
കൊല്ലം ജില്ലയിലെ നിയോജക മണ്ഡലങ്ങളിൽ വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് 2021ലെ നിയമസഭാ തെരഞ്ഞെടുപ്പ് ഇടത് മുന്നണി പിടിച്ചടക്കിയത്. 11 നിയമസഭാ മണ്ഡലങ്ങളിൽ ഇടതുപക്ഷം 9 മണ്ഡലങ്ങളിൽ ചെങ്കൊടി പാറിച്ചപ്പോൾ യുഡിഎഫ് ആകെ നേടിയത് 2 മണ്ഡലങ്ങൾ മാത്രം. പത്തനാപുരം, കൊട്ടാരക്കര, ചടയമംഗലം, കുന്നത്തൂര്‍, കരുനാഗപ്പള്ളി, ചവറ, കുണ്ടറ, കൊല്ലം, ഇരവിപുരം, ചാത്തന്നൂര്‍, പുനലൂര്‍ മണ്ഡലങ്ങൾ അടങ്ങുന്ന ജില്ലയാണ് കൊല്ലം. മുൻകാല തെരഞ്ഞെടുപ്പുകളിൽ ഇടതിന് വളക്കൂറ് നൽകിയെങ്കിലും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മികച്ച പ്രകടനം പുറത്തെടുത്ത ചവറ, കൊല്ലം, കുന്നത്തൂർ മണ്ഡലങ്ങളിൽ യുഡിഎഫ് ഇത്തവണ കണ്ണുവെക്കുന്നുണ്ട്.
പത്തനാപുരം നിയോജക മണ്ഡലത്തിൽ കനത്ത പോരാട്ടം തന്നെയെന്നു വേണം പറയാൻ. കേരളാ കോൺഗ്രസ് (ബി) വിഭാഗത്തിന് വ്യക്തമായ ഭൂരിപക്ഷമുള്ള മണ്ഡലം. 2001 മുതൽ 2021 വരെ നീളുന്ന കെ.ബി ഗണേഷ് കുമാറിന്റെ അപ്രമാദിത്യം ഇക്കുറിയും തുടരുമെന്നാണ് ഇടത് കരുതുന്നത്. ഫിക്സഡ് ഡിപ്പോസിറ്റ് പോലെയൊരു മണ്ഡലം അതാണ് പത്തനാപുരം ഗണേഷിന്. 2001 മുതൽ 2011 വരെയുള്ള കാലയളവിൽ കോൺഗ്രസിന് മുതൽകൂട്ടെങ്കിലും ആ കാലയളവിലെ ഗണേഷിന്റെ കൂറുമാറ്റം എൽഡിഎഫിന് ഗുണമായി. അതേസമയം, 1987 മുതൽ 1996 വരെ ശക്തമായിരുന്ന ഇടതുകോട്ട വീണ്ടും ഗണേഷിലൂടെ കൈപ്പിടിയിലാക്കിയെന്ന് വേണം പറയാൻ. വീണ്ടും തുടരാൻ എൽഡിഎഫ് സ്ഥാനാർത്ഥിയായി ഗണേഷ് എത്തുമ്പോൾ വിവാദങ്ങളിൽ ആടിയുലയാനുള്ള സാധ്യത തള്ളി കളയാൻ കഴിയില്ല. 2016 വരെയുള്ള ഗണേഷ് കുമാറിന്റെ ഭൂരിപക്ഷം മണ്ഡലത്തിൽ കുറക്കാൻ സാധിച്ചതാണ് വീണ്ടും മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർത്ഥി ജ്യോതി കുമാർ ചാമക്കാലയുടെ ആത്മവിശ്യാസം. എസ്. അനിൽകമാറാണ് എൻ.ഡി.എ സ്ഥാനാർത്ഥി.
കൊട്ടാരക്കരയുടെ ചരിത്രം പരിശോധിച്ചാൽ തന്നെ ആർ.ബാലകൃഷ്ണപിള്ള എന്ന രാഷ്ട്രീയ നേതാവിന്റെ പേര് പതിഞ്ഞ മണ്ഡലം എന്ന് പറയാം. കാരണം കേരളാ കോൺഗ്രസ് ബി വിഭാഗത്തിന്റെ ഉരുക്കു കോട്ടയായിരുന്ന മണ്ഡലമാണ് കൊല്ലം ജില്ലയിലെ കൊട്ടാരക്കര. 1977 മുതൽ 2001 വരെയുള്ള തുടർ വിജയങ്ങൾ. പിന്നീട് 2006 ൽ നടന്ന ഇടത് തേരോട്ടത്തിൽ മണ്ഡലം ബാലകൃഷ്ണ പിള്ളയിൽ നിന്നും അയിഷ പോറ്റി പിടിച്ചെടുക്കുന്നു. 2016 വരെയുള്ള തുടർച്ച ഇടതു പക്ഷത്തിന് മണ്ഡലത്തിൽ ശക്തി വർധിപ്പിക്കാൻ ഇടയായി. കൊട്ടാരക്കരയിൽ ഇടതുപക്ഷത്തിന്റെ സ്വാധീനം ശക്തമായി ഊട്ടിയുറപ്പിച്ച അയിഷ പോറ്റിയ്ക്ക് പകരക്കാരനായാണ് നിലവിലെ ധനമന്ത്രിയായ കെ എൻ ബാലഗോപാൽ 2021ൽ ഇടത് സ്ഥാനാർത്ഥിയായത്. വീണ്ടും മണ്ഡലത്തിലെ എൽഡിഎഫിനായി കെ എൻ ബാലഗോപാൽ മത്സരിക്കുമ്പോൾ യുഡിഎഫ് സ്ഥാനാർത്ഥിയായി എത്തുന്നത് മുൻ ഇടത് എംഎൽഎയായിരുന്ന അയിഷാ പോറ്റിയാണെന്നതും വെല്ലുവിളിയാണ്. അതേസമയം കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കൈപ്പത്തി ചിഹ്നത്തിൽ മത്സരിച്ച ആർ രശ്മി ഇത്തവണ താമര ചിഹ്നത്തിലുമാണ് മത്സരിക്കുന്നത്. ഇത് കോൺഗ്രസിന് മണ്ഡലത്തിൽ വലിയ തലവേദന സൃഷ്ടിക്കുന്നുണ്ട്.
2021ലെ വിജയം ഇക്കുറി ആവർത്തിക്കാനുള്ള ശ്രമത്തിലാണ് സിറ്റിങ് എംഎൽഎ ജെ.ചിഞ്ചുറാണി. ശക്തമായ ഇടത് വേരോട്ടമുള്ള കോട്ടയാണ് ചടയമംഗലം. 1957 മുതല്‍ 2021 വരെ നടന്ന തെരഞ്ഞെടുപ്പില്‍ മൂന്ന് തവണ മാത്രമേ സി.പി.ഐക്ക് മണ്ഡലം നഷ്ടപ്പെട്ടിട്ടുള്ളൂ. എന്നാൽ ആ ഇടതു കോട്ടയെ പൊളിക്കുമെന്നുള്ള വാശിയിലാണ് കോൺഗ്രസും. 2021ൽ മണ്ഡലത്തിൽ മത്സരിച്ച കെ.പി.സി.സി ജനറൽ സെക്രട്ടറി എം.എം. നസീറാണ് ഇത്തവണയും യു.ഡി.എഫ് സ്ഥാനാർഥി. അതേസമയം മുൻ കോൺഗ്രസ് നേതാവായ ആർ.എസ് അരുൺരാജാണ് ഇത്തവണ ബി.ജെ.പി സ്ഥാനാർഥി.
ഇടത് അപ്രമാദിത്യം എക്കാലവും കൊണ്ടാടിയ മണ്ഡലമാണ് കുന്നത്തൂർ. 1957ലെ ആദ്യ തെരഞ്ഞെടുപ്പിൽ കമ്മ്യൂണിസ്റ്റ് ഭരണത്തിൽ തുടങ്ങിയ മണ്ഡലത്തിൽ മൂന്നു തവണ മാത്രമാണ് കോൺഗ്രസ് വിജയിച്ചത്. പിന്നീട് ഇടതുപക്ഷത്ത് നിന്ന ആർ.എസ്.പി 1970 മുതൽ 1980, 1987 മുതൽ 2016 വരെയും വിജയിച്ചു. എന്നാൽ 2014ലുണ്ടായ ആർ.എസ്.പി - യുഡിഎഫ് ലയനത്തിൽ പാർട്ടി പിളർന്നു. ആർ.എസ്.പി ലെനിനിസ്റ്റ് പാർട്ടിയുണ്ടാക്കിയ എംഎൽഎ കോവൂർ കുഞ്ഞുമോൻ 2016 ലെ തെരഞ്ഞെടുപ്പിൽ എൽഡിഎഫിൽ നിലനിർത്തി. പിന്നീട് 2021ലും കുഞ്ഞുമോൻ തുടർന്നു. കോവൂർ കുഞ്ഞുമോൻ (എൽ.ഡി.എഫ്.) ഉല്ലാസ് കോവൂർ (യു.ഡി.എഫ്.), രാജി പ്രസാദ് (എൻ.ഡി.എ.) എന്നിവർ തമ്മിലാണ് ഇത്തവണ പ്രധാന മത്സരം.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യുഡിഎഫിനെ തുണച്ച മണ്ഡലമാണ് കരുനാഗപ്പള്ളി. സിപിഐക്ക് വ്യക്തമായ ഭൂരിപക്ഷം നിലനിന്നിരുന്ന മണ്ഡലത്തിൽ കോൺഗ്രസിന്റെ വരവ് ഇടത് ക്യാമ്പിനെ ഞെട്ടിച്ചിരുന്നു. ഇക്കുറിയും ഇതാവർത്തിക്കുമെന്നാണ് യുഡുഎഫ് പ്രതീക്ഷിക്കുന്നത്. മണ്ഡലം സ്ഥിതി ചെയിയ്യുന്ന പഞ്ചായത്തുകളിലും കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ്. ഭരിച്ചിരുന്ന കരുനാഗപ്പള്ളി നഗരസഭയും ക്ലാപ്പന, കുലശേഖരപുരം പഞ്ചായത്തുകളും യു.ഡി.എഫ്. പിടിച്ചെടുത്തിരുന്നു. തവട, തൊഴിയൂർ പഞ്ചായത്തുകൾ നിലനിത്തുകയും ചെയ്തിരുന്നു. യു.ഡി.എഫ് സ്ഥാനാർഥിയായി നിലവിലെ എം.എൽ.എ സി.ആർ മഹേഷ്, എൽ.ഡി.എഫ് സ്ഥാനാർഥിയായി സി.പി.ഐയിലെ എം.എസ് താര, എൻ.ഡി.എ സ്ഥാനാർഥിയായി ബി.ജെ.പിയിലെ വി എസ് ജിതിൻ ദേവ് തുടങ്ങിയവരാണ് ഇത്തവണ മണ്ഡലത്തിൽ മത്സരിക്കുന്നത്.
ചവറ മണ്ഡലത്തിൽ ഇത്തവണ കടുത്ത പോരട്ടമാണ് നടക്കുന്നത്. ആർഎസ്പിക്ക് വളക്കൂറുള്ള മണ്ണാണ് ചവറ. ചവറ മണ്ഡലം രൂപീകരിക്കപ്പെട്ട 1977 മുതൽ 2001 വരെ ബേബി ജോണായിരുന്നു എം.എൽ.എ. 2001ൽ പിതാവിന്‍റെ പിൻഗാമിയായി എത്തിയ ഷിബു ബേബി ജോൺ മണ്ഡലത്തിൽ വേരുറപ്പിച്ചു. 2006ൽ എൽ.ഡി.എഫിലെ ആർ.എസ്.പിയുടെ എൻ കെ പ്രേമചന്ദ്രനും യു.ഡി.എഫിൽ ഷിബുവും ചവറയിൽ മത്സരിച്ചു. പ്രേമചന്ദ്രൻ വിജയിച്ച് വി.എസ് മന്ത്രിസഭയിൽ മന്ത്രിയായി. 2011ൽ പ്രേമചന്ദ്രനെ തോൽപിച്ച് ഷിബു യു.ഡി.എഫിന്‍റെ മന്ത്രിയായി. പാർട്ടിയുടെ പിളർപ്പിൽ ഇരു ഭാഗത്തായിരുന്നുവെങ്കിലും പിന്നീട് യു.ഡി.എഫിന്‍റെ ഭാഗമായി. 2021ൽ എൽഡിഎഫ് മണ്ഡലം പിടിച്ചെടുത്തു. ഇക്കുറിയും നിലനിർത്തുമെന്ന് എൽഡിഎഫും പിടിച്ചെടുക്കുമെന്ന് യുഡിഎഫും അവകാശവാദം ഉന്നയിക്കുമ്പോൾ മത്സരം കടുക്കുമെന്നാണ് റിപ്പോർട്ട്. സുജിത്ത് വിജയൻപിള്ള (എൽ.ഡി.എഫ്.), ഷിബു ബേബി ജോൺ (യു.ഡി.എഫ്), കെ. ആർ. രാജേഷ് (എൻ.ഡി.എ) എന്നിവരാണ് സ്ഥാനാർത്ഥികൾ.
ഹിന്ദു വിഭാഗത്തിന് ഭൂരിപക്ഷമുള്ള മണ്ഡലമാണ് കുണ്ടറ. എങ്കിലും ക്രൈസ്തവ, മുസ്ലീം വിഭാഗങ്ങൾക്കും നിർണ്ണായക സ്വാധീനമുണ്ട്. തൊഴിലാളി യൂണിയനുകൾ, സഹകരണ സ്ഥാപനങ്ങൾ എന്നിവ രാഷ്ട്രീയ ഏകീകരണത്തിൽ വലിയ പങ്കുവഹിക്കുന്നുണ്ട്. മാറി മാറി തുണച്ച രാഷ്ട്രീയ ചരിത്രമാണ് കുണ്ടറക്കുള്ളത്. പ്രത്യേകമായ രഷ്ട്രീയ നയങ്ങളോ സമവാക്യങ്ങളോ പിൻതുടരുന്നില്ലെങ്കിലും 2006 മുതൽ 2016 വരെ സിപിഎം തുർച്ചയായി വിജയിച്ചിട്ടള്ള മണ്ഡലം കൂടിയാണ് കുണ്ടറ. 2021ൽ സിപിഎംലെ ജെ. മേഴ്സിക്കുട്ടിയമ്മയെ തോൽപ്പിച്ച് കോൺഗ്രസിന്റെ പി.സി വിഷ്ണുനാഥ് വിജയിച്ചു. ഇക്കുറിയും വിജയം മുന്നിൽ കണ്ടാണ് വിഷ്ണുനാഥ് വീണ്ടും കളത്തിലിറങ്ങുന്നത്. എൽഡിഎഫിന്റെ എസ്.എൽ സജികുമാറും, എൻഡിഎയിൽ നിന്നും റോബിൻ രാധാകൃഷ്ണനുമാണ് മത്സര രംഗത്ത്.
ആർ.എസ്.പിക്ക് ശക്തിയുള്ള മണ്ഡലങ്ങളിലൊന്നാണ് കൊല്ലം. 2006 മുതൽ സിപിഎം വിജയിക്കുന്ന മണ്ഡലത്തിൽ ഇക്കുറി ശക്തമായ പോരാട്ടമാണ് സിപിഎം നേരിടുന്നത്. എം.എൽ.എയെന്ന നിലയിൽ എം. മുകേഷ് മണ്ഡലത്തിൽ നടപ്പാക്കിയ വികസന പ്രവർത്തനങ്ങളാണ് എൽ.ഡി.എഫ് പ്രചാരണ വിഷയമാക്കുന്നത്. എൽ.ഡി.എഫിനായി എസ്. ജയമോഹൻ, യു.ഡി.എഫിനായി ബിന്ദുകൃഷ്ണ, എൻ.ഡി.എയ്ക്കായി ഡോ. എൻ പ്രതാപ്കുമാർ എന്നിവരാണ് മത്സരരംഗത്തിറങ്ങുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മുകേഷിന്റെ ഭൂരിപക്ഷത്തിന് എറ്റ വിള്ളലാണ് ഇക്കുറി കോൺഗ്രസിന്റെ പ്രതീക്ഷ. 2021-ലും മുകേഷ് വിജയം ആവർത്തിച്ചെങ്കിലും ഭൂരിപക്ഷം 2,072 വോട്ടായി കുറഞ്ഞിരുന്നു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ വ്യക്തമായ ഭൂരിപക്ഷമാണ് ഇരവിപുരം ഇടതിന് നൽകിയത്. സി.പി.ഐ.എം സ്ഥാനാർത്ഥി എം. നൗഷാദ് 71,573 വോട്ടുകൾ നേടിയപ്പോൾ ആർ.എസ്.പിയിലെ ബാബു ദിവാകരന് 43,452 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. 28,121 വോട്ടിന്റെ വലിയ ഭൂരിപക്ഷത്തിലാണ് നൗഷാദ് വിജയിച്ചത്. ആർഎസ്‌പി യുടെ ഉറച്ച കോട്ടകളിലൊന്നായിരുന്നു കൊല്ലം ജില്ലയിലെ ഇരവിപുരം നിയമസഭാ മണ്ഡലം. ഇടതുമുന്നണി വിട്ട് ആർഎസ്‌പി യുഡിഎഫിൽ എത്തിയതോടെ മണ്ഡലത്തിൽ സിപിഎമ്മും ആർഎസ്‌പിയും തമ്മിലാണ് മത്സരം. 9 തവണ ആർഎസ്‌പി വിജയിച്ച് നിയമസഭയിലെത്തിയ മണ്ഡലം 2016ലാണ് സിപിഎം പിടിച്ചെടുത്തത്. എൽഡിഎഫിൽ നിന്നും എം നൗഷാദും, യുഡിഎഫിൽ നിന്നും വിഷ്ണു മോഹൻ (ആർ എസ് പി), എൻഡിഎ സ്ഥാനാർത്ഥി സജി ഡി ആനന്ദ് എന്നിവരാണ് മത്സരരംഗത്തുള്ളത്.
1965ൽ നടന്ന ആദ്യ തെരഞ്ഞെടുപ്പിൽ വിജയിച്ചത് സിപിഐ ആണെങ്കിലും നാലു തവണ കോൺഗ്രസിനെ വിജയിപ്പിച്ച പാരമ്പര്യം ചാത്തന്നൂരിനുണ്ട്. സിപിഐയും കോൺഗ്രസും മാറി മാറി ഭരിച്ച മണ്ഡലങ്ങളിലെന്നാണെങ്കിലും 2006, 2011, 2016, 2021 തെരഞ്ഞെടുപ്പുകളിൽ സിപിഐയെ തോൽപ്പിക്കാൻ കോൺഗ്രസിനായിരുന്നില്ല. ഈഴവ വോട്ടുകള്‍ക്കും ഇതോടൊപ്പം തന്നെ നായര്‍, ക്രിസ്ത്യൻ, മുസ്ലീം വോട്ടുകള്‍ക്കും സ്വാധീനമുള്ള മണ്ഡലമാണ് ചാത്തന്നൂര്‍. എൽഡിഎഫിൽ നിന്നും ആർ.രാജേന്ദ്രനും യുഡിഎഫിൽ നിന്നും സൂരജ് രവി, എൻഡിഎ സ്ഥാനാർത്ഥിയായി ബി.ബി. ഗോപകുമാറുമാണ് പ്രധാന സ്ഥാനാർത്ഥികൾ.
ഇടതുപക്ഷത്തിന് ശക്തമായ വേരോട്ടമുള്ള മണ്ഡലമാണ് പുനലൂർ. 1982ലും 1984ലും കേരള കോൺഗ്രസ് ജേക്കബ് വിഭാഗവും 1991ൽ കോൺഗ്രസും ജയിച്ചിട്ടുണ്ട്. മറ്റ് തെരഞ്ഞെടുപ്പിലും സിപിഐ ആണ് വിജയിച്ചു കയറിയത്. വൈവിധ്യമാർന്ന സാമൂഹിക ഘടനയുള്ള മണ്ഡലമാണ് പുനലൂർ. ഹൈന്ദവ വിഭാഗത്തിന് ഭൂരിപക്ഷമുള്ള ഇവിടെ ക്രൈസ്തവ, മുസ്ലീം വിഭാഗങ്ങളും നിർണ്ണായക സ്വാധീനം ചെലുത്തുന്നുണ്ട്. മതസ്ഥാപനങ്ങൾ, സഹകരണ സംഘങ്ങൾ, യൂണിയനുകൾ, വ്യാപാരി സംഘടനകൾ എന്നിവ വഴി സാമൂഹിക സ്വത്വങ്ങൾ ജനജീവിതത്തിൽ ലയിച്ചു കിടക്കുന്നുണ്ടെങ്കിലും അവ ഒരിക്കലും കടുത്ത വോട്ട് ബാങ്കുകളായി മാറാറില്ല എന്നാണ് മുൻ കാലങ്ങളിലെ തെരഞ്ഞെടുപ്പ് ഫലങ്ങൾ സൂചിപ്പിക്കുന്നത്. എൽഡിഎഫിൽ നിന്നും സി.അജയ പ്രസാദും, യുഡിഎഫിൽ (ലീഗ്) നിന്നും നൗഷാദ് യൂസഫും, എൻഡിഎയുടെ ബി രഘുനാഥൻ പിള്ളയും തമ്മിലാണ് പ്രധാന മത്സരം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam