തദ്ദേശത്തിലെ 'കൈ കരുത്ത്' നിയമസഭയിലും ആവർത്തിക്കുമോ? പത്തനംതിട്ടയിലെ 5 കോട്ടകൾ കാക്കാൻ എൽഡിഎഫ്, അങ്കത്തട്ടിൽ മുന്നണികൾ

Published : Mar 28, 2026, 12:41 PM IST
Kerala Assembly Election 2026 Pathanamthitta

Synopsis

പത്തനംതിട്ട ജില്ലയിലെ അഞ്ച് നിയമസഭ മണ്ഡലങ്ങളിലും ഇത്തവണ തീപാറുന്ന ത്രികോണ മത്സരമാണ് നടക്കാനിരിക്കുന്നത്. നിലവിലെ സീറ്റുകൾ നിലനിർത്താൻ എൽഡിഎഫും, തദ്ദേശ തെരഞ്ഞെടുപ്പിലെ മുന്നേറ്റത്തിന്റെ ബലത്തിൽ സീറ്റുകൾ പിടിച്ചെടുക്കാൻ യുഡിഎഫും, ഒപ്പം എൻഡിഎയും ശക്തമായി രംഗത്തുണ്ട്. 

പത്തനംതിട്ട ജില്ലയിലെ നിയമസഭ മണ്ഡലങ്ങളിൽ ഇപ്രാവശ്യം തീപ്പാറും പോരാട്ടമായിരിക്കും. അഞ്ച് സീറ്റുകളും നിലനിർത്താൻ എൽഡിഎഫും പിടിച്ചെടുക്കാൻ യുഡിഎഫും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം തന്നെ നടക്കും. ശബരിമല വിഷയത്തിൽ പോരാടിയ എൻഡിഎ സഖ്യം മാനം കാക്കാൻ ഒന്നെങ്കിലും നേടിയെടുക്കാനും നെട്ടോട്ടമോടുകയാണ്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ അഞ്ച് സീറ്റിലും എൽഡിഎഫ് വിജയക്കൊടി പാറിച്ചു. എന്നാൽ ലോക്സഭ തെരഞ്ഞെടുപ്പിൽ ലീഡ് നേടി എന്നതാണ് യുഡിഎഫ് വയ്ക്കുന്ന പ്രതീക്ഷ. അതുമാത്രമല്ല 2025ൽ നടന്ന തദ്ദേസ തെരഞ്ഞെടുപ്പിലും മേൽക്കൈ നേടാൻ യുഡിഎഫിന് സാധിച്ചിരുന്നു. ഒരു സംവരണ സീറ്റ് ഉൾപ്പെടെ അഞ്ച് നിയമസഭ സീറ്റുകളാണ് പത്തനംതിട്ട ജില്ലയിലുള്ളത്.

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം

പത്തനംതിട്ട ജില്ലയിലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ യുഡിഎഫ് കാഴ്ചവെച്ച അപ്രതീക്ഷിത മുന്നേറ്റം വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ജില്ലയിലുടനീളം, പ്രത്യേകിച്ച് തിരുവല്ല മണ്ഡലത്തിൽ വലിയ പ്രതീക്ഷകൾക്ക് വഴിതുറക്കുന്നുണ്ട്. തിരുവല്ല മുനിസിപ്പാലിറ്റിയും കടപ്ര, കവിയൂർ, കുട്ടൂർ, നെടുമ്പ്രം, നിരണം, പെരിങ്ങര, ആനിക്കാട്, കല്ലൂപ്പാറ, മല്ലപ്പള്ളി, പുരമറ്റം, കുന്നന്താനം എന്നീ പഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് തിരുവല്ല മണ്ഡലം. നിലവിൽ തിരുവല്ല മുനിസിപ്പാലിറ്റി യുഡിഎഫിന്റെ കരുത്തുറ്റ കോട്ടയാണ്. കഴിഞ്ഞ തവണ കൈവിട്ടുപോയ പത്തനംതിട്ട ജില്ലാ പഞ്ചായത്ത് എൽഡിഎഫിൽ നിന്ന് യുഡിഎഫ് പിടിച്ചെടുത്തത് ജില്ലയിലെ രാഷ്ട്രീയ കാലാവസ്ഥ മാറിയതിന്റെ വ്യക്തമായ സൂചനയാണ്. ജില്ലയിലെ നാല് നഗരസഭകളിൽ മൂന്നെണ്ണത്തിലും യുഡിഎഫ് ആധിപത്യം സ്ഥാപിച്ചു. ഇതിൽ അടൂരും പത്തനംതിട്ടയും എൽഡിഎഫിൽ നിന്ന് യുഡിഎഫ് പിടിച്ചെടുക്കുകയായിരുന്നു. ബിജെപിയുടെ കൈവശമായിരുന്ന പന്തളം നഗരസഭയിൽ ഇത്തവണ എൽഡിഎഫ് (14 സീറ്റുകൾ) ഒന്നാമതെത്തി. യുഡിഎഫ് 11 സീറ്റുകൾ നേടിയപ്പോൾ ബിജെപി 9 സീറ്റുകളിലേക്ക് ഒതുങ്ങി. ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകളിൽ യുഡിഎഫിന്റെ അശ്വമേധമാണ് ഇത്തവണ കണ്ടത്. ജില്ലയിലെ എട്ട് ബ്ലോക്ക് പഞ്ചായത്തുകളിൽ ഏഴിലും യുഡിഎഫ് വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരം ഉറപ്പിച്ചു. 2020-ൽ കേവലം 13 പഞ്ചായത്തുകളിൽ മാത്രം ഒതുങ്ങിയ യുഡിഎഫ്, ഇത്തവണ ആകെയുള്ള 53-ൽ 34 പഞ്ചായത്തുകളിലും വിജയിച്ച് വമ്പൻ മുന്നേറ്റം നടത്തി. താഴെത്തട്ടിലെ ഈ അപ്രതീക്ഷിത വിജയം തിരുവല്ല ഉൾപ്പെടെയുള്ള മണ്ഡലങ്ങളിൽ തങ്ങൾക്ക് അനുകൂലമായ രാഷ്ട്രീയ കാറ്റ് വീശുന്നുണ്ടെന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫ് കേന്ദ്രങ്ങൾ.

തിരുവല്ല നിയമസഭ മണ്ഡലം

എൽഡിഎഫിന്‍റെ സിറ്റിങ് എംഎൽഎ മാത്യു ടി തോമസ് തുടർച്ചയായ അഞ്ചാം തവണയും ജനവിധി തേടുന്ന മണ്ഡലമാണ് തിരുവല്ല. 1987ലെ തെരഞ്ഞെടുപ്പിലും മാത്യു ടി തോമസ് മണ്ഡലത്തിൽ വിജയക്കൊടി പാറിച്ചിരുന്നു. 2006 മുതൽ എൽഡിഎഫിനെ മാത്രമേ മണ്ഡലം വിജയിപ്പിച്ചിട്ടുള്ളൂ. ശബരിമല വിഷയം ആളി കത്തുമ്പോഴും മണ്ഡലം ഇടതുപക്ഷത്തോടൊപ്പം തന്നെയായിരുന്നു. യുഡിഎഫിൽ ജില്ലയിൽ ഘടകകക്ഷിക്കുള്ള ഏക സീറ്റായ ഇവിടെ കേരള കോൺഗ്രസ്-ജോസഫ് വിഭാഗത്തിലെ അഡ്വ. വർഗീസ് മാമ്മനാണ് സ്ഥാനാർഥി. എൻഡിഎയിൽ ബിജെപി മത്സരിക്കുന്ന ഇവിടെ സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്‍റണിയാണ് സ്ഥാനാർഥി.

ഭരണപരമായ കഴിവും പ്രതിസന്ധികളിലെ ഇടപെടലുകളുമാണ് ഇവിടെ പ്രധാനമായും പരിശോധിക്കപ്പെടുന്നത്. വാചകമടികളേക്കാൾ പ്രായോഗികമായ പ്രവർത്തനങ്ങൾക്കാണ് ഇവിടെ വില. സ്ഥാനാർത്ഥിയുടെ മുൻകാല പ്രവർത്തനങ്ങൾ വോട്ടർമാർ കൃത്യമായി വിലയിരുത്തും. 2021ലെ തെരഞ്ഞെടുപ്പിൽ മാത്യു ടി തോമസ് നേടിയത് 62,178 വോട്ടുകളായിരുന്നു. കേരള കോൺ​ഗ്രസിൻ്റെ കുഞ്ഞു കോശി പോൾ നേടിയത് 50,757 വനോട്ടുകളും. ബിജെപിക്ക് 22,674 വോട്ടുകളും തിരുവല്ല മണ്ഡലത്തിൽനിന്ന് നേടാൻ സാധിച്ചിട്ടുണ്ട്.

ക്രൈസ്തവ സഭകളുടെ സാന്നിധ്യവും ഹൈന്ദവ സമുദായങ്ങളുടെ സ്വാധീനവും മണ്ഡലത്തിന്റെ പ്രത്യേകതയാണ്. രാഷ്ട്രീയമായി എപ്പോഴും കടുത്ത മത്സരത്തിന് വേദിയാകുന്ന ഒരു മധ്യതിരുവിതാംകൂർ മണ്ഡലമാണിത്. സിറിയൻ ക്രിസ്ത്യൻ വിഭാഗങ്ങൾ, പ്രത്യേകിച്ച് ഓർത്തഡോക്സ്, മാർത്തോമ, കത്തോലിക്കാ സഭകൾക്ക് ഇവിടെ വലിയ സ്ഥാപനപരമായ അധികാരമുണ്ട്. ക്രൈസ്തവ വോട്ടർമാർ പരമ്പരാഗതമായി യുഡിഎഫിനോട് ആഭിമുഖ്യം പുലർത്താറുണ്ടെങ്കിലും സമീപകാലത്ത് അത് പ്രായോഗികമായ രാഷ്ട്രീയ നിലപാടുകളിലേക്ക് മാറുന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഹൈന്ദവ സമൂഹത്തിൽ ഈഴവ, നായർ സമുദായങ്ങൾക്ക് വലിയ സ്വാധീനമുണ്ട്. എസ്എൻഡിപി ശൃംഖലകളിലൂടെ ഒന്നിച്ച് നിൽക്കുന്ന ഈഴവ വോട്ടുകൾ ക്ഷേമപദ്ധതികളിലൂടെ ഇടതുപക്ഷത്തിന് അനുകൂലമായില മാറുന്നതാണ് പതിവ് കാഴ്ചകൾ‌.

ആറന്മുള നിയമസഭ മണ്ഡലം

മന്ത്രി മണ്ഡലമാണ് ആറന്മുള. അതുകൊണ്ടു തന്നെ രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന മണ്ഡലം കൂടിയാണിത്. 2016 മുതൽ വീണ ജോർജാണ് മണ്ഡലത്തിൽ വിജയിച്ചിട്ടുള്ളത്. മൂന്ന് മുന്നണികൾക്കും നല്ല വളക്കൂറുള്ള മണ്ണാണ് ആറന്മുള. സിറ്റിങ് സീറ്റിൽ മൂന്നാം ഊഴത്തിനായി ഇറങ്ങുന്ന മന്ത്രി വീണ ജോർജിന് തുടക്കം മുതലുള്ള വിവാദങ്ങളുടെ കരിനിഴൽ മങ്ങലേൽപ്പിക്കുന്നുണ്ട്. കോൺഗ്രസിലെ യുവനേതാവ് അബിൻ വർക്കിയെയാണ് മണ്ഡലം തിരിച്ചുപിടിക്കാൻ കോൺഗ്രസ് നിയോഗിച്ചിരിക്കുന്നത്. പെരുമ്പാവൂരിൽ നിന്ന് അബിൻ വർക്കിയെ ഇവിടെ നിയോഗിച്ചത് സാമുദായിക സമവാക്യങ്ങളെ കൂടി കണക്കിലെടുത്താണ്. വീണ ജോർജിനെതിരെയുള്ള ആരോപണങ്ങൾ തുണയ്ക്കും എന്നുതന്നെയാണ് യുഡിഎഫ് കരുതുന്നത്. ബിജെപിക്കും മണ്ഡലത്തിൽ വ്യക്തമായ സ്വാധീനമുണ്ട്. മുതിർന്ന ബിജെപി നേതാവ് കുമ്മനം രാജശേഖരനാണ് എൻ‍ഡിഎ സ്ഥാനാർഥി. 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ 74,950 വോട്ടുകളാണ് വീണ ജോർജ് നേിയത്. 55,947 വോട്ടുകളായിരുന്നു ഇന്ത്യൻ നാഷണൽ കോൺ​ഗ്രസിൻ്റെ കെ ശിവദാസൻ നായർ നേടിയിരുന്നത്. 19,003 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു വീണ ജോർജ് വിജയക്കൊടി പാറിച്ചത്. 2016ലെ നിയമസഭ തെരഞ്ഞെടുപ്പിൽ 7,646 വോട്ടിൻ്റെ ഭൂരിപക്ഷത്തിനായിരുന്നു കെ ശിവദാസൻ നായരെ പരാജയപ്പെടുത്തി വീണ ജോർജ് നിയമസഭയിൽ എത്തിയത്. ഭരണവിരുദ്ധ വികാരം മണ്ഡലത്തിൽ ഉണ്ടെന്നാണ് യുഡിഎഫ് ആരോപിക്കുന്നത്. ഇതു തന്നെയാണ് യുഡിഎഫിൻ്റെ മണ്ഡലത്തിലെ പ്രതീക്ഷയും.

റാന്നി നിയമസഭ മണ്ഡലം

1996 മുതൽ ഇടതുപക്ഷത്തിനോടൊപ്പം മാത്രം നിന്ന മണ്ഡലമാണ് റാന്നി. യുഡിഎഫിൻ്റെ കുത്തക മണ്ഡലമായിരുന്നു റാന്നി, രാജു എബ്രഹാമിലൂടെ എൽഡിഎഫ് പക്ഷത്തെത്തുകയായിരുന്നു. 1996 മുതൽ 2016 വരെ ആഞ്ച് തവണ രാജു എബ്രഹാം തന്നെയായിരുന്നു മണ്ഡലത്തിൽനിന്ന് നിയമസഭയിലെത്തിയത്. 2021ൽ കേരള കോൺ​ഗ്രസ് മാണി വിഭാ​ഗത്തിലെ പ്രമോദ് നാരായൺ ആണ് മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തിയത്. റിങ്കു ചെറിയാനായിരുന്നു എതിർ സ്ഥാനാർഥി. കേവലം 1,285 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് പ്രമോദ് നാരായൺ വിജയിച്ചത്. വന്യജീവി ശല്യം, കൃഷിനാശം, നഷ്ടപരിഹാരം ലഭിക്കുന്നതിലെ കാലതാമസം എന്നിവയ്ക്കെതിരെയുള്ള ജനരോഷം വോട്ടുകളിൽ പ്രകടമായിരുന്നു. എങ്കിലും സർക്കാർ നടപ്പിലാക്കിയ ക്ഷേമ പെൻഷനുകളും ലൈഫ് മിഷൻ പദ്ധതികളും പാവപ്പെട്ട വോട്ടർമാരെ ഇടതുപക്ഷത്തിനൊപ്പം നിർത്തി എന്നും കാണാൻ സാധിക്കും.

ഇപ്രാവശ്യം എൽഡിഎഫിനുവേണ്ടി പ്രമോദ് നാരായൺ തന്നെയാണ് മത്സരിക്കനായി കളത്തിലിറങ്ങുന്നത്. സംഘടനാരംഗത്ത് പടിപടിയായി ഉയർന്ന് കെപിസിസി ജനറൽ സെക്രട്ടറി സ്ഥാനത്തെത്തിയ കോൺഗ്രസിലെ പഴകുളം മധുവിനെയാണ് യുഡിഎഫ് രംഗത്തിറക്കിയിരിക്കുന്നത്. എൻഡിഎയിൽ കഴിഞ്ഞ തവണ ബിഡിജെഎസ് മത്സരിച്ച ഇവിടെ ഇത്തവണ ബിജെപി മത്സരിക്കുമെന്നാണ് എല്ലാവരും കരുതിയിരുന്നത്. എന്നാൽ അപ്രതീക്ഷിത ട്വിസ്റ്റ് ആണ് സംഭവിച്ചത്. ട്വിൻ്രി 20ക്കാണ് എൻഡിഎ സീറ്റ് കൊടുത്തിരിക്കുന്നത്. വ്യവസായിയായ തോമസ് കെ. ശാമുവേലാണ് എൻഡിഎ സ്ഥാനാർഥി.

കോന്നി നിയമസഭ മണ്ഡലം

അട്ടിമറി വിജയത്തിലൂടെ എൽഡിഎഫ് നീണ്ട ഇടവേളക്കുശേഷം തിരിച്ചുപിടിച്ച മണ്ഡലമാണ് കോന്നി. മധ്യതിരുവിതാംകൂറിൽ നിന്നുള്ള ഹിന്ദു കുടിയേറ്റ വിഭാഗങ്ങൾ, ശക്തമായ എസ്എൻഡിപി സ്വാധീനമുള്ള ഈഴവ സമുദായം, കൃഷിയും വ്യാപാരവും ചെയ്തുവരുന്ന ക്രൈസ്തവ കുടുംബങ്ങൾ എന്നിവരാണ് കോന്നിയിലെ പ്രധാന വോട്ടർമാർ. സിറ്റിങ് എംഎൽഎ എൽഡിഎഫിലെ ജനീഷ് കുമാർ മൂന്നാം വട്ടമാണ് മത്സരരംഗത്ത് ഇറങ്ങുന്നത്. കോൺഗ്രസ് ജില്ല അധ്യക്ഷൻ കൂടിയായ സതീഷ് കൊച്ചുപറമ്പിലിനെ രംഗത്തിറക്കി മണ്ഡലം തിരികെ പിടിക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നത്. പത്തനംതിട്ട ജില്ലയിലുടനീളം തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായ യുഡിഎഫ് കാറ്റ് തന്നെയാണ് കോന്നി മണ്ഡലത്തിലും യുഡിഎഫിൻ്റെ പ്രതീക്ഷ. അടൂർ പ്രകാശ് ആഞ്ച് തവണ തുടർച്ചായായി മത്സരിച്ച് വിജയിച്ച മണ്ഡലമാണിത്. അടൂർ പ്രകാശ് ആറ്റിങ്ങലിൽ നിന്ന് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടപ്പോഴുണ്ടായ ഉപതെരഞ്ഞെടുപ്പിലാണ് അട്ടമറി സംഭവിക്കുകയും ഇടുപക്ഷം മണ്ഡലം പിടിച്ചെടുക്കുകയും ചെയ്തത്. ചെറിയ ഭൂരിപക്ഷത്തിനാണ് രണ്ട് പ്രവശ്യവും ജനീഷ് കുമാ‍ർ വിജയിച്ചത്. 2021ലെ തെരെഞ്ഞടുപ്പിൽ 8508 വോട്ടിൻ്റെ ഭൂരിപക്ഷത്തിനാണ് ജനീഷ് കുമാർ വിജയിച്ചത്. 2019ൽ 9,953 വോട്ടപകൾക്കാമ് കോൺ​ഗ്രസ് സ്ഥാനാർഥി പി മോഹൻരാജിനെ പരാജയപ്പെടുത്തിയത്.

അടൂർ നിയമസഭ മണ്ഡലം

ജില്ലയിലെ ഏക സംവരണ സീറ്റാണ് അടൂർ. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ​​ഗോപകുമാറിൻ്റെ മണ്ഡലമാണിത്. 2011 മുതൽ 2021 വരെ ചിറ്റം ​ഗോപകുമാർ അക്കിവാണ മണ്ഡലമാണിത്. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിന്‍റെ സിറ്റിങ് സീറ്റിൽ യുവ വനിത സ്ഥാനാർഥി പ്രിജി കണ്ണനെയാണ് എൽഡിഎഫിനുവേണ്ടി സിപിഐ ഇത്തവണ രംഗത്തിറക്കിയിരിക്കുന്നത്. അഡ്വ. ശാന്തകുമാറിനെയാണ് മണ്ഡലം തിരിച്ചുപിടിക്കാൻ യുഡിഎഫ് നിയോഗിച്ചിരിക്കുന്നത്. കോൺഗ്രസിലൂടെ രാഷ്ട്രീയ ജീവിതം ആരംഭിച്ച് എതാനും വർഷം മുമ്പ് ബിജെപിയിലെത്തിയ അഡ്വ. പന്തളം പ്രതാപനാണ് എൻഡിഎ സ്ഥാനാർഥി. 2021ൽ വെറും 2,919 വോട്ടുകളുടെ ഭൂരിപക്ഷമാണ് ചിറ്റയം ഗോപകുമാറിന് ലഭിച്ചത്. മണ്ഡലത്തിൽ ബിജെപിക്ക് അടിത്തറ ഉണ്ടാക്കാൻ സാധിച്ചിട്ടുണ്ട്. ഇത്തവണ മണ്ഡലം തിരിച്ചുപിടിക്കാൻ സാധിക്കുമെന്നു തന്നെയാണ് യുഡിഎഫ് പ്രതീക്ഷിക്കുന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'പോറ്റിയെ കേറ്റിയെ സ്വർണം ചെമ്പായ് മാറ്റിയെ.......', റാന്നിയിൽ പാട്ടുപാടി യുഡിഎഫ് പ്രചാരണം, തെറ്റെന്ന് തിരുവാഭരണ പാത സംരക്ഷണ സമിതി
ശബരിമല സ്വര്‍ണക്കൊള്ള: റെയ്ഡ് കഴിഞ്ഞ് 66 ദിവസം; ഇഡി അന്വേഷണം മന്ദഗതിയിലെന്ന് യുഡിഎഫ്