
പാലക്കാട്: വോട്ടെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ പാലക്കാട് മണ്ഡലത്തിൽ രാഷ്ട്രീയ നാടകങ്ങൾ കൊടുമ്പിരിക്കൊള്ളുന്നു. ബിജെപി പ്രവർത്തകർ വോട്ടർമാർക്ക് പണം നൽകിയെന്ന കോൺഗ്രസ് ആരോപണത്തെ വീഡിയോ സഹിതം ശോഭ സുരേന്ദ്രൻ പ്രതിരോധിക്കുമ്പോൾ, പുതിയതായി 'സാരി വിതരണ' ആരോപണവും രംഗത്തെത്തി. തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ പച്ചക്കള്ളമാണെന്ന് വാദിച്ചാണ് ശോഭ സുരേന്ദ്രൻ പുതിയ വീഡിയോ ഫേസ്ബുക്കിൽ പങ്കുവച്ചത്.
പണം വാങ്ങിയെന്ന് ആരോപിക്കപ്പെട്ട ദേവു എന്ന വയോധിക തന്നെ തനിക്ക് ആരും പണം നൽകിയിട്ടില്ലെന്ന് വീഡിയോയിൽ പറയുന്നുണ്ട്. തനിക്കെതിരെ ദൃശ്യങ്ങൾ ചിത്രീകരിച്ചവർ ക്രിമിനൽ പശ്ചാത്തലമുള്ളവരാണെന്നും കഴിഞ്ഞ രണ്ട് ദിവസമായി തന്നെ പിന്തുടരുന്ന സംഘമാണെന്നും ശോഭ ആരോപിച്ചു. ദൃശ്യങ്ങൾ ചിത്രീകരിച്ചവരോട് തട്ടിക്കയറുന്ന ശോഭയുടെ വീഡിയോ കോൺഗ്രസ് പ്രചരിപ്പിക്കുന്നുണ്ടെങ്കിലും, അത് തന്റെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം ചോദ്യം ചെയ്തതാണെന്നാണ് ശോഭയുടെ പക്ഷം.
പണത്തിന് പിന്നാലെ ബിജെപി പ്രവർത്തകർ പിരിയാരി മേഖലയിൽ സാരി വിതരണം ചെയ്തെന്ന പരാതിയുമായും കോൺഗ്രസും സിപിഎമ്മും രംഗത്തെത്തി. വീടുകളിൽ സാരി വിതരണം ചെയ്യുന്നതിന്റെ ചില ചിത്രങ്ങൾ കോൺഗ്രസ് പുറത്തുവിട്ടു. പ്രചാരണ സമാപനത്തിൽ പങ്കെടുത്ത സ്ത്രീകൾ ഒരേ നിറത്തിലുള്ള സാരി ധരിച്ചെത്തിയത് ബിജെപി വിതരണം ചെയ്തതാണെന്നാണ് ആക്ഷേപം. ഇത് സംബന്ധിച്ച് ജില്ലാ കളക്ടർക്കും എസ്‌പിക്കും പരാതി നൽകിയിട്ടുണ്ട്.
കണ്ണാടിയിലെ വീട്ടിലെത്തി പരിശോധന നടത്തിയ തിരഞ്ഞെടുപ്പ് ഫ്ലയിംഗ് സ്ക്വാഡ്, വയോധികയ്ക്ക് പണം നൽകിയിട്ടില്ലെന്നാണ് പ്രാഥമികമായി കണ്ടെത്തിയിരിക്കുന്നത്. ദൃശ്യങ്ങളിൽ കണ്ട പണം വയോധികയുടെ സ്വന്തം സമ്പാദ്യമാണെന്ന് കുടുംബം മൊഴി നൽകി. സംഭവത്തിൽ ജില്ലാ കളക്ടറോട് തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദമായ റിപ്പോർട്ട് തേടിയിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam