽ പക്ഷേ, ജില്ല ഇടത്തോട്ട് ചരിഞ്ഞു. കേരള കോൺഗ്രസ് എമ്മിന്റെ മുന്നണി മാറ്റത്തോടെ ജില്ലയിലെ രാഷ്ട്രീയ സമവാക്യങ്ങൾ ആകെ മാറിമറിയുകയായിരുന്നു. കേരളത്തിൻ്റെ ഗതിവിഗതികൾ നിയന്ത്രിക്കുന്നതിൽ നിർണയിച്ചിട്ടുള്ള ജില്ലയാണ് കോട്ടയം. കോട്ടയത്തെ ഒമ്പത് മണ്ഡലങ്ങളിലും ഇപ്രാവശ്യം തീപാറുന്ന പോരാട്ടമാണ് നടക്കുക. കോട്ടയം ജില്ലയിലെ ഒൻപത് മണ്ഡലങ്ങളിൽ ആറും യുഡിഎഫിനൊപ്പമായിരുന്നു. എന്നാൽ 2021-ൽ കേരള കോൺഗ്രസ് (എം) മുന്നണി മാറിയതോടെ ചിത്രം മാറി. എൽഡിഎഫ് അഞ്ച് സീറ്റുകൾ നേടിയപ്പോൾ യുഡിഎഫ് നാലിലേക്ക് ചുരുങ്ങി. ജോസ് കെ മാണി പാലായിൽ പരാജയപ്പെട്ടത് മാത്രമായിരുന്നു കേരള കോൺഗ്രസ് എമ്മിനും ഇടതുമുന്നണിക്കുമേറ്റ തിരിച്ചടി. എൻഡിഎ വോട്ടുവിഹിതം വർധിപ്പിച്ച് ജില്ലയിൽ സാന്നിധ്യം അറിയിക്കുകയും ചെയ്തിട്ടുണ്ട്.
2025ൽ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫാണ് നേട്ടം കൊയ്തത്. ജില്ലാ പഞ്ചായത്തിൽ ആകെയുള്ള 23 ഡിവിഷനുകളിൽ 16-ലും വിജയിച്ചു. ആകെയുള്ള ആറ് നഗരസഭകളിലും ഭരണം പിടിച്ചപ്പോൾ 71-ൽ 43 ഗ്രാമപഞ്ചായത്തിലും ഭരണം നേടാൻ യുഡിഎഫിന് സാധിച്ചിട്ടുണ്ട്. എക്കാലത്തും ഇടതിനോടൊപ്പംനിന്ന വൈക്കം നിയോജകമണ്ഡലത്തിൽ യുഡിഎഫിന് മേൽക്കൈ ലഭിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിൽ നിലവിൽ എൽഡിഎഫിന്റെ സിറ്റിങ് സീറ്റായ ഏറ്റുമാനൂർ, ചങ്ങനാശ്ശേരി മണ്ഡലങ്ങളിൽ യുഡിഎഫ് മുൻതൂക്കം നേടി. പാലാ, വൈക്കം, കാഞ്ഞിരപ്പള്ളി മണ്ഡലങ്ങളിൽ എൽഡിഎഫിനാണ് നേരിയ ഭൂരിപക്ഷം ലഭിച്ചത്. ഒടുവിൽ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് ജില്ലയിൽ വലിയ മുന്നേറ്റം തന്നെ നടത്തിയിരുന്നു. ജില്ലയിലെ ഒൻപതു മണ്ഡലങ്ങളിൽ എട്ടിലും ലീഡ് നേടിയത് യുഡിഎഫ് ആണ്. മന്ത്രി വിഎൻ വാസവന്റെ മണ്ഡലമായ ഏറ്റുമാനൂരും ഇടതുമുന്നണിയെ ലോക്സഭ തെരഞ്ഞെടുപ്പിൽ കൈവിടുകയായിരുന്നു. പാർലമെന്റ് തിരഞ്ഞെടുപ്പിന് തുടർച്ചയായി തദ്ദേശത്തിലും എൽഡിഎഫിന് തിരിച്ചടിയേറ്റത് നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് വലിയ ആത്മവിശ്വാസം നൽകുന്നുണ്ട്.
രാഷ്ട്രീയ കേരളത്തിന്റെ ശ്രദ്ധാകേന്ദ്രമാണ് എന്നും പാലാ. ഇത്തവണത്തെ ആകർഷീയത മാണി സി. കാപ്പനും ജോസ് കെ. മാണിയും തമ്മിലുള്ള മത്സരം തന്നെയാണ്. 2016-ൽ കെ.എം. മാണി 4,703 വോട്ടുകൾക്ക് വിജയിച്ച മണ്ഡലത്തിൽ, അദ്ദേഹത്തിന്റെ വിയോഗത്തിന് ശേഷം നടന്ന ഉപതിരഞ്ഞെടുപ്പിലും 2021-ലെ പൊതുതിരഞ്ഞെടുപ്പിലും വൻ അട്ടിമറികളാണ് നടന്നത്. 1967 മുതൽ 2016 വരെ കെഎം മാണി ആയിരുന്നു പാലാ അടക്കി വാണിരുന്നത്. പാലാ എന്നു പറഞ്ഞാൽ കെഎം മാണിയായിരുന്നു. എന്നാൽ 2021-ൽ മാണി സി കാപ്പൻ യുഡിഎഫ് സ്വതന്ത്രനായി മത്സരിച്ച് ജോസ് കെ മാണിയെ 15,378 വോട്ടുകൾക്ക് പരാജയപ്പെടുത്തി മണ്ഡലം പിടിച്ചെടുക്കുകയായിരുന്നു. ഇത്തവണ ജോസ് കെ മാണി മണ്ഡലം തിരിച്ചുപിടിക്കാനുള്ള കഠിന ശ്രമത്തിലാണ്. എൻഡിഎക്കായി രംഗത്ത് ഇറങ്ങുന്നത് ഷോൺ ജോർജ് ആണ്.
കടുത്തുരുത്തി നിയമസഭ മണ്ഡലം
ജാതി-മത സമവാക്യങ്ങൾ തിരഞ്ഞെടുപ്പ് ഫലങ്ങളിൽ നിർണ്ണായകമാകുന്ന മണ്ഡലമാണ് കടുത്തുരുത്തി. യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച കേരള കോൺഗ്രസ് നേതാവ് മോൻസ് ജോസഫ് 59,666 വോട്ടുകൾല 2021ൽ മണ്ഡലത്തിൽനിന്ന് വിജയിച്ചത്. എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച കേരള കോൺഗ്രസ് (എം) പ്രതിനിധി സ്റ്റീഫൻ ജോർജിനെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. 4,256 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് മോൻസ് ജോസഫ് വിജയിച്ചത്. മണ്ഡലത്തിൽ കടുത്ത മത്സരം നടക്കും എന്നതുതന്നെയാണ് ഇത് സൂചിപ്പിക്കുന്നത്. 2016-ൽ 42,256 വോട്ടുകളുടെ കൂറ്റൻ ഭൂരിപക്ഷത്തിന് വിജയിച്ച മോൻസ് ജോസഫിന്, 2021-ൽ ഭൂരിപക്ഷം 4,256 ആയി കുറഞ്ഞത് ആശങ്കയുണ്ടാക്കുന്നുണ്ട്. നിർമ്മല നിമ്മിയെയാണ് ഇത്തവണ കേരള കോൺഗ്രസ് എം മത്സരത്തിനായി രംഗത്ത് ഇറക്കിയിരിക്കുന്നത്. കേരള കോൺഗ്രസ് വോട്ടുകൾ ഭിന്നിക്കുന്നത് മോൻസ് ജോസഫിന് വെല്ലുവിളിയാണ്.
വൈക്കം നിയമസഭ മണ്ഡലം
എസ്എൻഡിപി ഉൾപ്പെടെയുള്ള സംഘടനകൾ ശക്തമായ മണ്ഡലമാണ് വൈക്കം. വൈക്കം ദീർഘകാലമായി ഇടതുപക്ഷത്തിന്റെ ഉറച്ച കേന്ദ്രമാണ്. 1996 മുതൽ ഇടതുപക്ഷത്തോടൊപ്പം മാത്രമാണ് വൈക്കം സഞ്ചരിച്ചത്. കഴിഞ്ഞ രണ്ട് തവണയും ആധിപത്യം പുലർത്തിയ സികെ ആശക്ക് പകരം പി പ്രദീപാണ് എൽഡിഎഫിൻ്റെ സ്ഥാനാർഥി. 2021-ൽ 29,122 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ആശ നിയമസഭയിലെത്തിയത്. എന്നാൽ ഇപ്രാവശ്യം പ്രദീപ് മത്സരിക്കുമ്പോൾ, അട്ടമറിക്കാനുള്ള ശ്രമത്തിലാണ് യുഡിഎഫ്. കെ ബിനിമോനെയാണ് യുഡിഎഫ് കളത്തിലിറക്കുന്നത്. സിപിഐ വിട്ട് ബിജെപിയിൽ ചേർന്ന മുൻ എംഎൽഎ കെ അജിത്താണ് എൻഡിഎ സ്ഥാനാർഥി. അജിത്ത് ബിജെപി പാളയത്തിൽ എത്തിയതോടെ ഈ തെരഞ്ഞെടുപ്പ് എൽഡിഎഫിന് അനായാസമാകില്ലെന്ന കാര്യം ഉറപ്പാണ്.
ഏറ്റുമാനൂർ നിയമസഭ മണ്ഡലം
ഇടതുക്ഷത്തോടൊപ്പം നിൽക്കുന്ന നിയമസഭ മണ്ഡലമാണ് ഏറ്റുമാനൂർ. വ്യക്തി പ്രഭാവത്തിന് അപ്പുറം ശക്തമായ സംഘടനാ സംവിധാനമാണ് ഇവിടുത്തെ സിപിഎമ്മിൻ്റെ കരുത്ത്. 2021ൽ വിഎൻ വാസവൻ 14,303 വോട്ടുകൾക്ക് വിജയിച്ച ഏറ്റുമാനൂർ ഇത്തവണയും എൽഡിഎഫ് പ്രതീക്ഷയോടെതന്നെയാണ് കാണുന്നത്. 2021ൽ വിഎൻ വാസവൻ 14,303 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് നിയമസഭയിൽ എത്തിയത്. ഇത്തവണയും എൽഡിഎഫിനുവേണ്ടി മത്സരത്തിനിറങ്ങുന്നത് വിഎൻ വാസവൻ തന്നെയാണ്. ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷാണ് കോൺഗ്രസിനായി മത്സരിക്കുന്നത്. കഴിഞ്ഞ തവണ എൻഡിഎയ്ക്കായി ബിഡിജെഎസ് മത്സരിക്കുകയും മുപ്പതിനായിരത്തിനടുത്ത് വോട്ട് പിടിക്കുകയും ചെയ്ത മണ്ഡവലമാണ് ഏറ്റുമാനൂർ. ഇത്തവന ട്വൻ്റി20 ആണ് മത്സരിക്കുന്നത്. ഇൻഫ്ലുവൻസർ ആതിര ഡി നായരാണ് എൻഡിഎക്ക് വേണ്ടി മത്സരിക്കുന്നത്. വികസനം പറഞ്ഞാണ് എൽഡിഎഫ് വോട്ട് ചോദിക്കുന്നത്. എന്നാൽ ഭരണ വിരുദ്ധ വികാരമാണ് യുഡിഎഫ് മുന്നോട്ട് വെക്കുന്നത്.
കോട്ടയം നിയമസഭ മണ്ഡലം
തിരുവഞ്ചൂർ എന്ന ജനകീയ നേതാവിന്റെ കരുത്തിൽ യുഡിഎഫിനൊപ്പം നിൽകുന്ന നിയമസഭ മണ്ഡലമാണ് കോട്ടയം. 2011 മുതൽ തിരുവഞ്ചൂർ രാധാകൃഷ്ണനാണ് കോട്ടത്തെ നിയമസഭയിൽ പ്രതിനിധീകരിക്കുന്നത്. യുഡിഎഫിനോ എൽഡിഎഫിനോ ഇവിടെ ഒരു സ്ഥിരമായ മേധാവിത്വം ഉണ്ടെന്ന് പറയാൻ സാധിക്കില്ല. 2021ൽ എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന അഡ്വ. കെ അനിൽകുമാറിനെ 18743 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് തിരുവഞ്ചൂർ രാധാകൃഷണൻ പരാജയപ്പെടുത്തിയത്. ഇത്തവണയും തിരുവഞ്ചൂരും അനിൽകുമാറും തന്നെയാണ് മുഖാമുഖം മത്സരിക്കുന്നത്.
2016ൽ യുഡിഎഫിന് വേണ്ടി തിരുവഞ്ചൂർ രാധാകൃഷ്ണൻ 33,632 വോട്ടുകളുടെ ഭീമമായ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. 2021ൽ സിപിഎം ജില്ലാ സെക്രട്ടറി കൂടിയായ കെ അനിൽകുമാറിനെ എൽഡിഎഫ് കളത്തിലിറക്കി. തിരുവഞ്ചൂർ വിജയിച്ചെങ്കിലും ഭൂരിപക്ഷം 18,743 ആയി കുറയുന്ന അവസ്ഥയാണ് ഉണ്ടായത്. സിപിഎമ്മിന്റെ കെ അനിൽകുമാർ വീണ്ടും മത്സരരംഗത്തിറങ്ങുന്നതോടെ കോട്ടയത്ത് ശക്തമായ പോരാട്ടം തന്നെ ഉണ്ടാകാനാണ് സാധ്യത.
പുതുപ്പള്ളി നിയമസഭ മണ്ഡലം
1970നുശേഷം ഉമ്മൻചാണ്ടിയില്ലാതെ പുതുപ്പള്ളി മണ്ഡലം നേരിടുന്ന ആദ്യ പൊതുതിരഞ്ഞെടുപ്പാണിത്. ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിന് ശേഷം നടന്ന ഉപതിരഞ്ഞെടുപ്പിൽ മകൻ ചാണ്ടി ഉമ്മൻ നേടിയ വൻ വിജയം യുഡിഫിന് പ്രതീക്ഷ നൽകുന്നുണ്ട്. ഉപതിരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മൻ 37,719 വോട്ടുകളുടെ റെക്കോഡ് ഭൂരിപക്ഷമാണ് നേടിയത്. ജെയ്ക് സി തോമസിനെയാണ് ചാണ്ടി ഉമ്മൻ പരാജയപ്പെടുത്തിയത്. ഇത്തവണ ചാണ്ടി ഉമ്മൻ്റെ ഇടതു രാഷ്ടീയത്തിലെ പരിചയസമ്പന്നനായ കെഎം രാധാകൃഷ്ണന് കഴിയുമെന്നാണ് പാർട്ടിയുടെ വിശ്വാസം. ഇരുവരേയും നേരിടാൻ ബിജെപിയിലെ രവീന്ദ്രനാഥ് വാകത്താനത്തെയാണ് എൻഡിഎ രംഗത്തിറക്കിയിരിക്കുന്നത്.
ചങ്ങനാശേരി നിയമസഭ മണ്ഡലം
ചങ്ങനാശ്ശേരിയെ ഏതെങ്കിലും ഒരു മുന്നണിയുടെ മാത്രം കുത്തകയാണെന്ന് പറയാൻ സാധിക്കില്ല. കേരള കോൺഗ്രസ് രാഷ്ട്രീയത്തിന്റെ സിരാകേന്ദ്രമാണ്. എന്നാൽ ദീർഘകാലം മണ്ഡലത്തെ പ്രതിനിധീകരിച്ച സിഎഫ് തോമസിൻ്റെ വിയോഗം മണ്ഡലത്തിലെ രാഷ്ട്രീയ സമവാക്യങ്ങളെ അടിമുടി മാറ്റുകയായിരുന്നു. 2016ൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച സിഎഫ് തോമസ് 1,849 വോട്ടുകൾക്ക് ഇടത് സ്വതന്ത്രൻ ഡോ. കെസി ജോസഫിനെ പരാജയപ്പെടുത്തുകയായിരുന്നു. 2021ൽ സിഎഫ. തോമസിന്റെ വിയോഗശേഷം എൽഡിഎഫിൽ എത്തിയ ജോസ് കെ മാണി വിഭാഗത്തിലെ അഡ്വ. ജോബ് മൈക്കിൾ 6,059 വോട്ടുകൾക്ക് യുഡിഎഫിന്റെ വിജെ ലാലിയെ പരാജയപ്പെടുത്തി മണ്ഡലം പിടിച്ചെടുക്കുകയായിരുന്നു. ജോബ് മൈക്കിൾ വീണ്ടും എൽഡിഎഫിനായി മത്സരത്തിനിറങ്ങുകയാണ്. ജേക്കബ് ഗ്രൂപ്പിൽ നിന്നുള്ള വിനു ജോബാണ് എതിരാളി. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വോട്ടുകൾ വലിയ തോതിൽ യുഡിഎഫിലേക്ക് കേന്ദ്രീകരിച്ചത് ഇടത് മുന്നണിക്ക് ആശങ്കയാണ്. എൻഎസ്എസ് ആസ്ഥാനം സ്ഥിതിചെയ്യുന്ന മണ്ഡലമാണ് ചങ്ങനാശേരി. സമുദായ വോട്ടുകൾ ഇവിടെ നിർണായകമാണ്.
കാഞ്ഞിരപ്പള്ളി നിയമസഭ മണ്ഡലം
ക്രൈസ്തവ കുടുംബങ്ങൾക്ക് വലിയ സ്വാധീനമുള്ള മണ്ഡലമാണ് കാഞ്ഞിരപ്പള്ളി. പാർട്ടിയേക്കാൾ ഉപരിയായി ജനങ്ങളോട് നേരിട്ട് സംവദിക്കുന്ന, ഏത് സമയത്തും ലഭ്യമാകുന്ന നേതാക്കളെയാണ് ഇവിടെ വോട്ടർമാർ ഇഷ്ടപ്പെടുന്നതെന്ന് മുൻ കാലങ്ങളിലെ തെരഞ്ഞെടുപ്പുകളിൽനിന്നും മനസിലാകും. 2021ൽ കേരള കോൺഗ്രസ് മാണി വിഭാഗത്തിലെ എൻ ജയരാജ് 13,703 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ജോസഫ് വാഴക്കനെ പരാജയപ്പെടുത്തിയത്. എൻ ജയരാജ് തന്നെയാണ് ഇച്ചവണയും മത്സരത്തിനിറങ്ങുന്നത്. റോണി കെ ബേബിയാണ് യുഡിഎഫ് സ്ഥാനാർഥി. ജോർജ് കുര്യനെയാണ് ബിജെപി മത്സരിപ്പിക്കുന്നത്. യുഡിഎഫ്-ബിജെപി സ്ഥാനാർഥികൾ ഒരേ സമുദായത്തിൽ നിന്നായത് ജനവിധിയെ എങ്ങനെ സ്വാധീനിക്കുമെന്നതും കൗതുകകരമാണ്. ബിജെപിയും ക്രൈസ്തവ സഭാംഗത്തെ തന്നെയാണ് സ്ഥാനാർത്ഥിയാക്കിയിരിക്കുന്നത്.
പൂഞ്ഞാർ നിയമസഭ മണ്ഡലം
പൂഞ്ഞാറിൽ ഇത്തവണ പോരാട്ടം കടുക്കും. പിസി ജോർജ് ഇത്തവണ എൻഡിഎ സ്ഥാനാർഥിയായാണ് രംഗത്ത് ഇറങ്ങുന്നത്. 2016-ൽ പിസി ജോർജ് സ്വതന്ത്രനായി ചരിത്രവിജയം നേടിയ പൂഞ്ഞാർ, 2021-ൽ എൽഡിഎഫിലെ സെബാസ്റ്റ്യൻ കുളത്തുങ്കലിനൊപ്പം നിന്നു. 2021-ൽ 16,581 വോട്ടുകൾക്കായിരുന്നു സെബാസ്റ്റ്യന്റെ വിജയം. ബിജെപി വോട്ടും വ്യക്തിപരമായി കിട്ടുന്ന വോട്ടും ലഭിച്ചാൽ വിജയം കൈവരിക്കുമെന്നാണ് പിസി ജോർജ് കരുതുന്നത്. പിസി ജോർജിനെതിരായ ന്യൂനപക്ഷ വികാരം എൽഡിഎഫിലേക്ക് മാത്രമായി കേന്ദ്രീകരിക്കപ്പെട്ടതായിരുന്നു കഴിഞ്ഞ തവണ സെബാസ്റ്റ്യൻ കുളത്തിങ്കൽ ജയിക്കാൻ കാരണമെന്നാണ് വിലയിരുത്തൽ. ഇത്തവണ ആ വോട്ട് എങ്ങോട്ട് ചായുമോ അവർ ജയിക്കാൻ സാധ്യതയേറെയാണ്. ഭരണവിരുദ്ധ വികാരം വോട്ടാക്കാൻ കഴിയുമെന്നാണഅ കോൺഗ്രസ് പ്രതീക്ഷിക്കുന്നത്. യുഡിഎഫിനുവേണ്ടി സെബാസ്റ്റ്യൻ എംജെയാണ് കളത്തിലിറങ്ങുന്നത്. സെബാസ്റ്റ്യൻ കുളത്തിങ്കൽ ആണ് എൽഡിഎഫ് സ്ഥാനാർഥി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam