കാസർകോട് ജില്ലയിലെ എല്‍ഡിഎഫ് കോട്ടകള്‍ ഇളകുമോ? പ്രതീക്ഷയോടെ യുഡിഎഫ്, കെ സുരേന്ദ്രനില്‍ കണ്ണുംനട്ട് എന്‍ഡിഎ

Published : Mar 31, 2026, 03:29 PM IST
LDF UDF BJP

Synopsis

2016-ലെയും 2021-ലെയും നിയമസഭാ തെരഞ്ഞെടുപ്പില്‍ എൽഡിഎഫ് മൂന്ന് മണ്ഡലങ്ങളിലും യുഡിഎഫ് രണ്ട് മണ്ഡലങ്ങളിലുമാണ് ജയിച്ചത്.

നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിച്ചിരിക്കെ എല്ലാ പാര്‍ട്ടികളും പതിനെട്ടടവും പയറ്റുകയാണ്. കാസർഗോഡ് ജില്ലയിലും പോരാട്ടം ശക്തമാണ്. ഇടതുപക്ഷത്തെ സംബന്ധിച്ചിടത്തോളം സുരക്ഷിതമായ മണ്ഡലങ്ങളുള്ള ജില്ലയാണ് കാസർകോട്. കാസർകോട് ജില്ലയുടെ രാഷ്ട്രീയ ചരിത്രത്തിൽ വിവിധ രാഷ്ട്രീയ പാർട്ടികൾ സാന്നിധ്യമറിയിച്ചിട്ടുണ്ടെങ്കിലും എല്‍ഡിഎഫിന് നേരിയ മുന്‍തൂക്കമുണ്ടെന്നാണ് മുന്‍ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. അതേസമയം ജില്ലയില്‍ മുസ്‌ലിം ലീഗിനും കൃത്യമായ വളർച്ചയുണ്ടായിട്ടുണ്ട്.

മൊത്തം 5 മണ്ഡലങ്ങളാണ് ജില്ലയിലുള്ളത്. 2016-ലെയും 2021-ലെയും നിയമസഭാ തെരഞ്ഞെടുപ്പില്‍ എൽഡിഎഫ് മൂന്ന് മണ്ഡലങ്ങളിലും യുഡിഎഫ് രണ്ട് മണ്ഡലങ്ങളിലുമാണ് ജയിച്ചത്. യുഡിഎഫിന് കിട്ടിയ രണ്ടും ലീഗിന്‍റെ സീറ്റുകളുമാണ്. 2021-ല്‍ ജില്ലയിലെ മഞ്ചേശ്വരം മണ്ഡലത്തില്‍ ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രന് ലഭിച്ച വോട്ടുകള്‍ സൂചിപ്പിക്കുന്ന രാഷ്ട്രീയചിത്രവും ഇത്തവണ ചര്‍ച്ചയായിട്ടുണ്ട്.

2025- ലെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലം

തദ്ദേശ തിരഞ്ഞെടുപ്പിൽ കാസർകോട് പിടിച്ചുനിൽക്കാനായെന്നതാണ് എല്‍ഡിഎഫിന്‍റെ ആശ്വാസം. എന്നാല്‍ 2020-നെ അപേക്ഷിച്ച് 2025ല്‍ ജില്ലയിൽ യുഡിഎഫ് വലിയ മുന്നേറ്റം നടത്തിയപ്പോൾ, പരമ്പരാഗതമായ എൽഡിഎഫ് കോട്ടകളിൽ വിള്ളലുകൾ വീഴ്ത്താൻ അവർക്ക് സാധിച്ചു. ജില്ലാ പഞ്ചായത്തും നാല് ബ്ലോക്ക് പഞ്ചായത്തുകളും രണ്ട് നഗരസഭകളും നിലനിർത്താനായതിന്റെ അടിസ്ഥാനത്തിലാണ് ജില്ലയിൽ പിടിച്ചുനിൽക്കാനായെന്ന സിപിഎം വിലയിരുത്തൽ. എന്നാൽ, കാഞ്ഞങ്ങാട് നഗരസഭയിലും ബ്ലോക്കിലും കഷ്ടിച്ചാണ് ഭരണം നിലനിർത്താനായത്. ജില്ലാ പഞ്ചായത്തിലും അത്ര മികച്ച പ്രകടനമല്ല എല്‍ഡിഎഫിന് ഉണ്ടായത്. 9 ജില്ലാ പഞ്ചായത്ത് എല്‍ഡിഎഫ് നേടിയപ്പോള്‍ 8 എണ്ണം യുഡിഎഫിന് ലഭിച്ചു. കൈവശമുണ്ടായിരുന്ന ഗ്രാമപ്പഞ്ചായത്തുകൾ ചിലത് എല്‍ഡിഎഫിന് നഷ്ടപ്പെടുകയും ചെയ്തു. യുഡിഎഫ് 17 ഗ്രാമപഞ്ചായത്തുകൾ നേടിയപ്പോള്‍ എല്‍ഡിഎഫിന് 13 സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്. ജില്ലയുടെ വടക്കൻ മേഖലയിൽ പാർട്ടിയുടെ ശക്തി ചോർന്നു.

2021- ലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം

2021-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എൽഡിഎഫ് മൂന്ന് മണ്ഡലങ്ങളിലും യുഡിഎഫ് രണ്ട് മണ്ഡലങ്ങളിലുമാണ് ജയിച്ചത്. കാസർകോടും മഞ്ചേശ്വരവും ലീഗ് നിലനിർത്തിയപ്പോൾ ഉദുമയും തൃക്കരിപ്പൂരും സിപിഎമ്മും കാഞ്ഞങ്ങാട് സിപിഐയും നിലനിര്‍ത്തി. താരപരിവേഷത്തോടെ പ്രചാരണം നടത്തിയ ബിജെപി നേതാവ് കെ. സുരേന്ദ്രന് തുടർച്ചയായ മൂന്നാം തവണയും മഞ്ചേശ്വരത്ത് പരാജയമായിരുന്നു ഫലം. കോൺഗ്രസ് ഏറെ പ്രതീക്ഷയോടെ മത്സരിച്ച ഉദുമ മണ്ഡലത്തിൽ എൽഡിഎഫിന് വൻ വിജയമായിരുന്നു ഉണ്ടായത്. ഇ. ചന്ദ്രശേഖരൻ തുടർച്ചയായ മൂന്നാം തവണയും കാഞ്ഞങ്ങാട് മണ്ഡലത്തിൽ വിജയിക്കുകയും ചെയ്തു.

2016- ലെ തെരഞ്ഞെടുപ്പ് ഫലം

2016-ല്‍ ആകെയുള്ള അഞ്ച് മണ്ഡലങ്ങളില്‍ തൃക്കരിപ്പൂരും കാഞ്ഞങ്ങാടും ഉദുമയും എല്‍ഡിഎഫിനൊപ്പവും കാസര്‍കോടും മഞ്ചേശ്വരവും യുഡിഎഫിനൊപ്പവുമായിരുന്നു. എന്നാല്‍ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മൂന്നര പതിറ്റാണ്ടത്തെ ഇടത് മുന്നേറ്റം അവസാനിപ്പിച്ച് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ 40,438 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ച് എല്ലാവരെയും ഞെട്ടിക്കുകയായിരുന്നു.

2026-ലെ നിയമസഭ തെരഞ്ഞെടുപ്പ്; ജില്ലയിലെ മണ്ഡലങ്ങളുടെ ഇപ്പോഴത്തെ സാഹചര്യം:

1. മഞ്ചേശ്വരം

കാസർ​കോടിന്‍റെ കവാടമെന്ന് വിശേഷിപ്പിക്കാവുന്ന മഞ്ചേശ്വരത്ത് ഇത്തവണയും വീറും വാശിയും നിറഞ്ഞ പോരാട്ടമാകും നടക്കുക. ജില്ലയിൽ ബിജെപിക്ക് സ്വാധീനമുള്ള മണ്ഡലം കൂടിയാണ് മഞ്ചേശ്വരം. എൻഡിഎയ്ക്ക് വേണ്ടി ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ ഒരിക്കൽക്കൂടി പോരിനിറങ്ങുമ്പോൾ കോട്ട കാക്കുകയെന്ന ലക്ഷ്യം ഏറ്റെടുത്ത് നിലവിലെ എംഎൽഎയായ എ.കെ.എം അഷ്റഫ് തന്നെയാണ് യുഡിഎഫിന് വേണ്ടി മത്സര രം​ഗത്തുള്ളത്. നാലാം തവണയാണ് മഞ്ചേശ്വരത്ത് കെ സുരേന്ദ്രൻ മത്സരിക്കുന്നത്. വെറും 745 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ലീഗിന്‍റെ എ.കെ.എം അഷ്റഫ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജയിച്ചുകയറിയത്. 2011 മുതൽ മണ്ഡലത്തിൽ ബിജെപി ശക്തമായ സാന്നിധ്യമാണ്. അക്കൗണ്ട് തുറക്കാൻ ബിജെപിയും കോട്ട നിലനിർത്താൻ യുഡിഎഫും ശ്രമിക്കുമ്പോൾ മഞ്ചേശ്വരം ഇത്തവണയും കേരളത്തിലെ ഏറ്റവും വലിയ 'ഹോട്ട് സീറ്റ്' ആയിരിക്കും എന്ന കാര്യത്തിൽ തർക്കമില്ല. കെ ആർ ജയാനന്ദയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി.

2. കാസർകോട്

യുഡിഎഫും എല്‍ഡിഎഫും എന്‍ഡിഎയും തമ്മിലുള്ള പോരാട്ടത്തില്‍, വ്യക്തിപരമായ സ്വീകാര്യതയും താഴേതട്ടിലെ ബന്ധവും നിര്‍ണായക ഘടകങ്ങളായി മാറാറുള്ള മണ്ഡലമാണ് കാസർകോട്. 1977-ൽ രൂപീകൃതമായത് മുതൽ മുസ്ലീം ലീഗിന്‍റെ സമഗ്രാധിപത്യമാണ് കാസർകോട് നിയോജക മണ്ഡലത്തിൽ കാണാൻ കഴിയുന്നത്. 2011 മുതൽ മുസ്ലീം ലീഗിന്‍റെ എൻഎ നെല്ലിക്കുന്നാണ് മണ്ഡലത്തെ നിയമ സഭയിൽ പ്രതിനിധീകരിക്കുന്നത്. യുഡിഎഫിനായി ഇത്തവണ കല്ലട്ര മാഹിൻ ഹാജിയും എൽഡിഎഫിനായി ഷാനവാസ് പാദൂറും എൻഡിഎ സ്ഥാനാർത്ഥിയായി എം എൽ അശ്വിനിയുമാണ് കാസർകോട് മത്സരിക്കുന്നത്.

3. ഉദുമ

സംസ്ഥാനത്തെ നിയമസഭ തെരഞ്ഞെടുപ്പുകളിൽ എക്കാലവും ഇടതുകോട്ടയായി നിലകൊള്ളുന്ന മണ്ഡലമാണ് കാസർകോട് ജില്ലയിലെ ഉദുമ. 1991 മുതൽ തുടർച്ചയായി സി.പി.ഐ.എം സ്ഥാനാർത്ഥികൾ മാത്രമാണ് ഇവിടെ വിജയിക്കുന്നത്. മണ്ഡലത്തിൽ ഇത്തവണയും കടുത്ത പോരാട്ടമാണ് നടക്കാനിരിക്കുന്നത്. എൽഡിഎഫിനും യുഡിഎഫിനും പുറമെ ബിജെപിയ്ക്കും സ്വാധീനമുള്ള മണ്ഡലമായതിനാൽ തന്നെ ഇത്തവണ എൻഡിഎ പിടിക്കുന്ന വോട്ടുകളും നിര്‍ണായകമാകും. സിറ്റിംഗ് എംഎൽഎ സി.എച്ച് കുഞ്ഞമ്പു തന്നെ മണ്ഡലം നിലനിർത്താൻ ജനവിധി തേടുമ്പോൾ ഐ.എൻ.സി സ്ഥാനാർത്ഥിയായി കെ. നീലകണ്ഠൻ മത്സരരംഗത്തുണ്ട്. ഭരണവിരുദ്ധ വികാരം വോട്ടാക്കാമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്. ബിജെപിയുടെ സാന്നിധ്യവും മണ്ഡലത്തിൽ നിർണ്ണായകമാണ്.

4. കാഞ്ഞങ്ങാട്

ഉദുമയെ പോലെ ഇടതുപക്ഷത്തിന്റെ മറ്റൊരു ചെങ്കോട്ടയാണ് കാഞ്ഞങ്ങാട്. സിപിഐ സ്ഥാനാർത്ഥികൾക്ക് പതിവായി വിജയം സമ്മാനിക്കുന്ന കാഞ്ഞങ്ങാട് മണ്ഡലത്തിൽ ഇത്തവണ അട്ടിമറിക്ക് ലക്ഷ്യമിടുകയാണ് യുഡിഎഫ്. കാഞ്ഞങ്ങാട് മണ്ഡലത്തിൽ യുഡിഎഫിൽ കേരള കോൺഗ്രസ് (ജോസഫ്) മത്സരിക്കും. ഷൈജി ഓട്ടപ്പള്ളിയാണ് സ്ഥാനാർഥി. ഇടത് സ്ഥാനാർഥി സിപിഐയിലെ ഗോവിന്ദൻ പള്ളിക്കാപ്പിൽ പ്രചാരണം ആരംഭിച്ചതിനു പിന്നാലെയാണ് സീറ്റ് കേരള കോൺഗ്രസ് ജോസഫിന് വിട്ടുകൊടുക്കാൻ യുഡിഎഫിൽ ധാരണയായത്. ബിജെപിയുടെ എം ബൽരാജിനെ എൻഡിഎ സ്ഥാനാർഥിയായി പ്രഖ്യാപിച്ചിരുന്നു. ഇ ചന്ദ്രശേഖരൻ മാറിനിൽക്കുന്നത് മണ്ഡലത്തിൽ എന്ത് മാറ്റമുണ്ടാക്കുമെന്ന് ഉറ്റുനോക്കുകയാണ് രാഷ്ട്രീയ കേരളം.

5. തൃക്കരിപ്പൂർ

കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ സവിശേഷ സ്ഥാനമുള്ള തൃക്കരിപ്പൂർ നിയമസഭാ മണ്ഡലം ഇത്തവണ സംസ്ഥാനതലത്തിൽ തന്നെ ശ്രദ്ധാകേന്ദ്രമാവുകയാണ്. ഇടതുപക്ഷത്തിന്റെ ഉരുക്കുകോട്ടയായി അറിയപ്പെടുന്ന ഇവിടെ, ബിജെപി വിട്ട് കോൺഗ്രസിലെത്തിയ സന്ദീപ് വാര്യരെ ഇറക്കി അട്ടിമറി വിജയമാണ് യുഡിഎഫ് ലക്ഷ്യമിടുന്നത്. എന്നാൽ മണ്ഡലത്തിന് സുപരിചിതനായ വിപിപി മുസ്തഫയിലൂടെ കോട്ട കാക്കാനുറച്ചാണ് എൽഡിഎഫ് പ്രചാരണം നയിക്കുന്നത്. ചെറുവത്തൂർ ആനിക്കാടി സ്വദേശിയാണ് രവി കുളങ്ങരയാണ് എൻഡിഎ ടിക്കറ്റിൽ ട്വന്റി 20ക്ക് വേണ്ടി തൃക്കരിപ്പൂരിൽ മത്സര രം​ഗത്ത് ഇറങ്ങുന്നത്.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കോൺ​ഗ്രസിനെതിരെ ഡീൽ ആരോപണം; എഎ റഹീമിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി വിഎസ് ശിവകുമാർ
ഗുരുവായൂർ ആർക്കൊപ്പം? തിരിച്ചുവരാൻ ലീഗ്, തുടരുമെന്ന് സിപിഎം; ബിജെപി സ്ഥാനാര്‍ഥിയുടെ വിവാദ പരാമര്‍ശവും ചര്‍ച്ചാ വിഷയം