ഇടുക്കിയിലെ മിടുക്കര്‍ ആരാകും? കാത്തിരിക്കുന്നത് കനത്ത പോരാട്ടം

Published : Apr 08, 2026, 02:33 PM IST
Idukki

Synopsis

അഞ്ചു മണ്ഡലങ്ങളുള്ള ഇടുക്കിയിൽ രണ്ടിടത്ത് മാത്രമാണ് ഇത്തവണ അനായാസ വിജയം പ്രവചിക്കാൻ കഴിയുന്നത്.

എല്ലാ തെരഞ്ഞെടുപ്പിലും സജീവ ചർച്ചയാകുന്ന ജില്ലകളിലൊന്നാണ് ഇടുക്കിയും. അഞ്ചു മണ്ഡലങ്ങളുള്ള ഇടുക്കിയിൽ രണ്ടിടത്ത് മാത്രമാണ് ഇത്തവണ അനായാസ വിജയം പ്രവചിക്കാൻ കഴിയുന്നത്. അതിലൊന്ന് പി ജെ ജോസഫിന്റെ തട്ടകമായ തൊടുപുഴയും തോട്ടം മേഖലയായ പീരുമേടുമാണ്. രണ്ടിടത്തും യുഡിഎഫിനാണ് മുൻതൂക്കം. ഇടുക്കിയിലും ഉടുമ്പൻചോലയിലും ദേവികുളത്തും ശക്തമായ പോരാട്ടം ആണ് നടക്കുന്നത്. ഇടുക്കി മണ്ഡലത്തിലേത് തീപാറുന്ന പോരാട്ടമെന്ന് അക്ഷരാർത്ഥത്തിൽ പറയാൻ കഴിയുന്നതാണ്. വികസനത്തിനൊപ്പം ഭൂപ്രശ്‍നങ്ങളും നിർമ്മാണ നിരോധനവും വന്യജീവി ആക്രണണവുമൊക്കെയാണ് പ്രധാന ചർച്ച വിഷയങ്ങൾ.

ഇടുക്കി - 25 വർഷമായി മണ്ഡലം കയ്യടക്കി വച്ചിരിക്കുന്ന റോഷി അഗസ്റ്റിനെയാണ് എൽഡിഎഫ് ഇത്തവണയും രംഗത്തിറക്കിയിരിക്കുന്നത്. രണ്ടു മുന്നണികളിലും മത്സരിച്ചപ്പോഴും ഇടുക്കിക്കാർ റോഷിയെ കൈവിട്ടിട്ടില്ല. കാൽനൂറ്റാണ്ടായി മണ്ഡലത്തിലുള്ളതിനാൽ മുന്നണി വോട്ടുകൾക്കൊപ്പം വ്യക്തിപരമായി കിട്ടുന്ന വോട്ടുകളും തുണയാകുമെന്നാണ് വിശ്വാസം. കേരള കോൺഗ്രസ് ജോസഫ് വിഭാഗം മത്സരിച്ചിരുന്ന സീറ്റാണ് ഇടുക്കി. വിജയിക്കാൻ സീറ്റ് വിട്ടു കിട്ടണമെന്ന കോൺഗ്രസിൻറെ ആവശ്യത്തിനു മുന്നിൽ നിവൃത്തിയില്ലാതെ ജോസഫ് കീഴടങ്ങുകയായിരുന്നു. കെപിസിസി വൈസ് പ്രസിഡനറ് റോയി കെ പൗലോസിനെയാണ് മണ്ഡലം തിരിച്ചുപിടിക്കാൻ കോൺഗ്രസ് രംഗത്തിറക്കിയിരിക്കുന്നത്. തങ്ങൾ നിർദ്ദേശിച്ച ആൾക്ക് സീറ്റ് നൽകാത്തതിൽ സിറോ മലബാർ സഭക്ക് ചെറിയ അതൃപ്‍തിയുണ്ട്. എന്നാലിത് പരസ്യമായ പറയാൻ തയ്യാറായിട്ടില്ല. കോൺഗ്രൽ ഒരു വിഭാഗത്തിനും ഈ അതൃപ്‍തിയുണ്ട്. ഇത് മറികടക്കാൻ പരമാവധി ശ്രമങ്ങൾ കോൺഗ്രസ് നടത്തിയിട്ടുണ്ട്. മണ്ഡലത്തിൽ മിക്കയിടത്തും റോയി കെ പൗലോസിന് അണികളുണ്ട്. കൈപ്പത്തിയോയുള്ള സ്നേഹവും വികാരവും ഭരണ വിരുദ്ധ വികാരവും തുണയാകുമെന്നാണ് പ്രതീക്ഷ. ബിഡിജിഎസ് ജില്ല പ്രസിഡൻറ് പ്രതീഷ് പ്രഭയാണ് എൻഡിഎ സ്ഥാനാർത്ഥി

പീരുമേട് – തോട്ടം തൊഴിലാളികൾ കൂടുതലുള്ള മണ്ഡലങ്ങളിലൊന്നാണ് പീരുമേട്. നാലു ടേമായി എൽഡിഎഫിൻറെ കയ്യിലാണ് മണ്ഡലം. ഇടുക്കിയിൽ സിപിഐ മത്സരിക്കുന്ന ഏക മണ്ഡലുമാണ്. വാഴൂർ സോമൻറെ മരണത്തോടെ കുറച്ചു നാളായി എഎൽഎയും ഇല്ല. 2021 ൽ 1835 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വാഴൂർ സോമൻ ജയിച്ചത്. സിപിഐ ഇടുക്കി ജില്ല സെക്രട്ടറി കെ സലിംകുംമാറിനെയാണ് എൽഡിഎഫ് രംഗത്തിറക്കിയിരിക്കുന്നത്. കഴിഞ്ഞ രണ്ട് തവണ മത്സരിച്ചു പരാജയപ്പെട്ട സിറിയക് തോമസാണ് യുഡിഎഫിനു വേണ്ടി ഇത്തവണയും കളത്തിലിറങ്ങിയിരിക്കുന്നത്. രണ്ടു തവണ കപ്പിനും ചുണ്ടിനുമിടയിൽ വജയം നഷ്ടപ്പെട്ടതിനാൽ ആളുകൾക്കുള്ള സഹതാപം പരമാവധി വോട്ടാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. തോട്ടം മേഖലയിൽ സർക്കാർ നടത്തിയ കാര്യങ്ങളിലൂന്നിയാണ് എൽഡിഎഫിന്റെ പ്രചാരണം. തദ്ദേശ തെരഞ്ഞെടുപ്പിൽ കിട്ടിയ ഏഴായിരത്തിലധികം വോട്ടുകളുടെ മുൻതൂക്കത്തിലാണ് യുഡിഎഫിൻറെ പ്രതീക്ഷയും എൽഡിഎഫിന്റെ ആശങ്കയും. കഴിഞ്ഞ രണ്ടു തവണ കുറഞ്ഞ ഭൂരിപക്ഷത്തിലാണ് എൽഡിഎഫ് വിജയിച്ചത്. ഇത് കോൺഗ്രസിലെ തന്നെ ചില പ്രശ്‍നങ്ങൾ കാരണമാണെന്ന് നേതൃത്വം കണ്ടെത്തിയിരുന്നു. അതുണ്ടാകാതിരിക്കാൻ മണ്ഡലത്തിൽ ശക്തമായ നിരീക്ഷണവും നടക്കുന്നുണ്ട്. ബിജെപി ഇടുക്കി സൗത്ത് ജില്ല ജനറൽ സെക്രട്ടറി രതീഷ് വരകുമലയെയാണ് എൻഡിഎ രംഗത്തിറക്കിയിരിക്കുന്നത്.

ഉടുമ്പൻചോല – എൽഡിഎഫിന്റെ കോട്ടയെന്നാണ് ഉടുമ്പൻചോല അറിയപ്പെടുന്നത്. അഞ്ചു തവണ തുടർച്ചായായി എൽഡിഎഫാണ് ഇവിടെ വിജയിച്ചത്. മൂന്ന് തവണ കെ കെ ജയചന്ദ്രനും രണ്ടു തവണ എം എം മണിയുമായിരുന്നു. എം എം മണി തന്നെ ഇത്തവണയും മത്സര രംഗത്തിറങ്ങുമെന്നായിരുന്ന പ്രതീക്ഷ. എൽഡിഎഫ് ജില്ല നേതൃത്വം നൽകിയ പേരും ഇതായിരുന്നു. എന്നാൽ സംസ്ഥാന നേതൃത്വം കെ കെ ജയചന്ദ്രനെ നിയോഗിച്ചു. യുഡിഎഫിൽ മാറി മാറി വന്ന പേരുകൾ ഒടുവിൽ സേനാപതി വേണുവിലെത്തി. 2016 ൽ 1109 വോട്ടുകൾക്കാണ് സേനാപതി വേണു എം എം മണിയോട് തോറ്റത്. ഇത്തവണ എം എം മണി മാറിയത് തുണയാകുമെന്നാണ് യുഡിഎഫിന്റെ പ്രധാന പ്രതീക്ഷ. തദ്ദേശ തെരഞ്ഞെടുപ്പിൽ എണ്ണൂറോളം വോട്ടുകളുടം മുൻ തൂക്കം മാത്രമാണ് യുഡുഎഫിനുണ്ടായത്. ഇത് യുഡിഎഫിനെ ആശങ്കയിലാക്കിയിട്ടുണ്ട്. മന്ത്രിയായിരുന്നപ്പോഴും എംഎൽഎ യായിരുന്നപ്പോഴും എം എം മണി മണ്ഡലത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങളിലാണ് എൽഡിഎഫിൻറെ പ്രതീക്ഷ. ബിഡിജെഎസ് സംസ്ഥാന വൈസ് പ്രസിഡൻറ് സംഗീത വിശ്വനാഥനാണ് എൻഡിഎ സ്ഥാനാർത്ഥി

ദേവികുളം – തോട്ടം തൊഴിലാളികൾ ഉൾപ്പെടെയുള്ളവർ ജാതി നോക്കി വോട്ടു ചെയ്യുന്ന മണ്ഡലമാണ് ദേവികുളം. പട്ടിക ജാതി സംവരണ മണ്ഡലവുമാണ്. നാലു ടേമായി ഇവിടെയും എൽഡിഎഫാണ് വിജയിക്കുന്നത്. കഴിഞ്ഞ തവണ സ്ഥാനാർത്ഥിത്വം നിഷേധിച്ചതിനെ തുടർന്നുണ്ടായ പ്രശ്‍നങ്ങൾ മൂലം എസ് രാജേന്ദ്രൻ പാർട്ടിവിട്ട് ബിജെപിയിൽ ചേർന്ന് മത്സരിക്കുന്നു എന്നതാണ് ഇവിടെ ആർക്ക് വിയിക്കാൻ കഴിയും എന്നത് അസാധ്യമാക്കിയിരിക്കുന്നത്. നിലവിലെ എംഎൽഎ എ രാജ തന്നെയാണ് ഇത്തവണയും എൽഡിഎഫ് സ്ഥാനാ‍ത്ഥി. ഐഎൻടിയുസി നേതാവ് എഫ് രാജയെയാണ് യുഡിഎഫ് നിയോഗിച്ചിരിക്കുന്നത്. എഫ് രാജയും എസ് രാജേന്ദ്രനും ഒരേ ജാതിയിൽ പെട്ടവരായതിനാൽ വോട്ട് വീതം വച്ചു പോയാൽ അനായാസം കടക്കാമെന്നാണ് എൽഡിഎഫ് കണക്കു കൂട്ടൽ. എൽഡിഎഫ് വോട്ടുകളിലൊരു ഭാഗം എസ് രാജേന്ദ്രൻ പിടിച്ചാൽ ജയിക്കാമെന്ന് യുഡിഎഫും കണക്ക കൂട്ടുന്നു. തോട്ടം മേഖല ഒഴികെയുള്ള പഞ്ചായത്തുകളിൽ യുഡിഎഫിനാണ് നിലവിൽ മുൻ തൂക്കം.

തൊടുപുഴ – സ്ഥാനാർത്ഥിത്വത്തിൽ തലമുറ മാറ്റം വന്നതാണ് ഇത്തവണ തൊടുപുഴയെ ശ്രദ്ധേയമാക്കിയത്. കേരള കോൺഗ്രസ് ചെയർമാൻ പി ജെ ജോസഫ് മകൻ അപു ജോൺ ജോസഫിനായി കളമൊഴിഞ്ഞു കൊടുത്തു. എൽഡിഎഫ് രംഗത്തിറക്കിയത് കേരള കോൺഗ്രസിലെ സിറിയക് ചാഴികാടനെയും. അപു ജോൺ ജോസഫിനോട് ഏറ്റുമുട്ടാൻ പറ്റിയ ആളല്ലെന്ന് തുടക്കത്തിലേ വിമർശനം ഉയർന്നിരുന്നു. പി ജെ ജോസഫ് വൻ ഭൂരിപക്ഷത്തിൽ ജയിക്കുന്ന മണ്ഡലമായതിനാൽ അനായാസം കടന്നു കൂടാമെന്നാണ് യുഡിഎഫ് പ്രതീക്ഷ. പി ജെ ജോസഫ് മണ്ഡലത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങളും തുണയാകും. സർക്കാരിൻറെ വികസനമാണ് എൽഡിഎഫ് ചർച്ച വിഷയമാക്കിയിരിക്കുന്നത്. ട്വൻറി ട്വൻറി അംഗമായ റോയ് വാരിക്കാട്ടാണ് എൻഡിഎ സ്ഥാനാർത്ഥി. റോയ് വാരിക്കാട്ടിനെ സ്ഥാനാർത്ഥിയാക്കിയതിൽ ബിജെപിക്കുള്ളിൽ അസ്വാരസ്യങ്ങളുണ്ട്. ഇത് മുതലെടുക്കാൻ പറ്റിയാൽ രണ്ടു മുന്നണികൾക്കും വോട്ട് വിഹിതം വർധിപ്പിക്കാൻ കഴിയും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മധ്യപ്രദേശിൽ മനുഷ്യക്കടത്ത് ആരോപിച്ച് കന്യാസ്ത്രീകളെയും മഠത്തിലെ വിദ്യാര്‍ത്ഥികളെയും മണിക്കൂറുകളോളം തടഞ്ഞു
പിള്ളേര് മോഡിഫൈ ചെയ്യട്ടെ'; വൈറലായി വി.ഡി. സതീശന്റെ റീൽ; യുവ വോട്ടുകൾ യുഡിഎഫ് പെട്ടിയിലാകുമോ?