ആലപ്പുഴ ആര് കടക്കും? ജില്ലയില്‍ എല്‍ഡിഎഫ്- യുഡിഎഫ് തീപ്പോര്, ജി സുധാകരൻ പ്രഭാവം നിർണായകം

Published : Mar 30, 2026, 05:36 PM ISTUpdated : Mar 30, 2026, 05:50 PM IST
H Salam and G Sudhakaran

Synopsis

2021-ൽ ആലപ്പുഴയിൽ 9-ൽ 8 സീറ്റും നേടിയ എൽഡിഎഫിന് 2026-ലെ തെരഞ്ഞെടുപ്പ് കടുത്ത വെല്ലുവിളിയാണ്. ജി സുധാകരൻ്റെ അമ്പലപ്പുഴയിലെ സ്ഥാനാർഥിത്വവും തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിയും ജില്ലയിലെ രാഷ്ട്രീയ സമവാക്യങ്ങൾ മാറ്റിമറിക്കുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

ആലപ്പുഴ: 2021 നിയമസഭ തെരഞ്ഞെടുപ്പില്‍ ഇടത് കൊടുങ്കാറ്റ് ആഞ്ഞടിച്ച ജില്ലയായിരുന്നു ആലപ്പുഴ. ജില്ലയില്‍ ആകെയുള്ള ഒമ്പത് സീറ്റുകളില്‍ എട്ടും എല്‍ഡിഎഫ് പക്ഷത്തേക്ക് തിരിഞ്ഞപ്പോള്‍ രമേശ് ചെന്നിത്തലയുടെ ഹരിപ്പാട് മാത്രമാണ് യുഡിഎഫിന് വിജയിക്കാനായത്. എന്നാല്‍ 2026-ലെ സാഹചര്യം വ്യത്യസ്‌തമാണ്. മുതിര്‍ന്ന സിപിഎം നേതാവും മുന്‍ മന്ത്രിയുമായ ജി സുധാകരന്‍ ഉയര്‍ത്തിവിട്ട അലയൊലി ഇടതുപക്ഷത്തെ തളര്‍ത്തുമോ, യുഡിഎഫിന് ഗുണകരമാകുമോ എന്ന ആകാംക്ഷയാണ് ഇത്തവണ ആലപ്പുഴയില്‍ പ്രധാനമായും അലതല്ലുന്നത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് തിരിച്ചടി നേരിട്ട ജില്ല കൂടിയാണ് ആലപ്പുഴ. അരൂര്‍, ചേര്‍ത്തല, ആലപ്പുഴ, അമ്പലപ്പുഴ, കുട്ടനാട്, ഹരിപ്പാട്, കായംകുളം, മാവേലിക്കര, ചെങ്ങന്നൂര്‍ എന്നീ നിയോജക മണ്ഡലങ്ങളാണ് ആലപ്പുഴ ജില്ലയില്‍ ഉള്‍പ്പെടുന്നത്.

2021-ല്‍ എല്‍ഡിഎഫ് വിജയിച്ച സീറ്റുകള്‍

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ അരൂരില്‍ ദലീമ ജോജോ 7,013 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. ചേര്‍ത്തലയില്‍ പി പ്രസാദ് 6,148 വോട്ടുകള്‍ക്കും ആലപ്പുഴയില്‍ പി പി ചിത്തരഞ്ജന്‍ 11,644 വോട്ടുകള്‍ക്കും അമ്പലപ്പുഴയില്‍ എച്ച് സലാം 11,125 വോട്ടുകള്‍ക്കും വിജയിച്ചുകയറി. കുട്ടനാട്ടില്‍ എന്‍സിപി നേതാവ് തോമസ് കെ തോമസ് 5,516 വോട്ടുകള്‍ക്കും വിജയിച്ചു. കായംകുളം യു പ്രതിഭ 6298 വോട്ടുകള്‍ക്കും മാവേലിക്കര എം എസ് അരുണ്‍കുമാര്‍ 24,717 വോട്ടുകള്‍ക്കും ചെങ്ങന്നൂര്‍ സജി ചെറിയാന്‍ 32,093 വോട്ടുകള്‍ക്കും വിജയിച്ചതായിരുന്നു ആലപ്പുഴ ജില്ലയില്‍ എല്‍ഡിഎഫിന്‍റെ മറ്റ് പടയോട്ടങ്ങള്‍.

ഹരിപ്പാട് ഒതുങ്ങിയ യുഡിഎഫ്

ആലപ്പുഴ ജില്ലയില്‍ 2021-ല്‍ ഹരിപ്പാട് എന്ന ഒറ്റ സീറ്റിലേക്ക് ചുരുങ്ങി യുഡിഎഫ്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല തുടര്‍ച്ചയായ മൂന്നാംവട്ടവും (2011, 2016, 2021) ഹരിപ്പാടിന്‍റെ എംഎല്‍എ ആവുകയായിരുന്നു. 13,666 വോട്ടുകളായിരുന്നു 2021 നിയമസഭ തെരഞ്ഞെടുപ്പില്‍ ചെന്നിത്തലയുടെ ഭൂരിപക്ഷം. അതിന് മുമ്പ് 1982, 1987 വര്‍ഷങ്ങളിലും രമേശ് ചെന്നിത്തല ഹരിപ്പാടിന്‍റെ എംഎല്‍എയായിട്ടുണ്ട്.

അരൂര്‍ ആര്‍ക്കൊപ്പം?

ഇത്തവണയും അരൂരില്‍ ദലീമയും (എല്‍ഡിഎഫ്) ഷാനിമോള്‍ ഉസ്‌മാനും (യുഡിഎഫ്) തമ്മിലാണ് നേര്‍ക്കുനേര്‍ അങ്കം. ബിഡിജെഎസിന്‍റെ അഡ്വ. പി എസ് ജ്യോതിസാണ് എന്‍ഡിഎ സ്ഥാനാര്‍ഥി. മുമ്പ് 2019-ലെ ഉപതെരഞ്ഞെടുപ്പില്‍ അരൂരില്‍ നിന്ന് വിജയിച്ച് നിയമസഭയിലെത്തിയിട്ടുണ്ട് ഷാമിമോള്‍ ഉസ്‌മാന്‍. അതിനാല്‍ തന്നെ വിജയവഴിയില്‍ തിരിച്ചെത്താനാണ് ഷാനിമോള്‍ അരൂരില്‍ മത്സരിക്കുന്നത്. ദലീമ ജോജോയും ഷാനിമോള്‍ ഉസ്‌മാനും വാശിയേറിയ തെരഞ്ഞെടുപ്പ് പ്രചാരണവുമായാണ് മണ്ഡലത്തില്‍ മുന്നോട്ടുപോകുന്നത്. സംസ്ഥാനത്ത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ പ്രധാന വനിതാ മുഖങ്ങളിലൊന്നായ ഷാനിമോള്‍ക്ക് ഇതൊരു അഭിമാന പോരാട്ടം കൂടിയാണ്. 

ചേര്‍ത്തലയില്‍ തുടരുമോ പ്രസാദ്

ചേര്‍ത്തലയില്‍ നിന്ന് കൃഷി മന്ത്രി പി പ്രസാദ് വീണ്ടും ജനവിധി തേടുമ്പോള്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ കെ ആര്‍ രാജേന്ദ്ര പ്രസാദാണ് യുഡിഎഫ് സ്ഥാനാര്‍ഥി. ബിഡിജെഎസിന്‍റെ അഡ്വ. ടി പി ആനന്ദരാജ് ആണ് എന്‍ഡിഎ സ്ഥാനാര്‍ഥി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വെവ്വേറെ സ്ഥാനാര്‍ഥികളായിരുന്നു ചേര്‍ത്തല മണ്ഡലത്തില്‍ യുഡിഎഫ്, എന്‍ഡിഎ മുന്നണികള്‍ക്കായി മത്സരിച്ചിരുന്നത്.

ആലപ്പുഴ ആര് കടക്കും?

ആലപ്പുഴ നിയോജക മണ്ഡലത്തില്‍ തുടര്‍ച്ചയായ രണ്ടാം ജയത്തിനായി പി പി ചിത്തരഞ്ജനെ തന്നെയാണ് സിപിഎമ്മും എല്‍ഡിഎഫും കളത്തിലിറക്കിയിരിക്കുന്നത്. കോണ്‍ഗ്രസ് നേതാവ് എ ഡി നേതാവാണ് യുഡിഎഫ് സ്ഥാനാര്‍ഥി. ബിജെപി ഇത്തവണ എം ജെ ജോബിനെ സ്ഥാനാര്‍ഥിയാക്കിയിരിക്കുന്നു.

ജി സുധാകരന്‍ കൊടുങ്കാറ്റടിച്ച അമ്പലപ്പുഴ

ഇത്തവണ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ തന്നെ ഏറ്റവും ശ്രദ്ധേയമായ മണ്ഡലങ്ങളിലൊന്നാണ് അമ്പലപ്പുഴ. സിപിഎമ്മുമായി കലഹിച്ച് പാര്‍ട്ടിവിട്ട മുതിര്‍ന്ന നേതാവ് ജി സുധാകരനാണ് ഇത്തവണ യുഡിഎഫ് പിന്തുണയില്‍ അമ്പലപ്പുഴയിലെ സ്ഥാനാര്‍ഥി. സിറ്റിംഗ് എംഎല്‍എ എച്ച് സലാം തന്നെയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. കഴിഞ്ഞ തവണ മെച്ചപ്പെട്ട ലീഡില്‍ മണ്ഡലം നിലനിര്‍ത്തിയ എച്ച് സലാമിനെ സുധാകരന്‍ മലര്‍ത്തിയടിക്കുമോ എന്നതാണ് പ്രധാന ആകാംക്ഷ. ഇരുപക്ഷത്തെയും കലഹം മുതലാക്കാമെന്ന പ്രതീക്ഷയില്‍ ബിജെപിയുടെ എന്‍ഡിഎ സ്ഥാനാര്‍ഥി അരുണ്‍ അനിരുദ്ധനും അമ്പലപ്പുഴയില്‍ മത്സര രംഗത്തുണ്ട്.

കുട്ടനാട്ടില്‍ മുട്ടനങ്കം

തോമസ് ചാണ്ടിക്ക് ശേഷം തോമസ് കെ തോമസ് മത്സരിക്കുന്ന മണ്ഡലമാണ് കുട്ടനാട്. ഇത്തവണയും എന്‍സിപി-എസ്‌പിയുടെ തോമസ് കെ തോമസ് തന്നെയാണ് കുട്ടനാട് മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി. കേരള കോണ്‍ഗ്രസിന്‍റെ റെജി ചെറിയാനാണ് മുഖ്യ എതിരാളി. ബിഡിജെഎസിലെ സന്തോഷ് ശാന്തിയാണ് എന്‍ഡിഎ സ്ഥാനാര്‍ഥി. കുട്ടനാട്ടില്‍ സാധാരണക്കാരുടെ പ്രശ്‌നങ്ങളും കര്‍ഷക വിഷയങ്ങളും തെരഞ്ഞെടുപ്പില്‍ വലിയ ചര്‍ച്ചയാവും.

‘രമേശ് ചെന്നിത്തലയുടെ ഹരിപ്പാട്’

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല ഹൃദയത്തില്‍ സൂക്ഷിക്കുന്ന ഹരിപ്പാട് ഇത്തവണ എന്തായിരിക്കും ഫലം. ചെന്നിത്തല തന്നെയാണ് ഇക്കുറിയും യുഡിഎഫ് സ്ഥാനാര്‍ഥി. സിപിഐയുടെ ടി ടി ജിസ്‌മോനാണ് മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി. ബിജെപി നേതാവ് സന്ദീപ് വചസ്‌പതി എന്‍ഡിഎക്കായി മത്സരിക്കുന്നു. രമേശ് ചെന്നിത്തലയുടെ പേരും പ്രഭാവവും മറികടക്കുക തന്നെയാണ് ഹരിപ്പാട് മണ്ഡലത്തില്‍ എതിര്‍ സ്ഥാനാര്‍ഥികളുടെ വെല്ലുവിളി.

കായംകുളം ചര്‍ച്ചാ വിഷയം

സിപിഎം നേതാവും എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുമായ യു പ്രതിഭയെ മുസ്ലീം ലീഗ് നേതാവ് ഇര്‍ഷാദ് ചക്കാലശ്ശേരി അപമാനിച്ചതിലൂടെ വലിയ ചര്‍ച്ചയായ മണ്ഡലമാണ് കായംകുളം. കോണ്‍ഗ്രസിന്‍റെ യുവമുഖം എം ലിജുവാണ് യുഡിഎഫ് സ്ഥാനാര്‍ഥി. ബിഡിജെഎസിന്‍റെ തമ്പി മേട്ടുതറ എന്‍ഡിഎ സ്ഥാനാര്‍ഥിയായി മത്സരിക്കുന്നു. കഴിഞ്ഞ വട്ടം അരിത ബാബുവായിരുന്നു യുഡിഎഫിന്‍റെ സ്ഥാനാര്‍ഥി. ഇക്കുറി ലിജു എത്തിയതോടെ പോര് കടുക്കും എന്നാണ് പ്രതീക്ഷ.

മാവേലിക്കരയില്‍ ‘ജനകീയ’ മത്സരം

രണ്ട് യുവ നേതാക്കളുടെ പോരാട്ടമാണ് മാവേലിക്കരയില്‍ നടക്കുന്നത്. എസ്‌സി മണ്ഡലമായ മാവേലിക്കരയില്‍ എം എസ് അരുണ്‍ കുമാര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി വീണ്ടും ജനവിധി തേടുന്നു. കഴിഞ്ഞ തവണ മികച്ച ലീഡുണ്ടായിരുന്ന അരുണിന് ഇത്തവണ അഡ്വ. മുത്താര രാജാണ് യുഡിഎഫ് പാളയത്തില്‍ നിന്നുള്ള എതിരാളി. മുന്‍ ജൂഡോ താരമാണ് മുത്താരാ രാജ്. ബിജെപി അംഗം അജിമോനാണ് എന്‍ഡിഎയുടെ സ്ഥാനാര്‍ഥി. അരുണ്‍ കുമാറിന്‍റെ ജനകീയതയിലാണ് മണ്ഡലത്തില്‍ എല്‍ഡിഎഫിന്‍റെ പ്രതീക്ഷ. 

വീണ്ടും സജി ചെറിയാനെ തുണയ്‌ക്കുമോ ചെങ്ങന്നൂര്‍?

ആലപ്പുഴ ജില്ലയില്‍ 2021 നിയമസഭ തെരഞ്ഞെടുപ്പില്‍ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷം ചെങ്ങന്നൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സജി ചെറിയാനായിരുന്നു. 32,093 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ച സജി ചെറിയാന്‍ മന്ത്രിയുമായി. ഇത്തവണ എം മുരളിക്ക് പകരം എബി കുര്യാക്കോസിനെയാണ് കോണ്‍ഗ്രസും യുഡിഎഫും സ്ഥാനാര്‍ഥിയാക്കിയിരിക്കുന്നത്. ബിജെപിയുടെ എം വി ഗോപകുമാറാണ് എന്‍ഡിഎ സ്ഥാനാര്‍ഥി. സജി ചെറിയാനെ ചുറ്റിപ്പറിയുണ്ടായോ വിവാദങ്ങള്‍ ഇത്തവണ എല്‍ഡിഎഫിന് വിനായകുമോ എന്നതാണ് പ്രധാന ആകാംക്ഷ.

തദ്ദേശ ഫലം എല്‍ഡിഎഫിന് ചങ്കിടിപ്പ്

ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ആലപ്പുഴ ജില്ലയില്‍ എല്‍ഡിഎഫിന് വലിയ തിരിച്ചടികള്‍ ലഭിച്ചിരുന്നു. ജില്ലാ പഞ്ചായത്തില്‍ എല്‍ഡിഎഫിനായിരുന്നു മേല്‍ക്കൈയെങ്കിലും നഗരസഭകളില്‍ ഇടതുമുന്നണി ഒന്നില്‍ (ചേര്‍ത്തല) മാത്രമാണ് മുന്നിലെത്തിയത്. ജില്ലാ പഞ്ചായത്തില്‍ യുഡിഎഫ് രണ്ട് സീറ്റുകള്‍ എട്ടായി വര്‍ധിപ്പിക്കുകയും ഗ്രാമ പഞ്ചായത്തുകളില്‍ പത്തെണ്ണം പിടിച്ചെടുക്കുകയും ചെയ്‌തു. അര നൂറ്റാണ്ടോളം ഇടത് കോട്ടയായിരുന്ന കൈനകരി പഞ്ചായത്ത് യുഡിഎഫ് പിടിച്ചത് വലിയ വാര്‍ത്തയായി. പുന്നപ്ര തെക്ക് പഞ്ചായത്തിലും യുഡിഎഫ് ചരിത്ര വിജയം നേടി. ഈ തിരിച്ചടിക്കൊപ്പം, ജി സുധാകരന്‍ കൊടുങ്കാറ്റ് സൃഷ്‌ടിക്കുന്ന പതര്‍ച്ചയെ മറികടക്കലും നിയമസഭ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ എല്‍ഡിഎഫിന് വെല്ലുവിളിയാണ്. ജി സുധാകരന്‍ ഒപ്പമെത്തിയത് യുഡിഎഫിനെ തുണയ്‌ക്കുമോ എന്ന് കാത്തിരുന്നറിയാം. വോട്ട് വര്‍ധിപ്പിക്കുന്ന എന്‍ഡിഎയും ആലപ്പുഴ ജില്ലയില്‍ ഇക്കുറി നിര്‍ണായകമാണ്.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ന്യൂനപക്ഷങ്ങൾക്കും ധർമ്മസ്ഥാപനങ്ങൾക്കും കടുത്ത ആശങ്ക, എഫ്‌സിആർഎ ഭേദഗതിയിൽ നിന്ന് പിന്മാറണം; പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്
എസ്ഡിപിഐയുടെ വോട്ട് സ്വീകരിക്കുമോ? നിലപാട് വ്യക്തമാക്കി പിവി അൻവർ, 'ആരുടെ വോട്ടും സ്വീകരിക്കുമെന്ന് പ്രതികരണം'