
കണ്ണൂര്‍: നിയമസഭ തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ മണ്ഡലത്തില്‍ യുഡിഎഫിനായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ തന്നെ മത്സരിക്കുമെന്ന് ഉറപ്പായിരിക്കുകയാണ്. ഹൈക്കമാന്‍ഡ് നേരിട്ട് നടത്തിയ അനുനയത്തിനൊടുവിലാണ് സുധാകരന് കണ്ണൂരിലെ സ്ഥാനാര്‍ഥിത്വം ഉറപ്പായത്. സുധാകരന്‍റെ വാശിക്ക് മുന്നില്‍ ഹൈക്കമാന്‍ഡ് പോലും കീഴടങ്ങി എന്ന് വ്യക്തം. കണ്ണൂരിലെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചില്ലെങ്കില്‍ കെ സുധാകരന്‍ സ്വതന്ത്രനായി മത്സരിക്കുമെന്നും പാര്‍ട്ടി വിട്ടേക്കുമെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍, തന്ത്രപരമായ നീക്കത്തിനൊടുവില്‍ കെ സുധാകരനെ അനുനയിപ്പിച്ച് കണ്ണൂര്‍ സീറ്റ് നല്‍കിയതോടെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഒഴിവാക്കിയത് വലിയ തലവേദനയാണ്.
കേരളത്തിലെ കോണ്‍ഗ്രസിന്‍റെ ഏറ്റവും തലയെടുപ്പുള്ള നേതാക്കളിലൊരാളായ കെ സുധാകരന്‍ കണ്ണൂര്‍ നിയമസഭ സീറ്റിനായി കലഹിച്ചാണ് പാര്‍ട്ടിയോട് തെറ്റിപ്പിരിയുന്ന വക്കില്‍ വരെ എത്തിയത്. കെ സുധാകരന്‍ സ്വതന്ത്രനായി മത്സരിക്കുകയോ, പാര്‍ട്ടി വിടുകയോ ചെയ്‌താല്‍, സുധാകരനൊപ്പം അടിയുറച്ചുനിന്നിരുന്ന കണ്ണൂരിലെയടക്കം അനവധി നേതാക്കളും അണികളും കളംമാറുമോ എന്ന ആശങ്ക ഉയര്‍ന്നിരുന്നു. സുധാകരന് സീറ്റ് നല്‍കിയില്ലെങ്കില്‍ പേരാവൂരില്‍ സണ്ണി ജോസഫ് മറുപടി പറയേണ്ടിവരും എന്ന സൂചന നല്‍കി ഫ്ലക്‌സ് ബോര്‍ഡുകള്‍ ഉയര്‍ന്നത് ഇതിന് തെളിവായിരുന്നു. എന്നാല്‍ ഇന്ന് ഉച്ചയ്‌ക്ക് 12 മണിക്ക് വാര്‍ത്താസമ്മേളനം നടത്താന്‍ നിശ്ചയിച്ചിരുന്ന കെ സുധാകരന്, മാധ്യമങ്ങളെ കാണുന്നതിന് തൊട്ടുമുമ്പ് സീറ്റ് വാഗ്‌ദാനം ചെയ്‌ത് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് പോലും കീഴടങ്ങി.
കെഎസ്‌യുവും യൂത്ത് കോണ്‍ഗ്രസും മുതല്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളില്‍ വരെ 'കെഎസ്' ചേരിയുണ്ടെന്നത് കേരള രാഷ്‌ട്രീയത്തില്‍ പരസ്യമായ രഹസ്യമാണ്. പ്രത്യേകിച്ച്, കണ്ണൂരില്‍ സുധാകര പക്ഷത്തിന് എല്ലാ മണ്ഡലങ്ങളിലും നിര്‍ണായക സ്വാധീനമുണ്ട്. ജില്ലയിലെ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ കെ സുധാകരന്‍ അനുകൂലികള്‍ നിരവധിയാണ്. കെ സുധാകരനെ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ചില്ലെങ്കില്‍ ഈ നേതാക്കളും അണികളും എന്ത് നിലപാട് സ്വീകരിക്കും എന്ന ചോദ്യം രാഷ്‌ട്രീയ കേരളത്തില്‍ സജീവമായിരുന്നു.
എവിടെ ചെന്നാലും ചുറ്റിലും അണികള്‍, നേതാക്കള്‍. കെ സുധാകരനെ അറിയാവുന്നവര്‍ക്കും നിരീക്ഷിക്കുന്നവര്‍ക്കും ഒട്ടും ആശ്ചര്യം തോന്നാത്ത കാര്യമാണിത്. കെഎസ്‌യുവിലൂടെ തുടങ്ങി, പിന്നീട് കോണ്‍ഗ്രസിന്‍റെ ഉള്‍പ്പോരുകളില്‍ കുറച്ചുകാലം വഴിമാറി നടന്നെങ്കിലും പിന്നീട് കേരളം കണ്ടത് സുധാകരന്‍ കോണ്‍ഗ്രസിലെ ഏറ്റവും ഉറച്ച ശബ്‌ദവും വീട്ടുവീഴ്‌ചകള്‍ക്കില്ലാത്ത നേതാവുമായി മാറുന്നതാണ്. 1991-ല്‍ ആദ്യമായി കണ്ണൂര്‍ ഡിസിസി പ്രസിഡന്‍റായത് മുതലാണ് കെ സുധാകരന്‍ കണ്ണൂരിലും കേരള രാഷ്ട്രീയത്തിലും പിടിമുറുക്കുന്നത്. കണ്ണൂരില്‍ കോണ്‍ഗ്രസിനെ കേഡര്‍ സ്വഭാവമുള്ള പാര്‍ട്ടിയാക്കി മാറ്റി സുധാകരന്‍റെ അഗ്രസീവ് ശൈലി. ഉറച്ച നിലപാടുകളും സുധാകരന്‍റെ ഉജ്വലമായ പ്രസംഗങ്ങളും വലിയ ആരാധവൃന്ദമുണ്ടാക്കി. ഹൈക്കമാന്‍ഡ് കീഴടങ്ങിയത് സുധാകരന്‍റെ ഈ അണിബലത്തില്‍ കൂടിയാണ്. അണികള്‍ക്കിടയിലെ തന്‍റെ കരുത്ത് സുധാകരന്‍ കൃത്യമായി പ്രകടിപ്പിക്കുക കൂടി ചെയ്‌തതോടെ ഹൈക്കമാന്‍ഡ് കീഴടങ്ങി എന്ന് അനുമാനിക്കാം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam