സിപിഎമ്മിന്‍റെ ബാലുശ്ശേരി അക്കൗണ്ട് ഇത്തവണ കോൺഗ്രസ് പൂട്ടിടുമോ, അതോ എൽഡിഎഫ് നിലനിർത്തുമോ

Published : Mar 24, 2026, 04:14 PM IST
Balussery Assembly constituency

Synopsis

സീറ്റ് നിലനിർത്താൻ എൽഡിഎഫും, മണ്ഡലം തിരികെ പിടിക്കാൻ യുഡിഎഫും, ചിത്രത്തിൽ ഇല്ലെങ്കിലും പ്രതീക്ഷ ഒട്ടും കുറയാതെ എൻഡിഎയും എത്തുമ്പോൾ തെരഞ്ഞെടുപ്പ് ബാലുശ്ശേരിയിൽ കൊഴുക്കും

ബാലുശ്ശേരി: തെരഞ്ഞെടുപ്പ് അങ്ങനെ ചൂടുപിടിച്ച് തുടങ്ങുമ്പോൾ കോഴിക്കോട് ജില്ലയിൽ തന്നെ കടുത്ത മത്സരം നടക്കാൻ സാധ്യതയുള്ള മണ്ഡലങ്ങളിൽ ഒന്നാണ് ബാലുശ്ശേരി. സ്ഥാനാർത്ഥികള്‍ ഒട്ടും ആവേശം കുറയാതെ വോട്ടർമാരെ നേരിൽ കാണുന്ന തിരക്കിലാണ്. മറ്റ് മണ്ഡലങ്ങളെ വച്ച് നോക്കുമ്പോള്‍ ഇത്തവണ ഇടതിലും വലതിലും യുവ സാന്നിധ്യങ്ങളാണ് ബാലുശ്ശേരിയില്‍ മത്സരത്തിനിറങ്ങുന്നത് എന്ന പ്രത്യേകതയും കൂടിയുണ്ട്. സീറ്റ് നിലനിർത്താൻ എൽഡിഎഫും, മണ്ഡലം തിരികെ പിടിക്കാൻ യുഡിഎഫും, ചിത്രത്തിൽ ഇല്ലെങ്കിലും പ്രതീക്ഷ ഒട്ടും കുറയാതെ എൻഡിഎയും എത്തുമ്പോൾ തെരഞ്ഞെടുപ്പ് ബാലുശ്ശേരിയിൽ കൊഴുക്കും.

ജില്ലയിൽ ഇത്തവണ സിപിഎം സിറ്റിങ് എംഎൽഎമാരെ തന്നെയാണ് മത്സരത്തിനിറക്കിയിരിക്കുന്നത്. ബാലുശ്ശേരി മണ്ഡലത്തിൽ സിറ്റിങ് എംഎൽഎയായ കെ.എം സച്ചിൽ ദേവിനെ വീണ്ടും സ്ഥാനാര്‍ഥിയാക്കി മണ്ഡലം നിലനിർത്താന്‍ ലക്ഷ്യമിടുകയാണ് സിപിഎമ്മും എല്‍ഡിഎഫും. ബാലുശ്ശേരിയിൽ സച്ചിൽ ദേവ് നടത്തിയ വികസന പ്രവർത്തനങ്ങൾ മുന്നോട്ട് വച്ചാണ് എൽഡിഎഫ് ഇത്തവണ പ്രചാരണം നടത്തുന്നത്. അതേസമയം, കെഎസ്ആർടിസി ഡ്രൈവറുമായുണ്ടായ തര്‍ക്കത്തില്‍ തിരുവനന്തപുരം മുൻ മേയർ ആര്യാ രാജേന്ദ്രനും സച്ചിൻ ദേവിനുമെതിരെ ഉയര്‍ന്ന ആരോപണങ്ങൾ മണ്ഡലത്തിൽ ഇത്തവണ ചർച്ചയാകാനും സാധ്യതയേറെയാണ്.

യുവത്വം ഏറ്റുമുട്ടുമ്പോൾ

യുവാക്കളുടെ സാന്നിധ്യം എല്ലായിപ്പോഴും തെരഞ്ഞെടുപ്പിൽ നിർണ്ണായകമാകുന്ന ഒന്നാണ്. ജെൻസി കാലത്തെ ഇവരുടെ വോട്ടും നിർണായകമായി മാറും. ബാലുശ്ശേരി മണ്ഡലത്തിൽ ഇത്തവണ യുവാക്കളാണ് ഇടതിലും വലതിലും മത്സരിക്കുന്നത് എന്ന് സൂചിപ്പിച്ചുവല്ലോ. എൽഡിഎഫിലെ കെ.എം സച്ചിൻ ദേവിനെതിരെ കോൺഗ്രസ് ഇറക്കുന്നത് യുവ നേതാവ് ടി.വി സൂരജിനെയാണ്. കെ.എസ്.യുവിലൂടെ രാഷ്ട്രീയ രംഗത്തേക്ക് പ്രവേശിച്ച സൂരജിനെ ഇത്തവണ മത്സര രംഗത്തേക്കിറക്കുന്നതിലൂടെ യുവാക്കളുടെ വോട്ട് ഏകീകരിച്ച് മണ്ഡലത്തിൽ വിജയം കൈവരിക്കാനാകുമെന്നാണ് കോണ്‍ഗ്രസ് പാർട്ടി കരുതുന്നത്. അതേസമയം, എസ്എഫ്ഐയിലൂടെ വളർന്നുവന്ന സച്ചിൻ ദേവ് മണ്ഡലം നിലനിര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ വാശിയേറിയ പോരാട്ടം പ്രതീക്ഷിക്കാം.

തദ്ദേശ തെരഞ്ഞെടുപ്പിലെ കാറ്റ്

ഇടതുകോട്ടയാണ് ബാലുശ്ശേരിയെങ്കിലും ഇത്തവണത്തെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലം എൽഡിഎഫിന് പിന്നോട്ടടിയായിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പിലെ വോട്ട് കണക്കാക്കിയാൽ കോഴിക്കോട് ജില്ലയിലെ 13 നിയമസഭാ മണ്ഡലങ്ങളിൽ ഒൻപതും യുഡിഎഫിനൊപ്പമായിരുന്നു. നാദാപുരം, ബേപ്പൂർ, കോഴിക്കോട് നോർത്ത്, എലത്തൂർ മണ്ഡലങ്ങൾ മാത്രമാണ് എൽഡിഎഫിന് കൈപ്പിടിയിലാക്കാൻ സാധിച്ചത്. ഇതേ കാറ്റ് നിയമസഭയിലും ആഞ്ഞടിക്കുമെന്നാണ് യുഡിഎഫിന്‍റെ പ്രതീക്ഷ. കൂടാതെ സർക്കാരിന്മേലുള്ള ഭരണ വിരുദ്ധതയും കോൺഗ്രസ് പ്രചരണായുധം ആക്കും. തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇവിടെ 69,225 വോട്ടുകളാണ് യുഡിഎഫ് നേടിയത്. എന്നാൽ, എൽഡിഎഫ് നേടിയത് 68,028 വോട്ടുകളും. ഇത് പാർട്ടിക്ക് ഗുണം ചെയ്യുമെന്ന ആത്മവിശ്യാസത്തിലാണ് കോൺഗ്രസ്. എന്നാൽ, രാഷ്ട്രീയ വോട്ടുകളിൽ മേൽകൈ ഇടതുപക്ഷത്തിന് തന്നെയാണെന്ന് സച്ചിൻ ദേവ് ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കി.

2001 മുതൽ യുഡിഎഫ് ഘടക കക്ഷികൾ മത്സരിക്കുന്ന ബാലുശ്ശേരി സീറ്റിലാണ് ഇത്തവണ കോൺഗ്രസ് മത്സരിക്കുന്നത്. കഴിഞ്ഞ ടേമിൽ മണ്ഡലത്തിൽ 20,000-ന് മേൽ ഭൂരിപക്ഷം നേടിയാണ് സച്ചിൻ ദേവ് വിജയിച്ചത്. സിനിമാ താരമായ ധർമ്മജനെ സ്ഥാനാർത്ഥിയാക്കിയെങ്കിലും പിടിച്ചു നിക്കാൻ കോൺഗ്രസിനായിരുന്നില്ല. വേട്ട് വിഹിതം കുറവായ ബിജെപിക്ക് മണ്ഡലത്തിൽ സ്വാധീനം വളരെ കുറവാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ആകെ 16,490 വോട്ടുകൾ മാത്രമാണ് നേടാനായത്. എന്നിരുന്നാലും ഇത്തവണ ജില്ലാ നേതൃത്വത്തിൽ നിന്നും സി.പി സതീശനെയാണ് എൻഡിഎ കളത്തിലിറക്കുന്നത്.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കയ്പമംഗലത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിരക്കുകളിൽ അതുല്യ ഘോഷ് | Athulya Ghosh | Kaipamangalam
2021-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം നേടിയവര്‍