
കോഴിക്കോട് ജില്ലയിൽ 13 നിയമസഭ മണ്ഡലങ്ങളാണുള്ളത്. 2021ലെ തെരഞ്ഞെടുപ്പിൽ 13 മണ്ഡലങ്ങളിൽ 11ലും എൽഡിഎഫ് വിജയക്കൊടി പാറിച്ചിരുന്നു. രണ്ട് പതിറ്റാണ്ടായി കോൺഗ്രസിനെ സമ്പൂർണമായി കൈവിട്ട ജില്ലയായി മാറിയിരിക്കുകയാണ് കോഴിക്കോട്. 2001 ലെ തെരഞ്ഞെടുപ്പിന് ശേഷം ജില്ലയില്‍ ഇതുവരെ ഒരു കോണ്‍ഗ്രസ് എംഎല്‍എ ഉണ്ടായിട്ടില്ല എന്ന കാര്യം നിലനിൽക്കെ തന്നെ തദ്ദേശ തെരഞ്ഞെടുപ്പിലേയും ലോക്സഭ തെരഞ്ഞെടുപ്പിലേയും മുന്നേറ്റത്തിലെ ആത്മവിശ്വാസത്തിലാണ് 2026ൽ കോൺഗ്രസ് തെരഞ്ഞെടുപ്പിലേക്ക് ഇറങ്ങുന്നത്. കൊയിലാണ്ടിയിലും കോഴിക്കോട് നോർത്തിലുമാണ് അവസാനമായി കോൺഗ്രസ് എംഎൽഎമാർ വിജയിക്കുന്നത്. പി ശങ്കരനും എ സുജനപാലനുമാണ് അവസാനമായി വിജയിച്ച കോൺഗ്രസ് സ്ഥാനാർഥികൾ. മുസ്ലിം ലീഗിന്റെയും കഴിഞ്ഞ തവണ മുതൽ ആർഎംപിയുടെയും എംഎൽഎമാരാണ് യുഡിഎഫ് പ്രതിനിധികളായി ജില്ലയിൽ നിന്ന് നിയമസഭയിലെത്തുന്നത്.
തദ്ദേശ തിരഞ്ഞെടുപ്പിൽ ഗ്രാമപഞ്ചായത്ത്, നഗരസഭ, കോർപ്പറേഷൻ തലങ്ങളിൽ വൻമുന്നേറ്റമാണ് യുഡിഎഫ് 2025ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ കാഴ്ച വെച്ചിരിക്കുന്നത്. 13 നിയമസഭ മണ്ഡലങ്ങളിൽ ഒമ്പതും യുഡിഎഫിന് ഒപ്പമാണ് നിൽക്കുന്നത്. നാദാപുരം, ബേപ്പൂർ, കോഴിക്കോട് നോർത്ത്, എലത്തൂർ മണ്ഡലങ്ങൾ മാത്രമാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനെ പിന്തുണച്ചിരിക്കുന്നത്. കഴിഞ്ഞ മൂന്ന് തവണയായി കോഴിക്കോട് ലോക്സഭയെ പ്രതിനിധീകരിക്കുന്നത് യുഡിഎഫാണ്. ഈ ഒരു ആത്മവിശ്വാസത്തിലാണ് കോൺഗ്രസ് നിയമസഭ തെരഞ്ഞെടുപ്പിനെ നേരിടുന്നത്.
വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കും പാർട്ടികൾക്കും പ്രാതിനിധ്യം ലഭിച്ചിരുന്ന മണ്ഡലമാണ് വടകര. മുൻകാലങ്ങളിൽ ജനതാ പാർട്ടിക്കും ജനതാദളിനും (സെക്കുലർ) വടകരയിൽ ശക്തമായ സ്വാധീനമുണ്ടായിരുന്നു. സി കെ നാണുവിനെപ്പോലെയുള്ള നേതാക്കൾ പല തവണ ഇവിടെ നിന്ന് വിജയിച്ച ചരിത്രമുണ്ട്. എന്നാൽ 2012ലെ റെവല്യൂഷണറി മാർക്സിസ്റ്റ് പാർട്ടി (ആർഎംപി) നേതാവ് ടി പി ചന്ദ്രശേഖരന്റെ കൊലപാതകമാണ് വടകരയിലെ സമീപകാല രാഷ്ട്രീയ ചരിത്രം തന്നെ മാറ്റി മറിച്ചത്. എൽഡിഎഫിൻ്റെ കുത്തക സീറ്റായിരുന്നു വടകരയിലേത്. 2021ലെ നിയമസഭ തെരഞ്ഞെടുപ്പിലൂടെ യുഡിഎഫ് തിരിച്ചുപിടിക്കുകയായിരുന്നു. ആർഎംപി സ്ഥാനാർഥി കെ കെ രമയായിരുന്നു യുഡിഎഫ് സ്ഥാനാർഥി. 7,491 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് കെ കെ രമ വിജയിച്ചിരുന്നത്. ഇത്തവണയും കെ കെ രമ തന്നെയാണ് യുഡിഎഫ് സ്ഥാനാർഥി. ആർജെഡി നേതാവായ എം കെ ഭാസ്കരനാണ് എൽഡിഎഫ് സ്ഥാനാർഥി. കെ ദിലീപാണ് എൻഡിഎ സ്ഥാനാർഥി.
കുറ്റ്യാടി നിയമ സമണ്ഡലം
എൽഡിഎഫിനേയും യുഡിഎഫിനേയും മാറി മാറി പരീക്ഷിക്കുന്ന മണ്ഡലമാണ് കുറ്റ്യാടി. 2011-ൽ ഇടതുപക്ഷത്തിന് വേണ്ടി കെ കെ ലതിക 70,258 വോട്ടുകൾ നേടി വിജയിച്ചിരുന്നു. തുടർവ്വ് 2016ൽ യുഡിഎഫ് സ്ഥാനാർത്ഥി പാറക്കൽ അബ്ദുള്ളയായിരുന്നു വിജയിച്ചിരുന്നു. അബ്ദുള്ള നേടിയത് 71,809 വോട്ടുകളായിരുന്നു. 2026ൽ എൽഡിഎഫിനെയായിരുന്നു വടകരയിലെ വോട്ടർമാർ വിജയിപ്പിച്ചത്. കെ പി കുഞ്ഞമ്മദ് കുട്ടിയിലൂടെ എൽഡിഎഫ് മണ്ഡലം പിടിച്ചെടുക്കുകയായിരുന്നു. 333 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് അദ്ദേഹം വിജയിച്ചത്. ഇപ്രാവശ്യവും കെ പി കുഞ്ഞമ്മദ് തന്നെയാണ് എൽഡിഎഫിന് വേണ്ടി രംഗത്തിറങ്ങുന്നത്. മുസ്ലീം ലീഗിൻ്റെ പാറക്കൽ അബ്ദുള്ളയാണ് യുഡിഎഫ് സ്ഥാനാർഥി. രാംദാസ് മണലേരിയാണ് എൻഡിഎ സ്ഥാനാർഥി. മുസ്ലിം ലീഗും സിപിഐ(എം)-ഉം തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന മണ്ഡലമാണ് കുറ്റ്യാടി.
നാദാപുരം നിയമസഭ മണ്ഡലം
1990-കളുടെ അവസാനം മുതൽ സിപിഐ ആധിപത്യം സ്ഥാപിക്കുന്ന മണ്ഡലമാണ് നാദാപുരം. സിപിഐയുടെ ജില്ലയിലെ ഏക സീറ്റും നാദാപുരമാണ്. ഇ കെ വിജയൻ മണ്ഡലത്തെ ദീർഘകാലമായി പ്രതിനിധീകരിക്കുന്ന പ്രമുഖ നേതാവാണ്. മുൻ ദശകങ്ങളിൽ ബിനോയ് വിശ്വം, സത്യൻ മൊകേരി തുടങ്ങിയ മുതിർന്ന നേതാക്കളും ഈ മണ്ഡലത്തിൽ നിന്ന് നിയമസഭയിലെത്തിയിട്ടുണ്ട്. കോൺഗ്രസ് അതിശക്തമായ മത്സരം കാഴ്ചവെക്കാറുണ്ടെങ്കിലും ഇടതുപക്ഷ കോട്ട തകർക്കാൻ അവർക്ക് സാധിക്കാറില്ല. 2021-ലെ തിരഞ്ഞെടുപ്പിൽ നാദാപുരത്ത് അതിശക്തമായ പോരാട്ടമാണ് നടന്നത്. എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച സിപിഐയിലെ ഇ കെ വിജയന് 83,293 വോട്ടുകളാണ് കിട്ടിയത്. 4,035 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. 2026ലെ തെരഞ്ഞെടുപ്പിൽ സിപിഐ സംസ്ഥാന എക്‌സിക്യുട്ടീവ് അംഗവും കേരള മഹിളാസംഘം സംസ്ഥാന പ്രസിഡന്റുമായ പി വസന്തമാണ് എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുന്നത്. യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി കെ എം അഭിജിത്താണ് യുഡിഎഫ് സ്ഥാനാർഥി. സി പി വിപിൻ ചന്ദ്രനാണ് ബിജെപിക്കായി മത്സരത്തിനിറങ്ങുന്നത്.
കൊയിലാണ്ടി നിയമസഭ മണ്ഡലം
എൽഡിഎഫും യുഡിഎഫും തമ്മിൽ ശക്തമായ പോരാട്ടം നടക്കുന്ന മണ്ഡലമാണ് കൊയിലാണ്ടി. കോൺഗ്രസിൻ്റെ ശക്തികേന്ദ്രമായിരുന്നു കൊയിലാണ്ടി. എന്നാൽ 2011 മുതലാണ് ഇടതുപക്ഷം മണ്ഡലം പിടിച്ചെടുക്കുകയായിരുന്നു. 2011ൽ സിപിഐഎമ്മിലെ കെ ദാസൻ കോൺഗ്രസിന്റെ കെപി അനിൽകുമാറിനെ പരാജയപ്പെടുത്തിക്കൊണ്ടാണ് ഇടതുകോട്ട ഉറപ്പിച്ചത്. അന്ന് 64,374 വോട്ടുകളാണ് കെ ദാസൻ നേടിയത്. 2016-ലെ തിരഞ്ഞെടുപ്പിലും കെ ദാസൻ വിജയം ആവർത്തിച്ചു. 2021-ലെ തിരഞ്ഞെടുപ്പിൽ കൊയിലാണ്ടി മണ്ഡലത്തിൽ എൽഡിഎഫ് മിന്നും വിജയം കരസ്ഥമാക്കി. സിപിഎം സ്ഥാനാർത്ഥി കാനത്തിൽ ജമീലന 8472 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിക്കുകയായിരുന്നു. 2026ൽ എൽഡിഎഫിനുവേണ്ടി മത്സരത്തിനിറങ്ങുന്നത് കെ ദാസനാണ്. യുഡിഎഫിനുവേണ്ടി അഡ്വ. കെ പ്രവീൺകുമാറാണ് മത്സരത്തിനിറങങുന്നത്. സി ആർ പ്രഫുൽ കൃഷ്ണയാണ് ബിജെപി സ്ഥാനാർഥി.
പേരാമ്പ്ര നിയമസഭ മണ്ഡലം
ഇടതുപക്ഷം തങ്ങളുടെ സംഘടനാ ശക്തി ഉപയോഗിച്ച് സീറ്റ് നിലനിർത്തുന്ന മണ്ഡലമാണ് പേരാമ്പ്ര. കോൺഗ്രസും ശക്തമായ മത്സരം കാഴ്ചവെക്കാറുണ്ട്. ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ മുന്നണി യുവാക്കൾക്കിടയിൽ തങ്ങളുടെ സ്വാധീനം വർദ്ധിപ്പിച്ചു വരുന്നുണ്ടെങ്കിലും വോട്ട് വിഹിതത്തിൽ ഇപ്പോഴും പിന്നിൽ തന്നെയാണ്. 1980 മുതൽ ഇടുപക്ഷമാണ് മണ്ഡലത്തിൽ വിജയിക്കുന്നത്. 2016ലും 2021ലും ടി പി രാമകൃഷണനാണ് മണ്ഡലത്തിൽ വിജയക്കൊടി പാറിച്ച് നിയമസഭയിൽ എത്തിയത്. എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ നാലാമൂഴത്തിനിറങ്ങുകയാണ്. മൂസ്ലീം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ഫാത്തിമ തഹ്ലിയയാണ് യുഡിഎഫ് സ്ഥാനാർഥി. എം മോഹനൻ മാസ്റ്ററാണ് എൻഡിഎ സ്ഥാനാർഥി.
ബാലുശ്ശേരി നിയമസഭ മണ്ഡലം
ബാലുശ്ശേരി മണ്ഡലം സംവരണമാകുന്നതിന് മുൻപ് കോൺഗ്രസും സോഷ്യലിസ്റ്റ് പാർട്ടികളും വിജയിച്ച മണ്ഡലം, കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി എൽഡിഎഫിൻ്റെ, പ്രത്യേകിച്ച് സിപിഎമ്മിന്റെ ഉറച്ച കോട്ടയാണ്. 2011ൽ മണ്ഡലം പട്ടികജാതി സംവരണമായതോടെ ഇടതുപക്ഷം തങ്ങളുടെ സ്വാധീനം ശക്തമാക്കുകയായിരുന്നു. മുതിർന്ന നേതാവ് പുരുഷൻ കടലുണ്ടി 2011-ലും 2016-ലും ഇവിടെ നിന്ന് വിജയിച്ചിരുന്നു. 2021ൽ കെഎം സച്ചിൻ ദേവായിരുന്നു മണ്ഡലത്തിൽനിന്ന് വിജയിച്ച് നിയംസഭയിലെത്തിയത്. 20,372 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ധർമജൻ ബോൾഗാട്ടിയെ സച്ചിൻദേവ് പരാജയപ്പെടുത്തിയത്. 2026ലും സച്ചിൻ ദേവ് തന്നെയാണ് എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുന്നത്. യുഡിഎഫിനുവേണ്ടി വിടി സൂരജാണ് രംഗത്ത് എത്തുന്നത്. സിപി സതീശനാണ് എൻഡിഎ സ്ഥാനാർഥി.
എലത്തൂർ നിയമസഭ മണ്ഡലം
2011 മുതലാണ് മണ്ഡലം നിലവിൽ വരുന്നത്. അതുമുതൽ എ കെ ശശീന്ദ്രനാണ് മണ്ഡലത്തെ പ്രതിനിധാനം ചെയ്യുന്നത്. 2011-ലും 2016-ലും മികച്ച ഭൂരിപക്ഷത്തിൽ വിജയിച്ച ശശീന്ദ്രൻ എലത്തൂരിനെ ഇടത് കോട്ടയായി ഉറപ്പിക്കുകയായിരുന്നു. 2021ൽ 38,502 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് യുഡിഎഫ് സ്ഥാനാർഥി സുൽഫിക്കർ മയൂരിയെ എകെ ശശീന്ദ്രൻ പരാജയപ്പെടുത്തിയത്. സിപിഎമ്മിന്റെ ശക്തമായ സംഘടനാ സംവിധാനവും എ.കെ. ശശീന്ദ്രന്റെ വ്യക്തിബന്ധങ്ങളും മണ്ഡലത്തിൽ ഇടതുപക്ഷത്തിന് വലിയ മുതൽക്കൂട്ടാണ്. ഇപ്രാവശ്യവും എകെ ശശീന്ദ്രൻ തന്നെയാണ് എൽഡിഎഫിനുവേണ്ടി മത്സരത്തിനിറങ്ങുന്നത്. വിദ്യ ബാലകൃഷ്ണനാണ് കോൺഗ്രസ് സ്ഥാനാർഥി. ടി ദേവദാസ് ആണ് ബിജെപി സ്ഥാനാർഥി.
കോഴിക്കോട് നോർത്ത് നിയമസഭ മണ്ഡലം
1957 മുതൽ 2008 വരെ കാലിക്കറ്റ്-I ആയിരുന്ന മണ്ഡലം, 2008-ലെ മണ്ഡല പുനർനിർണ്ണയത്തിന് ശേഷമാണ് കോഴിക്കോട് നോർത്ത് എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയത്. കോഴിക്കോട് നോർത്ത് സിപിഎമ്മിൻ്റെ ഉറച്ച മണ്ഡലമാണ്. 2011-ലും 2016-ലും എ പ്രദീപ് കുമാർ മികച്ച ഭൂരിപക്ഷത്തിൽ വിജയിച്ച് ഇടതുകോട്ടയാക്കി മാറുകയായിരുന്നു. 2021-ൽ തോട്ടത്തിൽ രവീന്ദ്രൻ ഈ വിജയം തുടർന്നതോടെ മണ്ഡലത്തിൽ ഇടതുപക്ഷത്തിനുള്ള മേധാവിത്വം ഒരിക്കൽ കൂടി തെളിയിക്കപ്പെടുകയായിരുന്നു. സിറ്റിങ് എംഎൽഎയും മുൻ മേയറുമായ തോട്ടത്തിൽ രവീന്ദ്രനാണ് എൽഡിഎഫ് സ്ഥാനാർഥി. കെപിസിസി ജനറൽ സെക്രട്ടറി കെ ജയന്ത് ആണ് യുഡിഎഫ് സ്ഥാനാർഥി. മഹിളാ മോർച്ച സംസ്ഥാന പ്രസിഡന്റും കോർപ്പറേഷൻ കൗൺസിലറുമായ നവ്യാ ഹരിദാസാണ് എൻഡിഎ സ്ഥാനാർഥി.
കോഴിക്കോട് സൗത്ത് നിയമസഭ മണ്ഡലം
രണ്ട് പ്രധാന മുന്നണികളെയും മാറി മാറി പിന്തുണച്ച ചരിത്രമാണ് കോഴിക്കോട് സൗത്തിനുള്ളത്. 2011-ലും 2016-ലും യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച മുസ്ലീം ലീഗിലെ ഡോ. എംകെ മുനീറാണ് മണ്ഡലത്തിൽ വിജയിച്ചത്. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മണ്ഡലം ഇടതുപക്ഷത്തേക്ക് വഴിമാറി. എൽഡിഎഫ് ഘടകകക്ഷിയായ ഇന്ത്യൻ നാഷണൽ ലീഗ് (INL) ഇവിടെ ആദ്യമായി വിജയം കൊയ്യുകയായിരുന്നു. തുടർന്ന് 2021-ൽ എൽഡിഎഫ് സ്ഥാനാർത്ഥി അഹമ്മദ് ദേവർകോവിൽ ശ്രദ്ധേയമായ വിജയം നേടി. 12,459 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് മുസ്ലീം ലീഗ് സ്ഥാനാർഥി നൂർബീന റഷീദിനെ പരാജയപ്പെടുത്തിയത്. ഇത്തവണയും അഹമ്മദ് ദേവർകോവിൽ തന്നെയാണ് എൽഡിഎഫിനുവേണ്ടി മത്സരത്തിനിറങ്ങുന്നത്. മസ്ലീം ലീഗിലെ ഫൈസൽ ബാബുവാണ് യുഡിഎഫ് സ്ഥാനാർഥി. ടി രണീഷ് ആണ് എൻഡിഎ സ്ഥാനാർഥി.
ബേപ്പൂർ നിയമസഭ മണ്ഡലം
സിപിഎമ്മിന് വലിയ മേൽക്കോയ്മയുള്ള മണ്ഡലമാണ് ബേപ്പൂർ. 1982 മുതൽ മിക്ക തിരഞ്ഞെടുപ്പുകളിലും സിപിഎം ആണ് ഇവിടെ വിജയിച്ചിട്ടുള്ളത്. ടി കെ ഹംസ, എളമരം കരീം, വി കെ സി മമ്മദ് കോയ തുടങ്ങിയ പ്രമുഖ നേതാക്കൾ ഈ മണ്ഡലത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്. 1977-ലും 1980-ലും യുഡിഎഫ് സ്ഥാനാർഥി എൻ പി മൊയ്തീൻ ഇവിടെ വിജയിച്ചിട്ടുണ്ട്. മന്ത്രി കൂടിയായ പി എ മുഹമ്മദ് റിയാസ് 2021ൽ 28,747 വോട്ടുകളുടെ ഭൂരിപക്ഷത്തിന് വിജയിച്ച മണ്ഡലമാണിത്. ഇത്തവണയും മുഹമ്മദ് റിയാസ് തന്നെയാണ് മത്സരത്തിനിറങ്ങുന്നത്. എന്നാൽ യുഡിഎഫിന് വേണ്ടി രംഗത്ത് ഇറങ്ങിയിരിക്കുന്നത് പി വി അൻവറാണ്. അതുകൊണ്ടു തന്നെ ഇത്തവണ മണ്ഡലത്തിൽ കടുത്ത മത്സരം തന്നെ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എൻഡിഎ സ്ഥാനാർഥി കെ പി പ്രകാശ് ബാബുവാണ്.
കുന്ദമംഗലം നിയമസഭ മണ്ഡലം
മുന്നണി മാറ്റങ്ങൾക്കൊപ്പം നിൽക്കുമ്പോഴും വ്യക്തിപരമായ നേതൃത്വത്തിനും സ്വതന്ത്ര സ്ഥാനാർത്ഥികൾക്കും വലിയ പിന്തുണ നൽകുന്ന സവിശേഷമായ രാഷ്ട്രീയ ചരിത്രമാണ് കുന്ദമംഗലത്തിനുള്ളത്. 2011 മുതൽ തുടർച്ചയായി വിജയിക്കുന്ന അഡ്വ. പി ടി എ റഹീമിന്റെ വിജയഗാഥ മണ്ഡലത്തിലെ പ്രധാന സവിശേഷതയാണ്. 2021-ലെ തിരഞ്ഞെടുപ്പിലും അഡ്വ. പി ടി എ റഹീം വീണ്ടും കുന്ദമംഗലം എംഎൽഎയായി തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. 2021ലെ തെരഞ്ഞെടുപ്പിൽ 10,276 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ദിനേഷ് പെരുമണ്ണയെ പരാജയപ്പെടുത്തിയാണ് അഡ്വ. പി ടി എ റഹീം നിയമസഭയിലെത്തിയത്. 2026ലെ തെരഞ്ഞെടുപ്പിലും പി ടി എം റഹീം തന്നെയാണ് എൽഡിഎഫ് സ്ഥാനാർഥി. മുസ്ലീം ലീഗിൻ്റെ എം എ റസാഖ് മാസ്റ്ററാണ് യുഡിഎഫ് സ്ഥാനാർഥി. വി കെ സജീവനാണ് എൻഡിഎ സ്ഥാനാർഥി.
കൊടുവള്ളി നിയമസഭ മണ്ഡലം
1970-കളിലും 80-കളിലും ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ് (IUML) ശക്തമായ സ്വാധീനം ചെലുത്തിയിരുന്ന മണ്ഡലമാണ് കൊടുവള്ളി. ഇ അഹമ്മദ്, പി വി മുഹമ്മദ് തുടങ്ങിയ നേതാക്കൾ ഒന്നിലധികം തവണ വിജയിച്ച് പാർട്ടിക്ക് വലിയ അടിത്തറയുണ്ടാക്കി. അതേസമയം, ജനതാദൾ, സിപിഎം തുടങ്ങിയ പാർട്ടികൾ മുസ്ലീം ലീഗിന്റെ ആധിപത്യത്തെ വെല്ലുവിളിക്കുകയും പലപ്പോഴും നിർണ്ണായക വോട്ടുവിഹിതം നേടുകയും ചെയ്തിട്ടുണ്ട്. 2006-ലും 2016-ലും സ്വതന്ത്ര സ്ഥാനാർഥികളാണ് വിജയിച്ചത്. ഇതോടെ രാഷ്ട്രീയമുഖം ആകെ മാറി. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് ഘടകകക്ഷിയായ മുസ്ലീം ലീഗ് മണ്ഡലം തിരിച്ചു പിടിച്ചു. മുസ്ലീം ലീഗിലെ എംകെ മുനീർ 6,344 വോട്ടുകൾക്കാണ് കാരാട്ട് റസാഖിനെ പരാജയപ്പെടുതതിയത്. 2026ലെ തെരെഞ്ഞെടുപ്പിൽ മുസ്ലീം യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസാണ് യുഡിഎഫ് സ്ഥാനാർഥി. സലീം മടവൂരാണ് എൽഡിഎഫ് സ്ഥാനാർഥി. എൻഡിഎ സ്ഥാനാർഥിയായി മത്സരിക്കുന്നത് ബിഡിജെഎസ് നേതാവ് ഗിരി പാമ്പനാൽ ആണ്.
തിരുവമ്പാടി നിയമസഭ മണ്ഡലം
തൊണ്ണൂറുകളിലും രണ്ടായിരത്തിന്റെ തുടക്കത്തിലും മുസ്ലീം ലീഗും സിപിഎമ്മും മാറിമാറി വിജയിച്ച മണ്ഡലമാണ് തിരുവമ്പാടി. രാഷ്ട്രീയമായി യുഡിഎഫിനാണ് മുൻതൂക്കമെങ്കിലും 2006 മുതൽ എൽഡിഎഫിനൊപ്പമാണ് മണ്ഡലം. 2021ൽ സിപിഎമ്മിലെ ലിൻ്റോ ജോസഫ് ആണ് വിജയിച്ചത്. 4,643 വോട്ടകളുടെ ഭൂരിപക്ഷത്തിന് മുസ്ലീം ലീഗ് നേതാവ് സി പി ചെറിയ മുഹമ്മദിനെ പരാജയപ്പെടുത്തയായിരുന്നു. ഇത്തവണയും ലിൻ്റോ ജോസഫ് തന്നെയാണ് എൽഡിഎഫ് സ്ഥാനാർഥി. മുസ്ലീം ലീഗിലെ സി കെ കാസിം ആണ് യുഡിഎഫ് സ്ഥാനാർഥി. സണ്ണി തോമസ് ആണ് എൻഡിഎ സ്ഥാനാർഥി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam