കൊൽക്കത്തയിൽ വെച്ച് സുകുമാര കുറുപ്പിനെ കണ്ടതായി പൊലീസിനെ അറിയിച്ച രത്‌നമ്മ എന്ന നഴ്‌സിൻ്റെ മൊഴി വീണ്ടും ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. വിരമിച്ച ശേഷം നഴ്‌സ് ഇപ്പോൾ കേരളത്തിലുണ്ട്.

തിരുവനന്തപുരം: പിടികിട്ടാപ്പുള്ളി സുകുമാര കുറുപ്പിന്‍റെ തിരോധനവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ നഴ്‌സിൻ്റെ മൊഴിയെടുത്ത് ക്രൈംബ്രാഞ്ച്. കൊൽക്കത്തയിൽ വെച്ച് സുകുമാര കുറുപ്പിനെ കണ്ടതായി പൊലീസിനെ അറിയിച്ച രത്‌നമ്മ എന്ന നഴ്‌സിൻ്റെ മൊഴി വീണ്ടും ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. സുകുമാര കുറുപ്പ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. വിരമിച്ച ശേഷം നഴ്‌സ് ഇപ്പോൾ കേരളത്തിലുണ്ട്. തെളിയിക്കപ്പെടാതെ കിടക്കുന്ന കേസുകളുടെ സ്‌പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായാണ് കുറുപ്പിൻ്റെ അന്വേഷണം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സുകുമാരക്കുറുപ്പ് എവിടെപ്പോയി എന്നത് 42 വർഷം നീണ്ട ദുരൂഹതയാണ്. ഇൻഷുറൻസ് തട്ടിയെടുക്കാനായി സുഹൃത്തിനെ ചുട്ടുകൊലപ്പെടുത്തുകയായിരുന്നു കുറുപ്പ്. കുറുപ്പ് ജീവിച്ചിരിപ്പുണ്ടോ മരിച്ചോയെന്ന് ഇനിയും വ്യക്തമല്ല. വർഷങ്ങളായി മരവിച്ച കേസാണ് ക്രൈംബ്രാഞ്ചിൽ പുനഃപരിശോധിച്ചത്. കേരള പൊലീസിന്റെ പട്ടികയിലെ ഏറ്റവും പ്രധാനപ്പെട്ട പിടികിട്ടാപുള്ളിയാണ് സുകുമാരക്കുറുപ്പ്. ഐജി അജിത ബീഗത്തിൻ്റെ നേതൃത്വത്തിൽ കേസിൻ്റെ പരിശോധന നടത്തിയിരിക്കുകയാണ്.

ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ താലൂക്കിൽ ചെറിയനാട് വില്ലേജിൽ പുത്തൻ വീട്ടിൽ ശിവരാമ കുറുപ്പിന്റെ മകൻ. ഗോപാലകൃഷ്‍ണ കുറുപ്പ് എന്നാണു യഥാർത്ഥ പേര്. പ്രീഡിഗ്രി തോറ്റ ശേഷം നാട്ടിൽ പലവിധ ജോലികൾ ചെയ്തുവന്നു. സ്ഥിര ജോലികൾ അന്വേഷിച്ചെങ്കിലും ലഭിച്ചില്ല. ഒടുവിൽ വ്യോമസേനയിൽ ചേർന്നു. എന്നാൽ സൈനിക ജീവിതവുമായി ഒത്തുപോകാനാകാതെ നാട്ടിൽ മടങ്ങിയെത്തി. തുടർന്ന് താൻ മരിച്ചുവെന്നു വ്യാജ രേഖയുണ്ടാക്കി വ്യോമസേനയ്ക്കു ടെലഗ്രാം അയച്ചു. നിജസ്ഥിതി അറിയാനെത്തിയ ചെങ്ങന്നൂർ പൊലീസിനെ കൈക്കൂലി കൊടുത്ത് മടക്കി.

പിന്നീട് സുകുമാരക്കുറുപ്പ് എന്ന പേരിൽ വ്യാജ പാസ്സ്പോർട്ട് ഉണ്ടാക്കി വിദേശത്തേക്ക് കടക്കുകയായിരുന്നു. തുടർന്ന് അബുദാബിയിൽ എത്തുകയും അവിടെ ഒരു പെട്രോൾ കമ്പനിയിൽ എക്സിക്യൂട്ടീവായി ജോലിയിൽ കയറുകയും ചെയ്തു. പിന്നീട് ഭാര്യയെ അബുദാബിക്ക് കൊണ്ടുപോകുകയും അവർക്ക് അബുദാബിയിൽത്തന്നെ നഴ്സായി ജോലി ലഭിക്കുകയും ചെയ്‍തു. സുകുമാര കുറുപ്പ് കൊലപാതക കേസ് എന്നായിരുന്നു ആദ്യം കേസിന്റെ പേര്. പിന്നീട് അത് ചാക്കോ വധക്കേസ് എന്ന് പുനർനാമകരണം ചെയ്യേണ്ടി വന്നു.