
കേവലം നാല് നിയമസഭാ തെരഞ്ഞെടുപ്പുകൾ മാത്രം നേരിട്ട മണ്ഡലമാണ് കൊച്ചി. 2011ൽ രൂപീകരിച്ച ഏറ്റവും പ്രായം കുറഞ്ഞ മണ്ഡലം. നേരത്തെ ഇത് മട്ടാഞ്ചേരി, പള്ളുരുത്തി മണ്ഡലമായിരുന്നു. കൊച്ചി താലൂക്കിൽ ഉൾപ്പെടുന്ന കൊച്ചി നഗരസഭയുടെ 1 മുതൽ 10 വരെയും 19 മുതൽ 25 വരെയും വാർഡുകളും കുമ്പളങ്ങി പഞ്ചായത്തുകളും ഉൾപ്പെടുന്ന മണ്ഡലമാണ് കൊച്ചി. നഗരത്തിലെ ചെറിയ പ്രദേശമായി തോന്നുമെങ്കിലും കൃത്യമായ നിലപാടിലും വികസനത്തിനും, രാഷ്ട്രീയ ഗതികളിലും ഇടപെടുന്നവരാണ് കെച്ചിയിലെ വോട്ടർമാർ.
2011ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ ഡൊമിനിക്ക് പ്രസന്റേഷൻ വിജയം നേടിയതും പിന്നീട് 2016 ലും 2021ലും അടുപ്പിച്ച് കെ.ജെ മാക്സിയെ വിജയിപ്പിച്ചതും ഇവിടെ വ്യക്തമായ രാഷ്ട്രീയ സമവാക്യങ്ങൾക്കോ ആശയപരമായ സ്ഥിരതക്കോ അവസരങ്ങൾ കുറവാണെന്നുള്ള തെളിവാണ്. 1980ൽ മട്ടാഞ്ചേരി മണ്ഡലമായിരുന്നതിൽ പിന്നെ മുസ്‍ലിം ലീഗ് സ്ഥാനാർഥികളാണ് വിജയിച്ചു പോന്നിരുന്നത്. എങ്കിലും ക്രിസ്റ്റ്യൻ വോട്ടുകളും ഇവിടെ നിർണ്ണായകമായി മാറുന്ന ഘടകമാണ്.
1957ലെ ആദ്യ തെരഞ്ഞെടുപ്പ് മുതലാണ് ഇപ്പോഴത്തെ കൊച്ചിയായ പഴയ മട്ടാഞ്ചേരി നിയമസഭാ മണ്ഡലത്തിൽ ആദ്യ പ്രതിനിധിയായി കോൺഗ്രസിലെ കെ.കെ. വിശ്വനാഥൻ വിജയിച്ചെത്തുന്നത്. മണ്ഡലത്തിലെ ആദ്യ കോൺഗ്രസ് എംഎൽയായ വിശ്വനാഥൻ വീണ്ടും 1960ൽ തുടർന്നു. പിന്നീട് 1965 ലും 1967ലും എം.പി. മുഹമ്മദ് ജാഫർ ഖാൻ വിജയിച്ചെത്തുന്നുണ്ട്. ഇങ്ങനെ മുസ്ലീം ലീഗിന് മണ്ഡലത്തിൽ വേരോട്ടമുണ്ടാകുന്നു. 82ൽ കെഎം ഹംസയിൽ തുടങ്ങി 2001ലും 2006ൽ വി.കെ. ഇബ്രാഹിം കുഞ്ഞും ലീഗിനെ പ്രതിനിധീകരിച്ച് എംഎൽഎ ആയി. ഇങ്ങനെ തെക്കൻ കേരളത്തിൽ ലീഗിന് മുന്നേറ്റമുള്ള മണ്ഡലമെന്നായിരുന്നു ഖ്യാതി. പള്ളുരുത്തി മണ്ഡലത്തിൽ നിന്നും 1996ലും 2001ലും വിജയിച്ച ഡൊമിനിക്ക് പ്രസന്റേഷൻ പിന്നീട് പുനർരൂപീകരണം ചെയ്ത കൊച്ചിയിൽ കോൺഗ്രസ് എംഎൽഎയായി 2011ൽ വിജയിച്ചു.
സ്ഥാനാർത്ഥി നിർണ്ണയത്തിലെ തർക്കവും പോസ്റ്റ്ർ വിവാദവും വാർത്തകളിൽ ഇടം പിടിച്ച മണ്ഡലങ്ങളിൽ ഒന്നാണ് കൊച്ചി. കോൺഗ്രസില്‍ തര്‍ക്കമില്ലെന്ന് പ്രതിപക്ഷ നേതാവ് ആവര്‍ത്തിക്കുന്നതിനിടെ പ്രഖ്യാപനം വരുന്നതിന് മുന്‍പേ കൊച്ചി നിയോജക മണ്ഡലം സ്ഥാനാര്‍ത്ഥിയായി ദീപ്തി മേരി വര്‍ഗീസിന്‍റെ പേരിൽ പോസ്റ്റർ പ്രിന്റ് ചെയ്തതും കോൺഗ്രസിനെ വെട്ടിലാക്കിയിരുന്നു. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ കന്നി അംഗത്തിൽ കൊച്ചി പിടിച്ചടക്കാൻ കഴിയുമെന്നാണ് യുഡിഎഫ് കരുതുന്നത്. അതേസമയം കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പിലും കൈവരിച്ച വിജയം കെ.ജെ മാക്സിയിലൂടെ വീണ്ടും സാധിക്കുമെന്നാണ് ഇടത് കരുതുന്നത്. മാക്സിയുടെ സ്ഥാനാർത്ഥിത്വത്തിൽ ചില ആസ്വാരസ്യങ്ങൾ പാർട്ടിയിൽ ഉണ്ടായെങ്കിലും അതൊന്നും അത്രകണ്ട് ഏശാൻ സാധ്യതയില്ല. അതേസമയം മണ്ഡലത്തിലെ എല്ലാ സാമുദായിക ഘടങ്ങളുമായും ബന്ധങ്ങളുള്ള മാക്സിയ്ക്ക് ഇത്തവണ വിജയ സാധ്യത കൂടുതലാണ്.
തീരദേശ മേഖലയായതുകൊണ്ട് തന്നെ മത്സ്യത്തൊഴിലാളികൾ, മാർക്കറ്റ് മേഖലകളിലെ വ്യാപാരികൾ, തുറമുഖ-ഗതാഗത തൊഴിലാളികൾ തുടങ്ങിയവരുടെ വോട്ടുകൾ പ്രധാനമാണ്. ഭരണമികവ്, ക്ഷേമപദ്ധതികളുടെ വിതരണം, സ്ഥാനാർത്ഥിയുടെ വിശ്വാസ്യത എന്നിവ പലപ്പോഴും മുൻഗണന നൽകാറുള്ള മണ്ഡലം കൂടിയാണ് കൊച്ചി. 2021ലെ തെരഞ്ഞെടുപ്പിൽ സിപിഎമ്മിലെ കെ.ജെ മാക്സി 54,632 വോട്ടുകൾ നേടി വിജയിച്ചു. എതിർസ്ഥാനാർത്ഥിയായ ഇന്ത്യൻ നാഷണൽ കോൺഗ്രസിലെ ടോണി ചമ്മണിക്ക് 40,553 വോട്ടുകളിൽ ഒതുങ്ങേണ്ടി വന്നിരുന്നു. അതേസമയം ട്വന്റി-20 സ്ഥാനാർത്ഥി ഷൈനി ആന്റണി 19,676 വോട്ടുകളും ബിജെപി സ്ഥാനാർത്ഥി സി. ജി. രാജഗോപാൽ 10,991 വോട്ടുകളും നേടി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam