ഇടത് കോട്ടയിൽ വിള്ളൽ വീഴുമോ? രണ്ടും കൽപ്പിച്ച് യുഡിഎഫ്; നിര്‍ണായക ശക്തിയാകാൻ ബിജെപി, കോങ്ങാട് രാഷ്ട്രീയ ചൂടേറുന്നു

Published : Mar 25, 2026, 07:41 PM IST
LDF UDF BJP

Synopsis

പാലക്കാട് ജില്ലയിലെ സംവരണ മണ്ഡലമായ കോങ്ങാട് ഇടതുപക്ഷത്തിന്റെ ഉറച്ച കോട്ടയാണ്. 2008-ൽ രൂപീകൃതമായ ശേഷം നടന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും എൽഡിഎഫ് വിജയിച്ച മണ്ഡലമാണിത്. 

പാലക്കാട് ജില്ലയിലെ സംവരണ മണ്ഡലമാണ് കോങ്ങാട്. ഇടതുപക്ഷത്തിന് ശക്തമായ സ്വാധീനമുള്ള മണ്ഡലമാണിതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. 2008-ലെ മണ്ഡലം പുനർനിർണ്ണയത്തിന് ശേഷം രൂപീകൃതമായ ഈ മണ്ഡലത്തിൽ ഇതുവരെ നടന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും എൽഡിഎഫ് (സിപിഎം) സ്ഥാനാർത്ഥികളാണ് വിജയിച്ചിട്ടുള്ളത്.

2021 നിയമസഭാ തെരഞ്ഞെടുപ്പ് ചരിത്രം ആവർത്തിക്കാനാണ് ഇടതുപക്ഷം ലക്ഷ്യമിടുന്നത്. കെ ശാന്തകുമാരി മികച്ച വിജയമാണ് ഈ തെരഞ്ഞെടുപ്പിൽ നേടിയത്. യുഡിഎഫിനായി മത്സരിച്ച യു സി രാമനെയാണ് അവർ മികച്ച മാർജിനിൽ പരാജയപ്പെടുത്തിയത്. ശാന്തകുമാരി 67,381 വോട്ടുകൾ നേടിയപ്പോൾ യു സി രാമന് 40,162 വോട്ടുകൾ പിടിക്കാനേ സാധിച്ചുള്ളൂ. 27,219 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു ശാന്തകുമാരിയുടെ വിജയം. ഇത്തവണയും ശാന്തകുമാരിയെ തന്നെയാണ് എൽഡിഎഫ് മണ്ഡലം നിലനിർത്താൻ കളത്തിലിറക്കുന്നത്. യുഡിഎഫിന് വേണ്ടി വീണ്ടും കെ എ തുളസി രം​ഗത്തിറങ്ങും. രേണു സുരേഷാണ് എൻഡിഎ സ്ഥാനാർത്ഥി.

2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ സിറ്റിംഗ് എംഎഎൽ ആയിരുന്ന കെ വി വിജയദാസിനെയാണ് മണ്ഡലം നിലനിർത്താനുള്ള ചുമതല പാർട്ടി ഏൽപ്പിച്ചത്. വിജയദാസ് വിജയം ആവർത്തിച്ച തെരഞ്ഞെടുപ്പായിരുന്നു ഇത്. കോൺഗ്രസിന്റെ പന്തളം സുധാകരനായിരുന്നു പ്രധാന എതിരാളി. കെ വി വിജയദാസ് 60,000ത്തിന് മുകളിൽ വോട്ടുകൾ പിടിച്ചു. പന്തളം സുധാകരന് 47,519 വോട്ടുകളാണ് ലഭിച്ചത്. 13,000ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷം വിജയദാസിന് ലഭിച്ചു.

പുതിയ മണ്ഡലമായി രൂപീകൃതമായ ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പായിരുന്നു ‌2011ൽ നടന്നത്. കെ വി വിജയദാസ് കോങ്ങാടിന്റെ ആദ്യ എംഎൽഎയായി തെരഞ്ഞെടുക്കപ്പെട്ട വർഷമാണിത്. വിജയദാസിന് 52,920 വോട്ടുകൾ നേടാനായപ്പോൾ എതിരാളിയായിരുന്ന യുഡിഎഫ് സ്ഥാനാർത്ഥി പി സ്വാമിനാഥന് 49,355 വോട്ടുകൾ പെട്ടിയിലാക്കാനായിരുന്നു. വെറും 3,565 വോട്ടുകൾക്കായിരുന്നു വിജയദാസിന്റെ വിജയം. 2011ന് മുൻപ് കോങ്ങാട് മണ്ഡലം നിലവിലില്ലായിരുന്നതിനാൽ ഈ പ്രദേശങ്ങൾ ഉൾപ്പെട്ടിരുന്ന പഴയ ശ്രീകൃഷ്ണപുരം മണ്ഡലത്തിലാണ് പോരാട്ടം നടന്നിരുന്നത്. ഇടതുപക്ഷ തരംഗമുണ്ടായ 2006ലെ തെരഞ്ഞെടുപ്പിൽ സിപിഐഎമ്മിന്റെ കെ എസ് സലീഖ വലിയ ഭൂരിപക്ഷത്തിൽ (16,145) ‌വിജയിച്ചു. 2001ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ അവസാന നിമിഷം വരെ നീണ്ടുനിന്ന പോരാട്ടത്തിനൊടുവിൽ എൽഡിഎഫിന്റെ ഗിരിജാ സുരേന്ദ്രൻ വെറും 122 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ യുഡിഎഫിന്റെ പി ബാലനെ മറികടന്നു.

മണ്ഡലത്തിലെ ബിജെപിയുടെ വളർച്ച എടുത്തുപറയേണ്ടതാണ്. മണ്ഡലത്തിൽ എൻഡിഎ വോട്ടുകൾ ഗണ്യമായി വർദ്ധിച്ചിട്ടുണ്ട്. 2021ൽ എം സുരേഷ് ബാബു 29,886 വോട്ടുകൾ നേടി മൂന്നാം സ്ഥാനത്തെത്തിയിരുന്നു. 2016ൽ രേണു സുരേഷ് 23,000ത്തിലധികം വോട്ടുകൾ പിടിച്ച മണ്ഡലമാണിത്. ഇതിന് മുമ്പ് 2011ൽ എൻഡിഎയുടെ വി ദേവയാനിയ്ക്ക് 8,400 വോട്ടുകൾ മാത്രമായിരുന്നു ലഭിച്ചിരുന്നത്. ഇത്തവണ മണ്ഡലത്തിൽ നിർണായക സ്വാധീനം ചെലുത്താൻ എൻഡിഎയ്ക്ക് സാധിച്ചാൽ ഫലം പ്രവചനാതീതമാകുമെന്ന കാര്യം ഉറപ്പാണ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

അണികള്‍ക്ക് ആവേശമായി കോഴിക്കോട്ടെ യുഡിഎഫ് മഹാറാലി; എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് നേതാക്കള്‍
എൽഡ‍ിഎഫ്-ബിജെപി 'ഡീൽ' ആക്രമണവുമായി ഖർഗെയും, കേരളത്തിൽ അന്തർധാര സജീവം; 'യുഡിഎഫ് അധികാരത്തിലേറും, എല്ലാ ഗ്യാരന്‍റിയും നടപ്പാക്കും'