
ധര്‍മ്മടം: മൂന്നാം ഊഴം കാത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ മത്സരത്തിനിറങ്ങുന്ന നിയമസഭ മണ്ഡലം, അതാണ് കണ്ണൂര്‍ ജില്ലയിലെ ധര്‍മ്മടം. തുടര്‍ ഭരണം ലക്ഷ്യമിട്ട് സിപിഎമ്മും എല്‍ഡിഎഫും പിണറായിയെ കളത്തിലിറക്കിയപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ഥി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. വി പി അബ്‌ദുള്‍ റഷീദാണ്. പേരിലെ കൗതുകം കൊണ്ട് പി വി vs വി പി പോരാട്ടത്തിന് കൂടിയാണ് ധര്‍മ്മടം നിയോജന മണ്ഡലത്തില്‍ അങ്കത്തട്ട് ഒരുങ്ങിയിരിക്കുന്നത്.
ക്യാപ്റ്റന്‍ എന്ന വിശേഷണമുണ്ടെങ്കിലും മുഖ്യമന്ത്രിയും സിപിഎമ്മിന്‍റെ തലമുതിര്‍ന്ന നേതാക്കളിലൊരാളുമായ പിണറായി വിജയന്‍ അണികള്‍ക്കിടയില്‍ അറിയപ്പെടുന്നത് പി വി എന്നാണ്. പിണറായി വിജയന്‍ എന്ന പേരിന്‍റെ ചുരുക്കെഴുത്താണ് പി വി. സോഷ്യല്‍ മീഡിയയില്‍ പിണറായിയെ പി വി എന്ന് അഭിസംബോധന ചെയ്യുന്നവര്‍ ഏറെ. അതേസമയം, 2026 നിയമസഭ തെരഞ്ഞെടുപ്പില്‍ ധര്‍മ്മടത്ത് പിണറായി വിജയന് എതിരാളിയായി യുഡിഎഫ് കളത്തിലിറക്കിയത് യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിയായ വി പി അബ്‌ദുള്‍ റഷീദിനെയാണ്. തളിപ്പറമ്പ് സീറ്റിലേക്ക് ഏറെ പറഞ്ഞുകേട്ട സ്ഥാനാര്‍ഥിയായ അബ്‌ദുള്‍ റഷീദ്, തളിപ്പറമ്പില്‍ സിപിഎമ്മിലുണ്ടായ പൊട്ടിത്തെറിയോടെയാണ് ധര്‍മ്മടത്തെ സ്ഥാനാര്‍ഥിയായി നിശ്ചയിക്കപ്പെട്ടത്. വി പി അബ്‌ദുള്‍ റഷീദിനെ വി പി എന്ന് ചുരുക്കുമ്പോള്‍ ധര്‍മ്മടം കാത്തിരിക്കുന്നത് പി വി vs വി പി പോരാട്ടത്തിന്.
സിപിഎമ്മിന്‍റെ കണ്ണൂര്‍ ജില്ലയിലെ ഉറച്ച കോട്ടകളിലൊന്നാണ് ധര്‍മ്മടം നിയമസഭ മണ്ഡലം. ധര്‍മ്മടത്ത് നിന്ന് മൂന്ന് വട്ടവും എംഎല്‍എമാരായി തെരഞ്ഞെടുക്കപ്പെട്ടത് സിപിഎം കരുത്തര്‍. 2011-ല്‍ കോണ്‍ഗ്രസിന്‍റെ കരുത്തനായ മമ്പറം ദിവാകരനെ തോല്‍പിച്ച് കെ കെ നാരായണന്‍ നിയമസഭയിലെത്തി. 2016-ലും 2021-ലും പിണറായി വിജയന്‍ എതിരാളികളില്ലാതെ ധര്‍മ്മടത്തെ ജേതാവായി. 2016-ല്‍ 36,905 വോട്ടുകളുടെ ഭൂരിപക്ഷമാണ് ധര്‍മ്മടത്ത് പിണറായിക്ക് ലഭിച്ചത്. ബ്രണ്ണന്‍ കാലം തൊട്ടുള്ള എതിരാളി മമ്പറം ദിവാകരനെ തോല്‍പിച്ചതായിരുന്നു ധര്‍മ്മടത്ത് നിന്ന് പിണറായി വിജയന്‍ തേരോട്ടം തുടങ്ങിയത്. 2021-ല്‍ സി രഘുനാഥന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി വന്നപ്പോള്‍ പിണറായിയുടെ ഭൂരിപക്ഷം അരലക്ഷം (50,123) കടന്നു എന്നാണ് ചരിത്രം. ബിജെപി സ്ഥാനാര്‍ഥിയായിരുന്ന സി കെ പദ്‌മനാഭന്‍ 14,623 വോട്ടുകളില്‍ ഒതുങ്ങിയതിലുണ്ട് മണ്ഡലത്തിന്‍റെ ചിത്രം. എല്‍ഡിഎഫ് 2.0യും കടന്ന് 3.0 ലക്ഷ്യമിട്ടാണ് ഇക്കുറി പിണറായി വിജയന്‍ ധര്‍മ്മടത്ത് തുടര്‍ച്ചയായ മൂന്നാം അങ്കത്തിന് ഇറങ്ങുന്നത്. യുഡിഎഫിനായി വി പി അബ്‌ദുള്‍ റഷീദ് മണ്ഡലത്തില്‍ പ്രചാരണം തുടങ്ങിയെങ്കില്‍, എന്‍ഡിഎ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുന്നതേയുള്ളൂ.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും കെപിസിസി അംഗവുമാണ് അഡ്വ. വി പി അബ്‌ദുള്‍ റഷീദ്. തളിപ്പറമ്പ് നിയോജന മണ്ഡലത്തില്‍ 2021 തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന അബ്‌ദുള്‍ റഷീദ് തന്നെയാവും ഇത്തവണയും തളിപ്പറമ്പില്‍ എന്നായിരുന്നു ആദ്യ കണക്കുകൂട്ടല്‍. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി തളിപ്പറമ്പ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചുവരികയായിരുന്നു റഷീദ്. എന്നാല്‍, പി കെ ശ്യാമള ടീച്ചറെ സ്ഥാനാര്‍ഥിയാക്കിയത് ചോദ്യം ചെയ്‌ത് മുതിര്‍ന്ന നേതാവ് ടി കെ ഗോവിന്ദന്‍ സിപിഎമ്മുമായി അകന്നതോടെ തളിപ്പറമ്പില്‍ ടി കെയെ പിന്തുണയ്‌ക്കാം എന്ന് തീരുമാനിക്കുകയായിരുന്നു യുഡിഎഫ്. ഇതോടെയാണ് അപ്രതീക്ഷിതമായി തളിപ്പറമ്പ് വിട്ട് വി പി അബ്‌ദുള്‍ റഷീദ് സ്ഥാനാര്‍ഥിയായി ധര്‍മ്മടത്തേക്ക് വണ്ടികയറിയത്. ധര്‍മ്മടത്ത് അജയ്യനായ പിണറായി വിജയനെ നേരിടുക എന്ന വെല്ലുവിളിയാണ് പാര്‍ട്ടിയും മുന്നണിയും വി പി അബ്‌ദുള്‍ റഷീദിന് നല്‍കിയിരിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam