ഇടതിന്റെ ഹാട്രിക് തടയാൻ യുഡിഎഫ്; ഇവിടെ എൻഡിഎയും നിസാരക്കാരല്ല, കൊടുങ്ങല്ലൂരിൽ പോരാട്ടം കനക്കും

Published : Mar 28, 2026, 09:43 PM IST
bjp cpm congress

Synopsis

തദ്ദേശ തെരഞ്ഞെടുപ്പിലെ യുഡിഎഫ് മുന്നേറ്റവും ബിജെപിയുടെ വർധിച്ചുവരുന്ന വോട്ട് വിഹിതവും സിറ്റിംഗ് എംഎൽഎ വി ആർ സുനിൽ കുമാറിന്റെ ഹാട്രിക് വിജയത്തിന് വെല്ലുവിളിയാകുകയാണ്. 

തൃശ്ശൂർ ജില്ലയിലെ ചരിത്രപ്രധാനമായ കൊടുങ്ങല്ലൂർ നിയമസഭാ മണ്ഡലം സി.പി.ഐയുടെ (എൽഡിഎഫ്) ശക്തമായ കേന്ദ്രങ്ങളിലൊന്നാണ്. ഇത്തവണ ശക്തമായ പോരാട്ടം നടക്കുമെന്ന് ഏറെക്കുറെ ഉറപ്പുള്ള മണ്ഡലം കൂടിയാണിത്. കാരണം 2025 ഡിസംബറിൽ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ കൊടുങ്ങല്ലൂർ നഗരസഭയിൽ എൽഡിഎഫ് ആധിപത്യം തുടർന്നപ്പോൾ പൊയ്യ, അന്നമനട, കുഴൂർ, മാള എന്നീ പഞ്ചായത്തുകളിൽ യുഡിഎഫ് വൻ മുന്നേറ്റമാണ് നടത്തിയത്. 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് ലഭിച്ച ലീഡ് ഈ പഞ്ചായത്തുകളിൽ ഗണ്യമായി കുറയ്ക്കാൻ യുഡിഎഫിന് സാധിച്ചു. ഇത് ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പിലും ആവർത്തിച്ചാൽ ഇടതുപക്ഷത്തിന് കാര്യങ്ങൾ എളുപ്പമാകില്ല.

കൊടുങ്ങല്ലൂർ നഗരസഭാ പരിധിയിൽ ഇപ്പോഴും ശക്തമായ ആധിപത്യം പുലർത്താൻ സാധിക്കുന്നു എന്നതാണ് ഇടതുപക്ഷത്തിന് പ്രതീക്ഷ നൽകുന്നത്. സിപിഐയുടെ വി ആർ സുനിൽ കുമാർ കഴിഞ്ഞ രണ്ട് തവണയായി മണ്ഡലത്തിലെ എംഎൽഎയാണ്. ഏകദേശം 23,000 വോട്ടുകളുടെ ഭൂരിപക്ഷം രണ്ട് തവണയും നിലനിർത്താൻ അദ്ദേഹത്തിന് സാധിച്ചിട്ടുമുണ്ട്. സുനിൽ കുമാറിന്റെ ഭൂരിപക്ഷത്തിൽ വലിയൊരു പങ്ക് ഇവിടെ നിന്നാണ് ലഭിക്കാറുള്ളത്. മുൻ മന്ത്രി വി കെ രാജന്റെ മകനാണ് വി ആർ സുനിൽ കുമാർ. അതേസമയം, നഗരസഭാ വാർഡുകളിലും ശ്രീനാരായണപുരം പോലെയുള്ള ഇടങ്ങളിലും ബിജെപിക്ക് ഉറച്ച വോട്ടുകളുണ്ട്. ഏകദേശം 30,000ത്തിന് മുകളിൽ വോട്ടുകൾ മണ്ഡലത്തിൽ സമാഹരിക്കാൻ ബിജെപിയ്ക്ക് സാധിക്കുന്നത് എൽഡിഎഫിനും യുഡിഎഫിനും വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.

2026ലെ പോരാട്ടം

ഹാട്രിക് വിജയം ലക്ഷ്യമിട്ട് സിറ്റിംഗ് എംഎൽഎ അഡ്വ. വി ആർ‌ സുനിൽ കുമാറിനെ തന്നെയാണ് എൽഡിഎഫ് മത്സരരംഗത്ത് ഇറക്കിയിരിക്കുന്നത്. കെപിസിസി ജനറൽ സെക്രട്ടറി ഒ ജെ ജനീഷിനെയാണ് ഇത്തവണ യുഡിഎഫ് കൊടുങ്ങല്ലൂർ പിടിക്കാൻ നിയോഗിച്ചിരിക്കുന്നത്. മറുഭാ​ഗത്ത് ബിജെപി ഇത്തവണയും ശക്തമായ സാന്നിധ്യമായി മണ്ഡലത്തിലുണ്ട്. ഡോ. വർഗീസ് ജോർജാണ് എൻഡിഎ സ്ഥാനാർത്ഥി. ബിഡിജെഎസ് വോട്ടുകളും മണ്ഡലത്തിൽ നിർണ്ണായകമാണ്.

കഴിഞ്ഞ അഞ്ച് വർഷത്തെ തെരഞ്ഞെടുപ്പ് ചരിത്രം

2001ൽ ഉമേഷ് ചള്ളിയിൽ (ജെഎസ്എസ്) സിപിഐയുടെ പ്രൊഫ. മീനാക്ഷി തമ്പാനെ 12,000ത്തോളം വോട്ടുകൾക്ക് പരാജയപ്പെടുത്തിയിരുന്നു. തൊട്ടടുത്ത തെരഞ്ഞെടുപ്പ് നടന്ന 2006ൽ അഡ്വ. കെ പി രാജേന്ദ്രൻ എൽഡിഎഫിന് വിജയം സമ്മാനിച്ചു. ഉമേഷ് ചള്ളിയിലിനെ 2,500ലധികം വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് കെ പി രാജേന്ദ്രൻ ഇടതിന് അനുകൂലമായ രാഷ്ട്രീയാന്തരീക്ഷം മണ്ഡലത്തിൽ സൃഷ്ടിച്ചത്. 2011ൽ യുഡിഎഫിന് വേണ്ടി ടി എൻ പ്രതാപൻ കളത്തിലിറങ്ങി. എൽഡിഎഫിന്റെ കെ ജി ശിവാനന്ദനെ 9,432 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ മറികടന്ന് അദ്ദേഹം വിജയം ഉറപ്പിച്ചു. 

2016ൽ അഡ്വ. വിആര്‍ സുനിൽ കുമാറിനെ രംഗത്തിറക്കിയ എൽഡിഎഫ് പരീക്ഷണം വിജയം കണ്ടു. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന കെ പി ധനപാലനെ 22,791 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തി അദ്ദേഹം യുഡിഎഫിന്റെ വിജയത്തിന് അവസാനം കുറിച്ചു. തുടര്‍ന്ന് 2021ൽ വീണ്ടും സുനിൽ കുമാറിനെ തന്നെ മത്സരിപ്പിച്ച എൽഡിഎഫിന്റെ തന്ത്രം വിജയം കണ്ടു. യുഡിഎഫിന്റെ എം പി ജാക്സണെ 23,000ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തിയ സുനിൽ കുമാര്‍ മണ്ഡലം നിലനിര്‍ത്തുകയായിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ കത്തിലെ ബിജെപി സീലില്‍ കൂടുതല്‍ നടപടി, രണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി
'രാഹുൽ ഗാന്ധി തനിക്ക് ചില ഉറപ്പുകൾ തന്നിട്ടുണ്ട്, പാലിക്കുമെന്നാണ് പ്രതീക്ഷ'; ചെന്നിത്തല മുഖ്യമന്ത്രിയാകണമെന്നും കെ സുധാകരൻ