
കേരളത്തിലെ നിയമസഭ തെരഞ്ഞെടുപ്പിൽ വലിയ നേട്ടമുണ്ടാക്കാമെന്ന പ്രതീക്ഷയിലാണ് ഇക്കുറി ബിജെപിയും എൻഡിഎയും. കഴിഞ്ഞ തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് ഇത്തവണ വോട്ട് വിഹിതം ഉയർത്തുക എന്നതിലുപരിയായി പരമാവധി സീറ്റുകളുടെ എണ്ണം വർധിപ്പിക്കാനാണ് എൻഡിഎയുടെ ശ്രമം. ഇതിനായി ജില്ലകൾ തിരിച്ച് സാധ്യതയുള്ള ഓരോ മണ്ഡലങ്ങളിലും വലിയ പ്രചാരണങ്ങളും തയ്യാറെടുപ്പുകളുമാണ് ഇത്തവണ എൻഡിഎയിൽ നിന്ന് ഉണ്ടാകുന്നത്. എന്നാൽ, വോട്ടെടുപ്പിനോട് അടുക്കുംതോറും ബിജെപിയുടെ പ്രധാന സ്ഥാനാർത്ഥികൾ ഉൾപ്പെടെ വിവാദങ്ങളിൽ അകപ്പെടുന്ന കാഴ്ചയാണ് കാണാനാകുന്നത്.
കേരളം പോളിംഗ് ബൂത്തിലേയ്ക്ക് പോകാനിരിക്കെ ബിജെപി ഏറ്റവും കൂടുതൽ പ്രതീക്ഷയർപ്പിക്കുന്ന പാലക്കാട് മണ്ഡലത്തിൽ ശോഭ സുരേന്ദ്രനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉയരുന്നത്. വോട്ടിന് പണം നൽകിയെന്നാണ് ആരോപണം. കണ്ണാടി പഞ്ചായത്തിലെ തരുവകുറിശ്ശി സ്വദേശി ദേവു എന്ന വയോധികയ്ക്ക് ബിജെപി പ്രവർത്തകർ പണം നൽകിയെന്നാണ് ആരോപണം. കോൺഗ്രസ് പ്രവർത്തകരാണ് ശോഭയ്ക്ക് എതിരെ ആരോപണവുമായി രംഗത്തുവന്നത്. ഇതിൻ്റെ വീഡിയോകളും അവർ പുറത്തുവിട്ടു. ദൃശ്യങ്ങൾ ചിത്രീകരിക്കുന്നത് മനസിലാക്കിയ ശോഭ സുരേന്ദ്രൻ ഇവരോട് തട്ടിക്കയറുന്നതിൻ്റെ ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്.
അതേസമയം, വോട്ടർക്ക് പണം നൽകിയെന്ന ആരോപണം ശോഭ സുരേന്ദ്രൻ നിഷേധിക്കുകയാണ് ചെയ്തത്. തന്നെ വേട്ടയാടാനുള്ള ശ്രമമാണിതെന്നും കണ്ണാടി പഞ്ചായത്തിൽ എത്തിയത് കാൻസർ രോഗിയെ കാണാനാണെന്നുമായിരുന്നു ശോഭ സുരേന്ദ്രന്റെ പ്രതികരണം. തിരക്കഥ തയാറാക്കി തന്നെ വേട്ടയാടാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ഉയരുന്ന ആരോപണങ്ങൾ ഉണ്ടയില്ലാ വെടിയാണെന്നും ശോഭ പറഞ്ഞു. ബിജെപിക്കാർ പണം നൽകിയെന്ന ആരോപണം വയോധികയും നിഷേധിച്ചു. തന്റെ കയ്യിലുണ്ടായിരുന്നത് പെൻഷൻ പണമാണെന്നായിരുന്നു വയോധിക പറഞ്ഞത്.
പാലക്കാട് മണ്ഡലത്തിൽ വോട്ടർമാരെ സ്വാധീനിക്കാൻ ബിജെപി പല വഴികളും സ്വീകരിക്കുന്നുണ്ടെന്ന ആരോപണവുമായി എൽഡിഎഫും യുഡിഎഫും ശക്തമായി രംഗത്തിറങ്ങിയിട്ടുണ്ട്. പിരിയാരിയിലെ വീട്ടുകളിൽ ബിജെപി പ്രവർത്തകർ സാരി നൽകുന്നതിന്‍റെ ചിത്രങ്ങളാണ് പുറത്തുവന്നത്. ശോഭ സുരേന്ദ്രൻ നേരിട്ടെത്തി സാരി വിതരണം ചെയ്തു എന്ന ആരോപണവും ഉണ്ട്. എന്നാൽ ശോഭ സുരേന്ദ്രൻ നേരിട്ട് സാരി വിതരണം ചെയ്യുന്നതിന്‍റെ ചിത്രങ്ങളോ മറ്റ് തെളിവുകളോ ഇതുവരെ പുറത്തുവന്നിട്ടില്ല. കൊട്ടിക്കലാശത്തിൽ പങ്കെടുത്ത സ്ത്രീകൾ ഒരേ പോലെയുള്ള സാരി ധരിച്ചെത്തിയതും ചർച്ചയായിട്ടുണ്ട്. എൻഡിഎ കേന്ദ്രങ്ങളിൽ നിന്ന് കൈമാറിയ സാരിയാണ് ഇതെന്ന ആക്ഷേപമാണ് ഉയരുന്നത്. വോട്ടിന് നോട്ടും സാരിയും വിതരണം ചെയ്തെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ്, തെരഞ്ഞെടുപ്പ് കമ്മീഷനും പാലക്കാട് എസ് പിക്കും പരാതി നൽകുകയും ചെയ്തു.
ഗുരുവായൂർ മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയായ ബി ഗോപാലകൃഷ്ണന്റെ പരാമർശം വലിയ വിവാദമായിരുന്നു. ക്ഷേത്ര നഗരി എന്ന് കേൾവി കേട്ട ഗുരുവായൂരിൽ കഴിഞ്ഞ കുറേ കാലങ്ങളായി ഒരു ഹിന്ദു എംഎൽഎ ഉണ്ടായിട്ടില്ല എന്നായിരുന്നു ഗോപാലകൃഷ്ണന്റെ പരാമർശം. വിവാദ പരാമര്‍ശത്തിൽ കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ ഗുരുവായൂരില്‍ ഉയര്‍ന്ന ബിജെപിയുടെ ഫ്ലക്സ് വീണ്ടും വിവാദമായി. 1977 മുതൽ ഗുരുവായൂര്‍ മണ്ഡലത്തിലുണ്ടായിരുന്ന എംഎൽഎമാരുടെ പേരുകൾ പട്ടികയായി കൊടുത്ത ഫ്ലക്സാണ് ഉയര്‍ന്നത്. എന്നാൽ, പച്ച നിറത്തിലുള്ള ഭാഗത്ത് എംഎൽഎമാരുടെ പേരും കാവി നിറമുള്ള ഭാഗത്ത് ഇത് മാറണം എന്നുമാണ് പറഞ്ഞിരുന്നത്. ഇത്തരം ബോർഡ് വർഗീയത പ്രചരിപ്പിക്കുന്നതാണെന്ന് വിമർശിച്ച് യുഡിഎഫും എൽഡിഎഫും രംഗത്തെത്തിയിരുന്നു.
ഇതിനിടെ, ബിജെപി വലിയ പ്രതീക്ഷ വെച്ചു പുലർത്തുന്ന കാട്ടാക്കട മണ്ഡലത്തിലും സ്ഥാനാർത്ഥിയുടെ പരാമർശം വിവാദമായി. എല്‍ഡിഎഫും യുഡിഎഫും അധികാരത്തിൽ വന്നാൽ ഭരണം നിയന്ത്രിക്കുന്നത് എസ്ഡിപിഐയും ജമാഅത്തെ ഇസ്ലാമിയുമായിരിക്കുമെന്നും പാകിസ്ഥാൻ അനുകൂല സംഘടനകൾ ലൗ ജിഹാദിനെ പ്രോത്സാഹിപ്പിക്കുമെന്നും ബിജെപി സ്ഥാനാർത്ഥിയായ പി കെ കൃഷ്ണദാസ് പറഞ്ഞതാണ് വിവാദമായത്. ഹിന്ദു പെൺകുട്ടികളെ മതം മാറ്റി ദേശവിരുദ്ധപ്രവർത്തനത്തിന് ഉപയോഗിക്കുമെന്നും ഇതിന് രണ്ട് മുന്നണികളും സഹായിക്കുമെന്നും കൃഷ്ണദാസ് അമിത് ഷാ പങ്കെടുത്ത തെരഞ്ഞെടുപ്പ് യോഗത്തിൽ പറഞ്ഞിരുന്നു. ക്രൈസ്തവ പെൺകുട്ടികളെയും പ്രണയം നടിച്ച് രാജ്യവിരുദ്ധപ്രവർത്തനത്തിന് ഉപയോഗിക്കുമെന്നും കേരളം അപകട അവസ്ഥയിലാകുമെന്നുമായിരുന്നു കൃഷ്ണദാസിന്റെ വാക്കുകൾ. എന്നാൽ, കൃഷ്ണദാസിന്റെ പരാമർശങ്ങളെ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ തള്ളിക്കളഞ്ഞു. പാർട്ടിക്ക് അത്തരമൊരു അഭിപ്രായം ഇല്ലെന്നായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ പ്രതികരണം.
തെരഞ്ഞെടുപ്പിന് ഏതാനും ദിവസങ്ങൾ മാത്രം ശേഷിക്കെ തൃശൂരിൽ വിവിധയിടങ്ങളിൽ ബിജെപിയ്ക്ക് എതിരെ കിറ്റ് വിവാദവും ഉയര്‍ന്നിരുന്നു. വാടാനപ്പള്ളിയിലെ ഹോൾസെയിൽ വിതരണ സ്ഥാപനത്തിൽ കിറ്റുകൾ ഓർഡർ ചെയ്യാനായി ബിജെപി നേതാവും ചലച്ചിത്ര താരവുമായ ദേവൻ എത്തിയെന്ന് ആരോപിച്ച് കോൺഗ്രസ് പ്രവർത്തകർ വലിയ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇതോടെ സ്ഥലത്ത് ബിജെപി പ്രവർത്തകർ കൂടി തടിച്ചു കൂടുകയും മണിക്കൂറോളം നീണ്ട സംഘർഷമുണ്ടാകുകയും ചെയ്തു. സംഭവത്തിൽ സ്ഥാപന ഉടമയും പ്രാദേശിക ബിജെപി പ്രവർത്തകനെയും പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. എന്നാൽ, ടി എൻ പ്രതാപൻ പരാജയ ഭീതി കാരണം തയ്യാറാക്കിയ നാടകം എന്നായിരുന്നു ദേവന്‍റെ പ്രതികരണം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam