
എറണാകുളത്തെ 14 നിയമസഭാ മണ്ഡലങ്ങളും തെരഞ്ഞെടുപ്പിലേക്ക് കടക്കുമ്പോൾ ഇക്കുറിയും യുഡിഎഫിന്റെ അപ്രമാധിപത്യം ജില്ലയിൽ നിലനിൽക്കുമോ അതോ മാറ്റം ഇടത്തേക്കാകുമോ എന്നും ചോദ്യങ്ങൾ നിലനിൽക്കുന്നുണ്ട്. കേരളത്തിലാകെ ഇടതു പക്ഷം വേരുറപ്പിച്ച 2021ലെ തെരഞ്ഞെടുപ്പിൽ എറണാകുളം ജില്ലയിലെ മണ്ഡലങ്ങളിൽ കോൺഗ്രസിന് മന്നേറ്റം ഉണ്ടാക്കാൻ സാധിച്ചിരുന്നു. ജില്ലയിൽ ഉയർന്നു വരുന്ന ട്വന്റി ട്വന്റി- ബിജെപി സഖ്യവും ഇടതിനും വലതിനും ഒരേപോലെ തലവേദന തന്നെയാണ്. നിയമസഭക്കുമുൻപായി നടന്ന തദ്ദേശ തെരഞ്ഞെടുപ്പിലും വൻ ഭൂരിപക്ഷം നേടാൻ യുഡിഎഫിന് സാധിച്ചിരുന്നു.
ജില്ലയുടെ ഹൃദയഭാഗമായ എറാണാകുളം മണ്ഡലത്തിൽ നിയമസഭയെ പ്രതിനിധീകരിച്ചിരുന്ന ഹൈബി ഈഡന്റെ ലോക്‌സഭാ തെരഞ്ഞെടുപ്പ് വിജയത്തോടെ വന്ന 2019ൽ ഉപതെരഞ്ഞെടുപ്പിലും, 2021ലെ നിയമസസഭാ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസിലെ ടി.ജെ വിനോദ് വിജയിച്ചിരുന്നു. 1957ലെ ആദ്യ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ ജേക്കബ് എഐയാണ് ആദ്യ എംഎൽഎല്‍ ആയത്. ചരിത്രപരമായി എറണാകുളം ഐക്യജനാധിപത്യ മുന്നണിയോട്, പ്രത്യേകിച്ച് കോൺഗ്രസിനോട് ചേർന്നുനിൽക്കുന്ന മണ്ഡലമാണ്. എങ്കിലും ഇത് ഒരു സുരക്ഷിത സീറ്റല്ല. യൂഡിഎഫ് സ്ഥാനാർത്ഥിയായി ടി.ജെ വിനോദും, എൽഡിഎഫ് സ്ഥാനാർത്ഥിയായി സ്ഥാനാർഥി സാബു ജോർജുമാണ് മത്സരിക്കുന്നത്. പി.ആർ. ശിവശങ്കറാണ് ബിജെപി സ്ഥാനാർത്ഥി.
നേരത്തെ മട്ടാഞ്ചേരി, പള്ളുരുത്തി മണ്ഡലമായിരുന്ന കൊച്ചി മണ്ഡലം ഇടത് പക്ഷത്തിനെ ശക്തമാക്കിയ മണ്ഡലം കൂടിയാണ്. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ ഡൊമിനിക്ക് പ്രസന്റേഷൻ വിജയം നേടിയതും പിന്നീട് 2016 ലും 2021ലും അടുപ്പിച്ച് കെ.ജെ മാക്സിയെ വിജയിപ്പിച്ചതും ഇവിടെ വ്യക്തമായ രാഷ്ട്രീയ സമവാക്യങ്ങൾക്കോ ആശയപരമായ സ്ഥിരതക്കോ അവസരങ്ങൾ കുറവാണ് എന്നതിന്റെ തെളിവാണ്. 1980ൽ മട്ടാഞ്ചേരി മണ്ഡലമായിരുന്നതിൽ പിന്നെ മുസ്‍ലിം ലീഗ് സ്ഥാനാർഥികളാണ് വിജയിച്ചു പോന്നിരുന്നത്. എങ്കിലും ക്രിസ്റ്റ്യൻ വോട്ടുകളും ഇവിടെ നിർണ്ണായകമായി മാറുന്ന ഘടകമാണ്. യുഡിഎഫ് സ്ഥാനാർത്ഥിയായി ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസും, എൽഡിഎഫിൽ നിന്നും കെജെ മാക്സിയുമാണ് മത്സര രംഗത്തുള്ളത്.
തൃപ്പൂണിത്തുറ നിയമസഭാ മണ്ഡലം
രാഷ്ട്രീയ കുത്തകകളെ തൃപ്പൂണിത്തുറ എന്നും എതിർത്തിട്ടുണ്ട്. മണ്ഡല രൂപീകരണം മുതൽ കോൺഗ്രസും ഇടതുപക്ഷവും മാറിമാറിയാണ് ഇവിടെ വിജയിക്കുന്നത്. 1991 മുതല്‍ കെ ബാബുവാണ് ജനപ്രതിനിധി. 2016 ല്‍ കെ ബാബുവിന് കാലിടറി. സിപിഎമ്മിന്റെ യുവ നേതാവ് എം സ്വരാജ് അട്ടിമറി വിജയം നേടി. 2021 ലെ തെരഞ്ഞെടുപ്പില്‍ കെ ബാബു മണ്ഡലം തിരിച്ചുപിടിച്ചു. സിപിഎം നേതാവ് എം സ്വരാജിനെതിരെ 1232 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് മണ്ഡലം പിടിച്ചെടുക്കുന്നത്. തൃപ്പൂണിത്തുറ നഗരസഭ ഇത്തവണ ബിജെപി പിടിച്ചതും നിയമസഭയിൽ തെളിയുമെന്നാണ് എൻഡിഎ കരുതുന്നതെങ്കിലും, തദ്ദേശ തെരഞ്ഞെടുപ്പിലെ ഇടതിനും വലതിനുമുള്ള മേൽകൈ അത്രകണ്ട് ബിജെപിക്ക് ഗുണം ചെയ്യുകയില്ലെന്നാണ് രാഷ്‍ട്രീയ നിരീക്ഷകരുടെ അഭിപ്രായം. തൃപ്പുണിത്തുറ മണ്ഡലത്തിലെ പഞ്ചായത്തുകളിൽ മരട്,കുംബളം, ഉദയംപേരൂർ, എന്നീ പഞ്ചായത്തുകളിൽ യുഡിഎഫും, മണ്ഡലത്തിൽ വരുന്നതുമായ 9 ഡിവിഷനുകളിൽ എട്ടിലും വിജയിച്ചത് എൽഡിഎഫ് സ്ഥാനാർഥികളാണ്. എൽഡിഎഫ് സ്ഥാനാർഥി കെ എൻ ഉണ്ണിക്കൃഷ്‌ണനും,യുഡിഎഫിന് വേണ്ടിയിറങ്ങുന്നത് ദീപക് ജോയിയുമാണ്.
വൈപിന്‍ നിയമസഭാ മണ്ഡലം
2011 മുതൽ ജില്ലിൽ എൽ.ഡിഎഫിന് ശക്തമായ വേരോട്ടമുള്ള മണ്ണും കൂടിയാണ് വൈപ്പിൻ. 2016 വരെ എസ്.ശർമയും 2021ൽ കെ.ഉണ്ണികൃഷ്‍ണനും മണ്ഡലത്തിൽ പ്രതിനിധീകരിച്ച് നിയമസഭയിൽ എത്തി. അടുപ്പിച്ച് രണ്ട് ടേം മണ്ഡലം കൈപ്പിടിയിലാക്കിയിരുന്നുവെങ്കിലും അടിയൊഴുക്കുകളില്ലെങ്കിൽ ഇത്തവണയും ഇടതിന് സാധ്യത കൂടുതലുള്ള മണ്ഡലം കൂടിയാണ് വൈപ്പിൻ. തീര പ്രദേശമായത് കൊണ്ട് തന്നെ മത്സ്യബന്ധന തൊഴിലാളികളുമുള്ള പ്രദേശം കൂടിയാണ് വൈപ്പിൻ. പുനര്‍നിര്‍ണയത്തോടെ പഴയ ഞാറയ്ക്കല്‍ മണ്ഡലം വൈപ്പിനായി മാറി. കുടിവെള്ള ക്ഷാമം, കടൽഭിത്തി, വേലിയേറ്റ സമയത്തെ വെള്ളക്കെട്ട് എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ആണ് മണ്ഡലത്തിലെ വോട്ടർമാർ പ്രധാനമായും നോക്കികാണുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിൽ എട്ട് പഞ്ചായത്തുകളില്‍ ആറ് പഞ്ചായത്തുകളിലും ഭൂരിപക്ഷം യുഡിഎഫിനായിരുന്നു. എംബി ഷൈനിയാണ് എൽഡിഎഫ് സ്ഥാനാർത്ഥി,യുഡിഎഫിൽ നിന്നും സ്ഥാനാർത്ഥിയായി ടോണി ചമ്മണിയും, എൻഡിഎ സ്ഥാനാർത്ഥി അനിത തോമസുമാണ് മത്സരിക്കുന്നത്.
പറവൂര്‍ നിയമസഭാ മണ്ഡലം
മുൻകാലങ്ങളിൽ സിപിഐക്ക് വ്യക്തമായ ഭൂരിപക്ഷം നിലനിന്നിരുന്ന മണ്ഡലം കൂടിയാണ് പറവൂര്. 2001ൽ വി.ഡി സതീശൻ വിജയിക്കുന്നതിലൂടെയാണ് മണ്ഡലം കോൺഗ്രസ് പിടിച്ചടക്കുന്നത്. പിന്നീട് 2006 ലും 2011 ലും 2021 ലും സതീശൻ വിജയം ആവർത്തിച്ചു. ഇതോടെ തീർത്തും കോൺഗ്രസ് ശക്തി തെളിയിച്ച മണ്ഡലമായി മാറി പറവൂര്. കഴിഞ്ഞ ടേമിൽ 21,301 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സതീശൻ വിജയിക്കുന്നത്. ഇത്തവണയും വി.ഡി സതീശൻ തന്നെയാണ് മത്സരിക്കുന്നത്. അതേസമയം എൽഡിഎഫിൽ നിന്നും ഇ ഡി ടൈസൺ മാസ്റ്ററും, എൻഡിഎയിൽ സ്ഥാനാർത്ഥിയായി വത്സല കുമാരിയുമാണ് മത്സര രംഗത്ത്.
കളമശ്ശേരി നിയമസഭാ മണ്ഡലം
രാഷ്ട്രീയ ചരിത്രത്തിൽ ഇടതിന് കരുത്തുള്ള മണ്ഡലമാണെങ്കിലും കോൺഗ്രസ് നയിക്കുന്ന യുഡിഎഫും മുസ്ലീം ലീഗും ഇവിടെ ശക്തമായ സാന്നിധ്യം നിലനിർത്തുന്നുണ്ട്. 2011ലും 2016ലും മുസ്ലിം ലീഗിന്റെ വി കെ ഇബ്രാഹിം കുഞ്ഞാണ് മണ്ഡലത്തില്‍ നിന്നും വിജയിച്ചത്. പിന്നീട് നടന്ന 2021ലെ തെരഞ്ഞെടുപ്പിൽ പി രാജീവ് വ്യക്തമായ ഭൂരിപക്ഷത്തിൽ വിജയിക്കുകയുണ്ടായി. പാലാരിവട്ടം മേൽപ്പാല നിര്‍മാണ അഴിമതിയുമായി ബന്ധപ്പെട്ട് ഇടതുമുന്നണി സര്‍ക്കാര്‍ പാലാരിവട്ടം പാലം പുനര്‍നിര്‍മിക്കുകയും ചെയ്തതിൽ യുഡിഎഫിന് ചെറുതല്ലാത്ത തിരിച്ചടി 2021ൽ കൈവരിക്കേണ്ടി വന്നിരുന്നു. സിറ്റിങ് എംഎൽഎയും വ്യവസായ മന്ത്രിയുമായ പി. രാജീവും യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. വി.ഇ. അബ്‍ദുൾ ഗഫൂറുമാണ് സ്ഥാനാർത്ഥികൾ.
ആലുവ നിയമസഭാ മണ്ഡലം
ആലുവ മണ്ഡലത്തിൽ വാശിയേറിയ പോരാട്ടം എന്ന് തന്നെവേണം പറയാൻ. കോൺഗ്രസിന് അൻവർ സാദത്താണ് 2011 മുതൽ എംഎൽഎ. യുഡിഎഫിന്റെ ശക്തി കേന്ദ്രങ്ങളിൽ ഒന്ന്. ആലുവ മണ്ഡലം യുഡിഎഫിനുവേണ്ടി അൻവർ സാദത്ത് തന്നെയാണ് വീണ്ടും മത്സരിക്കുന്നത്. എൽഡിഎഫ് ഇത്തവണ തുറുപ്പുചീട്ടായ എ.എം ആരിഫിനെയും കളത്തിലിക്കി അട്ടിമറി വിജയമാണ് പ്രതീക്ഷിക്കുന്നത്.
അങ്കമാലി നിയമസഭാ മണ്ഡലം
സംഘടനാ രാഷ്ട്രീയത്തിൽ ജാതിക്കും സമുദായത്തിനും പങ്കുണ്ടെങ്കിലും തിരഞ്ഞെടുപ്പ് തീരുമാനങ്ങൾ പലപ്പോഴും മണ്ഡലത്തിലെ വികസനത്തിന് മുൻഗണന നൽകിയാണ് മുന്നോട്ട് പോകുന്നത്. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ അങ്കമാലിയിൽ. കോൺഗ്രസിലെ റോജി എം. ജോൺ വമ്പിച്ച വിജയമാണ് കൈവരിച്ചത്. യുഡിഎഫിന് വളകൂറുള്ള മണ്ണാണ് അങ്കമാലിയെന്ന് വ്യക്തമാണ്. തെരഞ്ഞെടുപ്പു ഫലത്തിൽ ഇത് തെളിഞ്ഞുകാണുന്നുമുണ്ട്. ജോസ് തെറ്റയിലിനെ 15929 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയായിരുന്നു റോജി എം ജോണിന്റെ വിജയം.
പെരുമ്പാവൂര്‍ നിയമസഭാ മണ്ഡലം
സിറ്റിങ് എംഎൽഎയാ. എൽദോസ് കുന്നപ്പിള്ളിയ്ക്ക് സീറ്റ് നിഷേധിച്ചതും, വിമത നീക്ക സാധ്യതയും ഒക്കെ കോൺഗ്രസിനെ അലട്ടിയ മണ്ഡലമാണ് പെരുമ്പാവൂർ. യുഡിഎഫ് അനുകൂല കാറ്റാണെങ്കിലും. മണ്ഡലത്തിലെ ചില അസ്വാരസ്യങ്ങളിൽ ഒരു അട്ടിമറി വിജയത്തിനും സാധ്യതയുള്ള മണ്ഡലമാണ്. ഇക്കുറി പെരുമ്പാവൂർ ഏതു വിധേനെയും പിടിച്ചടക്കാനാണ് എൽഡിഎഫ് നീക്കം. 2016ലും 21ലും എല്‍ദോസ് കുന്നപ്പള്ളിയാണ് വിജയിച്ചത്. 2001 മുതല്‍ ഇടത് ചേര്‍ന്ന് നിന്ന പെരുമ്പാവൂര്‍ മണ്ഡലം 2016 ല്‍ ആണ് സിപിഎമ്മിനെ കൈവിട്ടത്. യുഡിഎഫ് സ്ഥാനാർത്ഥി മനോജ് മൂത്തേടനും, എൽഡ്എഫ് സ്ഥാനാർത്ഥി ബേസിൽ പോളുമാണ്. ജിബി പാത്തിക്കലാണ് എൻഡിഎ സ്ഥാനാർത്ഥി.
തൃക്കാക്കര നിയമസഭാ മണ്ഡലം
കോൺഗ്രസിന് വളരെ ഏറെ പ്രതീക്ഷയുള്ള മണ്ഡലങ്ങളിൽ ഒന്നാണ് തൃക്കാക്കര. പി.ടി തോമസിന്റെ വിയോഗത്തിന് ശേഷം നടന്ന ഉപതെരഞ്ഞെടുപ്പിൽ ഭാര്യ ഉമ തോമസിന് വിജയിക്കൻ കഴിഞ്ഞിരുന്നു. അതേസമയം 2011 ലെ തെരഞ്ഞെടുപ്പില്‍ ബെന്നി ബെഹന്നാന്‍ വിജയിച്ചിരുന്നു. 2016ല്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ടി തോമസ് വിജയം നേടി. 2021 ല്‍ പി ടി വിജയം ആവര്‍ത്തിച്ചു. സിപിഎം സ്ഥാനാര്‍ഥി സെബാസ്റ്റ്യന്‍ പോളിനെ ആയിരുന്നു പി ടി തോമസ് പരാജയപ്പെടുത്തിയത്. തൃക്കാക്കര ഒരിക്കലും ഒരു മുന്നണിയുടെ മാത്രം കുത്തകയായിരുന്നില്ല. കോൺഗ്രസിന് ഇവിടെ ശക്തമായ സ്വാധീനമുണ്ടെങ്കിലും ഇടതുപക്ഷം നിരന്തരം ശക്തമായ വെല്ലുവിളി ഉയർത്താറുണ്ട്. ബിജെപിയും പുതിയ രാഷ്ട്രീയ കൂട്ടായ്മകളും ഇവിടെ സാന്നിധ്യമറിയിക്കുന്നുണ്ടെന്നതും ഇരു പാർട്ടികളിലും വെല്ലുവിളിയാണ്. എൽഡിഎഫ് സ്ഥാനാർത്ഥിയായി പുഷ്പ ദാസും യുഡിഎഫ് സ്ഥാനാർത്ഥിയായി ഉമ തോമസും എൻഡിഎ സ്ഥാനാർത്ഥിയായി ട്വിറ്റി 20ക്ക് വേണ്ടി അഖിൽ മാരാരും മത്സര രംഗത്തുണ്ട്.
കുന്നത്തുനാട് നിയമസഭാ മണ്ഡലം
2021 ല്‍ പി വി ശ്രീനിജനിലൂടെ സിപിഎം മണ്ഡലം പിടിച്ചെടുത്തു. വി പി സജീന്ദ്രനെ 2717 വോട്ടുകള്‍ക്കായിരുന്നു ശ്രീനിജന്‍ മറികടന്നത്. എങ്കിലും മണ്ഡലത്തിൽ ഉടനീളം ട്വൻ്റി ട്വന്റി ഉയർത്തുന്ന വെല്ലുവിളി ഇടതിനും വീണ്ടും മത്സരിക്കുന്ന പി വി ശ്രീനിജിനും തലവേദന തന്നെയാണ്. എറണാകുളം ജില്ലയിലെ പട്ടികജാതി സംവരണ മണ്ഡലം കൂടിയാണ് കുന്നത്തു നാട്. ഇടതും വലതും ചേര്‍ന്ന് നിന്നുള്ള പാരമ്പര്യവും മണ്ഡലത്തിനുണ്ട്. തദ്ദേശ തെഞ്ഞെടുപ്പിൽ എൽഡിഎഫിനേറ്റ കനത്ത പരാജയവും വിനയാണ്. വി പി സജീന്ദ്രനാണ് വീണ്ടും യുഡിഎഫിന് വേണ്ടി മത്സരിക്കുന്നത്. എൻഡിഎക്കു വേണ്ടി ബാബു ദിവാകരനും കളത്തിലിറങ്ങും.
പിറവം നിയമസഭാ മണ്ഡലം
എല്‍ഡിഎഫ് ഘടകക്ഷിയായ കേരളാ കോൺഗ്രസ് എം മത്സരിക്കുന്ന മണ്ഡലത്തിൽ കോൺഗ്രസിന്റെ മുൻ മുൻസിപ്പാലിറ്റി ചെയർമാനും നേതാവുമായ സാബു കെ ജേക്കബിന് സീറ്റ് നൽകിക്കൊണ്ടാണ് തെരഞ്ഞെടുപ്പിലേക്ക് ഇറങ്ങിയത്. കേരളാ കോൺഗ്രസ് ജേക്കബ് വിഭാഗത്തിന് ഭൂരിപക്ഷമുള്ള മേഖല കൂടിയാണ് പിറവം. 2022-ൽ രണ്ടാം ഉമ്മൻചാണ്ടി സർക്കാരിലെ ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രിയായിരുന്ന ടി.എം ജേക്കബിന്റെ നിര്യാണത്തെ തുടർന്നാണ് മകൻ അനൂപ് നിയമസഭയിൽ എത്തുന്നത്. പിന്നീട് അങ്ങോട്ട് മന്ത്രിയായും എംഎൽഎ സ്ഥാനത്തും തുടർന്ന് അനൂപ് ജേക്കബ് എംഎൽഎ ആകുന്നത്. കഴിഞ്ഞ തവണ 85,056 വോട്ടിന്റെ ഭൂരിപക്ഷം നേടിയാണ് അനൂപ് ജേക്കബ് പിറവത്ത് വിജയിച്ചത്. സിറ്റിങ് സീറ്റിൽ അനൂപ് ജേക്കബ് തന്നെയാണ് യുഡിഎഫ് സ്ഥാനാർത്ഥി. എൽഡിഎഫിൽ നിന്നും സാബു കെ ജേക്കബും, ജിബി എബ്രഹാമിനെയാണ് എൻഡിഎ കളത്തിലിറക്കുന്നത്.
കോതമംഗലം നിയമസഭാ മണ്ഡലം
2016, 2021 ലും ആന്റണി ജോണ്‍ ഇടതിന് ഭൂരിപക്ഷമുണ്ടാക്കിയ മണ്ഡലം. സംഘടനാ ശേഷിയും വ്യക്തിപരമായ ഇടപെടലുകളും സമന്വയിപ്പിക്കുന്ന നേതാക്കളെയാണ് കോതമംഗലം തിരഞ്ഞെടുക്കുന്നത്. സമുദായ പാരമ്പര്യവും സംഘടനാ കരുത്തും നേരിയ ഭൂരിപക്ഷവും ജനവിധി നിശ്ചയിക്കുന്ന മണ്ഡലമാണ് കോതമംഗലം. എൽഡിഎഫ് സ്ഥാനാർഥി ആന്റണി ജോണും, യുഡിഎഫ് സ്ഥാനാർഥി ഷിബു തെക്കുംപുറം എൻഡിഎ സ്ഥാനാർഥി അജി നാരായണൻ എന്നിവരും മത്സരിക്കും.
മൂവാറ്റുപുഴ നിയമസഭാ മണ്ഡലം
ക്രൈസ്‍തവ വോട്ട് ഷെയർ കൂടുതലുള്ള മണ്ഡലമാണ് മൂവാറ്റുപുഴ. മുസ്ലീം സമുദായത്തിനും ഹിന്ദു വോട്ടകളും ഇവിടെ നിർണ്ണായകമാകും. 2021ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ മാത്യു കുഴൽനാടൻ 64,425 വോട്ടുകൾ നേടി സി പി ഐയിലെ എൽദോ എബ്രഹാമിനെ തോൽപ്പിച്ചിരുന്നു. 58,264 വോട്ടുകളുമായിരുന്നു എൽദോ എബ്രഹാമിന് നേടാനായത്. രൂപീകൃതമായതു മുതൽ കേരളാ കോൺഗ്രസ് എം ന് ഭൂരിപക്ഷമുള്ള മണ്ഡലമാണ് മുവാറ്റുപുഴ. പിന്നീട് കോൺഗ്രസിന് വേരോട്ടമുണ്ടായി. യുഡിഎഫിനായി സിറ്റിങ് എംഎൽഎ മാത്യു കുഴൽനാടനും,എൽഡിഎഫിൽ നിന്ന് എൻ അരുണും, എൻഡിഎയിൽ നിന്നും സണ്ണി തോമസ് കുടൂത്താഴെയുമാണ് മത്സരിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam