അങ്കത്തട്ട് ഒരുങ്ങി, കേരളത്തിലെ 14 ജില്ലകളിൽ എന്ത് സംഭവിക്കും? ഇക്കുറി വീറും വാശിയും കനക്കും; അധികാര കസേരയുടെ വിധി കുറിക്കാൻ 25 നാൾ മാത്രം

Published : Mar 15, 2026, 08:29 PM IST
election kerala

Synopsis

കേരള നിയമസഭാ തെരഞ്ഞെടുപ്പിന് 25 നാൾ മാത്രം ശേഷിക്കെ മുന്നണികൾ കച്ചമുറുക്കി. തുടർഭരണം ലക്ഷ്യമിട്ട് എൽഡിഎഫും, തിരിച്ചുവരവ് പ്രതീക്ഷിച്ച് യുഡിഎഫും, അട്ടിമറി സ്വപ്നം കണ്ട് എൻഡിഎയും കളത്തിലിറങ്ങുമ്പോൾ 14 ജില്ലകളിലെയും രാഷ്ട്രീയ സാഹചര്യം അറിയാം

തിയതി പ്രഖ്യാപിച്ചതോടെ കേരളത്തിലെ തെരഞ്ഞെടുപ്പ് ചൂടും അലയടിച്ച് ഉയരുകയാണ്. 23 ദിവസത്തെ പ്രചരണം ഇക്കുറി പതിവിലും ശക്തമായിരിക്കുമെന്ന് ഉറപ്പാണ്. അതിവേഗം തന്നെ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് മുന്നണികൾ അരയും തലയും മുറുക്കി തെരഞ്ഞെടുപ്പ് ഗോദയിലേക്ക് എത്തുകയാണ്. സി പി എമ്മും സി പി ഐയും ഇതിനകം തന്നെ സ്ഥാനാ‌ർഥികളെ പ്രഖ്യാപിച്ചുകഴിഞ്ഞു. യു ഡി എഫും എൻ ഡി എയും ഏത്രയും വേഗം സ്ഥാനാ‌ർഥികളെ പ്രഖ്യാപിക്കാനുള്ള നീക്കത്തിലാണ്. കേവലം 25 നാളിൽ അധികാര കസേരയുടെ വിധി കുറിക്കാനായി കേരളം പോളിംഗ് ബൂത്തിലെത്തും. കേരളത്തിൽ മൂന്നാം തുടർ ഭരണം എൽ ഡി എഫ് ലക്ഷ്യമിടുമ്പോൾ അധികാര വഴിയിൽ തിരിച്ചെത്താനുള്ള പരിശ്രമത്തിലാണ് യു ഡി എഫ്. അട്ടിമറി സ്വപ്നമാണ് എൻ ഡി എ പങ്കുവയ്ക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ് എൽ ഡി എഫ് സ്വപ്നങ്ങളുടെ ചെങ്കൊടിയേന്തുന്നത്. യു ഡി എഫിനായി പ്രതിപക്ഷ നേതാവ് വി ഡി സതീശനും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലും കെ പി സി സി അധ്യക്ഷൻ സണ്ണി ജോസഫുമെല്ലാം പോരാട്ടത്തിനിറങ്ങും. തന്ത്രങ്ങൾ മെനഞ്ഞ് എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും കളത്തിലുണ്ടാകും. ബി ജെ പി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനൊപ്പം മുൻ അധ്യക്ഷൻ മാരായ വി മുരളീധരനും കെ സുരേന്ദ്രനുമടക്കം പോരിനിറങ്ങുന്നുണ്ട്. 10 വ‍ർഷത്തിനിപ്പുറം ഒരു ഭരണമാറ്റമുണ്ടാകുമോ? അതോ എൽ ഡി എഫ് സർക്കാർ തുടരുമോ? ഈ രണ്ട് ചോദ്യങ്ങൾക്കുള്ള ഉത്തരം തന്നെയാണ് തെരഞ്ഞെടുപ്പിലെ ഏറ്റവും വലിയ ആകാംക്ഷ. 25 നാളിൽ വിധികുറിച്ച് പിന്നെയും 25 നാൾ കാത്തിരിപ്പിന് ശേഷമാകും കേരളത്തിന്‍റെ 'വിധി' എന്താണെന്നത് അറിയാനാകുക. തദ്ദേശ തെരഞ്ഞെടുപ്പ് ഫലം യു ഡി എഫിന് വലിയ പ്രതീക്ഷ നൽകുമ്പോൾ, ഭരണത്തുടർച്ചയുടെ കരുത്തിൽ പ്രതിരോധിക്കാനാണ് എൽ ഡി എഫ് ശ്രമം. എൻ ഡി എ മൂന്നാം ശക്തിയായി പല മണ്ഡലങ്ങളിലും വോട്ട് പിടിക്കുന്നത് ആർക്ക് ഗുണമാകുമെന്നതാണ് 2026 ലെ മറ്റൊരു പ്രധാന ചോദ്യം. ഓരോ ജില്ലയിലും എത്രത്തോളം മുന്നേറ്റമുണ്ടാക്കാനാകും എന്നതിലാണ് മുന്നണികളുടെ ശ്രദ്ധ. ഈ ഘട്ടത്തിൽ 14 ജില്ലകളിലെയും സാഹചര്യവും സാധ്യതയും പ്രതീക്ഷയും കണക്കുകൂട്ടലു പരിശോധിക്കപ്പെടേണ്ടതുണ്ട്.

തിരുവനന്തപുരം

കഴിഞ്ഞ തവണ എൽ ഡി എഫ് വൻ മുന്നേറ്റമുണ്ടാക്കിയ ജില്ല. 14 ൽ 13 ഉം എൽ ഡി എഫ് സ്വന്തമാക്കിയപ്പോൾ യു ഡി എഫ് കോവളത്ത് മാത്രമായി ഒതുങ്ങി. ഇത്തവണ പൊരിഞ്ഞ പോരാട്ടത്തിനാകും തലസ്ഥാനം സാക്ഷ്യം വഹിക്കുക. ജില്ലയിലെ തദ്ദേശ തെരഞ്ഞെടുപ്പിൽ യു ഡി എഫ് നേടിയ വലിയ മുന്നേറ്റവും, തിരുവനന്തപുരം കോർപ്പറേഷൻ പിടിച്ചെടുത്ത ബി ജെ പിയുടെ വളർച്ചയും തലസ്ഥാന പോരിന് ആവേശം കൂട്ടുകയാണ്. നേമം, വട്ടിയൂർക്കാവ്, കഴക്കൂട്ടം, തിരുവനന്തപുരം മണ്ഡലങ്ങളിൽ ബി ജെ പി വലിയ പ്രതീക്ഷയാണ് വച്ച് പുലർത്തുന്നത്. ഇടതുപക്ഷം തങ്ങളുടെ കോട്ടകൾ കാക്കാൻ വിയർപ്പൊഴുക്കുമ്പോൾ, അരുവിക്കരയും കോവളവും വർക്കലയും വട്ടിയൂർക്കാവും അടക്കമുള്ള മണ്ഡലങ്ങളിൽ യു ഡി എഫിനും വലിയ പ്രതീക്ഷയാണ്.

കൊല്ലം

പരമ്പരാഗതമായി ഒരു ഇടത് കോട്ടയെന്നാണ് കൊല്ലം അറിയിപ്പെടുന്നത്. കഴിഞ്ഞ തവണയും 11 ൽ 9 സീറ്റും എൽ ഡി എഫിനായിരുന്നു. എന്നാൽ ഇടതുപക്ഷത്തിന്റെ ഉറച്ച കോട്ടയായ കൊല്ലത്ത് തദ്ദേശ തെരഞ്ഞെടുപ്പിൽ വലിയ വള്ളലുകളാണ് സ്ഷ്ടിക്കപ്പെട്ടത്. തദ്ദേശ ഫലം തന്നെയാണ് യു ഡി എഫിന് വലിയ ആത്മവിശ്വാസം നൽകുന്നത്. കൊല്ലം, കുണ്ടറ, കരുനാഗപ്പള്ളി, ചവറ മണ്ഡലങ്ങളിൽ യു ഡി എഫ് അട്ടിമറി ലക്ഷ്യമിടുന്നുണ്ട്. എന്നാൽ എം എൽ എമാരുടെ ജനപ്രീതിയിൽ ഇതെല്ലാം മറികടക്കാമെന്നതാണ് എൽ ഡി എഫിന്‍റെ പ്രതീക്ഷ.

പത്തനംതിട്ട

പരമ്പരാഗതമായി യു ഡി എഫിന് വലിയ മുന്നേറ്റമുണ്ടായിരുന്ന ജില്ല, കഴിഞ്ഞ തവണ എൽ ഡി എഫ് തൂത്തുവാരുന്നതിനായിരുന്നു കേരളം സാക്ഷ്യം വഹിച്ചത്. ജില്ലയിലെ അഞ്ച് സീറ്റും തൂത്തുവാരിയ എൽ ഡി എഫിന് പക്ഷേ ഇത്തവണ പത്തനംതിട്ടയിൽ കടുത്ത വെല്ലുവിളിയുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിൽ യു ഡി എഫ് ഇവിടെ വലിയ തിരിച്ചുവരവാണ് നടത്തിയത്. ശബരിമല സ്വർണ്ണക്കൊള്ളയടക്കം തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചാൽ ജില്ലയിലെ ഫലം പ്രവചനാതീതമാകും.

ആലപ്പുഴ

കേരളത്തിലെ ചുവന്ന കോട്ടകളിൽ ഒന്നാണ് എല്ലാക്കാലത്തും ആലപ്പുഴ. കഴിഞ്ഞ തവണ എൽ ഡി എഫ് 8 സീറ്റ് നേടിയപ്പോൾ യു ഡി എഫ് കേവലം ഒറ്റ സീറ്റിൽ ഒതുങ്ങി. എൽ ഡി എഫ് മേധാവിത്വം പുലർത്തുന്ന ജില്ലയാണെങ്കിലും ഇക്കുറി പോരാട്ടം കടുക്കും. ചേർത്തല, കായംകുളം, അമ്പലപ്പുഴ മണ്ഡലങ്ങളിൽ യു ഡി എഫ് ശക്തമായ വെല്ലുവിളി ഉയർത്തുന്നു. ഹരിപ്പാട് രമേശ് ചെന്നിത്തലയുടെ സ്വാധീനം ജില്ലയിലെ മറ്റ് സീറ്റുകളിലും പ്രതിഫലിക്കുമോ എന്ന് കണ്ടറിയണം. ജി സുധാകരൻ ഉയർത്തുന്ന വെല്ലുവിളികളുടെ ഫലവും എന്താകുമെന്ന് പ്രവചിക്കാനാകില്ല.

കോട്ടയം

കേരള കോൺഗ്രസ് ഗ്രൂപ്പുകളുടെ പോരാട്ട ഭൂമിയായ കോട്ടയത്ത് കഴിഞ്ഞ തവണ ജോസ് കെ മാണിയെ ഒപ്പം കൂട്ടിയ എൽ ഡി എഫ് മേൽക്കൈ നേടുന്നതാണ് കേരളം കണ്ടത്. ആകെയുള്ള 9 ൽ എൽ ഡി എഫ് 5 സീറ്റ് സ്വന്തമാക്കിയപ്പോൾ യു ഡി എഫ് 4 ൽ ഒതുങ്ങി. എന്നാൽ തദ്ദേശ തെരഞ്ഞെടുപ്പിൽ യു ഡി എഫിനുണ്ടായ മുന്നേറ്റവും എൽ ഡി എഫിനേറ്റ തിരിച്ചടിയും ഇത്തവണത്തെ തെരഞ്ഞെടുപ്പ് രംഗത്തെ ഇളക്കിമറിക്കും. കെ എം മാണിയുടെ സ്വന്തം പാലായിലടക്കം ഒരു തിരിച്ചുവരവിന് ജോസ് കെ മാണിക്കും കൂട്ടർക്കും സാധിക്കുമോ എന്നത് കണ്ടറിയണം. ഉമ്മൻചാണ്ടി വികാരം പുതുപ്പള്ളിക്കപ്പുറത്തേക്ക് അലയടിക്കുമോ എന്നതും കണ്ടറിയണം.

ഇടുക്കി

കോട്ടയം പോലെ തന്നെ ജോസ് കെ മാണിയെ ഒപ്പം കൂട്ടിയ എൽ ഡി എഫ് 2021 ൽ മേൽക്കൈ നേടിയ ജില്ലയാണ് ഇടുക്കി. 4 സീറ്റ് എൽ ഡി എഫ് നേടിയപ്പോൾ യു ഡി എഫിന് 1 കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ഇക്കുറിയും ജോസ് കെ. മാണിയുടെ കേരള കോൺഗ്രസ് കൂടെയുള്ളത് എൽ ഡി എഫിന് ആശ്വാസമാണ്. പി ജെ ജോസഫിന്‍റെ കേരള കോൺഗ്രസും യു ഡി എഫും തദ്ദേശത്തിൽ നേടിയ മികവ് ആവർത്തിച്ച് കരുത്ത് വീണ്ടെടുക്കാം എന്ന പ്രതീക്ഷയാണ് പങ്കുവയ്ക്കുന്നത്. ഇടുക്കിയും പീരുമേടുമടക്കം പിടിച്ചെടുക്കാമെന്നാണ് യു ഡി എഫ് പ്രതീക്ഷ. വന്യജീവി ആക്രമണവും പട്ടയ പ്രശ്നങ്ങളും മലയോര ജനതയെ ഭരണവിരുദ്ധ ചേരിയിലേക്ക് മാറ്റിയാൽ ജില്ലയിൽ എൽ ഡി എഫിന് വലിയ നഷ്ടം സംഭവിച്ചേക്കാം.

എറണാകുളം

ഒരിക്കലും യു ഡി എഫിനെ 'കൈ' വിടാത്ത ജില്ലകളിലൊന്നാണ് എറണാകുളം. കഴിഞ്ഞ തവണ എൽ ഡി എഫ് തരംഗത്തിനിടയിലും 14 ൽ 9 സീറ്റും ഉരുക്കുകോട്ടയിൽ ഇളകിയില്ല. കഴിഞ്ഞ തവണത്തെ 5 സീറ്റ് എൽ ഡി എഫിന് നിലനിർത്താൻ സാധിക്കുമോ എന്നതാണ് കണ്ടറിയേണ്ടത്. തദ്ദേശ തെരഞ്ഞെടുപ്പിൽ ആഞ്ഞടിച്ച യു ഡി എഫ് കൊടുങ്കാറ്റിൽ കൊച്ചി കോർപ്പറേഷനടക്കം തിരിച്ചുപിടിച്ചത് അവർക്ക് നൽകുന്ന പ്രതീക്ഷ ചില്ലറയല്ല. ഒരു തൂത്തുവാരലിനുള്ള സാധ്യതയാണ് യു ഡി എഫ് പങ്കുവയ്ക്കുന്നത്. ട്വന്‍റി 20 യുമായുള്ള കൂട്ടുകെട്ട് കുന്നത്തുനാട് മണ്ഡലത്തിനപ്പുറത്തേക്ക് കണ്ണുവയ്ക്കാൻ ബി ജെ പിയെ സഹായിക്കുന്നുണ്ട്.

തൃശൂർ

കഴിഞ്ഞ തവണ ആകെയുള്ള 13 സീറ്റിൽ എൽ ഡി എഫ് 12 നേടിയപ്പോൾ യു ഡി എഫ് ഒന്നിൽ ഒതുങ്ങി. പരാമ്പരാഗത കോൺഗ്രസ് കരുത്തുള്ള ജില്ലയിൽ ഇക്കുറി വമ്പൻ തിരിച്ചുവരവ് ഉണ്ടാകുമെന്നാണ് യു ഡി എഫിന്‍റെ വിലയിരുത്തൽ. എന്നാൽ എം എൽ എമാരുടെ ജനപ്രീതി വിജയം നൽകുമെന്നാണ് എൽ ഡി എഫ് പ്രതീക്ഷ. സുരേഷ് ഗോപിയുടെ ലോക്സഭാ വിജയത്തിന് ശേഷം ബി ജെ പി ഏറ്റവും കൂടുതൽ പ്രതീക്ഷയർപ്പിക്കുന്ന ജില്ല കൂടിയാണ് തൃശൂർ. പല മണ്ഡലങ്ങളിലും എൻ ഡി എ ശക്തമായ മത്സരമുണ്ടാക്കും.

പാലക്കാട്

കഴിഞ്ഞ തവണ എൽ ഡി എഫ് മുന്നേറ്റം കണ്ട മറ്റൊരു ജില്ലയാണ് പാലക്കാട്. 12 ൽ 10 ഉം ഇടത്തോട്ട് ചരിഞ്ഞപ്പോൾ യു ഡി എഫ് രണ്ടിൽ ഒതുങ്ങി. അതിൽ തന്നെ പാലക്കാട് രാഹുൽ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട് വിഷയങ്ങളും പുറത്താക്കലും കേരളം കണ്ടതാണ്. രാഹുൽ വിഷയം മണ്ഡലത്തിനപ്പുറത്തേക്ക് ചർച്ചയാകുമ്പോൾ ആർക്ക് ഗുണം ചെയ്യും എന്നത് കണ്ടറിയണം. നഗരസഭയിലെ തുടർച്ചയായ ബി ജെ പി ഭരണത്തിനൊപ്പം കരുത്തുറ്റ സ്ഥാനാർഥി കൂടിയെത്തിയാൽ പാലക്കാട് മണ്ഡലത്തിൽ വിജയം നേടാമെന്നാണ് ബി ജെ പി പ്രതീക്ഷ. തൃത്താലയിലും പട്ടാമ്പിയിലുമടക്കം എൽ ഡി എഫും യു ഡി എഫും തമ്മിൽ ശക്തമായ പോരാട്ടത്തിനാകും കളമൊരുങ്ങുക.

മലപ്പുറം

മുസ്ലിം ലീഗിന്റെ കോട്ടയായ മലപ്പുറത്ത് യു ഡി എഫ് മേധാവിത്വം തുടരാനാണ് സാധ്യത. കഴിഞ്ഞ തവണ 16 ൽ 12 സീറ്റും യുഡിഎഫ് സ്വന്തമാക്കിയപ്പോൾ 4 നേടാനായത് പോലും നേട്ടമെന്നായിരുന്നു എൽ ഡി എഫ് വിലയിരുത്തൽ. എന്നാൽ പി വി അൻവറിനൊപ്പം നിലമ്പൂരും കൈവിട്ടതോടെ ജില്ലയിൽ ഇക്കുറി എൽ ഡി എഫ് എത്രത്തോളം മുന്നേറും എന്നത് കണ്ടറിയണം. തദ്ദേശ ഫലം ആവർത്തിക്കുമെന്നും തൂത്തുവാരൽ ഉണ്ടാകുമെന്നുമാണ് യു ഡി എഫ് പ്രതീക്ഷ,

കോഴിക്കോട്

എൽ ഡി എഫ് തൂത്തുവാരിയ പഴയ കാലമല്ല ഇപ്പോഴെന്ന് വ്യക്തമാക്കിയ തദ്ദേശ തെരഞ്ഞെടുപ്പ് ഫലമാണ് യു ഡി എഫിന്‍റെ വലിയ പ്രതീക്ഷ. കഴിഞ്ഞ തവണ 13 ൽ 11 ഉം എൽ ഡി എഫ് നേടിയെങ്കിലും ഇക്കുറി വലിയ മാറ്റത്തിന് പോലും സാധ്യതയുണ്ടെന്നാണ് യു ഡി എഫ് വിലയിരുത്തൽ. എന്നാൽ പാർട്ടി കരുത്തിലും എം എൽ എമാരുടെ പ്രവർത്തന മികവിലുടെയും വിജയം ആവർത്തിക്കാമെന്നാണ് എൽ ഡി എഫ് പ്രതീക്ഷ.

വയനാട്

വയനാട്ടിൽ വലിയ വിജയമാണ് യു ഡി എഫ് സ്വപ്നം കാണുന്നത്. പ്രിയങ്ക ഗാന്ധിയുടെ റെക്കോർഡ് ഭൂരിപക്ഷവും തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയവും യു ഡി എഫിന് വലിയ മേധാവിത്വം നൽകുന്നു. കഴിഞ്ഞ തവണ 3 ൽ 2 സീറ്റാണ് നേടിയതെങ്കിൽ ഇക്കുറി മൂന്ന് സീറ്റും നേടുമെന്നാണ് യു ഡി എഫ് പറയുന്നത്. എന്നാൽ വയനാട് പുനരധിവാസവും ടൗൺഷിപ്പും വലിയ നേട്ടമാകുമെന്നാണ് ഇടത് കേന്ദ്രങ്ങളുടെ വിലയിരുത്തൽ.

കണ്ണൂർ

സിപിഎമ്മിന്റെ കരുത്തുറ്റ കോട്ടയിൽ ഇത്തവണ യു ഡി എഫ് എത്രത്തോളം വെല്ലുവിളി ഉയർത്തുമെന്ന് കണ്ടറിയണം. കണ്ണൂർ കോർപ്പറേഷൻ ഭരണം നിലനിർത്തിയത് യു ഡി എഫിന് വലിയ ആത്മവിശ്വാസം നൽകുന്നുണ്ട്. എന്നാൽ നഗരത്തിനും മലയോര മേഖലക്കുമപ്പുറം യു ഡി എഫിന് കടന്നുകയറാൻ സാധിച്ചിട്ടുണ്ടോ എന്നത് കണ്ടറിയണം. ആകെയുള്ള 11 സീറ്റിൽ കഴിഞ്ഞ തവണത്തെ 9 ൽ കൂടുതൽ സീറ്റ് നേടുമെന്നാണ് എൽ ഡി എഫ് പറയുന്നത്. സണ്ണി ജോസഫും കെ കെ ശൈലജയും തമ്മിലുള്ള പേരാവൂർ പോരും, കെ സുധാകരൻ ഉയർത്തിയ സീറ്റ് അതൃപ്തിയും ജില്ലയിലെ പോരാട്ടത്തെ ശ്രദ്ധേയമാക്കുന്നുണ്ട്.

കാസർകോട്

ഭാഷാന്യൂനപക്ഷ വോട്ടുകളും ബി ജെ പി സ്വാധീനവും ശ്രദ്ധേയമാക്കുന്ന ജില്ലയാണ് കാസർകോട്. മഞ്ചേശ്വരം, കാസർകോട് മണ്ഡലങ്ങളിൽ തൃകോണപ്പോരാട്ടത്തിൽ ആര് വിജയിക്കുമെന്നത് കണ്ടറിയണം. ഉദുമയിൽ കഴിഞ്ഞ തവണത്തെ കടുത്ത മത്സരം ഇത്തവണയും ആവർത്തിക്കാനാണ് സാധ്യത. നിലവിലുള്ള 3 സീറ്റിലധികം ജയിക്കുമെന്നാണ് എൽ ഡി എഫ് പറയുന്നത്. എന്നാൽ നിലവിലെ 2 സീറ്റിൽ നിന്ന് തൂത്തുവാരലാണ് യു ഡി എഫ് സ്വപ്നം.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പരിശോധനയിൽ തെളിഞ്ഞത് അധ്യാപകൻ പറ്റിച്ച പണി, തട്ടിയത് 15 ലക്ഷം രൂപ; മുക്കുപണ്ടം പണയം വെച്ച് മുങ്ങിയ അധ്യാപകനായ് തെരച്ചിൽ
'ഇറാനെ കുടുക്കാൻ വ്യാജ ആക്രമണ പദ്ധതി, 9/11 മാതൃകയിൽ ഭീകരവാദ ആക്രമണ സാധ്യത'; ഇറാൻ സുരക്ഷ കൗൺസിൽ മേധാവി അലി ലറിജാനി