
ആലപ്പുഴ ജില്ലയിൽ ആകെ ഒമ്പത് നിയമസഭാ മണ്ഡലങ്ങളാണ് ഉള്ളത്. അതിൽ ചെങ്ങന്നൂർ, മാവേലിക്കര, ചേർത്തല മണ്ഡലങ്ങൾ ഉറപ്പായും എൽഡിഎഫിന് വിജയിക്കാൻ കഴിയുമെന്നതാണ് നിലവിലെ പ്രതീക്ഷ. നാലെണ്ണത്തിലെങ്കിലും ജയിച്ചു കയറാൻ കഴിയുമെന്ന വിശ്വാസത്തിലാണ് യുഡിഎഫ്. ബിജെപിയും ആലപ്പുഴയില്‍ നിര്‍ണായകമാകുമെന്നാണ് വിലയിരുത്തല്‍.
ആലപ്പുഴയില്‍ കടുത്ത പോരാട്ടം
ഈ മൂന്ന് മണ്ഡലങ്ങൾക്കൊപ്പം എൽഡിഎഫിന് പ്രതീക്ഷയുണ്ടായിരുന്ന ആലപ്പുഴ മണ്ഡലം കെഎസ്‍യു ജില്ലാ പ്രസിഡന്റ് എ ഡി തോമസ് സ്ഥാനാർത്ഥിയായതോടുകൂടി മത്സരം കടുത്ത പോരാട്ടത്തിലേക്ക് മാറി. മത്സ്യത്തൊഴിലാളി മേഖലയിൽ നിന്ന് വരുന്ന മത്സ്യത്തൊഴിലാളി കുടുംബാംഗമായ എ ഡി തോമസിന് ആലപ്പുഴയുടെ ഭൂരിഭാഗം പ്രദേശമുള്ള മത്സ്യത്തൊഴിലാളി തീരദേശ മേഖലയിൽ വലിയ സ്വാധീനം ഉണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ട്. ഒരു യുവാവ് എന്ന നിലയിൽ, ഒരു വിദ്യാർത്ഥി നേതാവ് എന്ന നിലയിൽ വലിയ സ്വീകാര്യത ഈ മേഖലയിൽ ഉണ്ടാക്കാൻ തോമസിന് കഴിഞ്ഞിട്ടുണ്ട്. കൃത്യമായ രീതിയിൽ ജയിക്കാൻ കഴിഞ്ഞില്ല എങ്കിൽ പോലും എൽഡിഎഫിന് വലിയ പ്രഹരമേക്കുന്ന മത്സരം ഉണ്ടാക്കാൻ ആലപ്പുഴയിൽ കഴിഞ്ഞു എന്നുള്ളതാണ് ആലപ്പുഴ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ പ്രത്യേകത.
അമ്പലപ്പുഴയില്‍ വോട്ട് എങ്ങോട്ട്?
സിപിഎം ഉറപ്പായും ജയിക്കുന്ന മണ്ഡലമായിരുന്നു അമ്പലപ്പുഴ. പക്ഷേ ജി സുധാകരന്റെ മുന്നണി മാറ്റവും യുഡിഎഫ് പ്രവേശനവും അതിന്റെ സാധ്യതകളെ തള്ളിക്കളയുന്നു എന്ന് പറയാം. ജി സുധാകരന്റെ വ്യക്തിപരമായ വോട്ടും ഒപ്പം യുഡിഎഫ് വോട്ടും കൂടി ചേർന്നാൽ ഒരു പക്ഷേ ജി സുധാകരന് ജയിക്കാനുള്ള സാധ്യത അമ്പലപ്പുഴയിലുണ്ട് പക്ഷേ ജി സുധാകരൻ സിപിഎം വിട്ടുപോയപ്പോൾ മൂന്നാം തുടർഭരണത്തിനപ്പുറത്തേക്ക് അമ്പലപ്പുഴയിൽ ജയിക്കുക എന്നത് സിപിഎമ്മിന്റെ അഭിമാന പോരാട്ടമായി മാറി. ജില്ലാ നേതൃത്വം മുഴുവൻ അമ്പലപ്പുഴയിൽ കേന്ദ്രീകരിച്ചു കൊണ്ടാണ് തെരഞ്ഞെടുപ്പ് പ്രവർത്തനം നടത്തുന്നത്. ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങൾക്ക് പ്രത്യേകം പ്രത്യേകം മണ്ഡലം കമ്മിറ്റികളുടെ ചുമതല കൊടുത്തും ദേശീയ സംസ്ഥാന നേതാക്കളെ ഇറക്കിയും കാടിളക്കിയുള്ള പ്രചരണം എൽഡിഎഫിന്റെ ഭാഗത്തുനിന്നുണ്ടായി.ഒരു അഭിമാന പോരാട്ടം എന്ന നിലയിൽ ഏറ്റവുമധികം ജില്ലാ പാർട്ടി നേതൃത്വം ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു മണ്ഡലമായി അമ്പലപ്പുഴ ഇതിനോടകം മാറിക്കഴിഞ്ഞു. ബിജെപിയും വലിയ പ്രതീക്ഷ അമ്പലപ്പുഴയിൽ വെക്കുന്നുണ്ട്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയും എൽഡിഎഫും തമ്മിൽ വെറും 110 വോട്ടിന്റെ മാത്രം വ്യത്യാസമാണ് അമ്പലപ്പുഴയിൽ ഉണ്ടായിരുന്നത്. ലോക്സഭാ കണക്കെടുത്താൽ 52000 വോട്ടോളം കെ സി വേണുഗോപാലിന് ആ മണ്ഡലത്തിൽ നിന്ന് കിട്ടി വ്യക്തമായ ലീഡ് ഉണ്ടായിരുന്നു. അതുകൊണ്ട് ആ ഒരു കണക്കുകളും ജി സുധാകരന്റെ ഒരു വ്യക്തിപ്രവാഹവും ഒക്കെ കണക്കിലെടുത്തുകൊണ്ട് ആ മണ്ഡലം പിടിച്ചെടുക്കാൻ കഴിയുമെന്ന പ്രതീക്ഷ യുഡിഎഫ് വെക്കുന്നുണ്ട്. എസ് ഡി പി ഐക്ക് വളരെ സ്വാധീനമുള്ളൊരു മണ്ഡലമാണ് അമ്പലപ്പുഴ. പക്ഷേ എസ്‍ഡിപിഐ അവിടെ സ്ഥാനാർത്ഥിയെ നിർത്തിയിട്ടില്ല. ആ വോട്ടുകൾ എൽഡിഎഫ് സ്ഥാനാർത്ഥി എച്ച് സലാമിന് പോകാനുള്ളൊരു സാധ്യതയാണുള്ളത്
ചേര്‍ത്തലയില്‍ ഉറച്ച പ്രതീക്ഷയുമായി എല്‍ഡിഎഫ്
ചേർത്തലയിൽ സിറ്റിംഗ് എംഎൽഎയും മന്ത്രിയുമായിട്ടുള്ള പി പ്രസാദിന് കടുത്ത മത്സരം കൊടുക്കാൻ യുഡിഎഫിന് പ്രചാരണത്തില്‍ കഴിഞ്ഞിട്ടില്ല.
പ്രവചനാതീതം അരൂര്‍
അരൂർ മണ്ഡലം ഒരു നെക് ടു നെക് ഫൈറ്റ് നടക്കുകയാണ്. നിലവിലെ എംഎൽഎ ദലീമ ജോജോയും ഷാനിമോൾ ഉസ്‍മാനും തമ്മിലുള്ള മത്സരം പ്രവചനാതീതമായി മാറുകയാണ്. ആദ്യഘട്ടത്തിൽ കുറച്ച് പിന്നിലായിരുന്ന ഷാനിമോൾക്ക് പിന്നീട് പ്രചരണത്തിൽ മുന്നേറാൻ കഴിഞ്ഞിട്ടുണ്ട്
യുഡിഎഫ് പ്രതീക്ഷവെച്ച് അരൂര്‍
യുഡിഎഫ് വിജയപ്രതീക്ഷ വെക്കുന്ന ഒരു മണ്ഡലമാണ് അരൂര്‍. കുട്ടനാട് ഒരു റിബൽ ശല്യം യുഡിഎഫിനുണ്ടായിരുന്നു. റിബലിനെ പിന്തിരിപ്പിച്ച് റിബൽ നോമിനേഷൻ പിൻവലിച്ചതോടുകൂടി യുഡിഎഫിന് വലിയ വിജയപ്രതീക്ഷ കുട്ടനാട്ടിലുണ്ട്. കേരള കോൺഗ്രസാണ് മത്സരിക്കുന്നത്, റെജി ചെറിയാന് വിജയിക്കാൻ കഴിയുമെന്നുള്ളതാണ് അവിടുത്തെ ആത്മവിശ്വാസം. അവിടെ പെയ്‍ഡ് സീറ്റ്, പെയ്മെന്റ് സീറ്റ് വിവാദം, മുതലാളിക്ക് സീറ്റ് വിറ്റു എന്നുള്ള ആരോപണം എൽഡിഎഫിലും യുഡിഎഫിലും ഒക്കെ തന്നെ നിലനിൽക്കുന്ന ഒരു മണ്ഡലം കൂടിയാണ്.. അവിടെ പ്രവചിക്കാൻ കഴിയാത്ത തരത്തിലേക്ക് മത്സരമാണ്. ബിഡിജെഎസ് അവിടെ കൃത്യമായ രീതിയിൽ അവരുടെ വോട്ടുകൾ പിടിച്ചാൽ ആര് ജയിക്കും എന്ന് പറയുന്നത് എളുപ്പമല്ലാതാകും
യുഡിഎഫിന്റെ ഉറച്ച സീറ്റായി ഹരിപ്പാട്
പിന്നെ ഹരിപ്പാട് മണ്ഡലം, രമേശ് ചെന്നിത്തല മത്സരിക്കുന്ന മണ്ഡലം. യുഡിഎഫിന് ജില്ലയിലെ ഷുവർ സീറ്റ് എന്ന് പറയാൻ പറ്റുന്ന ഏക മണ്ഡലം ഹരിപ്പാടാണ്. അവിടെ ബിജെപി ശക്തമായ മുന്നേറ്റം ഇത്തവണ ഉണ്ടാക്കി. സന്ദീപ് വാചസ്‍പതിയിലൂടെ വലിയൊരു മുന്നേറ്റം ഉണ്ടാക്കാൻ വേണ്ടി കഴിഞ്ഞു. ഒരുപക്ഷേ ബിജെപി രണ്ടാമതെങ്കിലും എത്തും എന്ന് കരുതപ്പെടുന്ന ഒരു മണ്ഡലമാണ് ഹരിപ്പാട്. സിപിഐ മത്സരിക്കുന്ന എൽഡിഎഫ് മുന്നണി മൂന്നാം സ്ഥാനത്തേക്ക് പോകാനുള്ള ഒരു സാധ്യത അവിടെ കാണുന്നുണ്ട്. പരസ്‍പരം പലതരത്തിലുള്ള ഡീൽ ആരോപണങ്ങളും ഉയരുന്ന ഒരു മണ്ഡലം കൂടിയാണ് ഹരിപ്പാട്.
കായംകുളത്ത് പോരാട്ടം പൊടിപാറും
കായംകുളമാണ് ജില്ലയിലെ ഏറ്റവും വലിയ കടുത്ത പോരാട്ടം നടക്കുന്ന മണ്ഡലം എന്ന് പറയാൻ കഴിയുന്നത്. യു പ്രതിഭയും എം ലിജുവും തമ്മിലുള്ള മത്സരമാണ് അവിടെ നടക്കുന്നത്. എം ലിജുവിന് ഒരു മുന്നേറ്റം ഉണ്ടാക്കാൻ പ്രചാരണത്തില്‍ ആദ്യം കഴിഞ്ഞു. പക്ഷേ യു പ്രതിഭയ്ക്കെതിരായ ലീഗ് നേതാവിന്റെ സ്ത്രീവിരുദ്ധ പരാമർശം അടക്കം വന്നപ്പോൾ അതിനെ വലിയ തോതിൽ പ്രചരിപ്പിച്ചു. അത് ചെറിയ മങ്ങൽ യുഡിഎഫിന്റെ പ്രതീക്ഷയിൽ ഉണ്ടാക്കിയിട്ടുണ്ട്. അതുകൂടി മറികടന്നാൽ അവിടെ ഒരു നെക് ടു നെക് ഫൈറ്റ് ആണ്. ലോക്സഭാ തെരഞ്ഞെടുപ്പിൽ ശോഭാ സുരേന്ദർ മുന്നിൽ വന്ന മണ്ഡലം എന്ന രീതിയിൽ ബിജെപിക്ക് അവിടെ മത്സരിക്കണമെന്നൊരു ആഗ്രഹമുണ്ടായിരുന്നു. പക്ഷേ ബിഡിജെഎസ് ആണ് മത്സരിക്കുന്നത്. അത് എൻഡിഎ വോട്ടുകളിൽ വിള്ളലുണ്ടാക്കാനുള്ള സാധ്യതയുണ്ട്. ആ ബിജെപി വോട്ടുകൾ ആർക്ക് അനുകൂലമാകും എന്നതുകൂടി ഫലത്തില്‍ നിര്‍ണായകമാകും.
മാവേലിക്കരയില്‍ ജനകീയ എംഎല്‍എയോ?
മാവേലിക്കര വ്യക്തമായ ലീഡിൽ എൽഡിഎഫ് ജയിക്കും. വളരെ ജനകീയനായ എംഎൽഎ ആണ് എം എസ് അരുൺകുമാർ. ഒപ്പം തന്നെ സിപിഎമ്മിന്റെ സംഘടനാ സംവിധാനവും ശക്തമായി പ്രവര്‍ത്തിക്കുന്ന ഒരു മണ്ഡലമാണ് മാവേലിക്കര. ലോക്സഭാ തിരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിന്റെ കണക്കുകളിലെല്ലാം എൽഡിഎഫ് വളരെ മുന്നിൽ നിൽക്കുന്ന മണ്ഡലമാണ് മാവേലിക്കര.
ചെങ്ങന്നൂരില്‍ ഉറപ്പിച്ച് എല്‍ഡിഎഫ്
ചെങ്ങന്നൂരും അത് തന്നെയാണ് സ്‍ഥിതി. എൽഡിഎഫിന്റെ വിജയപ്രതീക്ഷയുള്ള മണ്ഡലം. അവർക്ക് കൃത്യമായി മേല്‍ക്കൈ ഉണ്ടാകുമെന്ന് കണക്കാക്കപ്പെടുന്ന മണ്ഡലം. ബിജെപിക്ക് കൃത്യമായി വോട്ടുള്ള മണ്ഡലമാണ്. പക്ഷേ സ്ഥാനാർത്ഥി ദുർബലനായതുകൊണ്ട് അത്തരത്തിലുള്ള മുന്നേറ്റം ബിജെപിക്ക് അവിടെ ഉണ്ടാക്കാൻ കഴിയില്ല എന്നുള്ളതാണ് ഒരു കണക്കുകൂട്ടൽ
അന്തിമ സൂചനകള്‍ ഇങ്ങനെ
അങ്ങനെ ആകെ ഒമ്പത് മണ്ഡലങ്ങൾ എടുക്കുമ്പോൾ ഹരിപ്പാടും കായംകുളവും അരൂരും കുട്ടനാടും യുഡിഎഫ് ജയിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 2021ല്‍ ഒരു സീറ്റ് മാത്രമാണ് യുഡിഎഫ് ജയിച്ചത്. കൂടാതെ മൂന്ന് കൂടി നേടി നാല് മണ്ഡലങ്ങള്‍ ജയിക്കുമെന്നൊരു പ്രതീക്ഷ യുഡിഎഫിനുണ്ട്, ചെങ്ങന്നൂരും മാവേലിക്കരയും ചേർത്തലയും ഉറപ്പായും എൽഡിഎഫ് ജയിക്കും. അരൂര്, അമ്പലപ്പുഴ, കായംകുളം, ആലപ്പുഴ എന്നീ മണ്ഡലങ്ങളില്‍ മികച്ച പോരാട്ടം നടക്കും. അതിൽ തന്നെ ഏറ്റവും പോരാട്ടം നടക്കുന്ന മണ്ഡലം കായംകുളമാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam