
കണ്ണൂര്‍: നമ്മുടെ നാടിപ്പോള്‍ നല്ലരീതിയിൽ വികസിച്ചു വന്നുവെന്നും നേരത്തെയുണ്ടായിരുന്ന ഇവിടെയൊന്നും നടക്കില്ലെന്ന ധാരണ മാറിയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇവിടെ പലതും നടക്കുമെന്ന ധാരണ വന്നിട്ടുണ്ട്. നമ്മുടെ ഉന്നത വിദ്യാഭ്യാസ മേഖല വലിയ രീതിയിൽ വികാസം പ്രാപിച്ചുവരുകയാണ്. അതിന്‍റെ ഭാഗമായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരുകയാണെന്നും ഏഷ്യാനെറ്റ് ന്യൂസ് എക്സിക്യൂട്ടീവ് എഡിറ്റര്‍ സിന്ധു സൂര്യകുമാറുമായുള്ള അഭിമുഖത്തിൽ പിണറായി വിജയൻ വ്യക്തമാക്കി. അന്താരാഷ്ട്ര നിലവാരത്തിലേക്ക് കേരളത്തിലെ ചില വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എത്തിയിട്ടുണ്ട്. 13 സെന്‍റര്‍ ഓഫ് എക്സലന്‍സ് കേന്ദ്രങ്ങള്‍ സ്ഥാപിക്കാൻ പദ്ധതിയുണ്ട്. ആധുനിക കേരളത്തിന് ചേര്‍ന്ന തരത്തിലുള്ള മാറ്റം ഉന്നത വിദ്യാഭ്യാസ മേഖലയിൽ വരേണ്ടതുണ്ട്. ആവശ്യമായ നൈപുണ്യം എല്ലാവര്‍ക്കും ലഭിക്കേണ്ടതായിട്ടുണ്ട്. നമ്മുടെ യുവത ലോകത്തിന്‍റെ ഏതുഭാഗത്തുമുള്ള വികസിത രാജ്യത്തുള്ളവരുമായി പിടിച്ചു നിൽക്കാൻ കഴിവുള്ളവരായി മാറും. അത്തരത്തിലുള്ള കേരളം രൂപം കൊള്ളുകയെന്നത് പ്രധാനമാണെന്നും പിണറായി വിജയൻ പറഞ്ഞു.
ഇപ്പോള്‍ കേരളം നല്ല നിലയിൽ വികസിച്ചു. എല്ലാ മേഖലയിലുമുള്ള സര്‍വതല സ്പര്‍ശിയായ വികസനമാണ് ലക്ഷ്യമിടുന്നത്. നേരത്തെ കേരളത്തിലൂടെ യാത്ര ചെയ്യുമ്പോള്‍ ചിലയിടത്ത് എത്തുമ്പോള്‍ മൂക്കു പൊത്തേണ്ട അവസ്ഥയാണുള്ളത്. ഹരിത കേരള മിഷന്‍റെ പ്രവര്‍ത്തനത്തിന്‍റെ ഭാഗമായി മാലിന്യ നീക്കമടക്കം കൃത്യമായി നടത്താൻ ഇപ്പോഴായി. വലിയ മാറ്റമാണ് മാലിന്യ നിര്‍മാര്‍ജനത്തിൽ ഉണ്ടായത്. കേരളം ഇന്ന് നല്ല രീതിയിൽ നിക്ഷേപത്തിന് പറ്റിയ നാടായിട്ടാണ് ആളുകള്‍ കാണുന്നത്.
ജി സുധാകരൻ വിഷയത്തിലും കണ്ണൂരിലെ പാര്‍ട്ടിയിലെ വിവാദങ്ങളിലും മുഖ്യമന്ത്രി പ്രതികരിച്ചു. മൂന്ന് തവണ താൻ വിളിച്ചിട്ടും സുധാകരൻ ഫോൺ എടുത്തില്ലെന്നുംജില്ല സെക്രട്ടറി വഴി ബന്ധപ്പെടാൻ ശ്രമിച്ചപ്പോഴും സുധാകരൻ സംസാരിക്കാൻ തയ്യാറായില്ലെന്നും അവഗണിച്ചുവെന്നത് അദ്ദേഹത്തിന്‍റെ തോന്നലാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആലപ്പുഴയിലേതും കണ്ണൂരിലേതും വീറുറ്റ പാർട്ടിയാണ്. ഒരു വ്യതിയാനത്തിനുമൊപ്പം അത് പോകില്ല.ഒരു പോറലും പാർട്ടിക്ക് അവിടെ ഉണ്ടാകില്ല. വി കുഞ്ഞികൃഷ്ണനും ടി.കെ.ഗോവിന്ദനും പാർട്ടിയെ തകർക്കാൻ എതിരാളികളുടെ കയ്യിലെ കോടാലിയായി മാറിയെന്നും പിണറായി വിജയൻ പറഞ്ഞു.
റിയാസിന് പ്രത്യേക സ്ഥാനം നൽകിയിട്ടില്ല, ശ്യാമളയെ സ്ഥാനാര്‍ത്ഥിയാക്കിയത് യോഗ്യത കൊണ്ട്
മുഹമ്മദ് റിയാസിന് മരുമകൻ എന്ന നിലയിൽ പ്രത്യേക സ്ഥാനങ്ങൾ നൽകിയിട്ടില്ല. പ്രവർത്തനത്തിന് അനുസരിച്ചുള്ള ഉത്തരവാദിത്തങ്ങളാണ് നൽകിയിട്ടുള്ളത്. മകൾക്കെതിരായ ആരോപണങ്ങൾ തന്നെ ലക്ഷ്യം വച്ചുള്ളതാണെന്നും വിശദീകരണം നൽകാൻ തക്ക വിധത്തിൽ ആ ആരോപണങ്ങളിൽ ഒന്നുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. എം.വി.ഗോവിന്ദന്‍റെ ഭാര്യ ആയതുകൊണ്ടല്ല പി.കെ.ശ്യാമളയെ സ്ഥാനാർത്ഥിയാക്കിയത്.അവരുടെ യോഗ്യത കൊണ്ടാണ്. ഒരാളുടെ ഭാര്യ ആയതുകൊണ്ട് അവരുടെ അവകാശം നിഷേധിക്കാൻ പാടില്ലെന്നും പിണറായി വിജയൻ ഫറഞ്ഞു.
ഒരോ തെരഞ്ഞെടുപ്പിലും തന്ത്രങ്ങള്‍ അപ്പോഴത്തെ സാഹചര്യമനുസരിച്ചാണെന്നായിരുന്നു ക്യാപ്റ്റൻ പരാമര്‍ശത്തിൽ മുഖ്യമന്ത്രിയുടെ മറുപടി. തെരഞ്ഞെടുപ്പിൽ നേതാവിനെ നേരത്തെ നിശ്ചയിക്കാനാകില്ല. ജനകീയര്‍ക്ക് അവസരം നൽകാനാണ് ടേം ഇളവിലൂടെ ഉദ്ദേശിച്ചതെന്ന് പിണറായി വിജയൻ പറഞ്ഞു. വര്‍ഗീയ പ്രസ്താവനയിൽ വെള്ളാപ്പള്ളി നടേശൻ വിശദീകരണം നൽകിയിട്ടുണ്ട്.വിവിധയാളുകള്‍ വിവിധ തരത്തിലുള്ള പ്രസ്താവന നടത്തിയിട്ടുണ്ട്. എസ്എൻഡിപിയെന്നത് നാടിന്‍റെ പ്രധാന സംഘടനയാണ്. അവരുടെ ഇടയിൽ നിന്ന് ഒരു വര്‍ഗീയ നിലപാട് ഉണ്ടാകുമെന്ന് നമ്മള്‍ പ്രതീക്ഷിക്കുന്നില്ല. അതിനാൽ തന്നെ രാഷ്ട്രീയപാര്‍ട്ടിയായ ലീഗിനെതിരെയാണ് പറഞ്ഞതെന്ന് വെള്ളാപ്പള്ളി നടേശൻ വിശദീകരിക്കുകയും ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജമാഅത്തെ ഇസ്ലാമിക്കെതിരായ വിമര്‍ശനം, സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ സ്ത്രീ പ്രാതിനിധ്യം
ജമാഅത്തെ ഇസ്ലാമിക്കെതിരായ വിമര്‍ശനത്തിലും മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകി.ജമാഅത്തെ ഇസ്ലാമിയെന്നത് ഏതെങ്കിലും ഒരു ന്യൂനപക്ഷ വിഭാഗമായി കാണേണ്ട ഒന്നല്ല. ജമാഅത്തെ ഇസ്ലാമിയെന്ന് പറയുന്നത് നമ്മുടെ രാജ്യത്ത് പ്രവര്‍ത്തിക്കുന്ന വര്‍ഗീയ സംഘടനകളിൽ ഒന്നാണ്. അതിന്‍റെ ഭാഗമായി അവര്‍ക്കെതിരെ പറഞ്ഞിട്ടുണ്ടാകും. വര്‍ഗീയതയെ എതിര്‍ക്കുന്നതിന്‍റെ ഭാഗമായിട്ടാണ് അതെന്നും പിണറായി വിജയൻ പറഞ്ഞു. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിൽ സ്ത്രീ പ്രാതിനിധ്യം വേണ്ട രീതിയിൽ വന്നിട്ടില്ല. കൂടുതൽ വരണമെന്നതിൽ തര്‍ക്കമില്ല. അതിനായി പാര്‍ട്ടി ശ്രമിക്കുന്നുണ്ടെന്നും പിണറായി വിജയൻ പറഞ്ഞു.
ശബരിമല സ്വര്‍ണക്കൊള്ള
ശബരിമല സ്വര്‍ണക്കൊള്ള കേസിൽ ഉള്‍പ്പെട്ട എ പത്മകുമാര്‍ അടക്കമുള്ളവരെ പാര്‍ട്ടി പരിപാടിയിൽ നിന്ന് മാറ്റി നിര്‍ത്തിയിട്ടുണ്ടെന്നും ബാക്കി കാര്യങ്ങള്‍ അന്വേഷിച്ച് നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
ശബരിമല യുവതി പ്രവേശനം, കെ റെയിൽ
ശബരിമല യുവതി പ്രവേശനത്തിൽ ഇപ്പോൾ സുപ്രീം കോടതി ഞങ്ങളോട് അഭിപ്രായം ചോദിച്ചിട്ടില്ലെന്നും അതുകൊണ്ട് അഭിപ്രായം പറയേണ്ട കാര്യമില്ലെന്നും ആചാരത്തിന്റെ കാര്യങ്ങളിൽ തീരുമാനമെടുക്കേണ്ടത് മതപണ്ഡിതരാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കെ- റെയിൽ പദ്ധതി നാടിന് ആവശ്യമാണ്. ആരെങ്കിലും എതിർക്കുമെന്ന് ചിന്തിക്കുമോ? കേന്ദ്രം പിന്തുണ നൽകാത്തതിന് പിന്നിൽ രാഷ്ട്രീയമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
സ്ഥാനാര്‍ത്ഥികള്‍ക്ക് ഇളവ്
സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർത്ഥികളിൽ പലർക്കും ഇളവ് അനുവദിച്ചതിലും മുഖ്യമന്ത്രി പ്രതികരിച്ചു. തെരഞ്ഞെടുപ്പിന്‍റെ പ്രത്യേകതകൾ പരിഗണിക്കേണ്ടതുണ്ടെന്നും അത് പരിഗണിച്ചാണ് സ്ഥാനാർത്ഥികളെ നിശ്ചയിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങൾ നല്ലത് പോലെ ആഗ്രഹിക്കുന്ന സ്ഥാനാർത്ഥികളെ മാറ്റിക്കളഞ്ഞുവെന്ന തോന്നൽ വേണ്ടെന്ന് കരുതിയാണ് സ്ഥാനാർത്ഥികളെ നിശ്ചയിച്ചിട്ടുള്ളത്. അതത് പ്രദേശത്തിൻ്റെ പ്രത്യേകതകൾ പരിഗണിച്ചുള്ളതാണ് സ്ഥാനാർത്ഥികളെന്നും മുഖ്യമന്ത്രി പറഞ്ഞു
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam