കൊല്ലത്തെ ഇടതുകോട്ടകൾ ഇളകുമോ? വൻ മുന്നേറ്റം ലക്ഷ്യമിട്ട് യുഡിഎഫ്, അക്കൗണ്ട് തുറക്കാൻ എൻഡിഎ; ക്ലൈമാക്സ് പ്രവചനാതീതം!

Published : Apr 08, 2026, 07:15 PM IST
Kollam

Synopsis

കൊല്ലത്തെ 11 സീറ്റുകളിൽ 9ഉം കൈവശമുള്ള എൽഡിഎഫ് ഇത്തവണ കോട്ട കാക്കാനുള്ള ശ്രമത്തിലാണ്. അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പിലെ നേട്ടം ആവർത്തിക്കാൻ യുഡിഎഫും അക്കൗണ്ട് തുറക്കാൻ എൻഡിഎയും രംഗത്തുണ്ട്. 

ഇടതുകോട്ടയെന്ന കൊല്ലത്തിന്‍റെ ഖ്യാതിക്ക് ഇളക്കം തട്ടിയ തദ്ദേശ തെരഞ്ഞെടുപ്പാണ് കടന്നുപോയത്. സിപിഎമ്മിന്‍റെ ശക്തികേന്ദ്രങ്ങള്‍ പോലും യു‍ഡിഎഫ് തരംഗത്തില്‍ ആടിയുലഞ്ഞു. 25 വര്‍ഷം തുടര്‍ച്ചയായി ഭരിച്ച കൊല്ലം കോര്‍പ്പറേഷന്‍ യുഡിഎഫ് പിടിച്ചെടുത്തു. കനത്ത തിരിച്ചടിയുടെ ആഘാതം വിട്ടുമാറും മുമ്പ് വന്നുചേര്‍ന്ന നിയമസഭാ തെരഞ്ഞെടുപ്പ് മുന്നണികളില്‍ ആശങ്കയും പ്രതീക്ഷയും വിതച്ചു കഴിഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിലെ നേട്ടം ആവര്‍ത്തിക്കാന്‍ കഴിയുമെന്നാണ് യുഡിഎഫിന്‍റെ ആത്മവിശ്വാസം. പോരായ്മകള്‍ മനസിലാക്കി നിലനില്‍പ്പിനായുള്ള പോരാട്ടത്തിലാണ് എല്‍ഡിഎഫ്. പഞ്ചായത്തുകളില്‍ അടക്കം കൈവരിച്ച മുന്നേറ്റം നിയമസഭാ തെരഞ്ഞെടുപ്പിലും പ്രതിഫലിക്കുമെന്നും ജില്ലയില്‍ അക്കൗണ്ട് തുറക്കുമെന്നുമാണ് എന്‍ഡിഎയുടെ അവകാശവാദം. 

ജില്ലയില്‍ ആകെ 11 നിയമസഭാ മണ്ഡലങ്ങള്‍. 2021ല്‍ 9 മണ്ഡലങ്ങളും എല്‍ഡിഎഫിനൊപ്പം നിന്നു. കുണ്ടറയും കരുനാഗപ്പള്ളിയും യുഡിഎഫ് നേടിയെടുത്തു. മണ്ഡലങ്ങളിലൂടെ...

കൊല്ലം 

കൊല്ലം പിടിക്കുന്നവര്‍ ജില്ലയില്‍ മുന്നേറ്റമുണ്ടാക്കുമെന്നാണ് ചൊല്ല്. ഇത്തവണ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന മണ്ഡലത്തില്‍ ഫലം പ്രവചനാതീതം. തുടര്‍ച്ചയായ രണ്ട് തവണ നടന്‍ എം.മുകേഷ് വിജയിച്ചു കയറിയ കൊല്ലത്ത് ഇത്തവണ എല്‍ഡിഎഫിന്‍റെ തുറുപ്പുചീട്ട് മുതിര്‍ന്ന സിപിഎം നേതാവ് എസ് ജയമോഹനാണ്. കശുവണ്ടി വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം വഹിച്ചിരുന്ന തൊഴിലാളി നേതാവായ ജയമോഹനിലൂടെ അടിസ്ഥാന വോട്ടുകള്‍ അടക്കം ഉറപ്പിക്കാന്‍ കഴിയുമെന്നാണ് എല്‍ഡിഎഫിന്‍റെ കണക്കുകൂട്ടല്‍.

നിയമസഭയിലേക്ക് കന്നി പോരാട്ടത്തിന് ഇറങ്ങിയ ജയമോഹനെ നേരിടാന്‍ യുഡിഎഫ് കളത്തിലിറക്കിയത് മഹിളാ കോണ്‍ഗ്രസ് മുന്‍ സംസ്ഥാന അധ്യക്ഷയും കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗവുമായ ബിന്ദു കൃഷ്ണയെയാണ്. കഴിഞ്ഞ തവണ മുകേഷിനോട് മത്സരിച്ച് പരാജയപ്പെട്ടെങ്കിലും എല്‍ഡിഎഫിന്‍റെ ഭൂരിപക്ഷം 2072 ആയി കുറയ്ക്കാന്‍ ബിന്ദു കൃഷ്ണയ്ക്ക് കഴിഞ്ഞു. 17,611 ആയിരുന്നു 2016ല്‍ മുകേഷിന്‍റെ ഭൂരിപക്ഷം. മണ്ഡലത്തിലെ പ്രവര്‍ത്തന പരിചയവും വ്യക്തി ബന്ധങ്ങളും ഇത്തവണ ബിന്ദു കൃഷ്ണയെ കൈവിടില്ലെന്നാണ് യുഡിഎഫിന്‍റെ പ്രതീക്ഷ. തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയില്‍ ചേര്‍ന്ന ഡോ.എന്‍.പ്രതാപ് കുമാറാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി. 

ഇരവിപുരം 

ഇടതുപക്ഷത്തിന്‍റെ ഉറച്ച കോട്ടയാണ് ഇരവിപുരം. തുടര്‍ച്ചയായി രണ്ട് തവണ മണ്ഡലത്തെ പ്രതിനിധീകരിച്ച എം നൗഷാദ് മൂന്നാം തവണയും എല്‍ഡിഎഫിനായി ജനവിധി തേടുന്നു. മത-സാമുദായിക സമവാക്യങ്ങള്‍ അടക്കം നിര്‍ണായകമായ മണ്ഡലത്തില്‍ എല്ലാവര്‍ക്കും സ്വീകാര്യന്‍ എന്നതാണ് എല്‍.ഡി.എഫ് നൗഷാദില്‍ കാണുന്ന പ്ലസ് പോയിന്‍റ്. പത്ത് വര്‍ഷത്തെ വികസന പ്രവര്‍ത്തനങ്ങള്‍ അവതരിപ്പിച്ചാണ് എം നൗഷാദിന്‍റെ പോരാട്ടം. മുന്നണി മാറി യുഡിഎഫില്‍ വന്ന ശേഷം ആര്‍.എസ്.പി പരാജയം മാത്രം രുചിച്ച മണ്ഡലമാണ് ഇരവിപുരം. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ കലഹത്തിന് ഒടുവില്‍ ഒരു സമവായ സ്ഥാനാര്‍ത്ഥിയിലേക്ക് ഇത്തവണ ആര്‍.എസ്.പി എത്തുകയായിരുന്നു. ആര്‍വൈഎഫ് സംസ്ഥാന സെക്രട്ടറി അഡ്വ.വിഷ്ണു മോഹനാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി. ജില്ലയിലെ ഏറ്റവും പ്രായം കുറഞ്ഞ മുന്നണി സ്ഥാനാര്‍ത്ഥികളില്‍ ഒരാള്‍ കൂടിയാണ് വിഷ്ണു മോഹന്‍. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പ്രതിഷേധിച്ച് ആര്‍.എസ്.പി വിട്ട സജി ഡി ആനന്ദാണ് ബി‍ഡിജെഎസിന്‍റെ സീറ്റില്‍ എന്‍ഡിഎക്കായി മത്സരിക്കുന്നത്.

ചവറ 

ജില്ലയില്‍ ആര്‍.എസ്.പി മത്സരിക്കുന്ന മൂന്ന് സീറ്റുകളില്‍ ഒന്നാണ് ചവറ. സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണ്‍ തന്നെ ഇത്തവണയും ജനവിധി തേടുന്നു. കഴിഞ്ഞ രണ്ട് തവണയും പരാജയപ്പെട്ട മണ്ഡലത്തില്‍ ഷിബു ബേബി ജോണിന് ഇത് നിലനില്‍പ്പിനായുള്ള പോരാട്ടം കൂടിയാണ്. സിറ്റിങ് എംഎല്‍എ സുജിത്ത് വിജയന്‍ പിള്ളയെ തന്നെ ഇത്തവണയും എല്‍ഡിഎഫ് രംഗത്തിറക്കി. 1069 വോട്ടിന്‍റെ ഭൂരിപക്ഷത്തിലായിരുന്നു 2021ല്‍ സുജിത്ത് വിജയന്‍ പിള്ള ജയിച്ചു കയറിയത്. ഇത്തവണ ഇഞ്ചോടിഞ്ച് മത്സരം നടക്കുന്ന ചവറ ഇടതു വലതു മുന്നണികളില്‍ ഒരേ പോലെ നെഞ്ചിടിപ്പ് കൂട്ടുന്നു. കൈവിട്ടു പോയ മണ്ഡലം തിരികെ പിടിക്കാന്‍ അരയും തലയും മുറുക്കിയുള്ള പോരാട്ടത്തിലാണ് ആര്‍.എസ്.പി. കഴിഞ്ഞ തവണ മത്സരിച്ച മുഴുവന്‍ സീറ്റുകളിലും ആര്‍.എസ്.പി പരാജയപ്പെട്ടിരുന്നു. അതുകൊണ്ട് ഈ തെരഞ്ഞെടുപ്പ് ആര്‍.എസ്.പിക്ക് ജീവന്‍ മരണ പോരാട്ടം കൂടിയാണ്. ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് കെ.ആർ.രാജേഷാണ് ചവറയില്‍ എൻഡിഎ സ്ഥാനാർത്ഥി. 

കുന്നത്തൂര്‍

തുടര്‍ച്ചയായ അഞ്ച് തവണ കോവൂര്‍ കൂഞ്ഞുമോന്‍ വിജയിച്ചു കയറിയ മണ്ഡലമാണ് കുന്നത്തൂര്‍. മുന്നണിയുടെ ഭാഗമല്ലാത്ത അംഗബലം കുറവായ ആര്‍.എസ്.പി ലെനിനിസ്റ്റിന് തന്നെ ഇത്തവണയും എല്‍ഡിഎഫ് സീറ്റ് നല്‍കി. ആറാം തവണയും കോവൂര്‍ കുഞ്ഞുമോന്‍ വിജയക്കൊടി പാറിക്കുമെന്നാണ് എല്‍ഡിഎഫിന്‍റെ കണക്കുകൂട്ടൽ. മണ്ഡലം ഏറ്റെടുക്കാന്‍ സിപിഎം ആലോചിച്ചിരുന്നെങ്കിലും വ്യക്തിപരമായി കോവൂര്‍ കുഞ്ഞുമോനുള്ള ജനപിന്തുണ മറ്റൊരാളെ പരീക്ഷിച്ചാല്‍ കിട്ടില്ല എന്ന വിലയിരുത്തലിലേക്ക് ഇടതുമുന്നണി എത്തുകയായിരുന്നു. കഴിഞ്ഞ രണ്ട് തവണയും കുഞ്ഞുമോന്‍റെ എതിരാളി ബന്ധു കൂടിയായ ഉല്ലാസ് കോവൂര്‍ ആയിരുന്നു. മൂന്നാം തവണയും ഉല്ലാസിനെ തന്നെ ആര്‍.എസ്.പി കളത്തിലിറക്കി. 

മണ്ഡലം പിടിച്ചെടുക്കാന്‍ കഴിയും വിധമുള്ള പിന്തുണ ഇത്തവണ ഉല്ലാസ് കോവൂരിന് ഉണ്ടെന്നാണ് യുഡിഎഫിന്‍റെ വിലയിരുത്തല്‍. 20,529 എന്ന 2016ലെ കുഞ്ഞുമോന്‍റെ ഭൂരിപക്ഷം 2021ല്‍ 2790 ആയി കുറയ്ക്കാന്‍ ഉല്ലാസിന് കഴിഞ്ഞിരുന്നു. ആര്‍.എസ്.പിക്കാര്‍ തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന കുന്നത്തൂര്‍ ഇത്തവണ ആര്‍ക്കൊപ്പം നില്‍ക്കുമെന്നത് പ്രവചനാതീതം. ബിജെപി ജില്ലാ പ്രസിഡന്‍റ് രാജി പ്രസാദാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി. 

ചാത്തന്നൂര്‍

ജില്ലയില്‍ ത്രികോണ മത്സരം നടക്കുന്ന മണ്ഡലമാണ് ചാത്തന്നൂര്‍. സിപിഐയുടെ സീറ്റില്‍ ഇത്തവണ ആര്‍.രാജേന്ദ്രനാണ് എൽഡിഎഫ് സ്ഥാനാര്‍ത്ഥി. ജി.എസ് ജയലാലിന്‍റെ പിന്തുടര്‍ച്ചക്കാരനായി ആര്‍ രാജേന്ദ്രന് ജയിച്ചു കയറാന്‍ കഴിയുമെന്നാണ് എല്‍ഡിഎഫിന്‍റെ പ്രതീക്ഷ. എന്നാല്‍ കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും രണ്ടാം സ്ഥാനത്ത് എത്തിയ ബിജെപി മണ്ഡലം പിടിക്കുമെന്ന അത്മവിശ്വാസത്തിലാണ്. നാട്ടുകാരന് ഒരു വോട്ടെന്ന പ്രചരണ തന്ത്രവുമായാണ് ബിബി ഗോപകുമാര്‍ മൂന്നാം തവണ ജനവിധി തേടുന്നത്. 2016ല്‍ നിന്ന് 2021 എത്തിയപ്പോള്‍ എല്‍ഡിഎഫിന്‍റെ ഭൂരിപക്ഷം ഗോപകുമാര്‍ കുത്തനെ കുറച്ചു. 

ബിജെപിയുടെ എ ക്ലാസ് മണ്ഡലമായ ചാത്തന്നൂരില്‍ അക്കൗണ്ട് തുറക്കാന്‍ ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനമാണ് ബിജെപി നടത്തിയത്. എസ്എന്‍ഡിപി, എന്‍എസ്എസ് വോട്ടുകളും ന്യൂനപക്ഷ വോട്ടുകളും മണ്ഡലത്തില്‍ നിര്‍ണായകമാണ്. കരുനീക്കങ്ങള്‍ കൃത്യമെങ്കില്‍ ബിജെപിക്ക് പ്രതീക്ഷ വെക്കാം. സൂരജ് രവിയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി. 2016ല്‍ കൊല്ലത്ത് എം മുകേഷിനോട് പരാജപ്പെട്ട സൂരജ് രവിയുടെ ചാത്തന്നൂരിലേക്കുള്ള കളംമാറ്റം യുഡിഎഫിന് ഗുണം ചെയ്യുമോ എന്നാണ് കണ്ടറിയേണ്ടത്. തുടര്‍ച്ചയായ രണ്ട് തവണയും മൂന്നം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ഇടത്തുനിന്നാണ് യുഡിഎഫിന്  മുന്നേറേണ്ടത്. 

കുണ്ടറ 

ഇടതുപക്ഷത്തിന് ആഴത്തില്‍ വേരോട്ടമുള്ള മണ്ഡലമാണ് കുണ്ടറ. കശുവണ്ടി തൊഴിലാളികള്‍ അടക്കമുള്ള അടിസ്ഥാന ജനവിഭാഗങ്ങളുടെ വോട്ട് തെരഞ്ഞെടുപ്പിന്‍റെ ഗതി നിര്‍ണയിക്കുന്ന മണ്ണ്. മുന്‍ മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മയെ പരാജയപ്പെടുത്തിയാണ് 2021ല്‍ പി.സി വിഷ്ണുനാഥ് മണ്ഡലം പിടിച്ചെടുത്തത്. വീണ്ടും വിഷ്ണുനാഥ് തന്നെ യുഡിഎഫിനായി കളത്തിലിറങ്ങി. അ‍ഞ്ച് വര്‍ഷം കൊണ്ട് നടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങളില്‍ വിശ്വാസം അര്‍പ്പിച്ചാണ് വിഷ്ണുനാഥ് ജനവിധി തേടുന്നത്. വിഷ്ണുനാഥിനുള്ള വ്യക്തിപ്രഭാവവും വോട്ടായി മാറുമെന്ന കണക്കു കൂട്ടല്‍ യുഡിഎഫിനുണ്ട്. 

കൈവിട്ടുപോയ കോട്ട തിരിച്ചു പിടിക്കാന്‍ പ്രാദേശിക നേതാവായ എസ്.എല്‍ സജികുമാറിനെയാണ് സിപിഎം നിയോഗിച്ചത്. മണ്ണറിയുന്ന സ്ഥാനാര്‍ത്ഥിയെന്ന മികവാണ് എസ്.എല്‍.സജികുമാറില്‍ എല്‍ഡിഎഫ് കാണുന്നത്. തൊഴിലാളി നേതാവായും ജനപ്രതിനിധിയായും നേടിയെടുത്ത ബന്ധങ്ങള്‍ സജികുമാറിന് വോട്ടാകുമെന്നാണ് സിപിഎമ്മിന്‍റെ കണക്കുകൂട്ടല്‍. ഇഞ്ചോടിഞ്ച് പോരാട്ടത്തിനാണ് ഇത്തവണ കുണ്ടറ വേദിയാകുന്നത്. ടെലിവിഷന്‍ താരമായ ഡോ.റോബിന്‍ രാധാകൃഷ്ണനാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി. 

കരുനാഗപ്പള്ളി 

ചെങ്കൊടി പാറിയിരുന്ന കരുനാഗപ്പള്ളിയിലാണ് 2021ല്‍ സി.ആര്‍ മഹേഷ് യുഡിഎഫിന്‍റെ വിജയക്കൊടി നാട്ടിയത്. സിറ്റിങ് എംഎല്‍എയ്ക്ക് തന്നെ മണ്ഡലം നിലനിര്‍ത്താനുള്ള അവസരം യുഡിഎഫ് നല്‍കി. ജനങ്ങള്‍ക്കിടയില്‍ സി.ആര്‍ മഹേഷിനുള്ള സ്വീകാര്യതയിലാണ് മുന്നണി വിശ്വാസം അര്‍പ്പിക്കുന്നത്. 5 വര്‍ഷത്തെ പ്രവര്‍ത്തനവും വ്യക്തി പ്രഭാവവും മികച്ച ഭൂരിപക്ഷത്തോടെയുള്ള വിജയം ഉറപ്പാക്കുമെന്ന് യുഡിഎഫ് കണക്കുകൂട്ടുന്നു. എം.എസ് താരയെയാണ് മണ്ഡലം തിരിച്ചു പിടിക്കാന്‍ സിപിഐ നിയോഗിച്ചത്. വി.എസ് ജിതിന്‍ദേവാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി. 

കഴിഞ്ഞ തവണ ബിജെപി വോട്ടുകളില്‍ വന്‍ ചോര്‍ച്ചയുണ്ടായി. സ്വീകാര്യനല്ലാത്ത സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിച്ചതായിരുന്നു കാരണം. ആ വോട്ടുകള്‍ സിആര്‍ മഹേഷിന് പോയെന്നും കോണ്‍ഗ്രസ്-ബിജെപി ഡീലിന്‍റെ ഭാഗമായി മണ്ഡലം നഷ്ടമായെന്നും ആയിരുന്നു എല്‍ഡിഎഫിന്‍റെ ആരോപണം. ഇത്തവണ ബിജെപി വോട്ടുകള്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്ക് തന്നെ ലഭിച്ചാല്‍ കരുനാഗപ്പള്ളി തിരിച്ചു പിടിക്കുമെന്നാണ് എല്‍ഡിഎഫിന്‍റെ അവകാശവാദം. 

കൊട്ടാരക്കര 

ജില്ലയിലെ സ്റ്റാര്‍ മണ്ഡലമാണ് കൊട്ടാരക്കര. ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ എല്‍ഡിഎഫിനായി വീണ്ടും മത്സരിക്കുന്നു. സിപിഎം വിട്ട മുന്‍ എംഎല്‍എ അയിഷാ പോറ്റി യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ബാലഗോപാലിനെ നേരിടുന്നു. യുഡിഎഫിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന ആര്‍.രശ്മി എന്‍ഡിഎക്കായി മത്സരിക്കുന്നു. കഴിഞ്ഞ തവണ ബാലഗോപാലിനെതിരെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചത് ആര്‍.രശ്മി ആയിരുന്നു. അങ്ങനെ വിസ്മയങ്ങള്‍ കൊണ്ട് കൊട്ടാരക്കര തെരഞ്ഞെടുപ്പില്‍ ശ്രദ്ധനേടി കഴിഞ്ഞു. 

ധനമന്ത്രി എന്ന നിലയില്‍ നടത്തിയ പ്രവര്‍ത്തനങ്ങളിലാണ് കെ.എന്‍ ബാലഗോപാലിന്‍റെ ആത്മവിശ്വാസം. മൂന്ന് തവണ എം.എല്‍.എ ആയിരുന്നപ്പോള്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളില്‍ അയിഷാ പോറ്റിയും പ്രതീക്ഷ പുലര്‍ത്തുന്നു. വ്യക്തി ബന്ധങ്ങളില്‍ ഇരുവരും തുല്യര്‍. പരസ്പരം കടന്നാക്രമിച്ചാണ് കെ.എന്‍.ബാലഗോപാലും അയിഷാ പോറ്റിയും കളം നിറഞ്ഞത്. വോട്ടര്‍മാരുടെ മനസ് ആരുടെ രാഷ്ട്രീയ നിലപാടിന് കൈ കൊടുക്കും എന്ന സസ്പെന്‍സാണ് മണ്ഡലത്തെ ശ്രദ്ധാകേന്ദ്രമാക്കുന്നത്. 

പത്തനാപുരം 

ഗ്ലാമർ പോരാട്ടം നടക്കുന്ന മണ്ഡലമാണ് പത്തനാപുരം. 25 കൊല്ലം മണ്ഡലത്തെ പ്രതിനിധീകരിച്ച കെ.ബി ഗണേഷ് കുമാര്‍ ആറാം തവണയും ജനവിധി തേടുന്നു. ഗണേഷ് കുമാറിന്‍റെ രാഷ്ട്രീയ എതിരാളി ജ്യോതികുമാര്‍ ചാമക്കാല തന്നെ രണ്ടാം തവണ യുഡിഎഫിനായി കളത്തിലിറങ്ങി. 2021-ൽ 14,336 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ഗണേഷ് കുമാര്‍ വിജയിച്ചത്. പരാജയത്തില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് 5 വര്‍ഷവും മണ്ഡലത്തില്‍ തന്നെ പ്രവര്‍ത്തിച്ചതിന്‍റെ പരിചയ സമ്പത്തുമായാണ് ജ്യോതികുമാര്‍ ചാമക്കാല തെരഞ്ഞെടുപ്പ് ഗോദയില്‍ ഇറങ്ങിയത്. ഗതാഗത മന്ത്രിയെന്ന നിലയില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ എണ്ണിപ്പറഞ്ഞും മണ്ഡലത്തില്‍ നടപ്പാക്കിയ വികസനം ചൂണ്ടിക്കാട്ടിയും ഗണേഷ് കുമാറും കളംനിറയുന്നു. 

വ്യക്തിജീവിതത്തില്‍ ഉണ്ടായ വിവാദങ്ങളും എന്‍എസ്എസിലെ തര്‍ക്കങ്ങളും ഗണേഷ് കുമാറിന് പ്രതികൂലമായി ഒരു ഭാഗത്തുണ്ട്. എന്നാല്‍ ഇത് വോട്ടില്‍ പ്രതിഫലിക്കില്ലെന്ന ആത്മവിശ്വാസത്തിലാണ് എല്‍ഡിഎഫ്. പ്രചരണ രംഗത്ത് ഒപ്പത്തിനൊപ്പമാണ് എതിരാളികള്‍. പത്തനാപുരം ഇതുവരെ കാണാത്ത തെരഞ്ഞെടുപ്പെന്ന് വോട്ടമാരും പറയുന്നു. അനിൽ പിള്ളയാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി. 

പുനലൂര്‍

ഇടത് ചേര്‍ന്ന് നില്‍ക്കുന്ന മണ്ഡലമാണ് പുനലൂര്‍. കിഴക്കന്‍ മേഖലയിലെ സിപിഎമ്മിന്‍റെയും സിപിഐയുടെയും ശക്തികേന്ദ്രങ്ങളില്‍ ഒന്ന്. തൊഴിലാളി വോട്ടുകള്‍ നിര്‍ണ്ണായകം. സംഘടനാ രംഗത്തെ അനുഭവ സമ്പത്തും ജനങ്ങള്‍ക്കിടയിലുള്ള സ്വീകാര്യതയും കൈമുതലാക്കി സി അജയപ്രസാദ് എല്‍ഡിഎഫിനായി മത്സരിക്കുന്നു. മുസ്ലീം ലീഗ് ജില്ലാ പ്രസിഡന്‍റ് നൗഷാദ് യൂനുസ് ആണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി. തെക്കന്‍ കേരളത്തില്‍ ലീഗ് മത്സരിക്കുന്ന ഏക സീറ്റാണ് പുനലൂര്‍. തുടരെ പരാജയപ്പെട്ട മണ്ഡലം ഇത്തവണ വേണ്ടെന്നായിരുന്നു ലീഗിന്‍റെ ആവശ്യം. എന്നാല്‍ സീറ്റ് വീതം വെയ്പ്പില്‍ ഒടുവില്‍ ലീഗിന് തന്നെ നറുക്ക് വീണു. ലീഗിന് വീണ്ടും പുനലൂര്‍ നല്‍കിയതില്‍ പ്രദേശികമായി കോണ്‍ഗ്രസിന് എതിര്‍പ്പുണ്ട്. നേതൃത്വം ഇടപെട്ടാണ് പ്രതിഷേധം ഉയര്‍ത്തിയവരെ അനുനയിപ്പിച്ചത്. എങ്കിലും കോണ്‍ഗ്രസിലെ അതൃപ്തി കെട്ടടങ്ങിയിട്ടില്ല. ഇത് തെരഞ്ഞെടുപ്പ് ഫലത്തിലും പ്രതിഫലിച്ചേക്കും. ജില്ലയില്‍ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് എല്‍ഡിഎഫ്  കണക്കുകൂട്ടുന്ന മണ്ഡലം കൂടിയാണ് പുനലൂര്‍. രഘുനാഥ് കമുകുംചേരിയാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി.

ചടയമംഗലം

ഇടതുകോട്ടയെന്ന വിശേഷണമാണ് ചടയംഗലത്തിന്‍റെ അലങ്കാരം. പക്ഷേ തദ്ദേശ തെരഞ്ഞെടുപ്പ് ആ കോട്ടയിലും ഇളക്കം തട്ടിച്ചിരുന്നു. ശക്തി കേന്ദ്രങ്ങളില്‍ പോലും എല്‍ഡിഎഫിന് പ്രഹരം ഏറ്റു. ഇതുവരെ കാണാത്ത രാഷ്ട്രീയ അന്തരീക്ഷത്തിലാണ് ചടയമംഗലം നിയമസഭാ തെരഞ്ഞെടുപ്പില്‍ വിധിയെഴുത്തിന് ഒരുങ്ങുന്നത്. എന്നാല്‍ അടിസ്ഥാന വോട്ടുകള്‍ നഷ്ടമാകില്ല എന്ന ആത്മവിശ്വാസം എല്‍ഡിഎഫിന് ഉണ്ട്. മന്ത്രി ജെ.ചിഞ്ചുറാണി തന്നെ വീണ്ടും മണ്ഡലത്തില്‍ ജനവിധി തേടുന്നു. കോട്ട കാക്കുമെന്നാണ് ഇടതുപക്ഷത്തിന്‍റെ ഉറപ്പ്. എന്നാല്‍ ഇത്തവണ മാറ്റം ഉറപ്പെന്നതാണ് യുഡിഎഫിന്‍റെ പ്രതീക്ഷ. എം.എം.നസീർ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നു. മണ്ഡലത്തിലെ പ്രവര്‍ത്തന പരിചയം തന്നെയാണ് നസീറിന്‍റെ കൈമുതല്‍. കോണ്‍ഗ്രസ് വിട്ട ആർ.എസ്. അരുൺ രാജാണ് എൻഡിഎ സ്ഥാനാർഥി. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

റിട്ട. ഹൈക്കോടതി ജഡ്ജി വി.ജി. അരുൺ ശബരിമല ഉന്നതാധികാര സമിതി ചെയർമാൻ; ജസ്റ്റിസ് സീരിജഗൻ മരണപ്പെട്ട സാഹചര്യത്തിലാണ് പുതിയ നിയമനം
സ്ഥിരം കുറ്റവാളികളായ 4 പേർ, കൊലപാതക ശ്രമം ഉൾപ്പെടെ കേസുകൾ നിരവധി, കരുതൽ തടങ്കലിലാക്കി പൊലീസ്