കോട്ടക്കൽ പിടിക്കാനുറച്ച് എൽഡിഎഫ്; ഹാട്രിക് പ്രതീക്ഷിക്കുന്ന ലീഗ് കോട്ടയിൽ അട്ടിമറി സംഭവിക്കുമോ?

Published : Apr 03, 2026, 09:29 PM IST
Muslim league - LDF

Synopsis

യുഡിഎഫിന്റെ കെ കെ ആബിദ് ഹുസൈൻ തങ്ങളെ നേരിടാൻ എൽഡിഎഫിന്റെ കെ പ്രീതിയാണ് എത്തുന്നത്. മുൻ തെരഞ്ഞെടുപ്പുകളിൽ ഭൂരിപക്ഷം കുറഞ്ഞതും വോട്ട് വിഹിതം വർധിച്ചതും എൽഡിഎഫിന് പ്രതീക്ഷ നൽകുന്നു.

മലപ്പുറം ജില്ലയിലെ മുസ്ലീം ലീഗിന്റെയും യുഡിഎഫിന്റെയും ഏറ്റവും സുരക്ഷിതമായ കോട്ടകളിൽ ഒന്നായാണ് കോട്ടക്കൽ മണ്ഡലം അറിയപ്പെടുന്നത്. 2008ലെ മണ്ഡല പുനർനിർണ്ണയത്തിന് ശേഷം രൂപീകൃതമായ ഈ മണ്ഡലത്തിൽ ഇന്നുവരെ മുസ്ലിം ലീഗ് സ്ഥാനാർത്ഥികൾ അല്ലാതെ മറ്റാരും വിജയിച്ചിട്ടില്ല. ഇത്തവണ ലീ​ഗിന്റെ കോട്ടയിൽ വിള്ളൽ വീഴ്ത്താനാകുമെന്ന പ്രതീക്ഷയിലാണ് എൽഡിഎഫ് ഇറങ്ങുന്നത്. എൽഡിഎഫിന് വേണ്ടി കെ പ്രീതിയാണ് ഇത്തവണ കോട്ടക്കലിൽ മത്സരിക്കുന്നത്. ഹാട്രിക് വിജയം ലക്ഷ്യമിട്ട് കെ കെ ആബിദ് ഹുസൈൻ തങ്ങൾ യുഡിഎഫിനായി കളത്തിലിറങ്ങുമ്പോൾ വാശിയേറിയ മത്സരം തന്നെയാണ് പ്രതീക്ഷിക്കുന്നത്. സുബ്രഹ്മണ്യൻ ചുങ്കപ്പള്ളിയാണ് എൻഡിഎ സ്ഥാനാര്‍ത്ഥി.

ഗ്രാമീണ മേഖലകളും നഗരസഭകളും ചേർന്ന സമ്മിശ്രമായ ഒരു ഭൂപ്രകൃതിയാണ് കോട്ടക്കൽ മണ്ഡലത്തെ വ്യത്യസ്തമാക്കുന്നത്. തിരൂർ താലൂക്കിലെ എടയൂർ, ഇരുമ്പിളിയം, കോട്ടയ്ക്കൽ, കുറ്റിപ്പുറം, മരക്കര, പൊന്മള, വളാഞ്ചേരി എന്നീ പഞ്ചായത്തുകൾ കോട്ടക്കൽ മണ്ഡലത്തിന്റെ പരിധിയിൽ വരുന്നവയാണ്. മലപ്പുറം ജില്ലയിലെ മുസ്ലീം ലീഗിന്റെ സംഘടനാ സംവിധാനത്തെ മറികടക്കാൻ എൽഡിഎഫിന് ഇതുവരെ കഴിഞ്ഞിട്ടില്ല. എൻസിപിയെ മുൻനിർത്തി ഇടത് മുന്നണി ലീഗിന് ശക്തമായ വെല്ലുവിളി ഉയർത്താൻ ശ്രമിക്കാറുണ്ടെന്നത് യാഥാർത്ഥ്യമാണെങ്കിലും വോട്ട് വിഹിതത്തിൽ ലീഗിന് അടുത്തെത്താൻ എൽഡിഎഫിന് കഴിയാറില്ല.

2011-ൽ അബ്ദുസമദ് സമദാനിയിലൂടെയാണ് ലീഗ് ഇവിടെ ജൈത്രയാത്ര തുടങ്ങിയത്. 35,000-ത്തിലധികം വോട്ടുകളുടെ കൂറ്റൻ ഭൂരിപക്ഷത്തോടെയായിരുന്നു മണ്ഡലത്തിലെ ആദ്യ നിയമസഭ തെരഞ്ഞെടുപ്പിൽ തന്നെ ലീ​ഗ് ആധിപത്യം സ്ഥാപിച്ചത്. പിന്നീട് പ്രൊഫ. ആബിദ് ഹുസൈൻ തങ്ങളിലൂടെ മണ്ഡലം ലീഗ് നിലനിർത്തിപ്പോരുകയാണ്. 2011-നെ അപേക്ഷിച്ച് 2016-ലും 2021-ലും വോട്ട് വിഹിതം ഗണ്യമായി വർദ്ധിപ്പിച്ചിട്ടുണ്ട് എന്നതാണ് എൽഡിഎഫിന് പ്രതീക്ഷ നൽകുന്നത്. എൻ.സി.പി സ്ഥാനാർത്ഥിയായ മുഹമ്മദ് കുട്ടിയിലൂടെ ലീഗ് ഭൂരിപക്ഷം 15,000-ത്തിന് അടുത്തേക്ക് കുറയ്ക്കാൻ എൽ.ഡി.എഫിന് സാധിച്ചു എന്നതാണ് ശ്രദ്ധേയം. മറുഭാ​ഗത്ത്, എൻ.ഡി.എ സ്ഥാനാർത്ഥികൾ ഇവിടെ 10,000 മുതൽ 15,000 വരെ വോട്ടുകൾ നേടാറുണ്ട്.

തിരഞ്ഞെടുപ്പ് ചരിത്രം

പാർലമെന്റ് തിരഞ്ഞെടുപ്പുകളിൽ പൊന്നാനി ലോക്സഭ മണ്ഡലത്തിന്റെ ഭാഗമാണ് കോട്ടക്കൽ മണ്ഡലം. 2008-ലെ മണ്ഡലം പുനർനിർണ്ണയത്തിന് ശേഷമാണ് നിലവിലെ രൂപത്തിൽ നിലവിൽ വന്നത്. 2011ൽ മുസ്ലീം ലീഗിന്റെ അബ്ദുസമദ് സമദാനിയാണ് മണ്ഡലത്തിൽ വിജയിച്ചത്. 69,700ലധികം വോട്ടുകൾ നേടിയ സമദാനി എതിർ സ്ഥാനാർത്ഥിയായിരുന്ന സിപിഐയുടെ സി പി സുനീറയെ 36,000ത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് പരാജയപ്പെടുത്തിയത്. 2016ൽ പ്രൊഫ. ആബിദ് ഹുസൈൻ തങ്ങളാണ് കോട്ടക്കലിൽ യുഡിഎഫിന്റെ സ്ഥാനാർത്ഥിയായത്. എൻസിപിയുടെ (എൽഡിഎഫ്) എൻ എ മുഹമ്മദ് കുട്ടിയെ 15,000ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ മറികടക്കാൻ ആബിദ് ഹുസൈൻ തങ്ങൾക്ക് കഴിഞ്ഞെങ്കിലും ഭൂരിപക്ഷത്തിൽ വലിയ കുറവുണ്ടായി. 2021ൽ പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ വീണ്ടും മത്സരിക്കാനെത്തിയപ്പോൾ എൻ എ മുഹമ്മദ് കുട്ടി തന്നെയായിരുന്നു എതിരാളി. 16,588 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വീണ്ടും ആബിദ് ഹുസൈൻ തങ്ങൾ ജയിച്ചുകയറി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ചേലക്കരയിൽ കുലുങ്ങാത്ത ചുവപ്പുകോട്ട; ചരിത്രം ആവർത്തിക്കാൻ എൽഡിഎഫ്, വെല്ലുവിളിയുമായി യുഡിഎഫും എൻഡിഎയും
തിരുവനന്തപുരത്തെ 9 സീറ്റിൽ സ്വാധീനം, സിഎസ്ഐ ദക്ഷിണ കേരള മഹാ ഇടവക സെക്രട്ടറിയെ തമിഴ്നാട്ടിൽ സ്ഥാനാർഥിയാക്കിയത് കോൺഗ്രസിന് ഗുണമാകുമോ?