
നിയമസഭാ വോട്ടെടുപ്പിന് അഞ്ച് ദിവസം മാത്രം ബാക്കി നിൽക്കെ കോട്ടയം നിയമസഭാ മണ്ഡലത്തിലെ പ്രചാരണങ്ങൾ ചൂടേറിക്കൊണ്ടിരിക്കുകയാണ്. കോട്ടയത്തെ തന്നെ പ്രമുഖ മുഖങ്ങളാണ് ഇക്കുറിയും മത്സരത്തിനിറങ്ങിയിരിക്കുന്നത്. മാത്രമല്ല കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കോട്ടയത്ത് നിന്ന് മത്സരിച്ച് വിജയം ഇക്കുറിയും ആവർത്തിക്കാനുള്ള ശ്രമത്തിലാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ. അതേസമയം, തിരുവഞ്ചൂരിനെതിരെ മത്സരം കടുപ്പിക്കാൻ ഇക്കുറി സിപിഎമ്മിന് കെ.അനിൽ കുമാറിന് പകരം മറ്റൊരു തീരുമാനം എടുക്കേണ്ടി വന്നിരുന്നില്ല. അതേസമയം, പേരിലെ സാമ്യം ഇക്കുറി മണ്ഡലത്തിൽ വേറിട്ട കാഴ്ച്ചയായി. എൻഡിഎയിൽ നിന്നും ബിഡിജെഎസ് സ്ഥാനാർത്ഥിയായി പി. അനിൽ കുമാറും മത്സരിക്കുന്നുണ്ട് എന്നതാണ് പ്രത്യേകത. ഇരുകൂട്ടരുടെയും പേരിലെ സാമ്യം വോട്ടിൽ തിരിച്ചടിയാകുമോ എന്നും ഇത്തവണ കണ്ടറിയുക തന്നെ വേണം.
2021ൽ തിരുവഞ്ചൂരിന്റെ ഭൂരിപക്ഷം 18,000 വോട്ടുകളായിരുന്നു. ഒപ്പം എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച കെ. അനിൽ കുമാറിന് 46,658 വോട്ടുകളും ലഭിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കേരളമാകെ രണ്ടാം പിണറായി സർക്കാരിന് തുടക്കം കുറിച്ചപ്പോൾ കോട്ടയം പിടിച്ചു നിർത്തിയത് തിരുവഞ്ചൂരായിരുന്നു. ഇക്കുറിയും യുഡിഎഫ് തരംഗം ഉണ്ടാകുമെന്നാണ് കോൺഗ്രസ് പാർട്ടി കരുതുന്നത്. എതിർ സ്ഥാനാർത്ഥിയായ കെ.അനിൽ കുമാർ മണ്ഡലത്തിലെ വോട്ട് ഷെയർ ഉയർത്തിയതും, സാമൂഹിക, പാരിസ്ഥിതിക വിഷയങ്ങളില്‍ കാര്യമായി ഇടപെടുന്ന രാഷ്ട്രീയപശ്ചാത്തലവും ഇക്കുറി വിജയത്തിലേക്കുള്ള പടവുകൾ എളുപ്പമാക്കുമെന്നാണ് ഇടത് നിരീക്ഷണം.
കോട്ടയം ജില്ലയിൽ എല്ലാ തെരഞ്ഞെടുപ്പുകളിലും വ്യക്തമായ ഭൂരിപക്ഷം യുഡിഎഫ് നിലനിർത്താറുണ്ടെങ്കിലും 2021ലെ തെരഞ്ഞെടുപ്പിൽ ആകെ നാല് സീറ്റുകളിലേക്കായി പാർട്ടി ഒതുങ്ങിയിരുന്നു. അതേസമയം, എൽഡിഎഫ് അന്ന് അഞ്ച് സീറ്റുകളും നേടി ജില്ലയിൽ ആധിപത്യം നേടിയിരുന്നു. 2016ൽ ജില്ലയിലെ ഒൻപത് മണ്ഡലങ്ങളിൽ ആറും യുഡിഎഫിനൊപ്പമായിരുന്നു. എന്നാൽ, ഘടക കക്ഷിയായിരുന്ന കേരളാ കോൺഗ്രസ് മാണി വിഭാഗത്തിന്റെ മുന്നണി മാറ്റം ചെറുതല്ലാത്ത രീതിയിൽ പാർട്ടിയെ ബാധിച്ചു.
2011 മുതൽ കോട്ടയം നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത് തിരുവഞ്ചൂർ രാധാകൃഷ്ണനാണ്. വ്യക്തമായ ഭൂരിപക്ഷത്തിലെ വിജയം എല്ലാ കാലവും തിരുവഞ്ചൂർ നിലനിർത്തുന്നുണ്ടെങ്കിലും അട്ടിമറി പ്രതീക്ഷിച്ചു കൊണ്ടാണ് എൽഡിഎഫ് ഇക്കുറി കളത്തിലിറങ്ങുന്നത്. ജില്ലയിലെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലം ഇക്കുറി യുഡിഎഫിന് അനുകൂലമായതാണ് മുന്നണിയിലെ ആശ്വാസം. ജില്ലാ പഞ്ചായത്തിൽ ആകെയുള്ള 23 ഡിവിഷനുകളിൽ 16-ലും വിജയിച്ചു. ആകെയുള്ള ആറ് നഗരസഭകളിലും ഭരണം പിടിച്ചപ്പോൾ 71-ൽ 43 ഗ്രാമപഞ്ചായത്തിലും ഭരണം നേടാൻ യുഡിഎഫിന് സാധിച്ചിട്ടുണ്ട്.
ലോക്സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് ജില്ലയിൽ വലിയ മുന്നേറ്റം തന്നെ നടത്തിയിരുന്നു. ജില്ലയിലെ ഒൻപതു മണ്ഡലങ്ങളിൽ എട്ടിലും ലീഡ് യുഡിഎഫിന് തന്നെ. മന്ത്രി വിഎൻ വാസവന്റെ മണ്ഡലമായ ഏറ്റുമാനൂരും ഇടതുമുന്നണിയെ ലോക്സഭ തെരഞ്ഞെടുപ്പിൽ കൈവിട്ടു. പാർലമെന്റ് തെരഞ്ഞെടുപ്പിന് തുടർച്ചയായി തദ്ദേശത്തിലും എൽഡിഎഫിന് തിരിച്ചടിയേറ്റത് വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് മേൽകൈയാകുമെന്നാണ് റിപ്പോർട്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam